ഈജിപ്തുകാരനാണ് വിശുദ്ധ സെറാപിയോണ്‍. അദ്ദേഹം പല രാജ്യങ്ങളില്‍ കൂടി യാത്ര ചെയ്തിട്ടുണ്ടെങ്കിലും ദാരിദ്ര്യവും ആശാനിഗ്രഹവും ഏകാന്തതയും ഒരു വ്യത്യാസവും കൂടാതെ അഭ്യസിച്ചുപോന്നു.
ഒരു പട്ടണത്തിലുണ്ടായിരുന്ന ഒരു വിഗ്രഹാരാധകന്റെ അന്ധത കണ്ട് സെറാപിയോണ്‍ 20 നാണയത്തിനു തന്നെത്തന്നെ അയാള്‍ക്ക് അടിമയായി വിറ്റുകൊണ്ട് അദ്ദേഹത്തെ വിശ്വസ്തതാപൂര്‍വ്വം സേവിച്ചുകൊണ്ടിരുന്നു. യജമാനന്‍ മാനസാന്തരപ്പെട്ടപ്പോള്‍ ആ ഇരുപതു നാണയംതന്നെ തിരികെക്കൊടുത്തു സ്വതന്ത്രനായി. യജമാനന്‍ പണം വേണ്ടെന്നു പറഞ്ഞെങ്കിലും സെറാപി യോണ്‍ ആ പണം മുഴുവനും തിരികേക്കൊടുത്തു. വീണ്ടും ഒരു വിധവയെ സഹായിക്കാനായി വേറൊരു യജമാനനു തന്നെത്തന്നെ വിറ്റു. പണം വിധവയ്ക്കു നല്‍കി. ആത്മീയവും ലൗകികവുമായ സേവനം വഴി വീണ്ടും സ്വാതന്ത്ര്യം നേടി. യജമാനന്‍ അയാള്‍ക്ക് ഒരു കുപ്പായവും മേലങ്കിയും ഒരു സുവിശേഷ പുസ്തകവും സമ്മാനം കൊടുത്തു. പുറത്തുകടന്നയുടനെ ഒരു ദരിദ്രനു മേലങ്കിയും വേറൊരു ദരിദ്രന് കുപ്പായവും ദാനം ചെയ്തു.
സെറാപിയോണ്‍ കടന്നുപോകവേ ആരാണു തന്നെ ഇപ്രകാരം നഗ്‌നനാക്കിയതെന്ന് ഒരു പാന്ഥന്‍ ചോദിച്ചപ്പോള്‍ സുവിശേഷ ഗ്രന്ഥം തുറന്നു കാണിച്ചുകൊണ്ട് ഗിരിപ്രഭാഷണം ചെയ്ത ക്രിസ്തുവാണെന്ന് മറുപടി നല്‍കി. സുവിശേഷഗ്രന്ഥം വീണ്ടും അയാളോടു പറഞ്ഞുകൊണ്ടിരുന്നു: ‘നീ പോയി നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രര്‍ക്കു കൊടുക്കുക.’ ആ സുവിശേഷ ഗ്രന്ഥവും സെറാപിയോണ്‍ വിറ്റ് ദരിദ്രര്‍ക്കു നല്കി.
അന്യരുടെ ശാരീരികവും ആത്മീയവുമായ നന്മയ്ക്കുവേണ്ടി സെറാപിയോണ്‍ തന്റെ ജീവിതം മുഴുവനും ഉഴിഞ്ഞുവച്ചു. രണ്ടുകൊല്ലം സേവിച്ചാണ് ഒരു മനീക്യന്‍ പാഷണ്ഡിയെ മാനസാന്തരപ്പെടുത്തിയത്. അറുപതാമത്തെ വയസ്സില്‍ അദ്ദേഹം അന്തരിച്ചു.