പോര്‍ച്ചുഗലിന്റെ തലസ്ഥാനമായ ലിസ്ബണില്‍ 1195-ല്‍ ആന്റണി ജനിച്ചു. ജ്ഞാനസ്‌നാനനാമം ഫെര്‍ഡിനന്റ് എന്നായിരുന്നു. രാജകൊട്ടാരത്തില്‍ ജോലിചെയ്തിരുന്ന പിതാവ് മകനെ ഒരു രാജകുമാരനെപ്പോലെയാണു വളര്‍ത്തിക്കൊണ്ടുവന്നത്. 15 വയസ്സുള്ളപ്പോള്‍ അഗസ്റ്റീനിയന്‍ സന്യാസികളുടെ മന്ദിരത്തില്‍ ആന്റണി ഏതാനുംകാലം താമസിച്ചു പഠിച്ചു.
17-ാമത്തെ വയസ്സില്‍ കോയിമ്പ്രായിലെ ഫ്രാന്‍സിസ്‌കന്‍ ആശ്രമത്തില്‍ താമസിച്ചു പഠനം നടത്തി. അവിടെ താമസിക്കുമ്പോള്‍ ആഫ്രിക്കയില്‍ സുവിശേഷം പ്രസംഗിക്കാന്‍ പോയിരുന്ന അഞ്ചു ഫ്രാന്‍സിസ്‌കന്‍ സന്യാസികളെ ശുശ്രൂഷിക്കാനുള്ള ഭാഗ്യം ലഭിച്ചു. അവര്‍ ആഫ്രിക്കയിലെത്തി സുവിശേഷം പ്രസംഗിക്കാന്‍ തുടങ്ങിയ ഉടനെ വധിക്കപ്പെടുകയും ശരീരം കോയിമ്പ്രയില്‍ കൊണ്ടുവന്നു സംസ്‌ക്കരിക്കുകയും ചെയ്തു. ഈ സംഭവം ധീരരായ ആ ഫ്രാന്‍സിസ്‌കന്‍ സന്യാസികളെ അനുകരിക്കാന്‍ ആന്റണിക്ക് ഉത്തേജനം നല്കി.
25-ാമത്തെ വയസ്സില്‍ ആന്റണി ഒരു ഫ്രാന്‍സിസ്‌കന്‍ വൈദികനായി ആഫ്രിക്കയിലേക്കുതന്നെ പുറപ്പെട്ടു. നീഗ്രോ ജാതിക്കാര്‍ ആന്റണിയെ തൊട്ടില്ല. നാളുകള്‍ക്കു ശേഷം സ്വദേശത്തേക്കു മടങ്ങാന്‍ വേണ്ടി ആന്റണി കപ്പല്‍കയറി; എന്നാല്‍ കൊടുങ്കാറ്റുനിമിത്തം കപ്പല്‍ ഇറ്റലിയിലാണ് എത്തിച്ചേര്‍ന്നത്. ഒമ്പതുമാസം ആന്റണി മോന്തപവോള ആശ്രമത്തില്‍ താമസിച്ചു. ഭക്ഷണം പാകം ചെയ്യുക, വിറകുവെട്ടുക, മുറി അടിക്കുക മുതലായ എളിയ ജോലികള്‍ ചെയ്താണ് അദ്ദേഹം അവിടെ താമസിച്ചത്.
ഫുര്‍ലിയില്‍ നടന്ന ഒരു പുരോഹിതാഭിഷേക ചടങ്ങില്‍ വച്ചാണ് ആന്റണിയുടെ പ്രസംഗചാതുര്യം പ്രകടമായത്. 26 വയസുകാരനായ ആന്റണിയോട് ആ ചടങ്ങില്‍ പ്രസംഗിക്കാന്‍ ആവശ്യപ്പെട്ടു. പ്രസ്തുത ആകസ്മിക പ്രസംഗത്തിന്റെ മാഹാത്മ്യത്തെപ്പറ്റി ഗ്രഹിക്കാനിടയായ ഫ്രാന്‍സിസ് അസീസി ഇറ്റലി മുഴുവന്‍ പ്രസംഗിക്കാന്‍ ആന്റണിയെ മാറ്റി നിറുത്തി.
ഫാ. ആന്റണി തെരുവീഥികളിലും കടല്‍ത്തീരത്തും നിന്നു പ്രസംഗിക്കാന്‍ തുടങ്ങി. വമ്പിച്ച ജനാവലി ചെവി വട്ടംപിടിച്ചാണ് ആന്റണിയുടെ പ്രസംഗം ശ്രവിച്ചിരുന്നത്. ഒരു ദിവസം ശ്രോതാക്കളെ ആരെയും കാണാതായപ്പോള്‍ കടലിലേക്കു തിരിഞ്ഞു ഫാ. ആന്റണി പ്രസംഗിച്ചു. മത്സ്യങ്ങള്‍ പ്രസംഗം കേള്‍ക്കാന്‍ നിരയായി നിന്നു. ജലപ്രളയത്തില്‍ സമസ്ത ജീവജാലങ്ങളും നശിച്ചപ്പോള്‍ മത്സ്യങ്ങളെ സംരക്ഷിച്ചതും ചില മത്സ്യങ്ങള്‍ ദൈവതിരുമനസ്സു നിറവേറ്റുവാന്‍ പങ്കുവഹിച്ചിട്ടുള്ളതും അദ്ദേഹം പ്രസംഗത്തില്‍ അനുസ്മരിച്ചു.
