മേയ് 1: തൊഴിലാളിയായ വിശുദ്ധ യൗസേപ്പ്

പണ്ട് മേയ് ഒന്ന് യൂറോപ്പില്‍ പുഷ്പദിനമായി ആചരിച്ചിരുന്നു. റഷ്യന്‍ വിപ്ലവത്തിനുശേഷം മേയ് ഒന്ന് തൊഴിലാളി ദിനമായി ആചരിക്കാന്‍ തുടങ്ങി. അതിനെ പവിത്രീകരിക്കാനായി പന്ത്രണ്ടാം പീയൂസ് മാര്‍പാപ്പാ 1955-ലെ മേയ് ദിനത്തില്‍ വിശുദ്ധ പത്രോസിന്റെ അങ്കണത്തില്‍ തടിച്ചുകൂടിയ തൊഴിലാളികളോടു പറഞ്ഞു: ‘ഞാന്‍ നിങ്ങള്‍ക്ക് ഒരു സമ്മാനം തരുന്നു: ഇനി മുതല്‍ മേയ് ഒന്ന് തൊഴിലാളിയായ വിശുദ്ധ യൗസേപ്പിന്റെ തിരുനാള്‍ ആയിരിക്കും.’ അങ്ങനെ തിരുസഭ മേയ് ദിനത്തെ പവിത്രീകരിച്ചു.

യേശുക്രിസ്തുവിന്റെ ജന്മനാട്ടുകാര്‍ അവിടുത്തെ വിജ്ഞാനപ്രദമായ പ്രസംഗംകേട്ടപ്പോള്‍, ‘ഇയാള്‍ ആ തച്ചന്റെ മകനല്ലേ?’ (മത്താ 13, 55) എന്നാണ് ചോദിച്ചത്. യൗസേപ്പ് മരപ്പണിക്കാരനായിരുന്നു. മുപ്പതാമത്തെ വയസ്സുവരെ ഈശോയും വളര്‍ത്തു പിതാവിനെപ്പോലെ മരപ്പണിചെയ്താണ് ഉപജീവനം കഴിച്ചത്. ആകയാല്‍ എല്ലാ തൊഴിലുകളും ശ്രേഷ്ഠമാണ്. ഒരു തൊഴിലാളിയായിരിക്കുക എന്നാല്‍ ഈശോയേയും യൗസേപ്പിനേയും അടുത്ത് അനുകരിക്കുകയെന്നാണ്.

ഈശോയുടെ കൊച്ചുസഹോദരരിലൊരാളായ റെനെവോവിലാം ഇങ്ങനെ എഴുതിയിരിക്കുന്നു: ‘ദരിദ്രനും ഉപജീവനത്തിനുവേണ്ടി അധ്വാനിക്കുന്നവനുമായ ഒരു മനുഷ്യനു സാധാരണ സാഹചര്യങ്ങളില്‍ സുവിശേഷ വിശുദ്ധി സാധ്യമാണ്.’

പന്ത്രണ്ടാം പീയൂസ് പറയുന്നു: ‘ലോകരക്ഷകനായ നരദൈവത്തിന്റെ ഹൃദയത്തില്‍നിന്ന് പരിശുദ്ധാത്മാവ് നിങ്ങളിലും എല്ലാവരിലും ചിന്തപ്പെടുന്നു. ഈശോയുടെ വളര്‍ത്തുപിതാവായ വിശുദ്ധ യൗസേപ്പിലെന്നപോലെ വേറൊരു തോഴിലാളിയിലും പരിശുദ്ധാത്മാവ് ഇത്ര അഗാധമായി പ്രവേശിച്ചിട്ടില്ല യൗസേപ്പിതാവ് തൊഴിലിലും കുടുംബജീവിതത്തിലും ഈശോയോടുകൂടെ ജീവിച്ചു. നിങ്ങള്‍ ക്രിസ്തുവിനോട് അടുത്തിരിക്കുവാന്‍ ആഗ്രഹിക്കുന്നെങ്കില്‍ വീണ്ടും ഞാന്‍ പറയുകയാണ്: ‘യൗസേപ്പിന്റെ പക്കല്‍ പോകുവിന്‍’

