വിലങ്ങാട് ഉരുള്‍പൊട്ടലില്‍ സര്‍വ്വതും നഷ്ടപ്പെട്ടവര്‍ക്ക്, സര്‍ക്കാര്‍ നേതൃത്വത്തിലുള്ള പുനരധിവാസ പ്രവര്‍ത്തനങ്ങളോടൊപ്പം താമരശ്ശേരി രൂപത നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസും മുസ്ലീം ലീഗും. ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലിനൊപ്പം ഉരുള്‍പൊട്ടലുണ്ടായ വിലങ്ങാട് സന്ദര്‍ശിച്ച പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, പി. കെ. കുഞ്ഞാലിക്കുട്ടി എംഎല്‍എ, ഷാഫി പറമ്പില്‍ എംപി എന്നിവര്‍ രൂപതയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ അറിയിച്ചത്.
വയനാട്ടിലെപോലെ ആളപായം ഉണ്ടായിട്ടില്ലെങ്കിലും കര്‍ഷകരുടെ ജീവനോപാദികള്‍ പൂര്‍ണ്ണായും നഷ്ടപ്പെട്ട അവസ്ഥയിലാണെന്ന് ഷാഫി പറമ്പില്‍ എംപി ചൂണ്ടിക്കാട്ടി. വിലങ്ങാട് ഫൊറോന പള്ളി വികാരി ഫാ. വില്‍സണ്‍ മുട്ടത്തുകുന്നേല്‍, കര്‍ഷക കോണ്‍ഗ്രസ് ദേശീയ കോ-ഓര്‍ഡിനേറ്റര്‍ മാജുഷ് മാത്യു, സി. കെ. കാസിം തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.
വയനാട്ടിലും വിലങ്ങാടും ഉരുള്‍പൊട്ടലില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് കേരള കത്തോലിക്ക സഭയുടെ നേതൃത്വത്തില്‍ 100 വീടുകള്‍ നിര്‍മ്മിച്ചു നല്‍കാന്‍ കെസിബിസി തീരുമാനിച്ചു. കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ കേരള കത്തോലിക്ക മെത്രാന്‍ സമിതി പ്രസിഡന്റ് കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവായുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. കേരള കത്തോലിക്കാസഭയിലെ എല്ലാ രൂപതകളും സന്യാസമൂഹങ്ങളും സഭാസ്ഥാപനങ്ങളും വ്യക്തികളും സംവിധാനങ്ങളും സംയുക്തമായാണ് ദുരന്തനിവാരണ പദ്ധതിയില്‍ പ്രവര്‍ത്തിക്കുന്നത്.
ആദ്യഘട്ടത്തില്‍, വയനാട്ടിലും വിലങ്ങാടും സ്ഥലവും വീടും വീട്ടുപകരണങ്ങളും നഷ്ടപ്പെട്ട 100 കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന സ്ഥലത്ത് വീടുകള്‍ നിര്‍മ്മിച്ചു നല്‍കും. ആവശ്യമായവീട്ടുപകരണങ്ങള്‍ ലഭ്യമാക്കും. സഭയുടെ ആശുപത്രികളില്‍ സേവനംചെയ്യുന്ന വിദഗ്ധരായ ഡോക്ടര്‍മാരുടെയും മെഡിക്കല്‍ സംഘങ്ങളുടെയും സേവനം ആവശ്യപ്രകാരം ലഭ്യമാക്കും.
സഭ ഇതിനോടകം നല്‍കിവരുന്ന ട്രോമാ കൗണ്‍സിലിങ് സേവനം തുടരും. കേരള കത്തോലിക്കാസഭയുടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ സഭയുടെ സാമൂഹ്യ സേവന വിഭാഗമായ കേരള സോഷ്യല്‍ സര്‍വീസ് ഫോറത്തിനെ ചുമതലപ്പെടുത്തി. കെസിബിസിയുടെ ജസ്റ്റിസ് പീസ് ആന്റ് ഡെവലപ്മെന്റ് കമ്മീഷന്റെ കീഴിലാണ് സേവനവിഭാഗം പ്രവര്‍ത്തിക്കുന്നത്.
പ്രവര്‍ത്തനങ്ങളെല്ലാം കേരള സര്‍ക്കാരിന്റെ ഡിസാസ്റ്റര്‍ മാനേജ്മെന്റ് വിഭാഗത്തിന്റെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് സഭയുടെ നേതൃത്വത്തിലായിരിക്കും നടപ്പിലാക്കുക.
