അന്ത്രയോസ് ശ്ലീഹായുടെ അനുജനും യൗനാന്റെ മകനുമായ ശിമയോന്‍ ഗലീലിയില്‍ ബെത്ത്‌സയിദായില്‍ ജനിച്ചു. വിവാഹത്തിനുശേഷം ശെമയോന്‍ കഫര്‍ണാമിലേക്കു മാറിതാമസിച്ചു. അന്ത്രയോസും ഒപ്പം സ്ഥലം മാറി. മീന്‍പിടിത്തത്തില്‍ അവര്‍ മുഴുകിയിരുന്നുവെങ്കിലും രക്ഷകന്റെ ആഗമനത്തെ അവര്‍ തീക്ഷണതയോടെ കാത്തിരിക്കയായിരുന്നു. സ്‌നാപകന്റെ പ്രസംഗം കേട്ടപ്പോള്‍ ഈ രണ്ടു സഹോദരന്മാരും അദ്ദേഹത്തിന്റെ ശിഷ്യന്മാരായിത്തീര്‍ന്നു.” അദ്ദേഹം അവര്‍ക്കു ഭൂലോകപാപങ്ങള്‍ നീക്കുന്ന ദിവ്യകുഞ്ഞാടിനെ കാണിച്ചു കൊടുത്തു. അന്ത്രയോസു ശെമയോനെ ഈശോയുടെ അടുക്കല്‍ കൂട്ടിക്കൊണ്ടു വന്നപ്പോള്‍ ഈശോ അരുള്‍ ചെയ്തു: ‘നീ യൗനായുടെ പുത്രനായ ശെമയോനാണല്ലോ; ഇനിമേല്‍ നീ കേപ്പാ, അതായത് പത്രോസ് എന്നു വിളിക്കപ്പെടും” (യോഹ. 1,42). സേസരെയാ ഫിലിപ്പിയില്‍ വച്ചു മനുഷ്യപുത്രന്‍ ആരാണെന്ന ചോദ്യത്തിന് ജീവനുള്ള ദൈവത്തിന്റെ പുത്രനാണെന്ന് ഏറ്റു പറഞ്ഞപ്പോള്‍ ഈ പേരുമാറ്റത്തിന്റെ അടിസ്ഥാനം വ്യക്തമാക്കി, ‘നീ കേപ്പയാകുന്നു; ഈ കേപ്പമേല്‍ ഞാന്‍ എന്റെ പള്ളി പണിയും. നരകവാതിലുകള്‍ അതിനെതിരായി പ്രബലപ്പെടുകയില്ല. സ്വര്‍ഗ്ഗരാജ്യത്തിന്റെ താക്കോല്‍ ഞാന്‍ നിനക്കു തരും. ഭൂമിയില്‍ നീ കെട്ടുന്നതെല്ലാം സ്വര്‍ഗ്ഗത്തിലും കെട്ടപ്പെടും: ഭൂമിയില്‍ നീ അഴിക്കുന്നതെല്ലാം സ്വര്‍ഗ്ഗത്തിലും അഴിക്കപ്പെടും”
പുനരുത്ഥാനത്തിനുശേഷം തിബേരിയൂസ് സമുദ്രതീരത്തുവച്ച് ഈശോ ഈ അധികാരമെല്ലാം പത്രോസിന് ഏല്പിച്ചുകൊടുത്തു. മറ്റു ശ്‌ളീഹന്മാരെക്കാള്‍ കൂടുതലായി തന്നെ സ്‌നേഹിക്കുന്നുവോ എന്ന ഈശോയുടെ ചോദ്യത്തിനു വിനയപൂര്‍വ്വം ”അങ്ങേക്കറിയാമല്ലോ” എന്നുമാത്രം മറുപടിപറയുന്നു. ആരെല്ലാം ഉപേക്ഷിച്ചാലും ഞാന്‍ ഉപേക്ഷിക്കയില്ലെന്നുള്ള ഭാഷയൊക്കെപോയി.
അപ്പസ്‌തോലന്മാരുടെ പേരുനല്കുമ്പോള്‍ പത്രോസിന്റെ പേരു പ്രഥമ സ്ഥാനത്താണ് എപ്പോഴും. താബോറിലേക്കും ഗെത്‌സെമിനിലേക്കും മൂന്നു ശിഷ്യന്മാരെ തെരഞ്ഞെടുത്തപ്പോള്‍ പത്രോസിനെ തെരഞ്ഞെടുത്തതും ദൈവാലയ നികുതി തനിക്കും പത്രോസിനും വേണ്ടി കൊടുത്തതും പ്രത്യേക പരിഗണനയാണ്. പെന്തക്കുസ്ത കഴിഞ്ഞപ്പോള്‍ പത്രോസും പ്രത്യേകം വിരാജിക്കുന്നു. യൂദാസിനു പകരം മത്തിയാസിനെ തെരഞ്ഞെടുക്കുന്നു. വിജാതീയനായ കൊര്‍ണേലിയൂസിന്റെ കുടുംബത്തെ ജ്ഞാനസ്‌നാനപ്പെടുത്തുന്നു. ഏഴു കൊല്ലത്തോളം അന്തിയോക്യയില്‍ ഭരിച്ചശേഷം 25 വര്‍ഷം റോമയില്‍ പേപ്പല്‍ സിംഹാസനം പത്രോസ് അലങ്കരിച്ചു. 67 ജൂണ്‍ 29-ാം തീയതി നീറോ ചക്രവര്‍ത്തിയുടെ ആജ്ഞപ്രകാരം പത്രോസിനെ വത്തിക്കാന്‍ കുന്നില്‍ കുരിശില്‍ തറച്ചു കൊന്നു. തന്റെ ഗുരുവിനോടൊപ്പമാകാതിരിക്കാന്‍ തന്നെ തല കീഴോട്ടായി കുരിശില്‍ തറയ്ക്കാന്‍ പത്രോസ് ആവശ്യപ്പെട്ടു അന്നുതന്നെ ആയിരുന്നത്രേ പൗലോസ് ശ്ലീഹായുടെ രക്തസാക്ഷിത്വം.