ഈസ്റ്റര്‍ ആഘോഷവുമായി ബന്ധപ്പെട്ട് രസകരമായ പല ആചാരങ്ങളും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിലവിലുണ്ട്. അവയെ പരിചയപ്പെടാം
സ്വീഡന്‍
വിശുദ്ധ വാരത്തില്‍ ദുര്‍മന്ത്രവാദികളെ അനുസ്മരിപ്പിക്കുന്ന വിധം വസ്ത്രങ്ങളണിഞ്ഞ് കുട്ടികള്‍ അയല്‍ വീടുകള്‍ കയറിയിറങ്ങും. ചിത്രങ്ങളും പെയിന്റിങുകളും മറ്റും വില്‍ക്കുകയാണ് ഊരുചുറ്റലിന്റെ ലക്ഷ്യം. പണത്തിനു പകരം മിഠായികളാണ് കുട്ടികള്‍ക്ക് വിലയായി ലഭിക്കുക.
അമേരിക്ക
വൈറ്റ് ഹൗസിലെ തെക്കേ മൈതാനത്ത് കുട്ടികള്‍ക്കായുള്ള ഈസ്റ്റര്‍ എഗ്ഗ് മത്സരങ്ങള്‍ നടത്തിവരുന്നു. പുഴുങ്ങിയ മുട്ടയില്‍ ചായം തേച്ച് വലിയ സ്പൂണിന്റെ സഹായത്തോടെ പച്ചപ്പുല്‍മൈതാനത്തിലൂടെ ഉരുട്ടി ലക്ഷ്യ സ്ഥാനത്ത് എത്തിക്കുകയെന്നതാണ് ഒരു മത്സരം. ഓരോ വര്‍ഷവും ഒരു പ്രത്യേക തീം നിശ്ചയിച്ചാണ് മത്സരങ്ങള്‍ നടത്തുന്നത്.
നോര്‍വെ
ഈസ്റ്റര്‍ അവധിക്കാലം നോര്‍വെക്കാര്‍ക്ക് ക്രൈം നോവലുകള്‍ വായിക്കാനുള്ള സമയമാണ്. ഈസ്റ്ററിനോടനുബന്ധിച്ച് പ്രത്യേക ക്രൈം ത്രില്ലര്‍ നോവലുകള്‍ പ്രസാധകര്‍ വിപണിയിലെത്തിക്കും. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം മുതലാണ് ഇത്തരം ഒരു പതിവ് നിലവില്‍ വന്നതെന്ന് പറയപ്പെടുന്നു.
ഫ്രാന്‍സ്
ഈസ്റ്റര്‍ കഴിഞ്ഞുള്ള തിങ്കളാഴ്ച ഫ്രാന്‍സിലെ പടിഞ്ഞാറന്‍ നഗരമായ ഹോക്‌സില്‍ 4,500 മുട്ടകള്‍ കൊണ്ടുള്ള ഭീമന്‍ ഓംലറ്റ് പാകം ചെയ്യും. നഗരത്തിലുള്ളവരെല്ലാം ഓംലറ്റ് രുചിക്കും. ഒരിക്കല്‍ നെപ്പോളിയനും സൈന്യവും ഇവിടെ എത്തിയെന്നും ഓംലറ്റ് കഴിച്ച നെപ്പോളിയന്‍ രുചിയില്‍ മതിമറന്ന് സൈന്യത്തിനായി കൂറ്റന്‍ ഓംലറ്റ് ഉണ്ടാക്കുവാന്‍ ഉത്തരവിട്ടെന്നുമുള്ള കഥയുടെ ചുവടു പിടിച്ചാണ് ഇത്തരമൊരു ആഘോഷം.
പോളണ്ട്
ബക്കറ്റില്‍ വെള്ളം നിറച്ച് പരസ്പരം വെള്ളം ചീറ്റിത്തെറിപ്പിച്ച് നനയ്ക്കുകയാണ് ഈസ്റ്റര്‍ കഴിഞ്ഞുള്ള തിങ്കളാഴ്ചത്തെ പ്രധാന പരിപാടി. എഡി 966-ല്‍ ജീവിച്ചിരുന്ന പോളിഷ് രാജകുമാരന്റെ മാമോദീസയുമായി ബന്ധപ്പെട്ടാണ് ഈ വെള്ളം കളി ആചാരം തുടങ്ങിയതെന്ന് പറയപ്പെടുന്നു.