സിസിലിയില്‍ രണ്ടാം ശതാബ്ദത്തില്‍ ജീവിച്ചിരുന്ന ഒരു സഭാപിതാവാണു പന്തേനൂസ്. ക്രിസ്ത്യാനികളുടെ ജീവിതപരിശുദ്ധിയാണു പന്തേനൂസിന്റെ മാനസാന്തരകാരണം. അപ്പസ്‌തോല ശിഷ്യന്മാരുടെ കീഴില്‍ അദ്ദേഹം വേദപുസ്തകം പഠിച്ചു. വിശുദ്ധ ഗ്രന്ഥപാനതീക്ഷ്ണത അദ്ദേഹത്തിന് അലെക്‌സാന്‍ഡ്രിയന്‍ സ്‌കൂളില്‍ ചേര്‍ന്നു പഠിക്കുന്നതിനു പ്രേരണ നല്കി.
അദ്ദേഹം തന്റെ പാണ്ഡിത്യം പ്രകാശിപ്പിക്കാന്‍ സ്‌കൂളില്‍ പോയതല്ല; തന്നിമിത്തം അദ്ദേഹത്തിന്റെ പാണ്ഡിത്യം അംഗീകരിക്കപ്പെട്ടത് 179-നു ശേഷമാണ്. അദ്ദേഹം പ്രവചനങ്ങളും സുവിശേഷങ്ങളും വ്യാഖ്യാനിക്കാന്‍ തുടങ്ങിയതോടെ അലെക്സാന്‍ട്രിയന്‍ സ്‌കൂള്‍ വളരെ പ്രശസ്തി ആര്‍ജ്ജിച്ചുവെന്ന് അലെക്സാന്‍ഡ്രിയായിലെ വിശുദ്ധ ക്ലമെന്റ് പ്രസ്താവിക്കുന്നു.
അലക്‌സാന്‍ഡ്രിയായുമായി വ്യാപാരം നടത്തിയിരുന്ന ഇന്ത്യാക്കാര്‍ പന്തേനൂസിനെ ബ്രാഹ്മണരോടു വാദപ്രതിവാദം നടത്തുന്നതിനു ക്ഷണിച്ചു. വിശുദ്ധ പന്തേനൂസ് ഇന്ത്യയില്‍ വന്നപ്പോള്‍ അവിടെ വിശുദ്ധ മത്തായിയുടെ സുവിശേഷത്തിന്റെ ഒരു പ്രതി ബര്‍ത്തലോമ്യൂ ശ്‌ളീഹാ കൊണ്ടുവന്നിരുന്നതായി പറഞ്ഞുകേട്ടു. അവിടെ കുറേനാള്‍ പഠിപ്പിച്ചശേഷം അദ്ദേഹം അലെക്‌സാന്‍ഡ്രിയായിലേക്ക് ആ ഗ്രന്ഥം മടക്കിക്കൊണ്ടു പോയി. അലെക്‌സാന്‍ഡ്രിയായിലെത്തിയശേഷം അദ്ദേഹം അദ്ധ്യാപനം തുടര്‍ന്നു. അവസാനനാളുകള്‍ എത്തിയോപ്യയില്‍ ചെലവഴിച്ചുവെന്ന് ഒരഭിപ്രായമുണ്ട്. 216-ല്‍ അദ്ദേഹം മരിച്ചു.