ഒരിക്കല്‍ ആന്റണി പ്രസംഗിക്കാന്‍ തയ്യാറാക്കിയ കുറിപ്പുകള്‍ ആരോ എടുത്തുകൊണ്ടുപോയതിനാല്‍ അദ്ദേഹം പരിഭ്രാന്തനായി. കുറിപ്പു മോഷ്ടിച്ചവന്റെ നേര്‍ക്ക് ഒരാള്‍ വാളൂരി പിടിച്ചുകൊണ്ടുവരുന്നതു കണ്ടു ഭയപ്പെട്ട് അയാള്‍ കുറിപ്പു തിരികെ കൊടുത്തു. അതിനാല്‍ നഷ്ടപ്പെട്ട വസ്തുക്കള്‍ തിരികെ കിട്ടാന്‍ ഭക്തജനങ്ങള്‍ വിശുദ്ധ ആന്റണിയോടു പ്രാര്‍ത്ഥിക്കുന്നു.
ഫാ. ആന്റണി ഫ്രാന്‍സിലായിരിക്കുമ്പോള്‍ ബോണ്‍വില എന്ന ഒരു യഹൂദന്‍ അദ്ദേഹത്തോടു പറഞ്ഞു: ‘തിരുവോസ്തി വെറും അപ്പക്കഷണമാണ് ദൈവമൊന്നുമല്ല”. തുടര്‍ന്ന് അദ്ദേഹം ആന്റണിയെ വെല്ലുവിളിച്ചു: ”ഞാന്‍ എന്റെ കഴുതയെ ചന്തസ്ഥലത്തു കെട്ടിയിടാം. മൂന്നുദിവസം അതിനു തീറ്റ കൊടുക്കുകയില്ല. അനന്തരം അതിനു കുറെ ഓട്ട്സുവച്ചു നീട്ടാം, താങ്കള്‍ തിരുവോസ്തി കാണിച്ചുകൊള്ളുക. കഴുത ആ ഭക്ഷണസാധനം ഉപേക്ഷിച്ചു തിരുവോസ്തിയെ വണങ്ങു കയാണെങ്കില്‍ ഞാന്‍ വിശ്വസിക്കാം.” ഫാ. ആന്റണി ഈ വെല്ലുവിളി സ്വീകരിച്ചു തിരുവോസ്തി പ്രദക്ഷിണമായി കൊണ്ടുവന്നു. യഹൂദന്‍ ഓട്സു വച്ചുനീട്ടി. കഴുത ഓട്‌സി ലേക്കു നോക്കാതെ തലതാഴ്ത്തിപ്പിടിച്ച് തിരുവോസ്തിയെ വണങ്ങി.
ഫാ. ആന്റണിയുടെ തപോജീവിതത്തിന്റെ പാരമ്യം ഗ്രഹിക്കാന്‍ അദ്ദേഹത്തിന്റെ അന്ത്യകാല ചരിത്രം വായിച്ചാല്‍ മതി. ഒരു വലിയ വാള്‍നട്ടുമരത്തില്‍ അദ്ദേഹം ഏകാന്തത്തില്‍ കഴിക്കയാണു ചെയ്തത്. ഒരിക്കല്‍ ആന്റണി ഒരു വീട്ടില്‍ കിടക്കുമ്പോള്‍ കുടുംബനായകന്‍ താക്കോല്‍ ദ്വാരത്തില്‍കൂടെ ആന്റണിയെ നോക്കി. ദൈവമാതാവ് ഉണ്ണിയെ ഫാ. ആന്റണിയുടെ കരങ്ങളില്‍ ഏല്പിക്കുന്ന കാഴ്ചയാണു കണ്ടത്. അതിനാലത്രേ വിശുദ്ധ ആന്റണിയുടെ ചിത്രം ഉണ്ണീശോയെ കൈയില്‍പിടിച്ചിരിക്കുന്ന രൂപത്തില്‍ വരയ്ക്കുന്നത്. ഫാ. ആന്റണി മരിച്ചപ്പോള്‍ പാദുവായിലെ കുട്ടികള്‍, ”ഞങ്ങളുടെ പിതാവു വിശുദ്ധ ആന്റണി മരിച്ചിരിക്കുന്നു” എന്നു വിളിച്ചുപറഞ്ഞു. പിറ്റേവര്‍ഷം അദ്ദേഹത്തിന്റെ നാമകരണം റോമയില്‍ നടന്നപ്പോള്‍ ലിസ്ബണിലെ മണികള്‍ താനെ മുഴങ്ങി. ഏതാനും വര്‍ഷം കഴിഞ്ഞു ശവകുടീരം തുറന്നുനോക്കിയപ്പോള്‍ ഫാ. ആന്റണിയുടെ നാവ് അഴിയാതിരിക്കുന്നതായി കണ്ടു. വിശുദ്ധ ബൊനവെഞ്ചര്‍ അതു കൈയിലെടുത്തു പറഞ്ഞു: ”ഭാഗ്യ പ്പെട്ടവനേ, നീ എന്തുമാത്രം ദൈവസ്തുതികള്‍ പാടി.” പന്ത്രണ്ടാം പീയൂസ് അദ്ദേഹത്തെ വേദപാരംഗതനെന്നു പ്രഖ്യാപിച്ചു.