ഏപ്രില്‍ 18: വിശുദ്ധ ഗാല്‍ഡിന്‍ മെത്രാന്‍

വിശുദ്ധ അംബ്രോസും വിശുദ്ധ ചാള്‍സ് ബോറോമിയോയും കഴിഞ്ഞാല്‍ മിലാന്‍ നിവാസികള്‍ക്ക് ഏറ്റവും ഇഷ്ടം വിശുദ്ധ ഗാല്‍ഡിനെയാണ്. അദ്ദേഹം മിലാനിലെ ദെല്ലാ സ്‌കാലാ കുടുംബത്തിലെ അംഗമാണ്. സമര്‍ത്ഥനായ ഗാല്‍ഡിന്‍, പൗരോഹിത്യം സ്വീകരിച്ചശേഷം മിലാന്‍ അതിരൂപതയുടെ ചാന്‍സലറായി സേവനം ചെയ്തു. റോമിലെ പാപ്പാസ്ഥാനത്തെ പിന്തുണച്ചും ആന്റിപോപ്പായിരുന്ന വിക്ടര്‍ നാലാമനെ എതിര്‍ത്തും ശക്തമായ നിലപാടുകള്‍ സ്വീകരിച്ചു.

വിക്ടര്‍ നാലാമനെ അനുകൂലിച്ചിരുന്ന ഫ്രഡറിക് ബാര്‍ബറോസ്സ മിലാന്‍ പിടിച്ചെടുക്കുന്നതിനു 1161-ല്‍ പടയോട്ടം നടത്തി. ബാര്‍ബറോസ്സാ ചക്രവര്‍ത്തി വരുന്നു എന്ന് കേട്ടപ്പോഴേ ഗാല്‍ഡിന്‍ പലായനം ചെയ്തു. ബാര്‍ബറോസ് പിന്‍വാങ്ങിയപ്പോള്‍ സ്ഥലത്തുണ്ടായിരുന്നില്ലെങ്കിലും അദ്ദേഹത്തെ മിലാന്‍ ആര്‍ച്ചുബിഷപ്പായി തിരഞ്ഞെടുത്തു; മാത്രമല്ല 1163-ല്‍ കര്‍ദ്ദിനാളുമാക്കി.

ബാര്‍ബറോസ്സാ മിലാന്‍ നഗരം നശിപ്പിച്ച് തരിപ്പണമാക്കിയിരുന്നു. ഗാല്‍ഡിന്‍ തിരിച്ചുവന്നു നഗരം പുനരുദ്ധരിക്കുന്നതിന് ജനങ്ങളോടൊപ്പം പരിശ്രമിച്ചു. തീക്ഷ്ണമായ ദൈവസ്‌നേഹത്തോടെ അദ്ദേഹം ചെയ്തിരുന്ന പ്രസംഗങ്ങള്‍ മിലാന്‍ ജനതയെ ആവേശഭരിതരാക്കി. 76-ാമത്തെ വയസ്സില്‍ കത്തീഡ്രലില്‍ ഒരു പ്രസംഗം ചെയ്തുകഴിഞ്ഞ ഉടനെയാണ് ഗാല്‍ഡിന്‍ തന്റെ പ്രസംഗങ്ങളുടെയും അധ്വാനങ്ങളുടെയും പ്രതിഫലം വാങ്ങാന്‍ സ്വര്‍ഗത്തിലേക്ക് യാത്രയായത്.

അലക്‌സാണ്ടര്‍ മൂന്നാമന്‍ മാര്‍പാപ്പ അദ്ദേഹത്തെ വിശുദ്ധനായി നാമകരണം ചെയ്തു. മിലാന്റെ സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥരിലൊരാളായി വിശുദ്ധ ഗാല്‍ഡിന്‍ ആദരിക്കപ്പെടുന്നു.

ഭീകരവാദത്തിനെതിരെ പോരാടുന്ന അസീറിയന്‍ ഓര്‍ത്തോഡോക്‌സ് ബിഷപ് അക്രമിക്കപ്പെട്ടു

വചനപ്രഘോഷകനും അസീറിയന്‍ ഓര്‍ത്തഡോക്‌സ് ബിഷപ്പുമായ മാര്‍ മാരി ഇമ്മാനുവേലിന് നേരെ നടന്നത് ഭീകരാക്രമണമാണെന്ന് ന്യൂ സൗത്ത് വെയില്‍സ് പൊലീസ്. മുന്‍കൂട്ടി നിശ്ചയിച്ചതു പ്രകാരമാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറയുന്നു.

