ജൂലൈ 10: ഏഴു സഹോദര രക്തസാക്ഷികളും അമ്മ ഫെലിച്ചിത്താസും


അന്റോണിനൂസ് ചക്രവര്‍ത്തിയുടെ കാലത്തു റോമയില്‍ വച്ചു നടന്ന കരളലിയിക്കുന്ന ഒരു സംഭവത്തിന്റെ ചരിത്രമാണിത്. ഫെലിച്ചിത്താസ് എന്നൊരു വിധവയ്ക്ക് ഏഴു മക്ക ളുണ്ടായിരുന്നു. ഭര്‍ത്താവിന്റെ മരണശേഷം ഈ വിധവ തന്റെ കുട്ടികളെ പ്രാര്‍ത്ഥനയിലും ഉപവാസത്തിലും ദൈവഭക്തിയിലും വളര്‍ത്തിക്കൊണ്ടുവന്നു. ഇവരുടെ സന്മാതൃക കണ്ടു വിജാതീയര്‍ പലരും ക്രിസ്തുമതം ആശ്ലേഷിക്കാനിടയായി. ഇതു വിജാതീയ പുരോഹിതന്മാരെ പ്രകോപിപ്പിക്കുകയും ഫെലിച്ചിത്താസിനെതിരായി ചക്രവര്‍ത്തിയുടെ അടുക്കല്‍ അവര്‍ ആവലാതിപ്പെടുകയും ചെയ്തു. അവളുടെ ക്രിസ്തുമതഭക്തി ദേവന്മാരുടെ ആരാധനയില്‍നിന്നു ജനങ്ങളെ അകറ്റുന്നതിനാല്‍ ദേവന്മാരുടെ സഹായം സാമ്രാജ്യത്തിന് ഇല്ലാതായിക്കൊണ്ടിരിക്കുന്നുവെന്ന് അവര്‍ പരാതിപ്പെട്ടു. ഈ സ്ത്രീയോടും മക്കളോടും ദേവന്മാരെ ആരാധിക്കണമെന്ന് ചക്രവര്‍ത്തി ആജ്ഞാപിച്ചാലേ സാമ്രാജ്യത്തിനു ദേവാനുഗ്രഹമുണ്ടാകുകയുള്ളൂവെന്ന് അവര്‍ വാദം മുഴക്കി.

പുരോഹിതന്മാരുടെ ഇഷ്ടം നിറവേറ്റി കൊടുക്കാന്‍ റോമയിലെ പ്രീഫെക്ടായിരുന്ന പുബ്‌ളിയൂസിനോടു ചക്രവര്‍ത്തി ആജ്ഞാപിച്ചു. അദ്ദേഹം ഫെലിച്ചിത്താസിനേയും ഏഴു മക്കളേയും അറസ്റ്റു ചെയ്തു. മധുരവാഗ്ദാനങ്ങള്‍ ഫലിക്കാതായപ്പോള്‍ പ്രീഫെക്ട് പറഞ്ഞു: ”ഫെലിച്ചിത്താസ്, മക്കളോടു ദയ കാണിക്കുക. അവര്‍ യുവാക്കളാണ്. വലിയ സ്ഥാനമാനങ്ങള്‍ അവരെ കാത്തിരിക്കുന്നു.” പുണ്യ വതിയായ അമ്മ പ്രതിവചിച്ചു: ”അങ്ങയുടെ കാരുണ്യം ക്രൂരതയാണ്. അങ്ങ് ഉപദേശിക്കുന്ന ഈ കാരുണ്യം എന്നെ ക്രൂര യായ ഒരമ്മയാക്കും.” അനന്തരം മക്കളുടെ നേരെ തിരിഞ്ഞ് അവള്‍ പറഞ്ഞു: ”എന്റെ മക്കളേ, ഈശോയും അവിടുത്തേ വിശുദ്ധരും സ്വര്‍ഗ്ഗത്തില്‍ നിങ്ങളെ കാത്തുനില്ക്കുന്നു. അവിടേക്കു നോക്കുവിന്‍. അവിടുത്തോടുള്ള സ്‌നേഹത്തില്‍ നിങ്ങള്‍ വിശ്വസ്തരായിരിക്കുവിന്‍. നിങ്ങളുടെ ആത്മാക്കള്‍ക്കായി നിങ്ങള്‍ ധീരതാപൂര്‍വ്വം സമരം ചെയ്യുക.”

പുബ്‌ളിയൂസ് ഏഴുപേരേയും തനിച്ചു തനിച്ചു വിളിച്ചു ദേവന്മാരെ ആരാധിക്കാന്‍ ഉപദേശിച്ചു. ഏഴുപേരും നിത്യാഗ്നിയില്‍ പോകുന്നതിനെക്കാള്‍ രക്തസാക്ഷിത്വത്തെ സ്വാഗതം ചെയ്തു. മൂത്തമകന്‍ ജാനുവരിയൂസ് അടിച്ചുകൊല്ലപ്പെട്ടു. ഫെലിക്‌സിനേയും ഫിലിപ്പിനേയും ഗദകൊണ്ട് അടിച്ചുകൊന്നു. സില്‍വാനൂസിനെ ഒരു കുന്നിന്റെ മുകളില്‍നിന്നു കീഴോട്ടു തള്ളിയിട്ടു. അലെക്സാന്‍ഡര്‍, വെറ്റാലിസ്, മാര്‍ഷിയാലിസ് എന്ന മൂന്നുപേരുടെ തല വെട്ടിനീക്കി. നാലുമാസം കഴിഞ്ഞ് അമ്മയേയും അങ്ങനെതന്നെ വധിച്ചു.


Leave a Reply

Your email address will not be published. Required fields are marked *

Exit mobile version