ജൂണ്‍ 28: വിശുദ്ധ ഇറനേവൂസ് മെത്രാന്‍


ഇറനേവൂസ് ഏഷ്യാമൈനറില്‍ ജനിച്ച ഒരു യവനനാണ്. സ്മിര്‍ണായിലെ ബിഷപ്പായിരുന്ന പോളിക്കാര്‍പ്പിന്റെ കീഴിലായിരുന്നു അദ്ദേഹത്തിന്റെ വിദ്യാഭ്യാസം. തന്നിമിത്തം അദ്ദേഹം ദൈവശാസ്ത്രത്തില്‍ അതുല്യ പാണ്ഡിത്യം സമ്പാദിച്ചു. അപ്പസ്തോലന്മാരുടെ ശിഷ്യനായ പപ്പിയാസിന്റെ ഒരു ശിഷ്യനും കൂടിയായിരുന്നു ഇറനേവൂസ്. പാണ്ഡിത്യത്തിലും വിശുദ്ധിയിലും ഇറനേവൂസ് ഒന്നുപോലെ വളര്‍ന്നുവന്നു. വിജാതീയരുടെ തത്വങ്ങളെല്ലാം പഠിച്ചിട്ടുള്ള ഒരു പണ്ഡിതനെന്നാണ് തെര്‍ത്തുല്യന്‍ അദ്ദേഹത്തെ വിളിക്കുന്നത്. സംശയങ്ങളില്‍ വിശുദ്ധ ജറോം ഇറനേവൂസിന്റെ പുസ്തകങ്ങളാണ് ആശ്രയിച്ചിരുന്നത്. ‘പരിശുദ്ധാത്മാവിന്റെ ദാനങ്ങളെല്ലാം സ്വീകരിച്ചിട്ടുള്ള പണ്ഡിതനും വാഗ്മിയുമെന്നു’ വിശുദ്ധ എപ്പിഫാനിയൂസ് അദ്ദേഹത്തെ വിളിച്ചിരിക്കുന്നു.

ഇറനേവൂസ് പൗരോഹിത്യം സ്വീകരിച്ചശേഷം ഗോളിലെ ഒരു പ്രധാന കേന്ദ്രമായ ലിയോണ്‍സിലേക്കു പോയി; 177-ല്‍ വിശുദ്ധ പോത്തിനുസിന്റെ പിന്‍ഗാമിയായി, ലിയോണ്‍സിലെ രണ്ടാമത്തെ മെത്രാനായി നിയമിക്കപ്പെട്ടു. അവിടെ നോസ്റ്റിക്ക് ഇടത്തൂട്ടുകാരും വലെന്റീനിയന്മാരും ധാരാളമുണ്ടായിരുന്നു. പാഷണ്ഡതകള്‍ക്കെതിരായ അഞ്ചു ഗ്രന്ഥങ്ങള്‍ ഇവരെ ഉദ്ദേശിച്ച് എഴുതിയതാണ്. അദ്ദേഹത്തിന്റെ ശൈലി ലളിതസുന്ദരമായിരുന്നു വെന്നു വിശുദ്ധ ജെറോം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. വലെന്റീനയില്‍ പാഷണ്ഡതയ്ക്കെതിരായി ഇറനേവൂസ് എട്ടു പുസ്തകങ്ങളെഴുതി. ലിയോണ്‍സിലെ പാഷണ്ഡികളെയെല്ലാം തന്നെ ക്രിസ്തുമതത്തിലേക്കാനയിച്ചു. അങ്ങനെ സസമാധാനം വാഴു മ്പോഴാണ് സെവേരുസ് ചക്രവര്‍ത്തി ക്രിസ്ത്യാനികള്‍ക്കെതിരായി മര്‍ദ്ദനവിളംബരം ഇറക്കിയത്. 202-ല്‍ ഇറനേവൂസ് മറ്റ് അനേകം ക്രിസ്ത്യാനികളോടുകൂടെ രക്തസാക്ഷിത്വം വരിച്ചു.


Leave a Reply

Your email address will not be published. Required fields are marked *

Exit mobile version