1597 ജനുവരി 31-ാം തീയതി നര്‍ബോണ്‍ രൂപതയില്‍ ഒരു കുലീന കുടുംബത്തില്‍ ജോണ്‍ ഫാന്‍സിസു റേജിസു ജനിച്ചു. അഞ്ചാമത്തെ വയസ്സില്‍ നിത്യനരകത്തെപ്പറ്റി അമ്മ നല്കിയ ഒരുപദേശം ഫ്രാന്‍സിസ്സിന്റെ ഹൃദയത്തില്‍ അഗാധമായി പതിഞ്ഞു. തന്നിമിത്തം അന്നത്തെ ബാലലീലകളിലൊന്നും ഫ്രാന്‍സിസു പങ്കെടുത്തിരുന്നില്ല. ഈശോ സഭക്കാരുടെ കോളജിലാണ് അവന്‍ പഠിച്ചത്. അവിടെ ഫാന്‍സിസ്സിന്റെ ഗൗരവം ഒരു സംസാരവിഷയമായിരുന്നു. ഞായറാഴ്ചകളും കടമുള്ള ദിവസങ്ങളും ജ്ഞാനവായനയിലും പ്രാര്‍ത്ഥനയിലുമാണ് അവന്‍ ചെലവഴിച്ചിരുന്നത് .
1616 ഡിസംബര്‍ 8-ാം തീയതി ടൂളൂസിലെ ഈശോസഭാ നൊവീഷ്യറില്‍ ഫ്രാന്‍സിസു ചേര്‍ന്നു. ഏറ്റവും എളിയ ജോലികളായിരുന്നു ഫ്രാന്‍സിസ്സിന് ഇഷ്ടം . കൂട്ടുകാര്‍ പറഞ്ഞിരുന്നത് ഫ്രാന്‍സിസുതന്നെ ആയിരുന്നു ഫ്രാന്‍സിസ്സിന്റെ പ്രധാന മര്‍ദ്ദകനെന്നത്രേ. ടൂര്‍ണനില്‍ തത്വശാസ്ത്രവും ടൂളുസില്‍ ദൈവശാസ്ത്രവും പഠിച്ചു. എവിടേയും ഒരു മാലാഖയായിട്ടാണ് അറിയപ്പെട്ടിരുന്നത്. 1630-ല്‍ വൈദികപട്ടം സ്വീകരിച്ചു. പിറ്റെ വര്‍ഷം മോണ്ടുപെല്ലിയറില്‍ അജ്ഞതയോടും തിന്മയോടും വിജയപൂര്‍വ്വം സമരം ചെയ്തു പല കാല്‍ വിനിസ്‌ററുകളേയും അദ്ദേഹം മാനസാന്തരപ്പെടുത്തി. ഒരു യുവാവിന്റെ പാപമിത്രത്തെ മാനസാന്തരപ്പെടുത്തിയതിലുള്ള അമര്‍ഷത്തോടെ അയാള്‍ ഫ്രാന്‍സിസ്സിനെ സമീപിച്ചപ്പോള്‍ അദ്ദേഹം യുവാവിന്റെ ഉദ്ദേശം മനസ്സിലാക്കിക്കൊണ്ടു പറഞ്ഞു: ”പ്രിയസഹോദരാ, താങ്കളുടെ നിത്യരക്ഷയ്ക്കുവേണ്ടി ജീവന്‍ വയ്ക്കാന്‍ തയ്യാറായിരിക്കുന്ന ആളോട് എന്തിന് ദുഷ്ടമനസ്സോടെ സമീപിക്കുന്നു?’ മധുരമായ ഈ വാക്കുകള്‍ കേട്ടു യുവാവ് മനസ്തപിച്ച് അദ്ദേഹത്തിന്റെ പാദത്തിങ്കല്‍ വീണ് മാപ്പപേക്ഷിച്ചു.
പാപികളോട് സംസാരിക്കുന്നതിനിടയ്ക്ക് ഒരിക്കല്‍ ഒരാള്‍ അദ്ദേഹത്തിന്റെ ചെവിക്കുപിച്ചി, വേറൊരാള്‍ കന്നത്തടിച്ചു. ഫാദര്‍ ഫ്രാന്‍സിസു സ്‌നേഹാദരത്തോടെ അവരുടെനേരെ തിരിഞ്ഞുനില്ക്കുകമാത്രം ചെയ്തു. അവരെല്ലാവരും മാനസാന്തരപ്പെട്ട് മാപ്പപേക്ഷിച്ചു.
1640 ഡിസംബര്‍ 26-ാം തീയതി വിശുദ്ധ സ്ററീഫന്റെ തിരുനാള്‍ ദിവസം മൂന്നു പ്രസംഗത്തിനുശേഷം കുമ്പസാരം കേട്ടുകൊണ്ടിരിക്കേ മോഹാലസ്യപ്പെട്ടുപോയി. സുഖക്കേടു വര്‍ദ്ധിച്ചു. ഡിസംബര്‍ 31-ാം തീയതി തന്റെ കൂട്ടുകാരനോടു ഫ്രാന്‍സിസു പറഞ്ഞു: എന്തൊരു സൗഭാഗ്യം! എത്ര സംത്യ പ് തിയോടെയാണ് ഞാന്‍ മരിക്കുന്നത്! സൗഭാഗ്യ നികേതനത്തിലേക്ക് എന്നെ ആനയിക്കാന്‍ ഈശോയും മറിയവും വരുന്നത് ഞാന്‍ കാണുന്നു” അന്ന് പാതിരായ്ക്ക്.”ഈശോ, എന്റെ രക്ഷകാ, എന്റെ ആത്മാവിനെ അങ്ങേ തൃക്കരങ്ങളില്‍ സമര്‍പ്പിക്കുന്നു” എന്നു പറഞ്ഞ’ അദ്ദേഹം പരലോകപ്രാപ്തനായി. 43 വയസ്സു പൂര്‍ത്തിയായിട്ടേ ഉണ്ടായിരുന്നുള്ളൂ. അവിശ്രമം ചെയ്ത അധ്വാനമാണ് ഈ അകാലമരണത്തിനു കാരണം.