അഹറോന്‍ ഗോത്രത്തില്‍പ്പെട്ട ഒരു യഹൂദനാണ് വിശുദ്ധ മര്‍ക്കോസെന്ന് പപ്പിയാസ് അഭിപ്രായപ്പെടുന്നു. എവുസേബിയൂസ് ആ സാക്ഷ്യം ഉദ്ധരിക്കുന്നു. മര്‍ക്കോസും അദ്ദേഹത്തിന്റെ അമ്മ മറിയവും ജറുസലേമില്‍ ആദിമ ക്രിസ്ത്യാനികളുടെ ഇടയില്‍ വളരെ പ്രസിദ്ധരായിരുന്നു. പത്രോസ് ഒരിക്കല്‍ കാരാഗൃഹത്തില്‍നിന്ന് രക്ഷപ്പെട്ടതിനുശേഷം നേരെ ചെന്ന് അഭയം തേടിയത് മര്‍ക്കോസിന്റെ ഭവനത്തിലാണെന്ന് അപ്പസ്‌തോലപ്രവര്‍ത്തനങ്ങളില്‍ കാണാം. പ്രസ്തുത ഭവനത്തിന്റെ ഒരു മുറിയിലായിരുന്നു ഒടുവിലത്തെ അത്താഴം.
യുവാവായ മര്‍ക്കോസ് വിശുദ്ധ പൗലോസിനേയും ബര്‍ണബാസിനേയും അവരുടെ ആദ്യത്തെ പ്രേഷിതയാത്രയില്‍ സൈപ്രസുവരെ അനുഗമിച്ചു. പിന്നീട് മര്‍ക്കോസ് പത്രോസിന്റെ കൂടെയായിരുന്നു അധികകാലവും ചെലവഴിച്ചത്. വിശുദ്ധ പത്രോസ് തന്റെ പ്രഥമ ലേഖനത്തില്‍ മര്‍ക്കോസിനെ പുത്രനെന്ന് സംബോധന ചെയ്തു കാണുന്നുണ്ട്.
വിശുദ്ധ പത്രോസ് മര്‍ക്കോസിനെ അലക്‌സാഡ്രിയായിലെ മെത്രാനായി നിയമിച്ചുവെന്നും അവിടെവച്ച് ഏപ്രില്‍ 24-നു വിജാതീയര്‍ അദ്ദേഹത്തിന് രക്തസാക്ഷിത്വമകൂടം നല്‍കിയെന്നും പറയപ്പെടുന്നു.
എസെക്കിയേലിന്റെ പ്രവചനമനുസരിച്ച് സിംഹമാണ് മര്‍ക്കോസിന്റെ പ്രതീകം. മരുഭൂമിയില്‍ ഗര്‍ജ്ജിക്കുന്ന സ്നാപകന്റെ പ്രസംഗം കൊണ്ടാണല്ലോ അദ്ദേഹം തന്റെ സുവിശേഷം ആരംഭിക്കുന്നത്. അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങള്‍ വെനീസിലെ ബസിലിക്കയിലാണ് സൂക്ഷിച്ചിരിക്കുന്നത്. വെനീസിലുള്ള വിശുദ്ധ മര്‍ക്കോസിന്റെ ചത്വരം പ്രസിദ്ധമാണ്.