ഏപ്രില്‍ 30: വിശുദ്ധ അഞ്ചാം പീയൂസ് പാപ്പ

കുലീനമായ ഒരു കുടുംബത്തില്‍ ബോസ്‌കോയില്‍ 1504 ജനുവരി 27-ന് മൈക്കള്‍ ഗിസ്ലിയെരി ജനിച്ചു. ഡൊമിനിക്കന്‍ സന്യാസികളുടെ കീഴില്‍ വ്യാകരണം പഠിച്ച മൈക്കള്‍ 15-ാം വയസില്‍ ഡൊമിനിക്കന്‍ സഭയില്‍ ചേര്‍ന്നു. ഇതര നോവിസുമാരെ അപേക്ഷിച്ച് ബ്രദര്‍ മൈക്കള്‍ കൂടുതല്‍ എളിമയും അടക്കവും ആശാനിഗ്രഹവും പാലിച്ചിരുന്നു. പഠനത്തോടൊപ്പം പ്രാര്‍ത്ഥനയും പ്രായശ്ചിത്തവും അഭ്യസിച്ചു പോന്നു. 36-ാമത്തെ വയസ്സില്‍ ബ്രദര്‍ മൈക്കള്‍ പുരോഹിതനായി. 16 കൊല്ലം വിദ്യാര്‍ത്ഥികളെ തത്വശാസ്ത്രവും ദൈവശാസ്ത്രവും പഠിപ്പിച്ചു. തല്‍സമയം അവരില്‍ ദൈവഭക്തി കുത്തിവയ്ക്കാന്‍ അദ്ദേഹം കിണഞ്ഞു പരിശ്രമിച്ചിരുന്നു. 1556-ല്‍ സൂത്രി രൂപതയുടെ മെത്രാനായി ഉയര്‍ത്തപ്പെട്ടു. പിറ്റേക്കൊല്ലംതന്നെ അദ്ദേ ഹത്തെ കര്‍ദ്ദിനാളാക്കി. സ്ഥാനമാനങ്ങള്‍ അദ്ദേഹത്തിന്റെ എളിമയും വിനയവും വര്‍ദ്ധിപ്പിച്ചതേയുള്ളു.

1566 ജനുവരി 7-ന് കാര്‍ഡിനല്‍ മൈക്കള്‍ മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെടുകയും അഞ്ചാം പീയൂസ് എന്ന നാമം സ്വീകരിക്കുകയും ചെയ്തു. 1563-ല്‍ സമാപിച്ച ട്രെന്റ് സൂനഹദോസിന്റെ പരിഷ്‌കാരങ്ങള്‍ പൂര്‍ത്തിയാക്കേണ്ട ചുമതല പുതിയ മാര്‍പാപ്പയുടേതായിരുന്നു. പുതിയ മിസാലും കാനോ നമസ്‌ക്കാരവും വേദോപദേശവും അദ്ദേഹം പ്രസിദ്ധീകരിച്ചു. ടര്‍ക്കികളുടെ ആക്രമണത്തെ ചെറുക്കാന്‍ ഒരു നാവിക സൈന്യം സംഘടിപ്പിച്ചു. സൈന്യത്തില്‍ മാത്രം ആശ്രയിക്കാതെ ജപമാലചൊല്ലി ദൈവമാതൃസഹായം അപേക്ഷിച്ചു. 1567 ഒക്ടോബര്‍ 17-നാ നലേപാന്റോ ഉള്‍ക്കടലില്‍വച്ച് പേപ്പല്‍ സൈന്യം ടര്‍ക്കികളെ തോല്‍പ്പിച്ച് ക്രൈസ്തവ രാജ്യങ്ങളെ സംരക്ഷിച്ചു. വിവരം അദ്ദേഹം കര്‍ദ്ദിനാള്‍ സംഘത്തെ അറിയിക്കുകയും ക്രിസ്ത്യാനികളുടെ സഹായമേ, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ എന്ന വാക്യം ദൈവമാതാവിന്റെ ലുത്തനിയായില്‍ ചേര്‍ക്കുകയും ചെയ്തു.

