Site icon Malabar Vision Online

മേയ് 1: തൊഴിലാളിയായ വിശുദ്ധ യൗസേപ്പ്


പണ്ട് മേയ് ഒന്ന് യൂറോപ്പില്‍ പുഷ്പദിനമായി ആചരിച്ചിരുന്നു. റഷ്യന്‍ വിപ്ലവത്തിനുശേഷം മേയ് ഒന്ന് തൊഴിലാളി ദിനമായി ആചരിക്കാന്‍ തുടങ്ങി. അതിനെ പവിത്രീകരിക്കാനായി പന്ത്രണ്ടാം പീയൂസ് മാര്‍പാപ്പാ 1955-ലെ മേയ് ദിനത്തില്‍ വിശുദ്ധ പത്രോസിന്റെ അങ്കണത്തില്‍ തടിച്ചുകൂടിയ തൊഴിലാളികളോടു പറഞ്ഞു: ‘ഞാന്‍ നിങ്ങള്‍ക്ക് ഒരു സമ്മാനം തരുന്നു: ഇനി മുതല്‍ മേയ് ഒന്ന് തൊഴിലാളിയായ വിശുദ്ധ യൗസേപ്പിന്റെ തിരുനാള്‍ ആയിരിക്കും.’ അങ്ങനെ തിരുസഭ മേയ് ദിനത്തെ പവിത്രീകരിച്ചു.

യേശുക്രിസ്തുവിന്റെ ജന്മനാട്ടുകാര്‍ അവിടുത്തെ വിജ്ഞാനപ്രദമായ പ്രസംഗംകേട്ടപ്പോള്‍, ‘ഇയാള്‍ ആ തച്ചന്റെ മകനല്ലേ?’ (മത്താ 13, 55) എന്നാണ് ചോദിച്ചത്. യൗസേപ്പ് മരപ്പണിക്കാരനായിരുന്നു. മുപ്പതാമത്തെ വയസ്സുവരെ ഈശോയും വളര്‍ത്തു പിതാവിനെപ്പോലെ മരപ്പണിചെയ്താണ് ഉപജീവനം കഴിച്ചത്. ആകയാല്‍ എല്ലാ തൊഴിലുകളും ശ്രേഷ്ഠമാണ്. ഒരു തൊഴിലാളിയായിരിക്കുക എന്നാല്‍ ഈശോയേയും യൗസേപ്പിനേയും അടുത്ത് അനുകരിക്കുകയെന്നാണ്.

ഈശോയുടെ കൊച്ചുസഹോദരരിലൊരാളായ റെനെവോവിലാം ഇങ്ങനെ എഴുതിയിരിക്കുന്നു: ‘ദരിദ്രനും ഉപജീവനത്തിനുവേണ്ടി അധ്വാനിക്കുന്നവനുമായ ഒരു മനുഷ്യനു സാധാരണ സാഹചര്യങ്ങളില്‍ സുവിശേഷ വിശുദ്ധി സാധ്യമാണ്.’

പന്ത്രണ്ടാം പീയൂസ് പറയുന്നു: ‘ലോകരക്ഷകനായ നരദൈവത്തിന്റെ ഹൃദയത്തില്‍നിന്ന് പരിശുദ്ധാത്മാവ് നിങ്ങളിലും എല്ലാവരിലും ചിന്തപ്പെടുന്നു. ഈശോയുടെ വളര്‍ത്തുപിതാവായ വിശുദ്ധ യൗസേപ്പിലെന്നപോലെ വേറൊരു തോഴിലാളിയിലും പരിശുദ്ധാത്മാവ് ഇത്ര അഗാധമായി പ്രവേശിച്ചിട്ടില്ല യൗസേപ്പിതാവ് തൊഴിലിലും കുടുംബജീവിതത്തിലും ഈശോയോടുകൂടെ ജീവിച്ചു. നിങ്ങള്‍ ക്രിസ്തുവിനോട് അടുത്തിരിക്കുവാന്‍ ആഗ്രഹിക്കുന്നെങ്കില്‍ വീണ്ടും ഞാന്‍ പറയുകയാണ്: ‘യൗസേപ്പിന്റെ പക്കല്‍ പോകുവിന്‍’


Exit mobile version