വിവിധ മത്സര പരീക്ഷകളുടെ പരിശീലന കേന്ദ്രമായ ആല്‍ഫാ മരിയ അക്കാദമി കുന്നമംഗലത്ത് നിര്‍മിച്ച പുതിയ കെട്ടിടം ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്തു. അത്യാധുനിക സൗകര്യങ്ങളോടെ റസിഡന്‍ഷ്യല്‍ കോഴ്സുകള്‍ ആരംഭിക്കുകയെന്ന ലക്ഷ്യത്തോടെയാണ് താമരശ്ശേരി രൂപതയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ആല്‍ഫാ മരിയ അക്കാമി പുതിയ കെട്ടിടം പൂര്‍ത്തിയാക്കിയത്. കെട്ടിടത്തിന്റെ വെഞ്ചരിപ്പ് കര്‍മ്മം ബിഷപ് നിര്‍വഹിച്ചു.
പൊതുസമ്മേളനം ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്തു. അല്‍ഫാ അക്കാദമിക്ക് ഇത് സ്വപ്‌ന സാക്ഷാത്ക്കാരമാണെന്ന് ബിഷപ് പറഞ്ഞു. വിവിധങ്ങളായ പരിശീലനത്തിലൂടെ നിരവധി കുട്ടികളെ ഉന്നത വിദ്യാഭ്യാസത്തിനും മത്സരപരീക്ഷകള്‍ക്കും സജ്ജരാക്കാന്‍ ആല്‍ഫയ്ക്കു കഴിഞ്ഞു. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഇനിയും ഉയരങ്ങള്‍ കീഴടക്കാന്‍ ആല്‍ഫയ്ക്കു കഴിയും – ബിഷപ് കൂട്ടിച്ചേര്‍ത്തു.
താമരശ്ശേരി രൂപത വികാരി ജനറല്‍ മോണ്‍. അബ്രഹാം വയലില്‍ അധ്യക്ഷത വഹിച്ചു. പാറോപ്പടി സെന്റ് ആന്റണീസ് ഫൊറോന വികാരി ഫാ. ജോസഫ് കളരിക്കല്‍, ആല്‍ഫാ അക്കാദമി ഡയറക്ടര്‍ ഫാ. ജോസഫ് പുളിച്ചമാക്കല്‍, ജോസ് ലൂക്ക് വെളിയംകുളത്ത്, ബേബി പഴംപ്ലാക്കില്‍ എന്നിവര്‍ പ്രസംഗിച്ചു.
കെട്ടിട നിര്‍മാണം പൂര്‍ത്തിയാക്കി കരാറുകാരെയും അനുബന്ധ ജോലിക്കാരെയും ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ആദരിച്ചു. രൂപതാ ചാന്‍സലര്‍ ഫാ. സെബാസ്റ്റ്യന്‍ കാവളക്കാട്ട്, പ്രൊക്യുറേറ്റര്‍ ഫാ. കുര്യാക്കോസ് മുഖാല, വിവിധ ഇടവകകളില്‍ നിന്നുള്ള വൈദികര്‍, അല്‍മായര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.