‘വയനാട്ടിലും വിലങ്ങാടും ഉരുള്‍പൊട്ടല്‍ മൂലം സര്‍വവും നഷ്ടപ്പെട്ട സഹോദരീസഹോദരന്മാരുടെ ദുഃഖത്തില്‍ കേരള കത്തോലിക്കാസഭ പങ്കുചേരുന്നു. ജീവന്‍ നഷ്ടപ്പെട്ടവരുടെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുന്നു. ഒരായുസ്സുകൊണ്ട് അധ്വാനിച്ചു സമ്പാദിച്ച ഭൂമിയും ഭവനവും ജീവനോപാധികളും വീട്ടുപകരണങ്ങളും നഷ്ടപ്പെട്ടവരുടെ കണ്ണീരുണക്കാന്‍ ആശ്വാസവാക്കുകള്‍ പര്യാപ്തമല്ലായെങ്കിലും മലയാളിയുടെ മനസ്സിന്റെ നന്മ ഇതിനോടകം പലരുടെയും സഹായ വാഗ്ദാനങ്ങളിലൂടെ പ്രകാശിതമായിട്ടുണ്ട്. സര്‍ക്കാരും സര്‍ക്കാര്‍ സംവിധാനങ്ങളും സന്നദ്ധ സംഘടനകളും ദുരിതത്തില്‍ അകപ്പെട്ടവരുടെ പുനരധിവാസത്തിന് ഇതിനോടകം പല പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ടെന്നത് വലിയ പ്രതീക്ഷ നല്കുന്നു. സുമനസ്സുകളായ എല്ലാവരോടും ചേര്‍ന്ന് പ്രവര്‍ത്തിക്കുവാന്‍ കേരള കത്തോലിക്കാസഭ പ്രതിജ്ഞാബദ്ധമാണ്’ പത്രക്കുറിപ്പില്‍ പറയുന്നു.
കെസിബിസി യോഗത്തില്‍ സീറോമലബാര്‍ മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍, കേരള റീജണല്‍ ലാറ്റിന്‍ കത്തോലിക്ക ബിഷപ്പ്സ് കൗണ്‍സില്‍ പ്രസിഡന്റ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ എന്നിവരുള്‍പ്പെടെ 36 മെത്രാന്മാര്‍ സംബന്ധിച്ചു.
പശ്ചിമഘട്ടത്തിലെ 56,800 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം പരിസ്ഥിതി ദുര്‍ബല മേഖലയായി കേന്ദ്ര സര്‍ക്കാര്‍ കരട് വിജ്ഞാപനം പുറപ്പെടുവിച്ചു. ഉരുള്‍പൊട്ടലില്‍ വലിയ നാശമുണ്ടായ വയനാട് ജില്ലയിലെ രണ്ടു താലൂക്കുകളിലെ 13 വില്ലേജുകള്‍ പരിസ്ഥിതി ദുര്‍ബല മേഖലയിലാണ്.
ജൂലൈ 31-ന് പുറത്തിറക്കിയ വിജ്ഞാപനത്തെക്കുറിച്ചുള്ള ആക്ഷേപങ്ങളും നിര്‍ദ്ദേശങ്ങളും സമര്‍പ്പിക്കാന്‍ 60 ദിവസം സമയമുണ്ട്.
കരട് വിജ്ഞാപന പ്രകാരം കേരളത്തിലെ 9,993.7 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം പരിസ്ഥിതി ദുര്‍ബല മേഖലയാണ്. ഇത് ഇടുക്കി ജില്ലയുടെ രണ്ടുമടങ്ങ് വരും.
ഏറ്റവും കൂടുതല്‍ പരിസ്ഥിതി ദുര്‍ബല മേഖലയുള്ളത് കര്‍ണ്ണാടകയിലാണ് – 20,668 ചതുരശ്ര കി.മി. ഏറ്റവും കുറവ് ഗുജറാത്ത് – 449 ചതുരശ്ര കി.മി. മഹാരാഷ്ട്രയില്‍ 17,340 ചതുരശ്ര കിലോമീറ്ററും ഗോവയില്‍ 1,461 ചതുരശ്ര കിലോമീറ്ററും തമിഴ്‌നാട്ടില്‍ 6,914 ചതുരശ്ര കിലോമീറ്ററും പരിസ്ഥിതി ദുര്‍ബല മേഖലയാണ്.
കരട് വിജ്ഞാപന പ്രകാരമുള്ള പരിസ്ഥിതി ദുര്‍ബല മേഖലകളില്‍ ക്വാറി, ഖനനം, മണല്‍ ഖനനം എന്നിവയ്ക്ക് പൂര്‍ണമായും നിരോധനമുണ്ട്. നിലവില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നവ അന്തിമ വിജ്ഞാപനം വന്നതിനു ശേഷം അഞ്ചുവര്‍ഷത്തിനുള്ളിലോ, നിലവിലെ കാലാവധി തീരുന്നതു വരെയോ പ്രവര്‍ത്തിക്കാം. താപവൈദ്യുതി നിലയങ്ങള്‍ ഈ പ്രദേശങ്ങളില്‍ ആരംഭിക്കാന്‍ കഴിയില്ല. നിലവിലെ നിലയങ്ങള്‍ തല്‍സ്ഥിതി തുടരുമെങ്കിലും വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതിയില്ല.
