കോണ്‍സ്റ്റാന്റിനേപ്പിളിലെ തെയോഡോഷ്യസ് ചക്രവര്‍ത്തിയുടെ ബന്ധു ആന്റിഗോഞ്ഞൂസ് എന്ന പ്രഭുവിന്റെ മകളാണ് എവുഫ്രാസ്യ. ആന്റിഗോഞ്ഞൂസിന്റെ മരണശേഷം അദ്ദേഹത്തിന്റെ ഭാര്യ ഈജിപ്തിലേക്കുപോയി ഒരു ആശ്രമം സ്ഥാപിച്ചു. ആശ്രമവാസികളായ 130 പേരും ഭക്ഷിച്ചിരുന്നത് സസ്യങ്ങളും പയറുമാണ്. ഏഴു വയസുള്ളപ്പോള്‍ എവുഫ്രാസിയ അമ്മയുടെ ആശ്രമത്തില്‍ തന്നെയും ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ടു. ഇതുകേട്ട് സന്തോഷവതിയായ അമ്മ അവളെ മഠാധിപയുടെ അടുക്കല്‍ കൊണ്ടുചെന്നു. മഠാധിപ ക്രിസ്തു നാഥന്റെ ഒരു ചിത്രം അവളുടെ കയ്യില്‍ കൊടുത്തു. ചുംബനപൂര്‍വം അത് സ്വീകരിച്ച് അവള്‍ പറഞ്ഞു: ‘ഞാന്‍ എന്നെ ക്രിസ്തുവിന് വ്രതം വഴി പ്രതിഷ്ഠിക്കുന്നു.’
എവുഫ്രാസിയ തന്റെ സഹോദരിമാര്‍ക്ക് എളിമയുടെയും ശാന്തതയുടെയും ഉപവിയുടെയും ഉത്തമ മാതൃകയായിരുന്നു. എന്തെങ്കിലും പരീക്ഷ ഉണ്ടായാല്‍ ഉടനെ അത് സുപ്പീരിയറിനു വെളിപ്പെടുത്തും. എന്തെങ്കിലും എളിയ ഒരു പ്രവൃത്തി പ്രായശ്ചിത്തമായി സ്വീകരിക്കും. സൂര്യാസ്തമയത്തിനു ശേഷം കുറെ പയറും സസ്യങ്ങളും ഭക്ഷിക്കും. അതായിരുന്നു അവളുടെ ആഹാരം. മുപ്പതാമത്തെ വയസില്‍ നിത്യസമ്മാനത്തിനായി അവള്‍ വിളിക്കപ്പെട്ടു.