ക്രിസ്തീയ വിശ്വാസ വിഷയങ്ങളില്‍ ആഴമേറിയ പാണ്ഡിത്യവും ധാര്‍മ്മിക വിഷയങ്ങളില്‍ ക്രിസ്തീയത മുറുകെ പിടിച്ച് വചനം പ്രഘോഷണം നടത്തി ലോകശ്രദ്ധ നേടിയ വ്യക്തിയാണ് മാര്‍ മാരി ഇമ്മാനുവേല്‍. ഇസ്ലാമിക ഭീകരവാദത്തിനും ഭ്രൂണഹത്യയ്ക്കും സ്വവര്‍ഗ്ഗ ബന്ധങ്ങള്‍ക്കും ദയാവധത്തിനും എതിരെയും അദ്ദേഹം നടത്തിയ പ്രഭാഷണങ്ങള്‍ ശ്രദ്ധേയമാണ്.

സിഡ്‌നിയില്‍നിന്ന് 30 കിലോമീറ്ററോളം അകലെയുള്ള വാക്ക്ലെയിലെ ക്രൈസ്റ്റ് ദ ഗുഡ് ഷെപ്പേഡ് ദേവാലയത്തിലാണ് കുത്തിക്കുത്ത് നടന്നത്. പള്ളിയില്‍ ശുശ്രൂഷ നടക്കുന്നതിനിടെ മാര്‍ മാരി ഇമ്മാനുവേലിനു നേരെ പാഞ്ഞടുത്ത അക്രമി തുരുതുരെ കുത്തുകയായിരുന്നു. പള്ളിയിലുണ്ടായിരുന്നവരുടെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന് വലിയ ദുരന്തം ഒഴിവായി. ന്യൂ സൗത്ത് വെയില്‍സ് പൊലീസ് അക്രമിയെ അറസ്റ്റ് ചെയ്തു. 16 വയസുകാരനാണ് അക്രമിയെന്ന് പൊലീസ് സ്ഥിതീകരിച്ചു.

ബിഷപ് മാര്‍ മാരി ഇമ്മാനുവേലിന് തലയ്ക്കും ശരീരത്തിനും മര്‍ദ്ദനമേറ്റുവെന്നും പള്ളി വികാരി ഫാ. ഐസക് റോയലെയ്ക്കും പരിക്കുണ്ടെന്നും ക്രൈസ്റ്റ് ദ ഗുഡ് ഷെപ്പേഡ് ചര്‍ച്ച് വൃത്തങ്ങള്‍ അറിയിച്ചു. കുത്തിപ്പരിക്കേല്‍പ്പിച്ച അക്രമിക്കുമേല്‍ കൈവച്ച് കര്‍ത്താവായ യേശുക്രിസ്തു താങ്കളെ രക്ഷിക്കട്ടെയെന്ന് ബിഷപ് മാര്‍ മാരി ഇമ്മാനുവേല്‍ പറഞ്ഞതായി ദൃസാക്ഷിയെ ഉദ്ധരിച്ച് ഫെയര്‍ ഫീല്‍ഡ് സിറ്റി ഡെപ്യൂട്ടി മേയര്‍ ചാള്‍ബെല്‍ സാലിബ പറഞ്ഞു.

പള്ളിയിലെ തിരുക്കര്‍മ്മങ്ങളുടെ തത്സമയ സംപ്രേഷണം ചെയ്യുന്നതിനാല്‍ സംഭവത്തിന്റെ വീഡിയോദൃശ്യങ്ങളടക്കം പുറത്തുവന്നിട്ടുണ്ട്. രണ്ടുദിവസം മുന്‍പാണ് സിഡ്നിയിലെ ഷോപ്പിങ് മാളില്‍ കത്തിയാക്രമണം നടന്നത്. ഇതിന്റെ നടുക്കം മാറുംമുന്‍പേയാണ് സിഡ്നിയിലെ ക്രിസ്ത്യന്‍ പള്ളിയിലും സമാനമായ ആക്രമണം അരങ്ങേറിയത്. ഷോപ്പിങ് മാളില്‍ നടന്ന ആക്രമണത്തില്‍ ആറുപേരാണ് കുത്തേറ്റ് കൊല്ലപ്പെട്ടത്. ഒന്‍പതുമാസം പ്രായമുള്ള കുഞ്ഞിനെ അടക്കം അക്രമി കുത്തിപ്പരിക്കേല്‍പ്പിച്ചിരുന്നു.

