ജൂലൈ 25: വിശുദ്ധ യാക്കോബ് ശ്ലീഹ


സെബദിയുടെയും സാലോമിന്റെയും മകനും യോഹന്നാന്‍ശ്ലീഹായുടെ സഹോദരനുമായ വലിയ യാക്കോബിന്റെ തിരുനാളാണിന്ന്. ഈശോയെക്കാള്‍ 12 വയസ്സു കൂടുതലുണ്ടായിരുന്നു യാക്കോബിന്. മേരി എന്നുകൂടി പേരുള്ള സാലോം ദൈവമാതാവിന്റെ ഒരു സഹോദരിയാണ്.

സെബദി ഒരു ഗലീലിയന്‍ മുക്കുവനാണ്. മീന്‍പിടുത്തക്കാരനായ പത്രോസിനേയും അന്ത്രയോസിനേയും വിളിച്ചു മനുഷ്യപിടിക്കുന്നവരാ ക്കിയ ശേഷം മുന്നോട്ട് നടന്നപ്പോഴാണ് സെബദീപുത്രന്മാരെ അപ്പസ്‌തോല ജോലിക്ക് വിളിച്ചത്. (മത്താ 4: 22; ലൂക്കാ 5: 11) ഇടിനാദത്തിന്റെ മക്കളെന്നാണ് അവരെ വിളിച്ചിരുന്നത്.

പത്രോസിനോടൊപ്പം സെബദീപുത്രന്മാരേയും താബോറിലേക്കും ഗത്സമനിലേക്കും കൂട്ടിക്കൊണ്ടു പോയിട്ടുണ്ട്. ജായ്‌റോസിന്റെ പുത്രിയെ ഉയിര്‍പ്പിച്ചപ്പോഴും യാക്കോബുണ്ടായിരുന്നു. ക്രിസ്തു പ്രതാപവാനായ ഒരു രാജാവാകുമെന്നായിരുന്നു അവരുടെ പ്രതീക്ഷ. തല്‍സമയം തങ്ങള്‍ക്ക് രാജാവിന്റെ ഇരുവശത്തും ഇരിക്കാനുള്ള ഭാഗ്യം അനുവദിക്കണമെന്ന് അമ്മയെക്കൊണ്ട് അവര്‍ ഈശോയോട് ചോദിപ്പിച്ചു. അതിനുള്ള വ്യവസ്ഥ രക്തസാക്ഷിത്വമാണെന്ന് ഈശോ വിശദമാക്കി.

യാക്കോബു ശ്ലീഹാ യഹൂദന്മാരുടെ പന്ത്രണ്ടു ഗോത്രങ്ങളോടും സുവിശേഷം പ്രസംഗിച്ചിട്ടുണ്ട്. അതിനിടയ്ക്ക് സ്‌പെയിന്‍ സന്ദര്‍ശിച്ചിട്ടുമുണ്ടാകാം.

ഹെറോഡ് അഗ്രിപ്പാ യഹൂദന്മാരെ പ്രീണിപ്പിക്കാന്‍വേണ്ടി ക്രിസ്ത്യന്‍ മതമര്‍ദ്ദനം ആരംഭിച്ചു. ആദ്യത്തെ ഇര വലിയ യാക്കോബായിരുന്നു. 63-ലെ ഉയിര്‍പ്പ് തിരുനാളിന് ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് വലിയ യാക്കോബിന്റെ രക്തസാക്ഷിത്വം.

ശ്ലീഹാ വിചാരണയിലും വിധിസമയത്തും പ്രകാശിപ്പിച്ച ധീരത കണ്ടിട്ട് ന്യായാധിപന്‍ മാനസാന്തരപ്പെട്ടു വിളിച്ചുപറഞ്ഞു: ‘ഞാനും ഒരു ക്രിസ്ത്യാനിയാണ്.’ യാക്കോബ് ശ്ശീഹായോടൊപ്പം ന്യായാധിപനും മരണത്തിന് വിധിക്കപ്പെട്ടു. കൊലക്കളത്തേക്ക് പോകുമ്പോള്‍ ന്യായാധിപന്‍ ശ്ലീഹായോട് മാപ്പു ചോദിച്ചു. ജ്ഞാനസ്‌നാനം സ്വീകരിക്കാത്ത ഒരുവനെ സഹോദരനായി സ്വീകരിക്കാമോ എന്ന് അല്പനേരം ചിന്തിച്ചു. രക്തസാക്ഷിത്വം ജ്ഞാനസ്‌നാനത്തിന് മതിയാകുമെന്ന തിരുസ്സഭയുടെ വിശ്വാസം അപ്പോള്‍ ഓര്‍മ്മയില്‍ വന്നു. ഉടനടി ന്യായാധിപനെ ആശ്ലേഷിച്ചുകൊണ്ട് അദ്ദേഹത്തോടു പറഞ്ഞു: ‘അങ്ങേക്കു സമാധാനം’, രണ്ടുപേരുടേയും ശിരസ്സ് ഒപ്പം ഛേദിക്കപ്പെട്ടു.


Leave a Reply

Your email address will not be published. Required fields are marked *

Exit mobile version