ജൂലൈ 11: വിശുദ്ധ ബെനഡിക്ട്


വാച്യാര്‍ത്ഥത്തിലും യഥാര്‍ത്ഥത്തിലും അനുഗൃഹീതനായ ബെനഡിക്ട് ഇറ്റലിയില്‍ നേഴ്സിയാ എന്ന പ്രദേശത്തു 480-ല്‍ ജനിച്ചു. റോമില്‍ പഠനം ആരംഭിച്ചു. എന്നാല്‍ റോമന്‍ യുവാക്കളുടെ സുഖലോലുപതയോടു പൊരുത്തപ്പെട്ടുപോകാന്‍ സാധിക്കാതെ വന്നതിനാല്‍ അദ്ദേഹം സുബിയാക്കോ പര്‍വ്വതനിരകളില്‍ ഒരു ഗുഹയില്‍ മൂന്നു വര്‍ഷത്തോളം താമസിച്ചു. റോമാനൂസ് എന്ന ഒരു സന്യാസിക്കുമാത്രമേ ഇക്കാര്യം അറിയാമായിരുന്നുള്ളൂ. അദ്ദേഹമാണു ബെനഡിക്ടിനു ഭക്ഷണവും വസ്ത്രവും നല്കിക്കൊണ്ടിരുന്നത്.

കാലാന്തരത്തില്‍ അദ്ദേഹത്തിന്റെ വിശുദ്ധിയെപ്പററി കേട്ടറിഞ്ഞ് പലരും വന്ന് അദ്ദേഹത്തിന്റെ കൂടെ താമസിച്ചു. അങ്ങനെ പാശ്ചാത്യസന്യാസ മുറയ്ക്ക് ആരംഭമിട്ടു. അദ്ദേഹത്തിന്റെ നിയമങ്ങളുടെ കാര്‍ക്കശ്യം ചില ശിഷ്യന്മാര്‍ക്ക് അസഹനീയമായിത്തോന്നുകയും അവര്‍ ബെനഡിക്ടിനുള്ള ഭക്ഷണം വച്ചിരുന്ന കോപ്പയില്‍ വിഷം വയ്ക്കുകയും ചെയ്തു. ബെനഡിക്ട് ഭക്ഷണപദാര്‍ത്ഥങ്ങള്‍ ആശീര്‍വ്വദിച്ചപ്പോള്‍ കോപ്പ തകര്‍ന്നുവീണു.

ബെനഡിക്ട് യുവാക്കളുടെ ക്രിസ്തീയ വിദ്യാഭ്യാസത്തിനുവേണ്ടി സ്‌ക്കൂളുകള്‍ തുടങ്ങി. അവയുടെ വിജയം കണ്ടിട്ടു അസൂയാലുക്കള്‍ വര്‍ദ്ധിച്ചു. 28 വര്‍ഷം സുബിയാക്കോയില്‍ താമസിച്ചതിനിടയ്ക്കു പന്ത്രണ്ട് അംഗങ്ങളുള്ള പന്ത്രണ്ട് ആശ്രമങ്ങള്‍ അദ്ദേഹം സ്ഥാപിച്ചു. ഓരോ ആശ്രമത്തിലും ഓരോ സുപ്പീരിയറുണ്ടായിരുന്നു. അക്കാലത്ത് പ്‌ളാസിഡൂസ് എന്ന ശിഷ്യന്റെ പിതാവു മോന്തെകസിനോ ബെനഡിക്ടിനു ദാനം ചെയ്തു. അദ്ദേഹം 529-ല്‍ അവിടെ ഒരാശ്രമം പണിത് അങ്ങോട്ടു താമസം മാറ്റി. മൂന്നു കൊല്ലം മുമ്പ് അദ്ദേഹം എഴുതിയുണ്ടാക്കിയ നിയമം എല്ലാ ആശ്രമങ്ങള്‍ക്കും ബാധകമാക്കി . ദാരിദ്ര്യം, കന്യാവ്രതം, അനുസരണം എന്ന മൂന്നു വ്രതങ്ങളും കൂട്ടജീവിതവും സന്യാസജീവി തത്തിന്റെ ഘടകങ്ങളാക്കി.

പ്രാര്‍ത്ഥനയും കൃഷിയും പഴയ കയ്യെഴുത്തു പ്രതികള്‍ പകര്‍ത്തലും സന്യാസികളുടെ കാര്യപരിപാടിയിലുള്‍പ്പെടുത്തി. ആശ്രമങ്ങള്‍ക്ക് ഐക്യം ഉളവാക്കിയതു മോന്തെകസിനോയിലെ മഹാ ആശ്രമമാണ്. വ്യക്തികള്‍ ഏകാന്തത്തില്‍ ജീവിക്കുന്ന സന്യാസമുറയ്ക്കു പകരം കൂട്ടജീവിതവും സുവിശേഷ പുണ്യങ്ങളുടെ അനുഷ്ഠാനവും പ്രചാരത്തിലായി. പ്രാര്‍ത്ഥന, പഠനം, കൈത്തൊഴില്‍ എന്നിവ സന്യാസികളുടെ ജീവിതത്തില്‍ സ്ഥാനം പിടിച്ചു; അഥവാ സന്യാസജീവിതരീതി മോന്തെകസിനോയില്‍ വിശുദ്ധ ബെനഡിക്ടിന്റെ നിയമസംഹിതയില്‍നിന്ന് ഉടലെടുത്തു.

മരിക്കുന്നതിനു ആറു ദിവസം മുമ്പ് തനിക്കുള്ള ശവകുടീരം തുറക്കാന്‍ ബെനഡിക്ട് ആജ്ഞാപിച്ചു. താമസിയാതെ പനി തുടങ്ങി. ആറാം ദിവസം 543 മാര്‍ച്ചു 21-ാം തീയതി അദ്ദേഹം തന്നെ ദൈവാലയത്തിലേക്കു സംവഹിക്കുവാന്‍ ആവശ്യപ്പെട്ടു. ഒരു ശിഷ്യന്റെ മേല്‍ ചാരിക്കൊണ്ടു വിശുദ്ധ കുര്‍ബാന സ്വീകരിക്കുകയും താമസിയാതെ മരിക്കുകയും ചെയ്തു. ജീവിതത്തില്‍ത്തന്നെ വിശുദ്ധ ബെനഡിക്ട് മരിച്ച ഒരു യുവാവിനെ ഉയിര്‍പ്പിച്ചതായി ജീവചരിത്രകാരന്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ബെനഡിക്ടന്‍സഭയില്‍ നിന്ന് 24 മാര്‍പ്പാപ്പാമാരും 4600 മെത്രാന്മാരും 5000 വിശുദ്ധന്മാരും വിരിഞ്ഞു വന്നു എന്നത് ചരിത്രം.


Leave a Reply

Your email address will not be published. Required fields are marked *

Exit mobile version