മഴക്കാലമെത്തി, ഒപ്പം പനിക്കാലവും


പണ്ടത്തെ ജലദോഷമല്ല ഇന്നത്തെ മഴക്കാലത്ത് കാത്തിരിക്കുന്നത്. പേരിലും ഭാവത്തിലും വൈവിധ്യങ്ങളുമായി ഓരോ മഴക്കാലത്തും രോഗങ്ങളും രോഗികളും കൂടി വരുന്നു. പരിസരശുചിത്വവും വ്യക്തി ശുചിത്വവും അല്‍പ്പം ശ്രദ്ധയുമുണ്ടെങ്കില്‍ ഇത്തരം പനികളില്‍ നിന്ന് രക്ഷപ്പെടാം.

പനി, വയറുകടി, വയറിളക്കം, മഞ്ഞപ്പിത്തം, എലിപ്പനി, ഡെങ്കിപ്പനി, ചിക്കന്‍ഗുനിയ തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന ജലജന്യ, കൊതുകുജന്യ രോഗങ്ങളാണ് മഴക്കാലത്തെ പ്രധാന വില്ലന്‍മാര്‍. മഴക്കാലത്ത് സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ എന്തെല്ലാമെന്നു നോക്കാം:

ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ, മലമ്പനി, ജപ്പാന്‍ജ്വരം എന്നിവയാണ് പ്രധാനപ്പെട്ട കൊതുജന്യ രോഗങ്ങള്‍. ഇവ പ്രതിരോധിക്കാന്‍ കൊതുകിനു വളരാനുള്ള സാഹചര്യം ഇല്ലാതാക്കുകയാണ് വേണ്ടത്.

റബര്‍ തോട്ടങ്ങളിലെ ചിരട്ടകളില്‍ വെള്ളം കെട്ടിനില്‍ക്കാന്‍ അനുവദിക്കരുത്. ചിരട്ടകള്‍, ചട്ടികള്‍, പൊട്ടിയ പാത്രങ്ങള്‍, പറമ്പിലേക്ക് വലിച്ചെറിയുന്ന ഉപയോഗശൂന്യമായ വസ്തുക്കള്‍ എന്നിവയില്‍ വെള്ളം കെട്ടി നിന്ന് കൊതുകിന് പെറ്റുപെരുകാന്‍ അവസരമുണ്ടാക്കാതിരിക്കുക.

മഞ്ഞപ്പിത്തം, ടൈഫോയ്ഡ്, എലിപ്പനി, എന്നിവ പ്രധാന ജലജന്യ രോഗങ്ങളാണ്. വൃത്തിഹീനമായ ചുറ്റുപാടുകളാണ് ഇത്തരം രോഗങ്ങളെ സമ്മാനിക്കുന്നത്. എലി, ഈച്ച എന്നിവയിലൂടെയാണ് പ്രധാനമായും ഉത്തരം രോഗങ്ങള്‍ പടരുന്നത്.

തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുവാന്‍ ശീലിക്കുക. ഉയര്‍ന്ന താപനിലയില്‍ അണുക്കള്‍ നശിക്കുമെന്നതിനാല്‍ ആഹാര പദാര്‍ത്ഥങ്ങള്‍ ചൂടോടെ കഴിക്കുവാന്‍ ശ്രദ്ധിക്കുന്നതും നല്ലതാണ്. തണുത്തതും പഴകിയതും അലസമായി തുറന്നു വച്ചിരിക്കുന്നതുമായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഉപേക്ഷിക്കണം. ഇച്ച വന്നിരുന്ന ഭക്ഷണ സാധനങ്ങള്‍ ഉപേക്ഷിക്കണം.

ടോയിലറ്റില്‍ മാത്രം മലമൂത്രവിസ്സര്‍ജനം നടത്തുക. ടോയിലറ്റില്‍ പോയതിനു ശേഷം സോപ്പിട്ട് നന്നായി കൈകഴുകുക.

പനി ബാധിച്ചാല്‍ രണ്ടു ദിവസത്തിനുള്ളില്‍ ഡോക്ടറെ കണ്ട് മരുന്ന് വാങ്ങണം. കൂടുതല്‍ വൈകിപ്പിച്ചാല്‍ രോഗം മൂര്‍ച്ഛിച്ച് അപകടകരമായ അവസ്ഥയിലേക്കെത്താം.

ഒരു പ്രദേശത്തെ കുറച്ചു പേര്‍ക്ക് ഒരേ അസുഖം പിടിപെട്ടിട്ടുണ്ടെങ്കില്‍ എത്രയും വേഗം ആരോഗ്യ പ്രവര്‍ത്തരെ അറിയിക്കണം. ചിലപ്പോള്‍ അത് പകര്‍ച്ചവ്യാധികളുടെ തുടക്കമായേക്കാം.

ഇന്നത്തെക്കാലത്ത് സ്വയം ചികിത്സ വലിയ അപകടത്തിലേക്ക് എത്തിക്കും. പാരസെറ്റാമോള്‍ കഴിച്ചാല്‍ പനി മാറുമെന്നു പറഞ്ഞ് ഡോക്ടറുടെ സേവനം തേടാതിരിക്കരുത്.

ഡോക്ടര്‍മാര്‍ എഴുതിത്തരുന്ന മരുന്ന് മുഴുവനും കൃത്യമായി കഴിക്കാന്‍ ശ്രദ്ധിക്കണം. ആന്റിബയോടിക് മരുന്നുകള്‍ ഡോക്ടര്‍ നിര്‍ദേശിക്കുന്ന അത്രയും ദിവസം കഴിച്ചാല്‍ മാത്രമേ അസുഖം പൂര്‍ണമായി ഭേദമാകുകയുള്ളു. പലരും പനി കുറയുന്നതോടെ മരുന്ന് ഉപേക്ഷിക്കുന്നതായി കാണാറുണ്ട്. അത് അപകടമാണ്.

ശരീരത്തില്‍ മുറിവുകള്‍ ഉണ്ടെങ്കില്‍ അത് നന്നായി ശ്രദ്ധിക്കണം. കാരണം എലിപ്പനി പോലുള്ള അസുഖങ്ങള്‍ പരത്തുന്ന അണുക്കള്‍ മുറിവിലൂടെയാണ് ശരീരത്തില്‍ പ്രവേശിക്കുന്നത്.

കൊതുകില്‍ നിന്നും രക്ഷനേടാന്‍ കൊതുകുവല അല്ലെങ്കില്‍ കൊതുകുതിരി എന്നിവ ഉപയോഗിക്കുന്നത് നല്ലതാണ്.

ഭക്ഷണപഥാര്‍ത്ഥങ്ങള്‍ മൂടിവയ്ക്കുക. പഴവര്‍ഗങ്ങള്‍ കഴുകി മാത്രം കഴിക്കുക.


Leave a Reply

Your email address will not be published. Required fields are marked *

Exit mobile version