പാശ്ചാത്യ റോമന്‍ സാമ്രാജ്യത്തിന്റെ തലസ്ഥാനമായ റവേന്നായിലെ മെത്രാനായിരുന്ന, സ്വര്‍ണ്ണവചസ്സ് എന്നര്‍ത്ഥമുള്ള ക്രിസോളഗസ് തന്റെ രൂപതയില്‍ പല തെറ്റുകളും വിജാതീയ അന്ധവിശ്വാസങ്ങളും തിരുത്തേണ്ടതുണ്ടെന്നു മനസ്സിലാക്കി കൊച്ചുപ്രസംഗങ്ങള്‍ മുഖേന അവ നീക്കാന്‍ പരിശ്രമിച്ചുകൊണ്ടിരുന്നു.
ആ പ്രസംഗങ്ങള്‍ മിക്കതും നഷ്ടപ്പെട്ടുപോയി. പുതിയ ആശയങ്ങള്‍ അവയില്‍ അധികമില്ലായിരുന്നു; എന്നാല്‍ അവ വളരെ പ്രായോഗികമായിരുന്നു. അഞ്ചാം ശതാബ്ദത്തിലെ ജര്‍മ്മന്‍ ജീവിതരീതി അവയില്‍ തെളിഞ്ഞു കാണാമായിരുന്നു. അധ്യാപനത്തിലും ഭരണത്തിലും തിരുസ്സഭ
യോടു ശരിയായി വിശ്വസ്തത പാലിച്ചുകൊണ്ടു തന്റെ ജോലികളെല്ലാം സമ്യക്കായി അദ്ദേഹം നിര്‍വ്വഹിച്ചുപോന്നു.
സുകൃതം കഴിഞ്ഞാല്‍ മനുഷ്യന് അത്യന്താപേക്ഷിതമായി ട്ടുള്ളതു വിദ്യാഭ്യാസമാണെന്ന ബോധ്യം ക്രിസോളഗസ്സിന്റ പ്രസംഗങ്ങളുടെ മാറ്റുകൂട്ടി. സത്യമതത്തിന് ഏറ്റവും വലിയ താങ്ങ് സുകൃതജീവിതം കഴിഞ്ഞാല്‍ വിദ്യാഭ്യാസമാണെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിമതം. അജ്ഞത സുകൃതമല്ല. വിശുദ്ധ കുര്‍ബാന അടുത്തടുത്തു സ്വീകരിക്കാന്‍ അദ്ദേഹം ഉദ്‌ബോധിപ്പിച്ചുകൊണ്ടിരുന്നു.
448-ല്‍ എവുറ്റിക്കെസ്സ് ക്രിസ്തുവില്‍ ഏക സ്വഭാവമേയുള്ളുവെന്ന തന്റെ പാഷണ്ഡതയ്ക്കു താങ്ങായി ക്രിസോളഗസ്സിനെ ക്ഷണിച്ചപ്പോള്‍ അദ്ദേഹം പ്രതിവചിച്ചു: ‘വിശ്വാസത്തിന്റെയും സന്മാര്‍ഗ്ഗത്തിന്റേയും താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ റോമാ മെത്രാന്റെ സമ്മതം കൂടാതെ നാം ഒന്നും തീരു മാനിക്കരുത്.’ മനുഷ്യാവതാര രഹസ്യം വിശ്വാസദൃഷ്ട്യാ സ്വീകരിക്കാന്‍ ഉപദേശിച്ചുകൊണ്ടു ക്രിസോളഗസ്സ് എവുറ്റിക്കസ്സിനെ ഉദ്‌ബോധിപ്പിച്ചു: ‘തിരുസ്സഭയുടെ സമാധാനം സ്വര്‍ഗ്ഗത്തില്‍ സന്തോഷം ഉളവാക്കുമെങ്കില്‍ ഭിന്നത സങ്കടമുളവാക്കും’
മരണത്തിന് ഏതാനും നാളുകള്‍ക്കുമുമ്പു ജന്മനാടായ ഇമോളയിലേക്കു മടങ്ങി. 450-ല്‍ അവിടെവച്ചു മരിച്ചു.