പഴയനിയമ കാലത്തെ പ്രവാചകന്മാരില്‍ പ്രധാനിയായ ഒരാളാണ് ഏലിയാസ്. ബാലിന് ഇസ്രായേല്‍ രാജാവായ ആക്കാബ് ഒരു ക്ഷേത്രം പണിതു ബലികള്‍ സമര്‍പ്പിക്കാന്‍ തുടങ്ങി. ഇതിന് ശിക്ഷയായി മൂന്നുവര്‍ഷം മഴയോ മഞ്ഞോ ഇസ്രായേലില്‍ പെയ്യാന്‍ യഹോവ അനുവദിച്ചില്ല. ഈ വരള്‍ച്ചയുടെ ഇടയ്ക്ക് കാരിത്ത് അരുവിയുടെ അരികേ ഏലിയാസ് താമസിച്ചുവരികയായിരുന്നു; കാക്കകള്‍ അദ്ദേഹത്തിന് ഭക്ഷണം കൊടുത്തുപോന്നു.
കാരിത്ത് അരുവി വറ്റിക്കഴിഞ്ഞപ്പോള്‍ പ്രവാചകന്‍ സപ്തായിലേക്ക് കടന്നുപോയി. അവിടെ അദ്ദേഹത്തെ ഒരു സാധുവിധവ സ്വീകരിച്ചു കുടിക്കാന്‍ വെള്ളം കൊടുത്തു. പ്രവാചകന്‍ അവളോട് ഒരപ്പം ചോദിച്ചു. തന്റെ കലത്തില്‍ ഒരു പിടി മാവും ഒരു കുടത്തില്‍ കുറച്ച് എണ്ണയും മാത്രമേയുള്ളുവെന്ന് മറുപടി നല്കി. ‘സാരമില്ല; ഒരപ്പം ഉണ്ടാക്കിത്തരുക’ എന്ന് ഏലിയാസ് നിര്‍ബന്ധിച്ചു. ‘ഭൂമുഖത്തു മഴ പെയ്യിക്കുന്ന ദിവസംവരെ മാവ് തീരുകയില്ല; കുടത്തില്‍ എണ്ണ വറ്റുകയുമില്ല’ എന്ന് പ്രവാചകന്‍ പറഞ്ഞു. അതിനിടക്ക് വിധവയുടെ മകന്‍ മരിച്ചു. ഏലിയാസ് ആ മകനെ ഉയിര്‍പ്പിച്ചു.
കാര്‍മ്മെലില്‍ ബാലിന്റെ പുരോഹിതന്മാരെ ഒരു മത്സരത്തിന് വിളിച്ചു. ഒരു കാളയെ കൊന്ന് കഷ്ണമാക്കി വിറകടുക്കിവച്ചശേഷം ബാലിന്റെ പുരോഹിതന്മാര്‍ ബാലിനോട് തീയിറക്കി ബലിവസ്തു ദഹിപ്പിക്കാന്‍ ആവശ്യപ്പെട്ടു. ഒരനക്കവുമുണ്ടായില്ല. പിന്നീട് ഏലിയാസ് ഒരു ബലിപീഠം നിര്‍മ്മിച്ചു വിറകടുക്കുകയും കാളയെ കഷ്ണമാക്കി മുറിച്ച് വിറകില്‍ വയ്ക്കുകയും മൂന്നു പ്രാവശ്യം നന്നാലുകുടം വെള്ളം വിറകിന്മേലും ഹോമദ്രവ്യത്തിന്മേലും ഒഴിക്കുകയും ചെയ്തു. അനന്തരം ബലിവസ്തുക്കളെ ദഹിപ്പിക്കാന്‍ ഏലിയാസ് യഹോവയോട് പ്രാര്‍ത്ഥിച്ചു. തീ ഇറങ്ങി കാളയെ ദഹിപ്പിച്ചു. അന്ന് ഏലിയാസ് ബാലിന്റെ 400 പുരോഹിതന്മാരെ വധിച്ചു.
ഇങ്ങനെ യഹോവയോടുള്ള സ്‌നേഹത്താല്‍ എരിഞ്ഞിരുന്ന ഏലിയാസ് തന്റെ പിന്‍ഗാമിയായി എലീസെയൂസിനെ നിശ്ചയിച്ചശേഷം ഒരഗ്നേയ രഥത്തില്‍ ആകാശത്തിലേക്ക് എടുക്കപ്പെട്ടു. (4 രാജാ. 2: 10) ഈശോ താബോറില്‍ മറുരൂപപ്പെട്ടപ്പോള്‍ പത്രോസും യാക്കോബും യോഹന്നാനും ഏലിയാസിനെ കണ്ടു.