ഈസ്റ്റ് ആങ്കിള്‍സിന്റെ രാജാവായ അന്നാസിന്റെ സെക്‌സുബുര്‍ഗാ, എര്‍മെനുള്‍ഡാ, ഔഡി, വിത്ത്ബുര്‍ഗാ എന്നീ നാലു വിശുദ്ധ പുത്രികളില്‍ ഇളയവളാണ് ഇവിടെ പ്രതിപാദിക്കപ്പെടുന്ന വിശുദ്ധ. ശിശുപ്രായം മുതല്‍ തപോനിഷ്ഠമായ ഒരു ജീവിതമാണ് അവള്‍ നയിച്ചിരുന്നത്. നോര്‍ ഫോള്‍ക്കില്‍ കടല്‍ത്തീരത്തായിരുന്നു അവളുടെ താമസം.
പിതാവിന്റെ മരണത്തിനുശേഷം അജ്ഞാതമായ ഒരു മൂലയില്‍ ഏകാന്തത്തില്‍ അവള്‍ താമസിക്കാന്‍ തുടങ്ങി. വേറെ കന്യകമാരും വന്നുചേര്‍ന്നു. അവിടെ ഒരു മഠവും പള്ളിയും പണിയിക്കാന്‍ അവള്‍ തീരുമാനിച്ചു. എന്നാല്‍ പണിതീരുന്നതിനുമുമ്പ് 743 മാര്‍ച്ച് 17-ാം തീയതി അവള്‍ ദിവ്യമണവാളന്റെ സവിധത്തിലേക്കു പോയി. അവളുടെ ശരീരം ഡെര്‍ഹം സെമിത്തേരിയില്‍ സംസ്‌ക്കരിച്ചു. 55 വര്‍ഷം കഴിഞ്ഞിട്ടും അത് അഴുകാതെ കാണപ്പെട്ടതിനാല്‍ പള്ളിയിലേക്കു മാറ്റി.
1106-ല്‍ ശരീരം മറ്റു സഹോദരിമാരെ സംസ്‌ക്കരിച്ചിരുന്ന സ്ഥലത്തുതന്നെ കുഴിച്ചിട്ടു. അന്നു വിത്ത്ബുര്‍ഗായുടെ ശരീരം അഴുകിയിരുന്നില്ല. വെസ്റ്റു മിന്‍സ്റ്ററിലെ ഒരു സന്യാസിയായിരുന്ന വാര്‍ണര്‍ കൈപൊക്കിയും താഴ്ത്തിയും വിവരം ജനങ്ങള്‍ക്കു വ്യക്തമാക്കിക്കൊടുത്തു. ബിഷപ് ഹെര്‍ബെര്‍ട്ടും ഇതിന് സാക്ഷിയാണ്.