കുലീനമായ ഒരു കുടുംബത്തില്‍ ബോസ്‌കോയില്‍ 1504 ജനുവരി 27-ന് മൈക്കള്‍ ഗിസ്ലിയെരി ജനിച്ചു. ഡൊമിനിക്കന്‍ സന്യാസികളുടെ കീഴില്‍ വ്യാകരണം പഠിച്ച മൈക്കള്‍ 15-ാം വയസില്‍ ഡൊമിനിക്കന്‍ സഭയില്‍ ചേര്‍ന്നു. ഇതര നോവിസുമാരെ അപേക്ഷിച്ച് ബ്രദര്‍ മൈക്കള്‍ കൂടുതല്‍ എളിമയും അടക്കവും ആശാനിഗ്രഹവും പാലിച്ചിരുന്നു. പഠനത്തോടൊപ്പം പ്രാര്‍ത്ഥനയും പ്രായശ്ചിത്തവും അഭ്യസിച്ചു പോന്നു. 36-ാമത്തെ വയസ്സില്‍ ബ്രദര്‍ മൈക്കള്‍ പുരോഹിതനായി. 16 കൊല്ലം വിദ്യാര്‍ത്ഥികളെ തത്വശാസ്ത്രവും ദൈവശാസ്ത്രവും പഠിപ്പിച്ചു. തല്‍സമയം അവരില്‍ ദൈവഭക്തി കുത്തിവയ്ക്കാന്‍ അദ്ദേഹം കിണഞ്ഞു പരിശ്രമിച്ചിരുന്നു. 1556-ല്‍ സൂത്രി രൂപതയുടെ മെത്രാനായി ഉയര്‍ത്തപ്പെട്ടു. പിറ്റേക്കൊല്ലംതന്നെ അദ്ദേ ഹത്തെ കര്‍ദ്ദിനാളാക്കി. സ്ഥാനമാനങ്ങള്‍ അദ്ദേഹത്തിന്റെ എളിമയും വിനയവും വര്‍ദ്ധിപ്പിച്ചതേയുള്ളു.
1566 ജനുവരി 7-ന് കാര്‍ഡിനല്‍ മൈക്കള്‍ മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെടുകയും അഞ്ചാം പീയൂസ് എന്ന നാമം സ്വീകരിക്കുകയും ചെയ്തു. 1563-ല്‍ സമാപിച്ച ട്രെന്റ് സൂനഹദോസിന്റെ പരിഷ്‌കാരങ്ങള്‍ പൂര്‍ത്തിയാക്കേണ്ട ചുമതല പുതിയ മാര്‍പാപ്പയുടേതായിരുന്നു. പുതിയ മിസാലും കാനോ നമസ്‌ക്കാരവും വേദോപദേശവും അദ്ദേഹം പ്രസിദ്ധീകരിച്ചു. ടര്‍ക്കികളുടെ ആക്രമണത്തെ ചെറുക്കാന്‍ ഒരു നാവിക സൈന്യം സംഘടിപ്പിച്ചു. സൈന്യത്തില്‍ മാത്രം ആശ്രയിക്കാതെ ജപമാലചൊല്ലി ദൈവമാതൃസഹായം അപേക്ഷിച്ചു. 1567 ഒക്ടോബര്‍ 17-നാ നലേപാന്റോ ഉള്‍ക്കടലില്‍വച്ച് പേപ്പല്‍ സൈന്യം ടര്‍ക്കികളെ തോല്‍പ്പിച്ച് ക്രൈസ്തവ രാജ്യങ്ങളെ സംരക്ഷിച്ചു. വിവരം അദ്ദേഹം കര്‍ദ്ദിനാള്‍ സംഘത്തെ അറിയിക്കുകയും ക്രിസ്ത്യാനികളുടെ സഹായമേ, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ എന്ന വാക്യം ദൈവമാതാവിന്റെ ലുത്തനിയായില്‍ ചേര്‍ക്കുകയും ചെയ്തു.
മാര്‍പാപ്പാ ആയതിനുശേഷവും തിരുമേനി ഡൊമിനിക്കന്‍ സഭാംഗങ്ങളെപ്പോലെ ദീര്‍ഘമായി പ്രാര്‍ത്ഥിക്കുകയും ഉപവസിക്കുകയും ചെയ്തുകൊണ്ടിരുന്നു. പല പേപ്പല്‍ ആര്‍ഭാടങ്ങളും ആഘോഷങ്ങളും വേണ്ടെന്നുവച്ച് ആ സംഖ്യ സാധൂക്കള്‍ക്കും ദരിദ്രമായ ആശ്രമങ്ങള്‍ക്കും കൊടുത്തുകൊണ്ടിരുന്നു. അന്യാദൃശമായിരുന്നു അദ്ദേഹത്തിന്റെ എളിമ ഒരു ദരിദ്രന്റെ വ്രണങ്ങള്‍ മാര്‍പ്പാപ്പാ ചുംബിക്കുന്നതുകണ്ട് ഒരു ഇംഗ്‌ളീഷു പ്രോട്ടസ്റ്റന്റുകാരന്‍ മാനസാന്തരപ്പെട്ടതായി ജീവചരിത്രകാരന്‍ പറയുന്നു. കഠിനമായ അധ്വാനവും പ്രായശ്ചിത്തവും നിമിത്തം ക്ഷീണിതനായ മാര്‍പാപ്പാ 1572 മേയ് 1-ന് ദിവംഗതനായി.