സ്‌പെയിനില്‍ പിറനീസു പര്‍വ്വതത്തിന്റെ പാര്‍ശ്വത്തില്‍ ലെയോള എന്ന മാളികയില്‍ കുലീന മാതാപിതാക്കന്മാരില്‍ നിന്നു ഇനീഗോ അഥവാ ഇഗ്‌നേഷ്യസ് ജനിച്ചു. ചെറുപ്പത്തില്‍ ഒരുയര്‍ന്ന ഉദ്യോഗസ്ഥനുള്ള ശിക്ഷണമാണു കൊട്ടാരത്തില്‍ അദ്ദേഹത്തിനു ലഭിച്ചത്.
പമ്പലോണിയാ യുദ്ധത്തില്‍ ഒരു വെടിയുണ്ടയേറ്റ് രണ്ടു കാലിനും മുറിവേറ്റു. വലതുകാല് ഒടിഞ്ഞു. ആദ്യം കാലു സുഖപ്പെട്ടപ്പോള്‍ വലതു
കാലിനു നീളം കുറഞ്ഞുപോയി. അതിനാല്‍ കാല്‍ ഒടിച്ചു വീണ്ടും മുറിക്കേണ്ടിവന്നു. അങ്ങനെ ആശുപത്രിയില്‍ ദീര്‍ഘനാള്‍ കിടക്കാനിടയായി. തല്‍സമയം അദ്ദേഹം ക്രിസ്തുനാഥന്റെയും വിശുദ്ധരുടേയും ജീവചരിത്രം ധ്യാനപൂര്‍വ്വം വായിച്ചു.
ഇഗ്‌നേഷ്യസു തന്നോടുതന്നെ ചോദിച്ചു: ‘അവന് ഒരു പുണ്യവാനും അവള്‍ക്ക് ഒരു പുണ്യവതിയുമാകാമെങ്കില്‍ എനിക്കെന്തുകൊണ്ട് ഒരു പുണ്യവാനായിക്കൂടാ?’ പിന്നീട് ഒരു ദൈവമാതൃ സ്വരൂപത്തിന്റെ മുമ്പില്‍ മുട്ടുകുത്തി പ്രാര്‍ത്ഥിക്കുമ്പോള്‍ ഈശോയുടെ സേവനത്തിനു മറിയത്തിന്റെ സംരക്ഷണയില്‍ തന്നെത്തന്നെ ഉഴിഞ്ഞുവച്ചു.
ഉടനടി ഇഗ്‌നേഷ്യസു മോണ്ടുസെറാററ്റ് ബെനഡിക്ടന്‍ ആശ്രമത്തില്‍ പോയി കുറേനാള്‍ താമസിച്ചു; അവിടെനിന്ന് അടുത്തുള്ള മന്റേസായിലേക്കു താമസം മാറ്റി. അവിടെ ഒരു ഡൊമിനിക്കന്‍ ആശ്രമവും ഒരാശുപതിയുമുണ്ടായിരുന്നു. പ്രാര്‍ത്ഥനയും പ്രായശ്ചിത്തവും ഉപവാസവുമായി അവിടെ ഒരു വര്‍ഷം താമസിച്ചു. അവിടെവച്ചാണ് ആധ്യാത്മികാഭ്യാ സങ്ങള്‍ എന്ന ഗ്രന്ഥമെഴുതിയത്.
അവസാനം അദ്ദേഹം വിശുദ്ധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു; എന്നാല്‍ മുഹമ്മദീയരുടെ എതിര്‍പ്പുനിമിത്തം മതിയാകുവോളം അവിടെ താമസിക്കുവാന്‍ കഴിഞ്ഞില്ല. അടുത്ത 11 വര്‍ഷം പല സര്‍വ്വകലാശാലകളിലും താമസിച്ചു പഠിച്ചു. രണ്ടു പ്രാവശ്യം അദ്ദേഹത്തെ പാഷണ്ഡിയെന്നു സംശയിച്ചു ജയിലില്‍ അടച്ചു.
1534-ല്‍ 33-ാമത്തെ വയസ്സില്‍ ഇഗ്‌നേഷ്യസും ഫ്രാന്‍സിസ് സേവ്യറും ഉള്‍പ്പെടെ ഏഴുപേര്‍ ദാരിദ്ര്യത്തിലും കന്യാവ്രതത്തിലും അനുസരണയിലും ജീവിക്കാന്‍ വ്രതമെടുത്തു; മാത്രമല്ല മാര്‍പാപ്പാ നിയോഗിക്കുന്നിടങ്ങളില്‍ ജോലിചെയ്യാനും അവര്‍ നിശ്ചയിച്ചു. 1538-ല്‍ പുതിയ സംഘടനയ്ക്കു മൂന്നാം പൗലോസു മാര്‍പ്പാപ്പാ അംഗീകാരം നല്കി. ഇഗ്നേഷ്യസ് സുപ്പീരിയര്‍ ജനറലായി. അംഗങ്ങള്‍ പലരും മിഷനിലേക്കു പോയപ്പോള്‍ ഇഗ്നേനേഷ്യസ് റോമയില്‍ താമസിച്ച് താന്‍ സ്ഥാപിച്ച ഈശോസഭയെ ശക്തിപ്പെടുത്താന്‍ തുടങ്ങി. അദ്ദേഹം റോമന്‍ കോളജു സ്ഥാപിച്ചു. ഇഗ്നേഷ്യസ് മരിക്കുമ്പോള്‍ സഭയ്ക്കു 100 ഭവനങ്ങളും 1000 അംഗങ്ങളുമുണ്ടാ യിരുന്നു.
പ്രൊട്ടസ്റ്റന്റ് വിപ്ലവകാലത്തു കുരുത്ത ഈശോസഭയ്ക്കു പ്രൊട്ടസ്റ്റന്റുകാരുടെ മാനസാന്തരത്തിനുവേണ്ടി പ്രവര്‍ത്തിക്കുകയായിരുന്നു ഒരു പ്രധാന ലക്ഷ്യം. അന്നു തന്റെ അനുയായികള്‍ക്ക് ഇഗ്‌നേഷ്യസു നല്‍കിയ ഉപദേശം ഇന്നും ഓര്‍മ്മിക്കേണ്ടതാണ്: ‘പാഷണ്ഡികള്‍ സന്നിഹിതരായിരിക്കുമ്പോള്‍ നിത്യസത്യങ്ങള്‍ പ്രതിപാദിക്കുക സൂക്ഷിച്ചുവേണം. ഉപവി യുടേയും ക്രിസ്തീയ ആത്മനിയന്ത്രണത്തിന്റെയും മാതൃക അവര്‍ക്കു കാണാന്‍ സാധിക്കണം. കഠിനപദങ്ങള്‍ ഉപയോഗിക്കരുത്; യാതൊരു പുച്ഛവും പ്രകാശിപ്പിക്കരുത്.’