മാര്‍പാപ്പാ ആയതിനുശേഷവും തിരുമേനി ഡൊമിനിക്കന്‍ സഭാംഗങ്ങളെപ്പോലെ ദീര്‍ഘമായി പ്രാര്‍ത്ഥിക്കുകയും ഉപവസിക്കുകയും ചെയ്തുകൊണ്ടിരുന്നു. പല പേപ്പല്‍ ആര്‍ഭാടങ്ങളും ആഘോഷങ്ങളും വേണ്ടെന്നുവച്ച് ആ സംഖ്യ സാധൂക്കള്‍ക്കും ദരിദ്രമായ ആശ്രമങ്ങള്‍ക്കും കൊടുത്തുകൊണ്ടിരുന്നു. അന്യാദൃശമായിരുന്നു അദ്ദേഹത്തിന്റെ എളിമ ഒരു ദരിദ്രന്റെ വ്രണങ്ങള്‍ മാര്‍പ്പാപ്പാ ചുംബിക്കുന്നതുകണ്ട് ഒരു ഇംഗ്‌ളീഷു പ്രോട്ടസ്റ്റന്റുകാരന്‍ മാനസാന്തരപ്പെട്ടതായി ജീവചരിത്രകാരന്‍ പറയുന്നു. കഠിനമായ അധ്വാനവും പ്രായശ്ചിത്തവും നിമിത്തം ക്ഷീണിതനായ മാര്‍പാപ്പാ 1572 മേയ് 1-ന് ദിവംഗതനായി.

ഏപ്രില്‍ 28: വിശുദ്ധ പീറ്റര്‍ ചാനെല്‍ രക്തസാക്ഷി

ഓഷയാനിയായിലെ പ്രഥമ രക്തസാക്ഷിയായ വിശുദ്ധ പീറ്റര്‍ ചാനെല്‍ ഫ്രാന്‍സില്‍ 1803-ല്‍ ഭൂജാതനായി . കുട്ടിയായ പീറ്ററിന്റെ സല്‍സ്വഭാവം കണ്ടിട്ട് പൗരോഹിത്യത്തിലേക്ക് തിരിച്ചുവിട്ടത് തീക്ഷ്ണമതിയായ ഫാദര്‍ ട്രോമ്പിയേ ആണ്. 1827-ല്‍ ചാനെല്‍ വൈദികനായി. 1820-ല്‍ ചൈനയില്‍ രക്തസാക്ഷിത്വം നേടിയ ഫാദര്‍ ഫ്രാന്‍സിസു റേജിഡ്ക്ളെറ്റിന്റെ മാതൃക പലര്‍ക്കും തീക്ഷ്ണതയ്ക്കു പ്രചോദനമായി. ഫാദര്‍ ചാനെല്‍ 1831 -ല്‍ വി. ജോണ്‍ വിയാനിയുടെ സഹപാഠിയായിരുന്ന ഫാദര്‍ ജീന്‍ക്‌ളോഡ് കോളിന്‍ ആരംഭിച്ച മേരീസമൂഹത്തില്‍ അംഗമായി ചേര്‍ന്നു വ്രതങ്ങളെടുത്തു. 1836 ഡിസംബറില്‍ ഫാദര്‍ ചാനല്‍ ഒരു ബിഷപ്പും മൂന്ന് അല്‍മായ സഹോദരരോടും കൂടെ ഓഷയാനിയായിലേയ്ക്കു മിഷന്‍വേലയ്ക്കായി പുറപ്പെട്ടു. ക്യാപ്റ്റന്‍കൂക്ക് ഫ്രെന്‍ലി അയലന്റ്‌സ് എന്നു പേരിട്ടിരുന്ന ദ്വീപുകളിലാണ് ഫാദര്‍ ചാനെല്‍ ജോലി ആരംഭിച്ചത്.