വന്‍കിട നിര്‍മാണ പ്രവര്‍ത്തനങ്ങളും ടൗണ്‍ഷിപ്പ് നിര്‍മാണവും ഇവിടെ അനുവദനീയമല്ല. നിലവിലെ കെട്ടിടങ്ങളില്‍ അറ്റകുറ്റപണികള്‍ നടത്തുന്നതിന് തടസ്സമില്ല.
ഇത് അഞ്ചാം തവണയാണ് കേന്ദ്രം കരട് വിജ്ഞാപനം പുറത്തിറക്കുന്നത്. പലതവണ ചര്‍ച്ചകള്‍ നടന്നെങ്കിലും അന്തിമ വിജ്ഞാപനം പുറത്തിറക്കാന്‍ കഴിഞ്ഞിരുന്നില്ല. 2023ല്‍ പുറത്തിറക്കിയ കരട് വിജ്ഞാപനത്തിന്റെ കാലാവധി ഒരു വര്‍ഷത്തേക്ക് നീട്ടിയിരുന്നു. ഈ കാലാവധി ജൂണില്‍ അവസാനിച്ച പശ്ചാത്തലത്തിലാണ് പുതിയ വിജ്ഞാപനം ഇറക്കിയത്.
1.60 ലക്ഷം ചതുരശ്ര കിലോമീറ്ററാണ് പശ്ചിമഘട്ടത്തിന്റെ വിസ്തീര്‍ണം. ചെങ്കുത്തായ മലനിരകളും നിത്യഹരിത വനങ്ങളുമാണ് പശ്ചിമ ഘട്ടത്തിന്റെ പ്രത്യേകത.
വിലങ്ങാട് മേഖലയില്‍ 500 കോടിയുടെ നാശനഷ്ടമുണ്ടായതായി പ്രഥമിക കണക്ക്. വടകര എഡിഎം അന്‍വര്‍ സാദത്താണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.
റോഡുകളും പാലങ്ങളും കൃഷിയിടങ്ങളും കലിതുള്ളിവന്ന മലവെള്ളപ്പാച്ചിലില്‍ കുത്തിയൊലിച്ചു പോയി. വിലങ്ങാട് പുഴ ഗതിമാറിയൊഴുകിയത് ഏക്കറുകളോളം കൃഷിനാശത്തിന് കാരണമായി. കൃഷിയിടങ്ങളില്‍ ചെളിയടിഞ്ഞ് കിടക്കുകയാണ്. ഒഴുകിയെത്തിയ മരത്തടികളും കാടുപടലങ്ങളും ചിതറിക്കിടക്കുന്ന അവസ്ഥയിലാണ്. പല കിണറുകള്‍ ഉപയോഗശൂന്യമായി. കുടിവെള്ളത്തിനും മറ്റുമായി പ്രദേശവാസികള്‍ ആശ്രയിച്ചിരുന്ന ചീളികള്‍ പലതും ഇല്ലാതെയായി. ഇവിടെ കുടിവെള്ളക്ഷാമം രൂക്ഷമാകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
പാലവും റോഡും തകര്‍ന്നു: വായാട് ഒറ്റപ്പെട്ടു
ശക്തമായ വെള്ളപ്പാച്ചിലില്‍ പാലം ഒഴുകിപ്പോയതിനെത്തുടര്‍ന്ന് വായാട് പ്രദേശം ഒറ്റപ്പെട്ടു. നൂറോളം കുടുംബങ്ങളാണ് ഈ പ്രദേശത്തുള്ളത്. കുത്തിയൊലിക്കുന്ന പുഴയ്ക്കു കുറുകെ തെങ്ങിന്‍ തടികൊണ്ടു നാട്ടുകാര്‍ തീര്‍ത്ത പാലത്തിലൂടെ വേണം പ്രായമായവരും കുട്ടികളുമടക്കം മറുകരയെത്താന്‍. അടിയന്തര വൈദ്യസഹായം വേണ്ടവരെ മറുകരയെത്തിക്കാന്‍ ഏറെ പ്രയാസമാണ്. വായാട് കോളനി റോഡ് കല്ലുകള്‍ വന്നടിഞ്ഞ് സഞ്ചാരയോഗ്യമല്ലാതായി. ഈ പ്രദേശത്തെ വാഹനങ്ങള്‍ പുറത്തിറക്കാന്‍ കഴിയാത്ത സ്ഥിതിയിലാണ്. പ്രദേശത്തേക്ക് ഭക്ഷ്യവസ്തുക്കള്‍ എത്തിക്കുന്നതിനും ബുദ്ധിമുട്ടുണ്ട്. ശേഖരിച്ചുവച്ച കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ എങ്ങനെ വിപണനം നടത്തുമെന്ന ആകുലതയിലാണ് ഇവിടുത്തെ കര്‍ഷകര്‍. എത്രയും വേഗം ഉറപ്പുള്ള പാലം നിര്‍മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വൈദ്യുതി നിലച്ചാല്‍ നിശ്ചലമാകുന്ന വാളൂക്ക്
മഞ്ഞച്ചീളി ഉരുള്‍പൊട്ടലില്‍ ആളപായം കുറഞ്ഞത് ഉരുള്‍പൊട്ടല്‍ സാധ്യത മനസിലാക്കിയപ്പോള്‍ തന്നെ ആളുകള്‍ പരസ്പരം മൊബൈല്‍ വഴി വിവരം കൈമാറിയതുകൊണ്ടാണ്. വാട്‌സാപ്പ് സന്ദേശങ്ങളായും ഫോണ്‍വിളികളായും വിവരമറിഞ്ഞ് ആളുകള്‍ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറി.