‘അര്‍പ്പിതം’ വൈദിക, സന്യസ്ത സംഗമം നാളെ

താമരശ്ശേരി രൂപതയുടെ റൂബി ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന വൈദിക, സന്യസ്ത സംഗമം ‘അര്‍പ്പിതം 2024’ നാളെ തിരുവമ്പാടി സേക്രഡ് ഹാര്‍ട്ട് ഫൊറോന ചര്‍ച്ച് പാരിഷ് ഹാളില്‍ നടക്കും. രാവിലെ 9.30 മുതല്‍ ഉച്ചകഴിഞ്ഞ് രണ്ടു വരെയാണ് സംഗമം ക്രമീകരിച്ചിരിക്കുന്നത്.

ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ആമുഖ പ്രഭാഷണം നടത്തും. അദിലബാദ് രൂപതാ ബിഷപ് മാര്‍ പ്രിന്‍സ് ആന്റണി പാണേങ്ങാടന്‍, സിനിമാതാരം സിജോയ് വര്‍ഗീസ് എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും. താമരശ്ശേരി രൂപതാ വികാരി ജനറല്‍ മോണ്‍. അബ്രഹാം വയലില്‍, ഫാ. തോമസ് ചിലമ്പിക്കുന്നേല്‍ എന്നിവര്‍ പ്രസംഗിക്കും. ഇന്ററാക്ടീവ് സെഷന് ഫാ. കുര്യന്‍ പുരമഠം നേതൃത്വം നല്‍കും.

വൈദിക, സന്യസ്ത സംഗമം അപൂര്‍വമായി ലഭിക്കുന്ന അവസരമാണെന്നും കൂട്ടായ്മ ശക്തിപ്പെടുത്താന്‍ ഈ അവസരം പ്രയോജനപ്പെടുത്തണമെന്നും ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ അഭിപ്രായപ്പെട്ടു. രൂപതാംഗങ്ങളായ വൈദികരും സന്യസ്തരും രൂപതയില്‍ സേവനം ചെയ്യുന്ന വൈദികരും സന്യസ്തരുമടക്കം ആയിരത്തോളം പേര്‍ സംഗമത്തില്‍ പങ്കെടുക്കും.

ഏപ്രില്‍ 17: വിശുദ്ധ അനിസെത്തൂസ് മാര്‍പാപ്പ

വിശുദ്ധ പത്രോസ് മുതല്‍ ആറാം പൗലോസ് വരെയുള്ള 264 മാര്‍പാപ്പ മാരില്‍ 79 പേര്‍ വിശുദ്ധരെന്ന് നാമകരണം ചെയ്യപ്പെട്ടിട്ടുള്ളവരാണ്. ലിബേരിയൂസ് പാപ്പാവരെയുള്ള ആദ്യത്തെ 36 മാര്‍പാപ്പമാരും വിശുദ്ധരാണ്. മാര്‍പാപ്പമാരുടെ പരിശുദ്ധത തിരുസ്സഭയുടെ വിശുദ്ധിക്ക് തെളിവായിട്ടുണ്ട്. വിശുദ്ധ പീയൂസ് പ്രഥമന്റെ പിന്‍ഗാമിയാണ് 165-ല്‍ പേപ്പല്‍ സിംഹാസനത്തില്‍ ആരോഹണം ചെയ്ത അനിസെത്തൂസ്.

മാര്‍പാപ്പയായ ഉടനെ വിശുദ്ധ പോളിക്കാര്‍പ്പ് അദ്ദേഹത്തെ സന്ദര്‍ശിച്ച് ഏഷ്യന്‍ രാജ്യങ്ങളില്‍ ഉയിര്‍പ്പ് ആഘോഷിക്കുന്നത് നീസാന്‍ (ഏപ്രില്‍) 14-ാം തീയതി ആണെന്നും അതംഗീകരിക്കണമെന്നും ആവശ്യപ്പെട്ടു. നീസാന്‍ 14-ാം തീയതി ഞായറാഴ്ച ആയില്ലെന്നുവരും; എന്നിട്ടും മാര്‍പാപ്പ അത് അംഗീകരിച്ചു. എന്നാല്‍ മാര്‍സിയന്‍ തുടങ്ങിയ പാഷണ്ഡികളുടെ വാദമുഖങ്ങളെ മാര്‍പാപ്പ ചെറുത്തു.

ദൈവശാസ്ത്രം വളര്‍ന്നിട്ടില്ലാതിരുന്ന കാലത്ത് വിശ്വാസ സത്യങ്ങളെയും ആചാരമുറകളെയും വിവേചിച്ച് തീരുമാനമെടുക്കാന്‍ മാര്‍പാപ്പമാര്‍ക്ക് സാധിക്കുന്നത് പരിശുദ്ധാത്മാവിന്റെ സഹായത്താലാണ്. ആകയാല്‍ പേപ്പല്‍ തീരുമാനങ്ങളെ നമുക്ക് വിനയപൂര്‍വം സദാ സ്വീകരിക്കാം.

Exit mobile version