ജര്‍മ്മനിയില്‍ സിഗ്മാറിഞ്ചെനില്‍ 1577-ല്‍ ജോണ്‍റെയുടെ മകനായി ജനിച്ച മാര്‍ക്കാണ് പിന്നീട് കപ്പുച്ചിന്‍ സഭയില്‍ ചേര്‍ന്ന് ഫിഡെലിസായത്. വിദ്യാഭ്യാസം സ്വിറ്റ്‌സര്‍ലന്‍ഡിലെ ഫ്രീബുര്‍ഗില്‍ നടത്തി. പഠനകാലത്ത് വീഞ്ഞു കുടിച്ചിരുന്നില്ലെന്നു മാത്രമല്ല ഒരു രോമക്കുപ്പായം സദാ ധരിച്ചിരുന്നു. 1604-ല്‍ യൂറോപ്പു മുഴുവനും മൂന്നു കൂട്ടുകാരോടുകൂടി അദ്ദേഹം യാത്രചെയ്തു. യാത്രയുടെ ഇടയ്ക്ക് പ്രധാന ദിവസങ്ങളിലെല്ലാം മാര്‍ക്ക് വിശുദ്ധ കുര്‍ബാന സ്വീകരിച്ചു. ദേവാലയങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ ഓരോന്നിലും ദീര്‍ഘനേരം മുട്ടുമടക്കി പ്രാര്‍ത്ഥിച്ചിരുന്നു.
ദേശാടനത്തിനുശേഷം ആല്‍സെസ്സില്‍ കോള്‍മാര്‍ എന്ന നഗരത്തില്‍ അഭിഭാഷകവൃത്തി ആരംഭിച്ചു. ദൈവവിശ്വാസവും നീതിയും അദ്ദേഹത്തിന്റെ പ്രവൃത്തികളെയെല്ലാം ഭരിച്ചുപോന്നു. ദരിദ്രന്‍ വക്കീലായാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. ലാഭത്തിനുവേണ്ടി കേസു നീട്ടിക്കൊണ്ടുപോകുന്ന കൂട്ടുകാരോടും അവരുടെ അനീതികളോടും അദ്ദേഹത്തിനു വെറുപ്പ് തോന്നുകയാല്‍ അഭിഭാഷകവൃത്തി ഉപേക്ഷിച്ച് കപ്പൂച്ചിന്‍ സഭയില്‍ ചേര്‍ന്നു. 1612-ല്‍ പുരോഹിതനായി. സമ്പത്തു മുഴുവനും ദരിദ്രര്‍ക്കും സെമിനാരി വിദ്യാര്‍ത്ഥികളുടെ പഠനത്തിനുമായി വിട്ടുകൊടുത്തു. സുപ്പീരിയറായിരിക്കുമ്പോഴും അദ്ദേഹം എളിയ ജോലികള്‍ തിരഞ്ഞെടുത്തു ചെയ്തുകൊണ്ടിരുന്നു.
പ്രഭാഷണങ്ങള്‍ വഴി അനേകം കാല്‍വിനിസ്റ്റുകളെ മാനസാന്തരപ്പെടുത്താന്‍ ഫാ. ഫിഡേലിസിനു കഴിഞ്ഞു. 1622 ഏപ്രില്‍ 24-ാം തീയതി അതീവ താപത്തോടെ കുമ്പസാരിച്ചശേഷം ഗ്രച്ച് എന്ന പ്രദേശത്തുചെയ്ത പ്രസംഗത്തില്‍ താമസിയാതെ പുഴുക്കള്‍ക്ക് ആഹാരമാകാന്‍ പോകുന്ന ബ്രദര്‍ ഫിദേലിസ് എന്ന് സ്വയം വിശേഷിപ്പിച്ചു. അന്നുതന്നെ കാല്‍വിനിസ്റ്റു പടയാളികള്‍ ഫാ. ഫിഡേലിസിനെ മര്‍ദ്ദിച്ചു കൊന്നു.