എഫേസൂസു സൂനഹദോസില്‍ പേപ്പല്‍ പ്രതിനിധിയായി അദ്ധ്യക്ഷത വഹിച്ചു നെസ്റേറാറിയന്‍ സിദ്ധാന്തങ്ങള്‍ പാഷണ്ഡതയാണെന്നു ബോധ്യപ്പെടുത്തി കന്യകാമറിയത്തിന്റെ ദൈവമാതൃസ്ഥാനം വിശ്വാസസത്യമായി പ്രഖ്യാപിക്കുന്നതിനു വഴിതെളിച്ച വേദപാരംഗതനാണു വിശുദ്ധ സിറില്‍. അദ്ദേഹത്തിന്റെ പതിനഞ്ചാം ചരമശതാബ്ദി പ്രമാണിച്ചു 1944-ല്‍ പന്ത്രണ്ടാം പീയൂസ് മാര്‍പ്പാപ്പാ എഴുതിയ ചാക്രിക ലേഖനത്തില്‍ വിശുദ്ധ സിറിലിനെ പൗരസ്ത്യസഭയുടെ അലങ്കാരമെന്നാണു വിശേഷിപ്പിച്ചിരിക്കുന്നത്.
അലെക്സ്സാന്‍ഡ്രിയായിലെ തെയോഫിലൂസു മെത്രാപ്പോലീത്തായുടെ സഹോദരപുത്രനാണു സിറില്‍. പൗരോഹിത്യം സ്വീകരിക്കുന്നതിനുമുമ്പു കുറേനാള്‍ മരുഭൂമിയില്‍ ഏകാന്ത ജീവിതം നയിച്ചു. ആവേശഭരിതനായിരുന്നു സിറില്‍. കൊണ്‍ സ്‌ററാന്റിനോപ്പിളിലെ മെത്രാപ്പോലീത്താ ആയിരുന്ന നെസ്‌റേറാറിയസ്സിനെ സ്ഥാന ഭ്രഷ്ടനാക്കി പ്രഖ്യാപിച്ച കത്തില്‍ അദ്ദേഹത്തെ അഭിനവ യൂദാസായ നെസ് റേറാറിയസ്സെന്നാണ് അഭിവാദനം ചെയ്തിരുന്നത് . ഈ ദൃശമായ ശൈലി സിറിലിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു സമ്പൂര്‍ണ്ണ വിജയം നേടാന്‍ സഹായിച്ചിട്ടില്ല; പ്രസ്തുത ശൈലി അദ്ദേഹത്തിന്റെ സ്വഭാവം സ്പഷ്ടമാക്കുന്നുമില്ല. ക്രിസ്തീയ സ്‌നേഹം ഒതുങ്ങിനിന്നിരുന്ന സന്തുലിതമായ ഒരു മനസ്സില്‍നിന്നു ബഹിര്‍ഗ്ഗമിച്ചതാണ് ആ ശൈലി. നെസ്റേറാറിയന്‍ വാദപ്രതിവാദങ്ങളുടെ പ്രാരംഭഘട്ടത്തില്‍ സിറില്‍ എഴുതിയ വാക്കുകള്‍ ഇതിന് ഉപോല്‍ ബലകമാണ്: ‘ ‘ഞാന്‍ സമാധാനത്തെ സ്‌നേഹിക്കുന്നു. തര്‍ക്കങ്ങളേയും ശബ്ദകളേയും എന്നപോലെ യാതൊന്നിനേയും ഞാന്‍ വെറുക്കുന്നില്ല… എനിക്ക് നെസ്റേറാറിയസ്സിനോടു സ്‌നേഹമുണ്ട് . യാതൊരുത്തനും എന്നെക്കാള്‍ കൂടുതലായി അദ്ദേഹത്തെ സ്‌നേഹിക്കുന്നുണ്ടെന്നു തോന്നുന്നില്ല’
412 ഒക്‌ടോബര്‍ 17-ാം തീയതി സിറില്‍ അലെക്‌സ്‌സാന്‍ട്രി യായിലെ മെത്രാപ്പോലീത്തയായി. വിശുദ്ധ സിറിലിന്റെ ഇരുപതു പ്രസംഗങ്ങളേ ഇന്നു നമ്മുടെ കൈയിലെത്തിയിട്ടുള്ളൂവെങ്കിലും ധാരാളം എഴുതുകയും പ്രസംഗിക്കുകയും ചെയ്തിട്ടുള്ള ഒരാളാണ് വിശുദ്ധ സിറില്‍. 444 ജനുവരി 28-ാം തീയതി ഒരു മരിയന്‍ പ്രാര്‍ത്ഥന ചൊല്ലിക്കൊണ്ടു സിറില്‍ നിര്യാതനായി. 1882-ല്‍ അദ്ദേഹത്തെ വേദപാരംഗതനെന്നു പ്രഖ്യാപിച്ചു.