Site icon Malabar Vision Online

വാഴ്ത്തപ്പെട്ട കാര്‍ലോ അക്യുട്ടിസ് വിശുദ്ധ പദവിയിലേക്ക്


ലാപ്ടോപ്പും സാമൂഹ്യ മാധ്യമങ്ങളും ജപമാലയും ജീവിതത്തില്‍ സമന്വയിപ്പിച്ച് വിശ്വാസപ്രചരണത്തില്‍ പുതിയ പാത തുറന്ന വാഴ്ത്തപ്പെട്ട കാര്‍ലോ അക്യൂട്ടിസ് വിശുദ്ധ പദവിയിലേക്ക്. വാഴ്ത്തപ്പെട്ട കാര്‍ലോ അക്യുട്ടിസിന്റെ മധ്യസ്ഥതയില്‍ നടന്ന അത്ഭുതത്തിന് ഫ്രാന്‍സിസ് മാര്‍പാപ്പ അംഗീകാരം നല്കിയതായി കാത്തലിക് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. ഇതോടെ കാര്‍ലോയെ വിശുദ്ധനായി പ്രഖ്യാപിക്കുവാനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായതായാണ് വിവരം. ആഗോള കത്തോലിക്കാ സഭ 2025-ല്‍ ജൂബിലി വര്‍ഷമായി ആചരിക്കുവാനിരിക്കെ ജൂബിലി മധ്യേ കാര്‍ലോയെ വിശുദ്ധനായി പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്.

കാര്‍ലോയുടെ മധ്യസ്ഥതയില്‍ കോസ്റ്ററിക്കയില്‍ നിന്നുള്ള കൗമാരക്കാരി ഫ്ളോറന്‍സില്‍ വിദ്യാര്‍ഥിയായിരുന്ന വലേറിയയ്ക്ക് അപകടത്തെ തുടര്‍ന്നുണ്ടായ ഗുരുതരാവസ്ഥയില്‍ നിന്ന് സൗഖ്യം ലഭിച്ചത് രണ്ടാമത്തെ അത്ഭുതമായി സമിതി അംഗീകരിച്ചു. ബ്രസീലില്‍ ഒരു ബാലന്‍ രോഗസൗഖ്യം നേടിയത് കാര്‍ലോയുടെ മധ്യസ്ഥതയിലാണെന്നു സാക്ഷ്യപ്പെടുത്തിയതിനെ തുടര്‍ന്ന് 2020 ഒക്ടോബര്‍ 10 നാണ് വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത്. ഈ നൂറ്റാണ്ടില്‍ വിശുദ്ധ പദവി നേടിയവരില്‍ പ്രായം കുറഞ്ഞയാളും കംപ്യൂട്ടര്‍ പ്രതിഭയുമാണ് കാര്‍ലോ. ലണ്ടനില്‍ ജനിച്ച് മിലാനില്‍ വളര്‍ന്ന കാര്‍ലോ 11-ാം വയസില്‍ അസീസിയിലെ സ്വന്തം ഇടവകയ്ക്ക് വെബ്സൈറ്റ് ആരംഭിച്ചാണ് വിശ്വാസ പ്രചാരണത്തിന് തുടക്കമിട്ടത്.

ലോകത്തിലെ ദിവ്യകാരുണ്യ അത്ഭുതങ്ങളുടെ ബൃഹത്തായ ഓണ്‍ലൈന്‍ ശേഖരം നന്നേ ചെറിയ പ്രായത്തിനുള്ളില്‍ കാര്‍ലോ സജ്ജീകരിച്ചിരുന്നു. പതിനൊന്ന് വയസ്സുള്ളപ്പോള്‍ ആരംഭിച്ച ഈ ഉദ്യമം അന്താരാഷ്ട്ര തലത്തില്‍ തന്നെ ശ്രദ്ധ നേടി. നമ്മള്‍ ദിവ്യകാരുണ്യം എത്രയധികമായി സ്വീകരിക്കുന്നുവോ, അത്രമാത്രം നാം യേശുവിനെ പോലെയാകുമെന്നും അങ്ങനെ ഈ ഭൂമിയില്‍ നമുക്ക് സ്വര്‍ഗ്ഗത്തിന്റെ ഒരു മുന്നാസ്വാദനം ഉണ്ടാകുമെന്നും കാര്‍േലാ പതിനൊന്നാമത്തെ വയസ്സില്‍ കുറിച്ചു. 15-ാം വയസില്‍ നിര്യാതനായി.


Exit mobile version