ഉരുള്‍പൊട്ടല്‍ സാധ്യതാ പ്രദേശമാണ് വിലങ്ങാടിനു സമീപമുള്ള വാളൂക്ക്. ഇവിടെ വൈദ്യുതി ഉണ്ടെങ്കില്‍ മാത്രമെ മൊബൈലുകള്‍ പ്രവര്‍ത്തിക്കു. വൈദ്യുതി നിലച്ചാല്‍ റേഞ്ച് നഷ്ടപ്പെടും. 250-ഓളം കുടുംബങ്ങള്‍ വാളൂക്കില്‍ താമസമുണ്ട്.
‘വാളൂക്ക് പ്രദേശത്ത് മൊബൈല്‍ ടവര്‍ അത്യാവശ്യമാണ്. എന്തെങ്കിലും അപകടം ഉണ്ടായതിനു ശേഷം എന്തുചെയ്യാം എന്ന് ചിന്തിക്കുന്നതിലും നല്ലത് അപകടം ഉണ്ടാകാതിരിക്കാന്‍ എന്തു ചെയ്യാം എന്നതാണ്. വിലങ്ങാടു നിന്ന് വാളൂക്കിലേക്കുള്ള പാലം വളരെ ഇടുങ്ങിയതാണ്. മലവെള്ളപ്പാച്ചിലുണ്ടാകുമ്പോള്‍ പാലം തകരുന്നത് അതുകൊണ്ടാണ്. ഉയരം കൂട്ടി നല്ലൊരു പാലം നിര്‍മിക്കണമെന്ന ആവശ്യം നിരവധി തവണ അധികാരികളില്‍ എത്തിച്ചിട്ടുണ്ട്. ഇതുവരെയും ഒരു തീരുമാനവും ആയിട്ടില്ല.’ വാളൂക്ക് സെന്റ് മേരീസ് പള്ളി വികാരി ഫാ. നിഖില്‍ പുത്തന്‍വീട്ടില്‍ പറയുന്നു.
ഉരുപൊട്ടല്‍ ബാധിത പ്രദേശവും ദുരിതാശ്വാസ ക്യാമ്പുകളും മന്ത്രി റോഷി അഗസ്റ്റിന്‍ സന്ദര്‍ശിച്ചു. കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ മഞ്ഞക്കുന്ന് പാരിഷ് ഹാളിലെ ക്യാമ്പ് വെള്ളിയോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്ക് മാറ്റുമെന്ന് മന്ത്രി പറഞ്ഞു. വായാട് പ്രദേശത്തെ ഉരുള്‍പൊട്ടല്‍ സാധ്യതാ മേഖലയിലുള്ളവരെ എന്‍ഡിആര്‍എഫിന്റെ സഹായത്തോടെ വെള്ളിയോട്ടെ ക്യാമ്പിലേക്കു മാറ്റുമെന്നും വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കുമെന്നും മന്ത്രി പറഞ്ഞു.
ദുരിതാശ്വാസ ക്യാമ്പുകളില്‍ പുറത്തു നിന്നുള്ളവരെ പ്രവേശിപ്പിക്കില്ലെന്നും അംഗങ്ങളുടെ പൂര്‍ണ സുരക്ഷ ഉറപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇ. കെ. വിജയന്‍ എംഎല്‍എ, വടകര ആര്‍ഡിഒ അന്‍വര്‍ സാദത്ത്, മഞ്ഞക്കുന്ന് സെന്റ് അല്‍ഫോന്‍സ പള്ളി വികാരി ഫാ. ടിന്‍സ് മറ്റപ്പള്ളി, വാണിമേല്‍ ഗ്രാമപഞ്ചായത്ത് വൈസ്. പ്രസിഡന്റ് സെല്‍മ രാജു, പഞ്ചായത്ത് മെമ്പര്‍ അല്‍ഫോന്‍സ എന്നിവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.
