Site icon Malabar Vision Online

മാര്‍ച്ച് 14: വിശുദ്ധ മറ്റില്‍ഡ


ഒരു സാക്‌സണ്‍ പ്രഭുവായ തെയോഡോറിക്കിന്റെ മകളാണ് മറ്റില്‍ഡ. വിവാഹം വരെ എര്‍ഫോര്‍ഡില്‍ ഒരു മഠത്തില്‍ അവള്‍ താമസിച്ചു. 913-ല്‍ സാക്‌സണില്‍ തന്നെയുള്ള ഓത്തോ പ്രഭു അവളെ വിവാഹം ചെയ്തു. ലോകമായകളില്‍ രാജ്ഞി ദര്‍ശിച്ചത് നീര്‍പ്പോളകളാണ്. പ്രാര്‍ത്ഥനയും ധ്യാനവുമായിരുന്നു അവളുടെ മുഖ്യതൊഴില്‍. പകല്‍ മാത്രമല്ല രാത്രിയിലും ദീര്‍ഘനേരം രാജ്ഞി പ്രാര്‍ത്ഥനയിലും ധ്യാനത്തിലും മുഴുകിയിരുന്നു.

രോഗികളെ സന്ദര്‍ശിച്ചാശ്വസിപ്പിക്കുക, ദരിദ്രരെ സഹായിക്കുക, ഉപദേശിക്കുക എന്നിവ രാജ്ഞിക്ക് എത്രയും പ്രിയങ്കരമായ ജോലികളായിരുന്നു. കാരാഗൃഹവാസികള്‍ക്ക് സഹായങ്ങള്‍ നല്‍കി, അനുതപിക്കുവാന്‍ അവരെ ഉപദേശിച്ചുകൊണ്ടിരുന്നു. 23 കൊല്ലത്തെ വൈവാഹിക ജീവിതത്തിനു ശേഷം രാജ്ഞി ആഭരണങ്ങളെല്ലാം ഊരി ധര്‍മ്മകാര്യങ്ങള്‍ക്കുപയോഗിക്കാനായി ഒരു പുരോഹിതനെ ഏല്‍പ്പിച്ചു. തനിക്ക് ലഭിച്ച സ്വത്തുകൊണ്ട് രാജ്ഞി പല പള്ളികള്‍ പണിയിച്ചു. അജ്ഞരെ പഠിപ്പിക്കുക രാജ്ഞിക്ക് എത്രയും പ്രിയങ്കരമായിരുന്നു. 963 മാര്‍ച്ച് 14-ന് ചാക്കു ധരിച്ചും ചാരം പൂശിയും മറ്റില്‍ഡ രാജ്ഞി മരണത്തെ സ്വാഗതം ചെയ്തു.


Exit mobile version