ഇന്നു ജര്‍മ്മനിയുടെ ഒരു ഭാഗമായ ഫ്രീസ്ലന്ററില്‍ 743-ല്‍ ലൂഡ്ഗെര്‍ ജനിച്ചു. വിശുദ്ധ ബോനിഫസ്സിന്റെ ശിഷ്യനായ വിശുദ്ധ ഗ്രിഗറിയുടെ ശിക്ഷണത്തിലാണ് ലുഡ്ഗെര്‍ വളര്‍ന്നുവന്നത്. കുട്ടിയുടെ ആധ്യാത്മിക പുരോഗതി കണ്ട് വിശുദ്ധ ഗ്രിഗറി അവന് ആസ്തപ്പാടു പട്ടം നല്കി. നാലരവര്‍ഷം ഇംഗ്‌ളണ്ടില്‍ അല്‍ കൂയിന്റെ കീഴിലും അദ്ധ്യയനം ചെയ്തു. ഭക്താഭ്യാസങ്ങളിലും വിശുദ്ധ ഗ്രന്ഥപഠനത്തിലും സഭാപിതാക്കന്മാരുടെ കൃതികള്‍ പാരായണം ചെയ്യുന്നതിലുമായിരുന്നു യുവാവായ ലുഡ്ഗെറിന്റെ ശ്രദ്ധ.
ലൂഡ്ഗെര്‍ പിന്നീട് ഇംഗ്ലണ്ടിലേക്കു തിരിച്ചുവന്നു പൗരോഹിത്യം സ്വീകരിച്ചു. വൈദികനെന്ന നിലയില്‍ അനേകരെ മാനസാന്തരപ്പെടുത്താനും പല ആശ്രമങ്ങള്‍ സ്ഥാപിക്കാനും അദ്ദേഹത്തിനു കഴിഞ്ഞു. 802-ല്‍ അദ്ദേഹം മുണ്‍സ്റ്റെറിലെ മെത്രാനായി.
മെത്രാനായശേഷവും ഉപവാസവും ജാഗരണവും കുറയാതെ അഭ്യസിച്ചു. രഹസ്യമായി അദ്ദേഹം ധരിച്ചിരുന്ന രോമവസ്ത്രത്തെപ്പറ്റി മരണത്തിനു സ്വല്പം മുമ്പേ പരിചിതര്‍ക്കുപോലും അറിവുണ്ടായിരുന്നുള്ളു. വേദ പുസ്തകം വ്യാഖ്യാനിക്കുന്നതില്‍ അദ്ദേഹം ശ്രദ്ധാലുവായിരുന്നു. ദരിദ്രരോട് സ്‌നേഹവും ധനികരോട് ദൃഢതയും അദ്ദേഹംപ്രകാശിപ്പിച്ചിരുന്നു.
പ്രാര്‍ത്ഥനകളുടേയും തിരുക്കര്‍മ്മങ്ങളുടേയും സമയത്ത് പ്രത്യേക ശ്രദ്ധ വേണമെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. പ്രാര്‍ത്ഥനാസമയത്ത് മറ്റുകാര്യങ്ങളില്‍ തലയിടുന്ന വൈദികരെ അദ്ദേഹം ശാസിക്കുമായിരുന്നു. പീഡാനുഭവ ഞായറാഴ്ച പാതിരാത്രിക്കാണ് ബിഷപ്പു മരിച്ചത്. അന്നു രാവിലെ അദ്ദേഹം പ്രസംഗിക്കുകയും 9 മണിക്ക് ദിവ്യബലി അര്‍പ്പിക്കുകയും ചെയ്തിരുന്നു. മരണസമയം അദ്ദേഹം മുന്‍കൂട്ടി അറിയിച്ചിരുന്നതാണ്.