ഡിയോക്‌ളീഷ്യന്‍ ചക്രവര്‍ത്തിയുടെ കാലത്ത് മേസിയായിലോ നേപ്പിള്‍സിലോ വച്ച് രക്തസാക്ഷിത്വമകുടം ചൂടിയവരാണ് വിശുദ്ധ നിക്കാന്റരും മാര്‍സിയനും. ഇവര്‍ കുറേക്കാലം റോമന്‍ സൈന്യത്തില്‍ സേവനം ചെയ്തവരാണ്. ക്രിസ്ത്യാനികള്‍ക്കെതിരായി വിളംബരം പ്രസിദ്ധം ചെയ്തപ്പോള്‍ അവര്‍ സൈന്യത്തില്‍ ിന്നു രാജിവച്ചു. ഇത് ഒരു കുറ്റമായി മാക്‌സിമസ് എന്ന ഗവര്‍ണരുടെ മുമ്പില്‍ ഹാജരാക്കപ്പെട്ടു. ദേവന്മാര്‍ക്ക് അര്‍ച്ചന ചെയ്യണമെന്നുള്ള ചക്രവര്‍ത്തിയുടെ നിയമം ന്യായാധിപന്‍ വിവരിച്ചു. കല്ലും മരവും ആരാധിക്കാന്‍വേണ്ടി അമര്‍ത്യനായ ദൈവത്തെ പരിത്യജിക്കണമെന്ന ഒരു നിയമത്തിനു സ്ഥാനമില്ലെന്ന് അവര്‍ പറഞ്ഞു. ഈ സമയത്ത് നിക്കാന്ററിന്റെ ഭാര്യ ദാരിയാ അരികെ നിന്നു പ്രാല്‍സാഹിപ്പിക്കുന്നുണ്ടായിരുന്നു. ഇതു കണ്ട് ന്യായാധിപന്‍ അവളോടു ചോദിച്ചു: ”ദുഷ്ട സ്ത്രീ, നീ നിന്റെ ഭര്‍ത്താവ് മരിക്കണമെന്നാഗ്രഹിക്കുകയാണോ?” ”അദ്ദേഹത്തിന്റെമരണം ഞാന്‍ ആഗ്രഹിക്കുന്നില്ല; മരിക്കാതെ അദ്ദേഹം ദൈവത്തില്‍ ജീവിച്ചുകാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു” അവള്‍ മറുപടി നല്കി.
മാക്‌സിമസ് അവളെ ശാസിച്ചു. ”നിനക്കു വേറൊരു ഭര്‍ത്താവിനെ വേണമല്ലേ? അങ്ങനെ സംശയമുണ്ടെങ്കില്‍ ആദ്യംഎന്നെ വധിച്ചുകൊള്ളുക.” അവള്‍ പ്രതിവചിച്ചു. സ്ത്രീകളെ വധിക്കാന്‍ തനിക്ക് അധികാരമില്ലെന്നും താന്‍ വിധി പ്രഖ്യാപിക്കുന്നതുവരെ അവളെ ജയിലിലടച്ചിടാന്‍ താന്‍ കല്പിക്കുന്നുവെന്നും ന്യായാധിപന്‍ പറഞ്ഞു. അനന്തരം നിക്കാന്ററിന്റെ നേര്‍ക്കുതിരിഞ്ഞു ‘സ്വല്പം ആലോചിക്കുക: തനിക്കു ജീവിച്ചിരിക്കണമോ മരിക്കണമേ?” എന്ന്അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിക്കാന്ററും മാര്‍സിയനും തങ്ങള്‍ ക്രിസ്ത്യാനികളാണെന്നും ആ വിശ്വാസം ഇളക്കാന്‍ ആര്‍ക്കും സാധിക്കയി ല്ലെന്നും ഉറപ്പായി പ്രഖ്യാപിച്ചു. രണ്ടുപേരുടേയും ശിരസ്സു ഛേദിക്കുവാന്‍ വിധിയുണ്ടായി. ”എത്രയും വിജ്ഞ്ഞാനിയായ ന്യായാധിപാ, അങ്ങേയ്ക്ക് സമാധാനം’ എന്നു പറഞ്ഞുകൊണ്ട് സന്തോഷത്തോടെ അവര്‍ കൊലക്കളത്തിലേക്ക് നടന്നു. നിക്കാന്ററിന്റെ ഭാര്യ ധൈര്യപൂര്‍വ്വം പിന്നാലെപോയി ഭര്‍ത്താവിനെ ധൈര്യപ്പെടുത്തിക്കൊണ്ടിരുന്നു. മാര്‍സിയന്റെ ഭാര്യയ്ക്ക് കരയാനേ കഴിഞ്ഞുള്ളൂ. ആരാച്ചാരന്മാര്‍ അവരുടെ കണ്ണു മൂടിയ ശേഷം തലവെട്ടി താഴെ ഇട്ടു, അത് ജൂണ്‍ 17-ാം തീയതി ആയിരുന്നു.