1837-ല്‍ മിഷനറിമാര്‍ അവിടെ എത്തിയപ്പോള്‍ തദ്ദേശവാസികള്‍ അത്ര ശാന്തരായിരുന്നില്ല. മനുഷ്യഭുക്കുകള്‍ അവരുടെ ഇടയിലുണ്ടായിരുന്നു. ഭാഷ പഠിക്കാന്‍ അവര്‍ കഷ്ടപ്പെട്ടു. ആരംഭത്തില്‍ മാനസാന്തരം സാവധാനമായിരുന്നു. എങ്കിലും ഫാദര്‍ പീറ്റര്‍ ചാനെലിന് നല്ല സ്വീകരണമാണ് ലഭിച്ചത്. കാരുണ്യവാന്‍ എന്നാണ് ജനങ്ങള്‍ അദ്ദേഹത്തെ വിളിച്ചിരുന്നത്. രാജകുമാരന്‍ പോലും ഫാദര്‍ ചാനെലിനോട് താല്‍പര്യം കാണിച്ചുപോന്നു. ക്രിസ്തുമതത്തിന്റെ പ്രചാരം കണ്ടിട്ട് ക്രുദ്ധനായ മന്ത്രി മുസുമുസു ക്രിസ്തുമതത്തെ നശിപ്പിക്കാന്‍ 1841 ഏപ്രില്‍ 28-ാം തീയതി ഒരു വിപ്‌ളവമുണ്ടാക്കി. വീടുകളില്‍ ചെന്ന് ഉറങ്ങിക്കിടന്നവരെ കുത്തിയും വെട്ടിയും ദേഹോപദ്രവം ചെയ്തു. ഫാദര്‍ ചാനെല്‍ താമസിക്കുന്ന കുടിലില്‍ പോയി ബയോണെറ്റുകൊണ്ട് അദ്ദേഹത്തെ കുത്തി. മന്ത്രി മുസുമുസു വന്ന് തല വെട്ടിനീക്കി. അങ്ങനെ ഫാദര്‍ പീറ്റര്‍ ചാനെല്‍ രക്തസാക്ഷിത്വമകൂടം ചൂടി അദ്ദേഹത്തിന്റെ ശരീരം 1842 -ല്‍ ഫ്രാന്‍സിലേക്ക് കൊണ്ടുവന്നു. 1954 ജൂണ്‍ 12-ാം തീയതി 12-ാം പീയൂസു മാര്‍പ്പാപ്പാ ഫാദര്‍ പീറ്റര്‍ ചാനെലിനെ വിശുദ്ധനെന്ന് നാമകരണം ചെയ്തു.

ഏപ്രില്‍ 29: സീയെന്നായിലെ വിശുദ്ധ കത്രീന

ജക്കോപ്പാ – ലാപ്പാബെനിന്‍കാസ് ദമ്പതികളുടെ 23-ാമത്തെ ശിശുവായി കത്രീനാ ഇറ്റലിയില്‍ സീയെന്നായില്‍ ജനിച്ചു. സമര്‍ഥയും ഭക്തയും പ്രസന്നയുമായി വളര്‍ന്നുവന്ന കുട്ടി കന്യകയായി ജീവിക്കാന്‍ ഒരു സ്വകാര്യ വ്രതമെടുത്തു. ഒരു കൊച്ചു മുറിയില്‍ താമസിക്കാന്‍ ഭക്തനായ പിതാവ് അവള്‍ക്ക് അനുവാദം നല്കി. അമ്മ അവളെ വിവാഹത്തിനു പ്രേരിപ്പിക്കാനായി ഉല്ലാസങ്ങള്‍ ക്രമപ്പെടുത്തിവന്നിരുന്നു. പന്ത്രണ്ടുവയസ്സില്‍ ഒരു വിവാഹാലോചന വന്നപ്പോള്‍ അവള്‍ തലമുടി വെട്ടിക്കളഞ്ഞു. ഒരിക്കല്‍ ജ്യേഷ്ഠത്തിമാരുടെ പ്രേരണയനുസരിച്ച് സുന്ദരവസ്ത്രങ്ങള്‍ ധരിച്ചതിന് മരണംവരെ മനസ്തപിച്ചുവെന്നു പറയുന്നു. പിതാവ് അവളുടെ സുകൃത ജീവിതത്തെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു.