പാലൂരിലെ ദുരിതാശ്വാസ ക്യാമ്പ് വെള്ളിയോട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്ക് മാറ്റി.
വിലങ്ങാട് മഞ്ഞക്കുന്ന് പ്രദേശങ്ങളിലെ ഉരുള്‍പൊട്ടല്‍ ദുരിതബാധിതരെ പുനരധിവസിപ്പിക്കായി ഈ വര്‍ഷത്തെ വൈദിക ക്ഷേമനിധി ദുരിതാശ്വാസനിധിയായി മാറ്റുമെന്ന് ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍.
‘എല്ലാം നഷ്ടപ്പെട്ട നമ്മുടെ സഹോദരങ്ങളുടെ വേദനയില്‍ പങ്കുചേരാം. ഓരോരുത്തര്‍ക്കും സാധിക്കുന്ന സാമ്പത്തിക സഹായം ഇതിനോടകം ഭവനങ്ങളില്‍ എത്തിച്ചിരിക്കുന്ന വൈദിക ക്ഷേമനിധി കവറുകളില്‍ നിക്ഷേപിച്ച് ദുരിതാശ്വാസ നിധിയിലേക്ക് ഉദാരമായി സംഭാവന നല്‍കുവാന്‍ അഭ്യര്‍ത്ഥിക്കുന്നു.” – ബിഷപ് ആവശ്യപ്പെട്ടു.
ആഗസ്റ്റ് നാല് ഞായറാഴ്ചയാണ് വൈദിക ക്ഷേമനിധി സംഭാവനകള്‍ സ്വീകരിക്കുന്നത്.
വിലങ്ങാടിന്റെ പുനര്‍നിര്‍മ്മാണത്തിന് ഒപ്പമുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയതായി ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍. മന്ത്രിമാരായ റോഷി അഗസ്റ്റിന്‍, മുഹമ്മദ് റിയാസ്, വി. എന്‍. വാസവന്‍ എന്നിവരോടൊപ്പമാണ് മുഖ്യമന്ത്രി പിണറായി വിജയനുമായി ബിഷപ് ചര്‍ച്ച നടത്തിയത്.
വിലങ്ങാട്ടെ ഭീകര ദുരന്തത്തെക്കുറിച്ചും നാശനഷ്ടങ്ങളെക്കുറിച്ചും ബിഷപ് മുഖ്യമന്ത്രിയോട് വിശദീകരിച്ചു. വൈദ്യുതി, ഗതാഗത സംവിധാനങ്ങള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ പുനഃസ്ഥാപിക്കാന്‍ അടിയന്തരമായി ഇടപെടണമെന്ന് ബിഷപ് ആവശ്യപ്പെട്ടു.
ഒറ്റപ്പെട്ടുപോകില്ലെന്നും വിലങ്ങാടിന് ഒപ്പമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
‘നാടിനും നാട്ടുകാര്‍ക്കും ഏറെ പ്രിയങ്കരനായ മത്തായി മാഷ് നാടിനു വേണ്ടി രക്തസാക്ഷിയായി. സ്വര്‍ഗ്ഗത്തിലിരുന്ന് അദ്ദേഹം ഈ നാടിനും നാട്ടുകാര്‍ക്കുമായി മാധ്യസ്ഥം വഹിക്കും.” സംസ്‌ക്കാര ശുശ്രൂഷയില്‍ ബിഷപ് പറഞ്ഞു.
ജോസ് കെ. മാണി എംപി, ഇ. കെ. വിജയന്‍ എംഎല്‍എ അടക്കമുള്ള നേതാക്കളും നിരവധി വൈദികരും സന്യസ്തരും നാട്ടുകാരും മത്തായി മാഷിന് വിടനല്‍കാന്‍ മഞ്ഞക്കുന്ന് സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ എത്തി. പാരിഷ് ഹാളില്‍ പൊതുദര്‍ശനം ക്രമീകരിച്ചിരുന്നു.
പുതിയ വീടെന്ന സ്വപ്‌നം സഫലമാകും മുമ്പേയായിരുന്നു മത്തായി മാഷിന്റെ അകാല വിയോഗം. അല്‍ഫോന്‍സാ ദേവാലയത്തിനു സമീപത്തായി നിര്‍മിക്കുന്ന വീടു പണി പൂര്‍ത്തിയായി വരുന്നതേ ഉണ്ടായിരുന്നുള്ളു. നാട്ടിലെ സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം. മഞ്ഞച്ചീളിയിലെ മാതാവിന്റെ ഗ്രോട്ടോ നവീകരിച്ചത് മത്തായി മാഷിന്റെ നേതൃത്വത്തിലായിരുന്നു.
