വിലങ്ങാട് ഉരുള്‍പൊട്ടലില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ കാണാതായ മത്തായി മാഷിന് (മാത്യു കുളത്തിങ്കല്‍) കണ്ണീരോടെ വിട നല്‍കി നാട്. സംസ്‌ക്കാര ശുശ്രൂഷകള്‍ക്ക് താമരശ്ശേരി രൂപതാ ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ മുഖ്യകാര്‍മികത്വം വഹിച്ചു.
‘നാടിനും നാട്ടുകാര്‍ക്കും ഏറെ പ്രിയങ്കരനായ മത്തായി മാഷ് നാടിനു വേണ്ടി രക്തസാക്ഷിയായി. സ്വര്‍ഗ്ഗത്തിലിരുന്ന് അദ്ദേഹം ഈ നാടിനും നാട്ടുകാര്‍ക്കുമായി മാധ്യസ്ഥം വഹിക്കും.” സംസ്‌ക്കാര ശുശ്രൂഷയില്‍ ബിഷപ് പറഞ്ഞു.
ജോസ് കെ. മാണി എംപി, ഇ. കെ. വിജയന്‍ എംഎല്‍എ അടക്കമുള്ള നേതാക്കളും നിരവധി വൈദികരും സന്യസ്തരും നാട്ടുകാരും മത്തായി മാഷിന് വിടനല്‍കാന്‍ മഞ്ഞക്കുന്ന് സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ എത്തി. പാരിഷ് ഹാളില്‍ പൊതുദര്‍ശനം ക്രമീകരിച്ചിരുന്നു.
പുതിയ വീടെന്ന സ്വപ്‌നം സഫലമാകും മുമ്പേയായിരുന്നു മത്തായി മാഷിന്റെ അകാല വിയോഗം. അല്‍ഫോന്‍സാ ദേവാലയത്തിനു സമീപത്തായി നിര്‍മിക്കുന്ന വീടു പണി പൂര്‍ത്തിയായി വരുന്നതേ ഉണ്ടായിരുന്നുള്ളു. നാട്ടിലെ സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം. മഞ്ഞച്ചീളിയിലെ മാതാവിന്റെ ഗ്രോട്ടോ നവീകരിച്ചത് മത്തായി മാഷിന്റെ നേതൃത്വത്തിലായിരുന്നു.
മത്തായി മാഷിനെ കാണാതായ മഞ്ഞച്ചീളിയില്‍ നിന്നു രണ്ടു കിലോമീറ്റര്‍ ദൂരെ മാറി, കണിപറമ്പില്‍ സ്‌കറിയായുടെ വീടിനോടു ചേര്‍ന്നുള്ള പറമ്പില്‍ നിന്നുമാണ് ഉച്ചയോടെ മൃതദേഹം കണ്ടെത്തിയത്. ഉരുള്‍പൊട്ടലില്‍ ഒഴുകി വന്ന മരക്കഷ്ണങ്ങളിലും വള്ളിക്കെട്ടുകളിലും കുടുങ്ങിയ നിലയിലായിരുന്നു.
ഉരുള്‍പൊട്ടിയ പ്രദേശത്തു നിന്നു നൂറു മീറ്റര്‍ അകലെയാണ് മത്തായി മാഷിന്റെ വീട്. അയല്‍വാസികളെ രക്ഷിക്കാന്‍ മറ്റുള്ളവരോടൊപ്പം ഇറങ്ങിത്തിരിച്ചപ്പോഴാണ് അപകടത്തില്‍പെട്ടത്.
കുമ്പളച്ചോല ഗവ. എല്‍പി സ്‌കൂള്‍ റിട്ട. ഹെഡ്മാസ്റ്ററാണ്. ഭാര്യ: ഷൈനി. മക്കള്‍: അജില്‍, അഖില്‍ (ഇരുവരും കാനഡ).
(വാര്‍ത്തയോടൊപ്പം ചേര്‍ത്തിരിക്കുന്നത് മത്തായി മാഷിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ചിത്രകലാ അധ്യാപകന്‍ ജോബി മണിക്കൊമ്പേല്‍ വരച്ച ഛായചിത്രം.)