വയോജനദിനത്തില്‍ പൂര്‍ണ്ണദണ്ഡവിമോചനം സ്വീകരിക്കാന്‍ അവസരം


മുത്തശ്ശി- മുത്തശ്ശന്‍മാരുടെയും വയോജനങ്ങളുടെയും ദിനമായ ജൂലൈ 28നു പൂര്‍ണ്ണദണ്ഡവിമോചനം സ്വീകരിക്കാന്‍ അവസരം. രോഗിയോ, ഏകാന്തതയോ, അംഗവൈകല്യമുള്ളവരോ ആയ വയോധികരെ അന്നേ ദിവസം സന്ദര്‍ശിക്കുന്ന ഏതൊരാള്‍ക്കും സഭയുടെ പൊതുമാനദണ്ഡങ്ങള്‍ കൂടി പാലിച്ചാല്‍ പൂര്‍ണ്ണദണ്ഡവിമോചനം സ്വീകരിക്കുവാന്‍ സാധിക്കുമെന്ന് വത്തിക്കാന്‍ വ്യക്തമാക്കി. ഈ ദിവസം ആത്മീയ ചടങ്ങുകളില്‍ പങ്കുചേരുന്നതിലൂടെ രോഗികളായവര്‍ക്കും, തുണയില്ലാത്തവര്‍ക്കും, ഗുരുതരമായ കാരണത്താല്‍ വീടുവിട്ടിറങ്ങാന്‍ കഴിയാത്തവര്‍ക്കും ദണ്ഡവിമോചനം പ്രാപിക്കാന്‍ അവസരമുണ്ട്.

വിശുദ്ധ കുമ്പസാരം, വിശുദ്ധ കുര്‍ബാന സ്വീകരണം, പാപ്പയുടെ നിയോഗത്തിനു വേണ്ടിയുള്ള പ്രാര്‍ത്ഥന എന്നിവയാണ് പൂര്‍ണ്ണദണ്ഡവിമോചനം പ്രാപിക്കുന്നതിനുള്ള പ്രാഥമിക നിബന്ധനകള്‍. 2021-ല്‍ ഫ്രാന്‍സിസ് പാപ്പ സ്ഥാപിച്ചതാണ് ഈ ദിനം. യേശുവിന്റെ മുത്തശ്ശി- മുത്തശ്ശനായ വിശുദ്ധ അന്നയുടെയും ജോവാക്കിമിന്റെയും തിരുന്നാളോടനുബന്ധിച്ച് (ജൂലൈ 26) ജൂലൈയിലെ നാലാമത്തെ ഞായറാഴ്ചയാണ് ദിനം കൊണ്ടാടുന്നത്.

കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥപ്രകാരം ‘അപരാധമുക്തമായ പാപങ്ങളുടെ കാലിക ശിക്ഷയില്‍ നിന്നും ദൈവത്തിന്റെ തിരുമുന്‍പാകെയുള്ള ഇളവ് ചെയ്യലാണ് ദണ്ഡവിമോചനം.’ പാപം മൂലമുള്ള കാലികശിക്ഷയെ ഭാഗികമായോ പൂര്‍ണ്ണമായോ ഇളവ് ചെയ്യുന്നതിനെ ആശ്രയിച്ച് ദണ്ഡവിമോചനം ഭാഗികമോ പൂര്‍ണ്ണമോ ആകാമെന്ന് കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം (സിസിസി 147) ചൂണ്ടിക്കാട്ടുന്നു.

വയോധികര്‍ക്കു വേണ്ടിയുള്ള ആഗോള ദിനമായ ജൂലൈ 28നു വത്തിക്കാന്‍ പ്രഖ്യാപിച്ചിരിക്കുന്നത് പൂര്‍ണ്ണ ദണ്ഡവിമോചനമാണ്. (പൂര്‍ണ്ണദണ്ഡവിമോചനം എന്നത് നാം ചെയ്യുന്ന എല്ലാ പാപങ്ങളുടെയും കാലികശിക്ഷയില്‍ നിന്നുള്ള മോചനമല്ല. മറിച്ച് ഏതെങ്കിലും ഒരു പാപത്തിന്റെ മാത്രം കാലികശിക്ഷയാണ് പൂര്‍ണ്ണമായും മോചിക്കപ്പെടുന്നത്. അതിനാല്‍ ഒരിക്കല്‍ പൂര്‍ണ്ണദണ്ഡവിമോചനത്തിനായുള്ള പരിശ്രമങ്ങള്‍ കേവലം ഒരു പ്രാവശ്യംകൊണ്ട് അവസാനിപ്പിക്കേണ്ടതല്ല താനും.)

  1. തിരുസഭ പ്രഖ്യാപിച്ച മുത്തശ്ശി- മുത്തശ്ശന്‍മാര്‍ക്കും വയോജനങ്ങള്‍ക്കും വേണ്ടിയുള്ള ദിനത്തില്‍ പ്രായമായവരെ / ഒറ്റയ്ക്ക് താമസിക്കുന്ന വയോജനങ്ങളെ സന്ദര്‍ശിക്കുക.
  2. വിദൂരങ്ങളില്‍ ആയിരിക്കുന്ന വയോധികരെ/ പ്രായമുള്ള പ്രിയപ്പെട്ടവരെ ഫോണ്‍ മുഖാന്തിരമോ മറ്റോ വിളിച്ച് സ്‌നേഹ സംഭാഷണം നടത്തുക.
  3. കുമ്പസാരം നടത്തി ഭയഭക്ത്യാദരങ്ങളോടെ വിശുദ്ധ കുര്‍ബാന അന്നേ ദിവസം സ്വീകരിക്കുക.
  4. പാപത്തില്‍ നിന്നു അകന്ന് ജീവിക്കുമെന്ന് ദൃഢ പ്രതിജ്ഞയെടുക്കുക.
  5. ഫ്രാന്‍സിസ് പാപ്പയുടെ നിയോഗങ്ങള്‍ക്കായി 1 സ്വര്‍ഗ്ഗ, 1 നന്മ, 1 ത്രീത്വ സ്തുതി കാഴ്ചവെച്ചു പ്രാര്‍ത്ഥിക്കുക.
  1. വത്തിക്കാനിലോ രൂപതകളിലോ നടക്കുന്ന വയോജന ദിന തിരുകര്‍മ്മങ്ങളില്‍ തത്സമയം പങ്കെടുക്കുക.
  2. ഫ്രാന്‍സിസ് പാപ്പയുടെ നിയോഗങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുക: 1 സ്വര്‍ഗ്ഗ, 1 നന്മ, 1 ത്രീത്വ സ്തുതി കാഴ്ചവെയ്ക്കുക.
  3. വീടുകളില്‍ കഴിയുന്നവര്‍ അടുത്ത ദിവസം തന്നെ കുമ്പസാരിച്ച് വിശുദ്ധ കുര്‍ബാന സ്വീകരിക്കേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version