മത്തായി മാഷിനെ കാണാതായ മഞ്ഞച്ചീളിയില്‍ നിന്നു രണ്ടു കിലോമീറ്റര്‍ ദൂരെ മാറി, കണിപറമ്പില്‍ സ്‌കറിയായുടെ വീടിനോടു ചേര്‍ന്നുള്ള പറമ്പില്‍ നിന്നുമാണ് ഉച്ചയോടെ മൃതദേഹം കണ്ടെത്തിയത്. ഉരുള്‍പൊട്ടലില്‍ ഒഴുകി വന്ന മരക്കഷ്ണങ്ങളിലും വള്ളിക്കെട്ടുകളിലും കുടുങ്ങിയ നിലയിലായിരുന്നു.
ഉരുള്‍പൊട്ടിയ പ്രദേശത്തു നിന്നു നൂറു മീറ്റര്‍ അകലെയാണ് മത്തായി മാഷിന്റെ വീട്. അയല്‍വാസികളെ രക്ഷിക്കാന്‍ മറ്റുള്ളവരോടൊപ്പം ഇറങ്ങിത്തിരിച്ചപ്പോഴാണ് അപകടത്തില്‍പെട്ടത്.
ഒരായുസിന്റെ അദ്ധ്വാനവും നെയ്തുകൂട്ടിയ സ്വപ്‌നങ്ങളും ഒറ്റരാത്രികൊണ്ട് മണ്ണോടമര്‍ന്നതിന്റെ നൊമ്പരക്കാഴ്ചകളാണ് വിലങ്ങാട്-മഞ്ഞക്കുന്ന് പ്രദേശങ്ങളിലിപ്പോള്‍. മലവെള്ളപ്പാച്ചിലില്‍ മഞ്ഞച്ചീളിയെന്നെ പ്രദേശം അപ്പാടെ ഒഴുകിപ്പോയി. ഇവിടെയുണ്ടായിരുന്ന 11 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. അങ്ങാടിയിലെ വായനശാലയും കടകളും ഗ്രോട്ടോയും ഒരു അവശേഷിപ്പുപോലുമില്ലാതെ മാഞ്ഞുപോയി. ഒട്ടേറെ വീടുകള്‍ക്ക് നാശനഷ്ടമുണ്ടായി. ജനങ്ങള്‍ ജാഗ്രത പുലര്‍ത്തിയതുകൊണ്ടുമാത്രം ആള്‍നാശമുണ്ടായില്ല. രക്ഷാപ്രവര്‍ത്തനത്തിനിടെ കാണാതായ റിട്ട. അധ്യാപകന്‍ കെ. എ. മാത്യു കുളത്തിങ്കിലിനെ ഇനിയും കണ്ടെത്തിയിട്ടില്ല.
മരണത്തെ മുഖാമുഖം കണ്ട നിമിഷം
”രാത്രി ഏകദേശം 1.10-ഓടെ ചെറിയ ഉരുള്‍പൊട്ടലുണ്ടായി. ആ ശബ്ദം കേട്ട് എണീറ്റു. ഉരുള്‍പൊട്ടലാണെന്ന് മനസിലായപ്പോള്‍ കുടുംബത്തോടെ പുറത്തിറങ്ങി. മറ്റുള്ളവരെയും ഫോണ്‍ വിളിച്ച് അറിയിച്ചു. രാത്രി 2 മണിയോടെ ഭീകരമായ ഉരുള്‍പൊട്ടല്‍ സംഭവിക്കുകയായിരുന്നു. ഈ രണ്ടു ഉരുള്‍പൊട്ടലുകള്‍ക്കിടയിലെ അമ്പതു മീറ്ററുകള്‍ക്കിടയിലായിരുന്നു ഞങ്ങള്‍ കുറേ വീട്ടുകാര്‍. മരണത്തെ മുഖാമുഖം കണ്ട നിമിഷമായിരുന്നു അത്. ഒരു പക്ഷെ, ചെറിയ ഉരുള്‍പൊട്ടലില്‍ തന്നെ മുന്‍കരുതലെടുത്തില്ലായിരുന്നെങ്കില്‍ വയനാട്ടിലേതിനു സമാനമായ ആള്‍നാശം ഇവിടെയും സംഭവിക്കുമായിരുന്നു.” – ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് വീട് പൂര്‍ണമായും നഷ്ടപ്പെട്ട കൊടിമരത്തിന്‍മൂട്ടില്‍ ഡാരില്‍ ഡൊമിനിക് വിവരിച്ചു.
