എണ്‍പതു സംവത്സരം ജീവിച്ച വിശുദ്ധ ജെര്‍മ്മാനുസു ഫ്രാന്‍സില്‍ 496-ല്‍ ഭൂജാതനായി. സഹോദരനായിരുന്ന ഫാദര്‍ സ്‌കാപിലിയോണാണു അദ്ദേഹത്തിനു ശിക്ഷണം നല്കിയത്. യുവാവായിരിക്കേ പാതിരാത്രി രണ്ടുകിലോ മീറ്ററോളം നടന്നു ദൈവാലയത്തില്‍ രാത്രി നമസ്‌കാരത്തില്‍ പങ്കെടുത്തിരുന്നു. വൈദികനായി അധികം താമസിയാതെതന്നെ അദ്ദേഹം വിശുദ്ധ സിംഫോറിയന്‍ ആശ്രമത്തിലെ ആബട്ടായി. ആശ്രമവാസികള്‍ നിദ്രയിലമര്‍ന്നിരുന്നപ്പോള്‍ ആബട്ടു ദീര്‍ഘമായ പ്രാര്‍ത്ഥനയില്‍ മുഴുകിയിരുന്നു.
554-ല്‍ അദ്ദേഹം പാരീസിലെ മെത്രാനായി സ്ഥാനമാറ്റം ഉപവാസത്തിലും തപസ്സിലും മാറ്റമൊന്നും വരുത്തിയില്ല. രാത്രി മുഴുവനും ദൈവാലയത്തില്‍ പ്രാര്‍ത്ഥനയില്‍ കഴിച്ചുപോന്നു. ദരിദ്രരും അവശരും അദ്ദേഹത്തിന്റെ വസതിയില്‍ തിങ്ങിക്കൂടുമായിരുന്നു പല ഭിക്ഷുക്കള്‍ക്കും സ്വന്തം മേശയില്‍ അദ്ദേഹം ഭക്ഷണം കൊടുത്തിരുന്നു
ബിഷപ്പു ജെര്‍മ്മാനൂസിന്റെ പ്രസംഗങ്ങള്‍ക്കു നല്ല വശ്യശക്തിയുണ്ടായിരുന്നു. അതിമോഹിയും ലൗകായതികനുമായിരുന്ന ചില്‍ഡ്ബെര്‍ട്ട് രാജാവ് അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ വഴി ഭക്തനും ധര്‍മ്മിഷ്ഠനുമായി മാറി. അദ്ദേഹത്തിന്റെ അനുജന്‍ ക്ളോവിഡുരാജാവും ആര്‍ച്ചുബിഷപ്പിന്റെ വിശുദ്ധിയില്‍ നല്ല വിശ്വാസമുള്ളവനായിരുന്നു. ക്‌ളോവിഡ് രാജാവ് ഒരിക്കല്‍ പനിയായി കിടക്കുമ്പോള്‍ ആര്‍ച്ചുബിഷപ്പിനെ വിളിച്ചുവരുത്തി അദ്ദേ ഹത്തിന്റെ ഉടുപ്പ് വേദനയുള്ള സ്ഥലത്തു ചേര്‍ത്തുപിടിക്കുകയും ചെയ്തു. അതോടെ അദ്ദേഹത്തിന്റെ അസുഖം മാറുകയും ചെയ്തു.
വാര്‍ദ്ധക്യത്തില്‍ തീക്ഷ്ണതയ്‌ക്കോ പ്രാര്‍ത്ഥനക്കോ കുറവുവരുത്തിയില്ല. പ്രായശ്ചിത്തങ്ങളും ആശാനിഗ്രഹങ്ങളും വര്‍ദ്ധിപ്പിച്ചതേയുള്ളൂ. അദ്ദേഹത്തിന്റെ തീക്ഷ്ണതയാല്‍ വിഗ്രഹാരാധനയുടെ അവശിഷ്ടങ്ങള്‍ കൂടി ഫ്രാന്‍സില്‍നിന്നു തുടച്ചുമാറ്റപ്പെട്ടു. പാപികളുടെ മാനസാന്തരത്തിന് അവസാന നിമിഷംവരെ അദ്ദേഹം അധ്വാനിച്ചു 80-ാമത്തെ വയസ്സില്‍ 576-ല്‍ മെയ് 28-ാം തീയതി ആര്‍ച്ചുബിഷപ്പു ജെര്‍മ്മാനുസു കര്‍ത്താവില്‍ നിദ്രപ്രാപിച്ചു.