റോമാനഗരവാസിയായിരുന്നു സെലസ്റ്റിന്‍. ബോനിഫസു മാര്‍പാപ്പായുടെ ചരമത്തിനുശേഷം 422 സെപ്റ്റംബറില്‍ അദ്ദേഹം റോമാ സിംഹാസനത്തിലേക്ക് ആരോഹണം ചെയ്തു. പത്തുവര്‍ഷക്കാലം തിരുസഭയെ ഭരിച്ചു. മാര്‍പ്പാപ്പായായ ഉടനെ വിയെന്നായിലേയും നര്‍ബോണിലേയും മെത്രാന്മാരോട് അവരുടെ തെറ്റായ ചില നടപടികള്‍ തിരുത്താന്‍ അദ്ദേഹം ആജ്ഞാപിച്ചു.
മരണനേരത്ത് ആത്മാര്‍ത്ഥമായി പാപമോചനം ആവശ്യപ്പെടുന്ന അനുതാപികള്‍ക്ക് പാപത്തിന്റെ പഴക്കം നോക്കാതെ മോചനം നല്കാന്‍ മാര്‍പാപ്പ നിര്‍ദ്ദേശിച്ചു. റോമയില്‍ ഒരു സൂനഹദോസ് സെലസ്റ്റിന്‍ പാപ്പ വിളിച്ചുകൂട്ടി, നെസ്റ്റോറിയസിന്റെ സിദ്ധാന്തങ്ങള്‍ പരിശോധിക്കുകയും അദ്ദേഹത്തെ മഹറോന്‍ ചൊല്ലുകയും ചെയ്തു.
അടുത്ത വര്‍ഷമാണ് എഫേസൂസ് സൂനഹദോസ് നെസ്‌റ്റോറിയന്‍ പാഷണ്ഡതയെ ശപിച്ചത്. ബ്രിട്ടനില്‍ പെലാജിയന്‍ പാഷണ്ഡത പ്രചരിപ്പിച്ചുകൊണ്ടിരുന്ന സവേരിയാനൂസ് ബിഷപ്പിനെ ഓക്‌സേറിലെ വിശുദ്ധ ജെര്‍മ്മാനൂസ് മെത്രാനച്ചനെ അയച്ച് തിരുത്തിച്ചു.
അബദ്ധങ്ങളെ ചെറുക്കുന്നതിലും വേദപ്രചാരത്തിലും സെലസ്റ്റിന്‍ പാപ്പാ പ്രദര്‍ശിപ്പിച്ച തീക്ഷ്ണത അദ്ദേഹത്തെ ഒരു പുണ്യവാനാക്കി.