താമരശ്ശേരി രൂപതാ വൈദികന്‍ ഫാ. സെബാസ്റ്റ്യന്‍ പൂക്കുളം അന്തരിച്ചു. ഈരൂട് വിയാനി പ്രീസ്റ്റ് ഹോമില്‍ വിശ്രമജീവിതം നയിച്ചു വരികയായിരുന്നു. ആരോഗ്യപരമായ അസ്വസ്ഥതകള്‍ വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് ജൂണ്‍ 10-ന് കോഴിക്കോട് ആംസ്റ്റര്‍ മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് ആരോഗ്യനില വഷളായി, തുടര്‍ന്ന് രാവിലെ 11.17-ന് അന്ത്യകൂദാശകകള്‍ സ്വീകരിച്ച ശേഷമായിരുന്നു അന്ത്യം.
ഇന്ന് (19.06.2024) ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ ഈരൂട് സെന്റ് ജോസഫ് ദേവാലയത്തില്‍ പൊതുദര്‍ശനം. മൃതസംസ്‌കാരകര്‍മ്മങ്ങള്‍ നാളെ (20.06.2024) രാവിലെ 10-ന് ഈരൂട് സെന്റ് ജോസഫ് ദേവാലയത്തില്‍ ആരംഭിക്കും. ഭൗതികദേഹം ഇരൂട് സെമിത്തേരിയില്‍ സംസ്‌കരിക്കും.
1967 ഡിസംബര്‍ 17-ന് അഭിവന്ദ്യ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളി പിതാവില്‍ നിന്ന് വൈദികപട്ടം സ്വീകരിക്കുകയും ഡിസംബര്‍ 18-ന് കുളത്തുവയല്‍ ഇടവക ദേവാലയത്തില്‍ പ്രഥമ ദിവ്യബലിയര്‍പ്പിക്കുകയും ചെയ്തു. 1968-ല്‍ അവിഭക്ത തലശ്ശേരി അതിരൂപതയിലെ ആലക്കോട് ഇടവകയില്‍ അസിസ്റ്റന്റ് വികാരിയായി അജപാലന ദൗത്യം ആരംഭിച്ചു. തുടര്‍ന്ന് ഈരൂട്, ഷീരാടി, മാടത്തില്‍, പൂഴിത്തോട്, കണ്ണിവയല്‍, മാനടുക്കം, പടുപ്പ്, കല്ലാനോട്, കക്കയം, കട്ടിപ്പാറ, വിളക്കാംതോട്, കണ്ണോത്ത്, കൂരാച്ചുണ്ട്, കൂടരഞ്ഞി, തിരുവമ്പാടി, കോടഞ്ചേരി, മരിയാപുരം, മഞ്ഞുവയല്‍, കുപ്പായക്കോട് എന്നീ ഇടവകകളില്‍ വികാരിയായി സേവനം അനുഷ്ടിച്ചു.
പേഴ്‌സണല്‍ ബോര്‍ഡ് അംഗം, കോര്‍പ്പറേറ്റ് ഏജന്‍സി അഡൈ്വസറി ബോര്‍ഡ് അംഗം, കണ്‍സള്‍ട്ടര്‍, എപ്പാര്‍ക്കിയല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ അംഗം എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2018ല്‍ ഔദ്യോഗിക അജപാലന ജീവിതത്തില്‍ നിന്ന് വിരമിച്ചു. കുറച്ചുകാലം മരഞ്ചാട്ടി ഇടവകയില്‍ താത്ക്കാലിക വികാരിയായും സേവനം ചെയ്തു.
1940 ജൂലൈ 23-ന് പാലാ രൂപതയിലെ കൊഴുവനാല്‍ ഇടവകയില്‍ പരേതരായ ജോണ്‍ – അന്ന ദമ്പതികളുടെ അഞ്ചുമക്കളില്‍ നാലാമനായാണ് ജനനം. കുളത്തുവയല്‍ എല്‍.പി., യൂ.പി. ഹൈസ്‌ക്കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം തലശ്ശേരി രൂപതയുടെ സെന്റ് ജോസഫ്‌സ് മൈനര്‍ സെമിനാരിയില്‍ സെമിനാരി പഠനം ആരംഭിച്ചു. തുടര്‍ന്ന് ആലുവ സെന്റ് ജോസഫ്‌സ് പൊന്തിഫിക്കല്‍ മേജര്‍ സെമിനാരിയില്‍ തത്വശാസ്ത്ര, ദൈവശാസ്ത്ര പഠനങ്ങള്‍ പൂര്‍ത്തിയാക്കി.
സഹോദരങ്ങള്‍: (Late) മത്തായി പൂക്കുളം (നരിനട), (Late) ജോസഫ് പൂക്കുളം (നരിനട), (Late) ജോണ്‍ പൂക്കുളം (നരിനട), ഏലിക്കുട്ടി തീക്കുഴിവയലില്‍ (ചക്കിട്ടപാറ), തോമസ് പൂക്കുളം (നരിനട) എന്നിവര്‍ സഹോദരങ്ങളാണ്.