18-ാമത്തെ വയസ്സില്‍ കത്രീന ഡൊമിനിക്കന്‍ മൂന്നാം സഭയുടെ വസ്ത്രം സ്വീകരിച്ചു പ്രാര്‍ത്ഥനയില്‍ സ്വന്തം മുറിയില്‍ കഴിച്ചുകൂട്ടി. മൂന്നുവര്‍ഷം കുമ്പസാരക്കാരനോടല്ലാതെ മറ്റാരോടും സംസാരിച്ചിരുന്നില്ല. സംഭാഷണമൊക്കെ ദൈവത്തോടായിരുന്നു.

ഭയങ്കരമായ പരീക്ഷണങ്ങളും പ്രബലപ്പെട്ടു. ഒരശുദ്ധ പരീക്ഷണത്തിനു ശേഷം ദിവ്യഗുരു പ്രത്യക്ഷപ്പെട്ടപ്പോള്‍ അവള്‍ ചോദിച്ചു ‘ഞാന്‍ പരിത്യക്തയായി ഭയങ്കരമായി കഷ്ടപ്പെട്ടപ്പോള്‍ ദിവ്യമണവാളാ, അങ്ങ് എവിടെയായിരുന്നൂ?’ ‘ഞാന്‍ നിന്റെ കൂടെ ആയിരുന്നു.’ എന്നു മറുപടി ‘എന്ത് എന്റെ ആത്മാവിനെ അലട്ടിയിരുന്ന ഈ മലിന സാഹചര്യങ്ങളിലോ?’ അവള്‍ ചോദിച്ചു ‘അതേ, നിനക്ക് അത് അനിഷ്ടമായിരുന്നു. അതാണ് നിന്റെ യോഗ്യത എന്റെ സാന്നിധ്യം കൊണ്ടാണ് നീ വിജയം നേടിയത്’ കര്‍ത്താവ് പ്രതിവചിച്ചു.

ഒരു കുഷ്ഠരോഗിയേയും ഒരു കാന്‍സര്‍രോഗിയേയും അവള്‍ ശുശ്രൂഷിച്ചു. അവരില്‍നിന്നു ലഭിച്ച പ്രതിഫലം ഏഷണി മാത്രമായിരുന്നു. പിന്നീട് അവര്‍ മാനസാന്തരപ്പെട്ട് കുറ്റത്തിനു മാപ്പു ചോദിച്ചു. 1374-ല്‍ രാജ്യമാസകലം സാംക്രമികരോഗം പടര്‍ന്നുപിടിച്ചപ്പോള്‍ അനേകരെ അവള്‍ ശുശ്രൂഷിച്ചു അവളുടെ പ്രാര്‍ത്ഥനവഴി അനേകംപേര്‍ സൗഖ്യം പ്രാപിച്ചു. നിരവധി പാപികളെ അവള്‍ മാനസാന്തരപ്പെടുത്തി.

11-ാം ഗ്രിഗോറിയോസ് പാപ്പായുടെ മഹറോനെ ഭയപ്പെടാതെ മാര്‍പാപ്പാക്കെതിരായി യുദ്ധത്തിനൊരുങ്ങിയ ഫ്‌ളോറന്‍സും വെറൂജിയയും ടസ്‌കനിയും കത്രീനയുടെ ഉപദേശം സ്വീകരിച്ചു യുദ്ധം വേണ്ടെന്നുവച്ചു. പ്രായശ്ചിത്തവും അധ്വാനവും കത്രീനയെ രോഗിണിയാക്കി. റോമയില്‍ വെച്ച് 33- മത്തെ വയസില്‍ 1380 ഏപ്രില്‍ 29-ന് കന്യക ഭാഗ്യമരണം പ്രാപിച്ചു. 1461-ല്‍ രണ്ടാം പിയൂസ് കത്രീനയെ വിശുദ്ധയെന്ന് നാമകരണം ചെയ്തു. 1970-ല്‍ ആറാം പൗലോസ് മാര്‍പാപ്പ ആവിലായിലെ വിശുദ്ധ ത്രേസ്യയോടൊപ്പം കത്രീനയെ വേദപാരംഗത എന്ന് പ്രഖ്യാപിച്ചു.

Exit mobile version