റോമയിലെ ഒരു പ്രസിദ്ധ കുടുംബത്തില്‍ ജനിച്ച ദ്വിജ സഹോദരന്മാരാണ് മാര്‍ക്കസ്സും മര്‍സെല്ലിനുസും. യൗവനത്തില്‍ അവര്‍ ക്രിസ്തുമതം ആശ്ലേഷിച്ചു; അവര്‍ വിവാഹിതരുമായി. 284 ലാണ് ക്രിസ്തുമത മര്‍ദ്ദക പ്രവീണനായ ഡിയോക്‌ളിഷ്യന്‍ വാഴ്ച ആരംഭിച്ചത്. അദ്ദേഹം സ്വന്തമായി ഒരു മതപീഡന വിളംബരം പ്രസിദ്ധം ചെയ്തിരുന്നെങ്കിലും പൂര്‍വ്വ വിളംബരങ്ങളെ അടിസ്ഥാനപ്പെടുത്തി മതപീഡനം ഉഗ്രമായി നടത്തി. ഇവരെ രണ്ടുപേരേയും ജയിലിലടയ്ക്കാന്‍ ഗവര്‍ണര്‍ കാമേഷ്യസ് ആജ്ഞാപിച്ചു. സ്‌നേഹിതര്‍ അവരുടെ വധം ഒരുമാസത്തേക്ക് നീട്ടിവയ്പ്പിച്ചു. അവരെ നിക്കൊസ്ട്രാറ്റുസിന്റെ വീട്ടിലേക്ക് മാറ്റി താമസിപ്പിക്കുകയും ചെയ്തു. അവരുടെ വിജാതീയ പിതാക്കന്മാരും ഭാര്യമാരും കൈക്കുഞ്ഞുങ്ങളും വന്ന് അവരോട് ചാകാതിരിക്കാന്‍ അഭ്യര്‍ത്ഥിച്ചു. ചക്രവര്‍ത്തിയുടെ അംഗരക്ഷകസൈന്യത്തിലെ ഒരംഗമായിരുന്ന വിശുദ്ധ സെബാസ്‌ററ്യന്‍ ദിനം പ്രതി ഇവരെ സന്ദര്‍ശിച്ചു രക്തസാക്ഷിത്വത്തിന് പ്രോത്‌സാഹിപ്പിച്ചുകൊണ്ടുമിരുന്നു. ഈ കോണ്‍ഫറന്‍സുകളുടെ ഫലമായി നിക്കൊസ്താറ്റുസും ഗവര്‍ണര്‍ കാമേഷ്യസും മാതാപിതാക്കന്മാരും ഭാര്യമാരും മാനസാന്തരപ്പെടുകയാണുണ്ടായത്. അവര്‍ ഗ്രാമപ്രദേശങ്ങളിലേക്ക് മാറിതാമസിച്ചു.
കാസ്‌ററുലൂസ് എന്ന ഒരു ക്രിസ്തീയ ഉദ്യോഗസ്ഥന്‍ മാര്‍ക്കസ്സിനേയും മാര്‍സെല്ലിന്യൂസിനേയും രാജകൊട്ടാരത്തില്‍ തന്നെ ഒളിപ്പിച്ചു താമസിപ്പിച്ചു ടൊര്‍ക്വാററൂസ്സ് എന്ന ഒരു മതത്യാഗി ഇവരെ ഒറ്റിക്കൊടുത്തു. ക്രൊമേഷ്യസ്സിനു പകരം വന്ന ഫാബിയന്‍ ഈ രണ്ടു രക്തതസാക്ഷികളെ രണ്ടു തൂണുകളിന്മേല്‍ ആണിതറച്ചിട്ടു; പിറേദിവസം കുന്തം കൊണ്ട് കുത്തിക്കൊന്നു.