മഞ്ഞച്ചീളി മലവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയതോടെ മഞ്ഞക്കുന്ന്, വായാട് പ്രദേശത്തേക്ക് രക്ഷാപ്രവര്‍ത്തകര്‍ക്കുപോലും കടന്നു ചെല്ലാന്‍ കഴിയാത്ത അവസ്ഥയായി. വായാട് പാലം ഒലിച്ചുപോയതോടെ ആ പ്രദേശം ഒറ്റപ്പെട്ടു. അവിടേക്ക് അടിയന്തര വൈദ്യസഹായം എത്തിക്കാന്‍പോലും കഴിയാത്ത അവസ്ഥയാണ്. പ്രദേശവാസികള്‍ ചേര്‍ന്ന് താല്‍ക്കാലിക തടിപ്പാലം നിര്‍മ്മിക്കുന്നുണ്ട്.
ദുരന്തം നേരിടാന്‍ പ്രത്യേക പാക്കേജ് വേണം
”അതിഭീകരവും ഭയാനകവുമായ നിമിഷങ്ങളിലൂടെയാണ് ഞങ്ങള്‍ കടന്നു പോകുന്നത്. മുഖ്യധാരാ മാധ്യമങ്ങള്‍ ഇവിടേക്ക് എത്താത്തതുകൊണ്ടുമാത്രമാണ് ഈ ഭീകരത പുറംലോകം അറിയാത്തത്. ചെറുതും വലുതുമായ 14 ഉരുള്‍പൊട്ടലുകളാണ് ഒറ്റരാത്രിയില്‍ വിലങ്ങാട്-മഞ്ഞക്കുന്ന് പ്രദേശത്തുണ്ടായത്. ഏകദേശം 100 ഹെക്ടറോളം സ്ഥലം ഉപയോഗശൂന്യമായി. ആകെ 20-ഓളം വീടുകള്‍ തകര്‍ന്നു. ഭരണകൂടത്തിന്റെ അടിയന്തര ശ്രദ്ധയും പരിഗണനയും ഈ മേഖലയില്‍ ഉണ്ടാകണം. പാലങ്ങളും റോഡുകളും തകര്‍ന്ന് പുറംലോകവുമായി ബന്ധം വിച്ഛേദിക്കപ്പെട്ട വിലങ്ങാട് പ്രദേശത്തിന് പ്രത്യേക പാക്കേജ് അനുവദിക്കണം.” വിലങ്ങാട് ഫൊറോന വികാരി ഫാ. വില്‍സണ്‍ മുട്ടത്തുകുന്നേല്‍ പറഞ്ഞു.
‘ആളപായം ഇല്ലെങ്കില്‍ പോലും വളരെ വലിയൊരു ദുരന്തമാണ് ഇവിടെ ഉണ്ടായിരിക്കുന്നത്. പക്ഷെ, മാധ്യമങ്ങള്‍ നിസാരമായാണ് ഇവിടുത്തെ വാര്‍ത്തകള്‍ കൈകാര്യം ചെയ്യുന്നത്. എല്ലാം നഷ്ടപ്പെട്ട ഒരുകൂട്ടം മനുഷ്യര്‍ നിസഹായരായി നില്‍ക്കുകയാണിവിടെ. മാധ്യമങ്ങളും രാഷ്ട്രീയ നേതൃത്വവും ഗൗരവത്തോടെ ഇവിടുത്തെ ദുരന്തത്തെ കാണണം.” മഞ്ഞക്കുന്ന് വികാരി ഫാ. ടിന്‍സ് മറ്റപ്പള്ളി പറഞ്ഞു.
വിലങ്ങാടിന് എന്നും അവഗണ
മാറി മാറി വരുന്ന ഭരണ നേതൃത്വം എന്നും അവഗണിക്കുന്ന പ്രദേശമാണ് വിലങ്ങാടെന്ന് ഇവിടുത്തുകാര്‍ പറയുന്നു. 2019-ലെ ഉരുള്‍പൊട്ടലില്‍ തകര്‍ന്ന ഉരുട്ടിപാലം പുനര്‍നിര്‍മ്മിച്ചത് മൂന്നു വര്‍ഷംകൊണ്ടാണ്. ഈ മൂന്നു വര്‍ഷവും താല്‍ക്കാലിക പാലത്തിലൂടെയായിരുന്നു ഗതാഗതം. വിലങ്ങാടിനെ പുറംലോകവുമായി ബന്ധിപ്പിക്കുന്ന പ്രധാന പാലമാണ് ഉരുട്ടിപാലം. ഇത്തവണത്തെ ഉരുള്‍പൊട്ടലില്‍ ഉരുട്ടിപാലത്തിന്റെ അപ്രോച്ച് റോഡ് നടുവെ പൊളിഞ്ഞു വീണു. ഇത് പൂര്‍വസ്ഥിതിയിലാക്കാന്‍ എത്രകാലം കാത്തിരിക്കേണ്ടി വരുമെന്ന ആശങ്കയും ഇവിടുത്തുകാര്‍ പങ്കുവയ്ക്കുന്നു. വിലങ്ങാടിനെ വാളൂക്കുമായി ബന്ധിപ്പിക്കുന്ന പാലവും തകര്‍ന്നു. ചെറിയ ഉയരം കുറഞ്ഞ പാലമാണിത്. ഈ പാലം ഉയരം കൂട്ടി ശാസ്ത്രീയമായി നിര്‍മ്മിക്കമെന്ന ആവശ്യം അധികൃതര്‍ കേട്ടമട്ടില്ല. വിലങ്ങാട്ടിലേക്കുള്ള പ്രധാനപാത പൊട്ടിപ്പൊളിഞ്ഞിട്ട് നാളുകളായി. അവഗണന ഇങ്ങനെ തുടര്‍ന്നാല്‍ ഈ ദുരന്തമേല്‍പ്പിച്ച ആഘാതം എങ്ങനെ മറികടക്കുമെന്ന ആശങ്കയും ഇവിടുത്തുകാര്‍ പങ്കുവയ്ക്കുന്നു.
