സീറോ-മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പായി തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം ആദ്യമായി റോമിലെത്തിയ മാര്‍ റാഫേല്‍ തട്ടില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയെ സന്ദര്‍ശിച്ചു.
അപ്പോസ്തലനായ തോമാശ്ലീഹായുടെ രക്തസാക്ഷ്യത്തില്‍ വേരൂന്നിയ സ്വയം ഭരണാവകാശമുള്ള സ്വതന്ത്ര സഭയായ സീറോ-മലബാര്‍ സഭയുടെ വിശ്വാസ തീക്ഷണതയും ഭക്തിയും മാര്‍പാപ്പ ശ്ലാഘിച്ചു. സീറോ മലബാര്‍ സഭയുടെ വിശ്വാസത്തിന്റെ പുരാതന വേരുകളെക്കുറിച്ച് സംസാരിച്ച പാപ്പാ, സഭയിലെ ഐക്യത്തിനു വേണ്ടി പ്രാര്‍ത്ഥനയും പ്രവര്‍ത്തനവും സമന്വയിപ്പിക്കാന്‍ ആവശ്യപ്പെട്ടു.
സീറോ മലബാര്‍ സഭ അഭിമുഖീകരിക്കുന്ന സാഹചര്യങ്ങളെയും വെല്ലുവിളികളെയും സ്വയം പരിശോധിക്കാനും ഉത്തരവാദിത്വത്തോടും സുവിശേഷാത്മക ധൈര്യത്തോടും കൂടെ ആവശ്യമായ നടപടികള്‍ എടുക്കാനും അധികാരമുള്ളതിനാല്‍, മേജര്‍ ആര്‍ച്ചുബിഷപ്പിന്റെയും സിനഡിന്റെയും നിര്‍ദ്ദേശങ്ങളോടു വിശ്വസ്തത പുലര്‍ത്തിക്കൊണ്ട് അവരെ സഹായിക്കാനാണ്, അല്ലാതെ മറികടക്കാനല്ല, താന്‍ ആഗ്രഹിക്കുന്നതെന്ന് പാപ്പാ അടിവരയിട്ടു പറഞ്ഞു.
വിശ്വാസികള്‍ക്ക് സ്‌നേഹത്തിന്റെയും ശാന്തയുടെയും മാതൃകയാകേണ്ട, അനുസരണ വ്രതമാക്കിയ പുരോഹിതരെ സംബന്ധിച്ചിടത്തോളം ഐക്യത്തെ കാത്തു സൂക്ഷിക്കേണ്ടത് ഒരു ഭക്തിപ്രബോധനമല്ല കടമയാണെന്ന് പാപ്പാ ഓര്‍മ്മിപ്പിച്ചു. ധൂര്‍ത്ത പുത്രന്റെ ഉപമയിലെ പിതാവിനെ പോലെ വാതിലുകള്‍ തുറന്നിടാമെന്നും പശ്ചാത്തപിച്ചു തിരിച്ചു വരുമ്പോള്‍ അവര്‍ക്ക് തിരിച്ചുകയറാന്‍ ബുദ്ധിമുട്ടണ്ടാകാതിരിക്കട്ടെ എന്നും എവാഞ്ചെലി ഗൗദിയൂം 46 ആം ഖണ്ഡിക ഉദ്ധരിച്ചു കൊണ്ട് പാപ്പാ കൂട്ടിച്ചേര്‍ത്തു.
ഭയമില്ലാതെ കൂടിക്കാഴ്ചകളും ചര്‍ച്ചകളും നടത്താനും അഭിപ്രായവ്യത്യാസങ്ങളെ അനുരഞ്ജിപ്പിക്കുകയും സംഘര്‍ഷങ്ങളെ ഐക്യത്തിലേക്ക് നയിക്കുകയും തര്‍ക്കങ്ങള്‍ പരിഹരിക്കുകയും ചെയ്യുന്ന പരിശുദ്ധാത്മാവിന്റെ പ്രകാശത്തിനായി എല്ലാറ്റിലുമുപരി പ്രാര്‍ത്ഥിക്കാനും പാപ്പാ ആവശ്യപ്പെട്ടു. അഹങ്കാരം, പ്രതികാരം, അസൂയ എന്നിവ കര്‍ത്താവില്‍ നിന്നല്ല എന്നത് തീര്‍ച്ച. അവ ഒരിക്കലും ഐക്യത്തിലേക്കും സമാധാനത്തിലേക്കും നയിക്കുകയുമില്ല. നമ്മുടെയിടയിലെ അവിടത്തെ സാന്നിധ്യത്തിന്റെ അത്യുന്നത രൂപമായ കൂദാശ എങ്ങനെ പരികര്‍മ്മം ചെയ്യണം എന്നതിന്റെ വിശദാംശങ്ങളെക്കുറിച്ചു തര്‍ക്കിച്ച് സ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും കൂദാശയായ പരിശുദ്ധ കുര്‍ബാനയോടു ഗുരുതരമായ ബഹുമാനക്കേട് കാണിക്കുന്നത് ക്രൈസ്തവ വിശ്വാസവുമായി പൊരുത്തപ്പെടുന്നതല്ല. നമ്മെ നയിക്കേണ്ട പരിശുദ്ധാത്മാവില്‍ നിന്നു വരുന്ന സത്യമായ ആത്മീയ മാനദണ്ഡം കൂട്ടായ്മയാണ് എന്ന് പരിശുദ്ധ പിതാവ് ഊന്നി പറഞ്ഞു.