സര്‍ക്കാര്‍ അതീവ ഗൗരവത്തോടെ കാണണം: കത്തോലിക്കാ കോണ്‍ഗ്രസ്
വിലങ്ങാട് മേഖലയിലെ ഉരുള്‍പൊട്ടല്‍ അതീവഗൗരവത്തോടെ കാണണമെന്ന് കത്തോലിക്കാ കോണ്‍ഗ്രസ് രൂപതാ സമിതി ആവശ്യപ്പെട്ടു. ‘യുദ്ധകാലാടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഇടപെട്ട് വിലങ്ങാടിനെ പുനര്‍നിര്‍മ്മിക്കണം. കാലാകാലങ്ങളായി ഈ ജനത അനുഭവിക്കുന്ന അവഗണന ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് ഇനിയും ഉണ്ടായിക്കൂട. രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട് കാണാതായ മാത്യു കുളത്തിങ്കലിനെ ഇനിയും കണ്ടെത്താനായിട്ടില്ല. കൂടുതല്‍ ഉദ്യോഗസ്ഥരെ ഇവിടേക്കു നിയമിച്ച്, സേനകളെ ഏകോപിപ്പിച്ച് പ്രവര്‍ത്തനം കാര്യക്ഷമമാക്കണം.” കത്തോലിക്കാ കോണ്‍ഗ്രസ് രൂപതാ സമിതി അംഗങ്ങള്‍ പറഞ്ഞു.
വിലങ്ങാടിനായി കൈകോര്‍ത്ത് താമരശ്ശേരി രൂപത
ഉരുള്‍പൊട്ടലില്‍ കിടപ്പാടം നഷ്ടപ്പെട്ടവര്‍ക്കായി വിലങ്ങാട് സെന്റ് ജോര്‍ജ് ഹൈസ്‌ക്കൂളിലും മഞ്ഞക്കുന്ന് പള്ളി പാരിഷ് ഹാളിലും പാലൂരിലും ക്യാമ്പുകള്‍ തുറന്നു. വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ കൗണ്‍സലിങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. നിരവധി വൈദികരും സന്യസ്തരും ഇവിടെ സന്ദര്‍ശിക്കുന്നുണ്ട്. താമരശ്ശേരി രൂപതയിലെ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ സന്നദ്ധപ്രവര്‍ത്തനം നടത്തി വരുന്നു. വിവിധ ഇടവകകളിലെ കെസിവൈഎം പ്രവര്‍ത്തകര്‍ വീടു ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി. പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായി താമരശ്ശേരി രൂപതയുടെ നേതൃത്വത്തില്‍ നേതൃത്വത്തില്‍ ഫണ്ട് ശേഖരണം ആരംഭിച്ചു.
വീണ്ടും ഉരുള്‍പൊട്ടല്‍
കഴിഞ്ഞ ദിവസം ഉരുള്‍പൊട്ടലുണ്ടായ മഞ്ഞച്ചീളി പ്രദേശത്ത് ഇന്ന് വൈകിട്ടോടെ വീണ്ടും ഉരുള്‍പൊട്ടി. കലക്ടറും സംഘവും മഞ്ഞച്ചീളി സന്ദര്‍ശിച്ച് തിരികെ പോകുന്നതിനു മുമ്പാണ് ഉരുള്‍പൊട്ടലുണ്ടായത്. ഷാഫി പറമ്പില്‍ എംപി, ഇ. കെ. വിജയന്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജാ ശശി എന്നിവര്‍ ദുരന്ത സ്ഥലം സന്ദര്‍ശിച്ചു.