ആഗസ്റ്റ് 5: വിശുദ്ധ ഓസ്വാള്‍ഡ്


നോര്‍ത്തം ബ്രിയായിലെ എഥെല്‍ഫ്രിഡു രാജാവിന്റ രണ്ടാമത്തെ മകനാണ് ഓസ്വാള്‍ഡ് . 617-ല്‍ പിതാവ് ഒരു യുദ്ധത്തില്‍ കൊല്ലപ്പെട്ടു. മക്കള്‍ സ്‌കോട്ട്‌ലന്റില്‍ അഭയം തേടി; അവിടെവച്ച് അവര്‍ ക്രിസ്തുമതം സ്വീകരിക്കാനിടയായി. 633-ല്‍ എഥെല്‍ ഫ്രിഡിന്റെ മക്കള്‍ നോര്‍ത്തംബ്രിയാ യിലേക്കു മടങ്ങി . അവസാനം കിരീടം ഓസ്വാള്‍ഡിന്റെ ശിരസ്സിലായി. അക്കാലത്ത് ബ്രിട്ടനിലെ രാജാവായ കാഡ് വാല നോര്‍ത്തം ബ്രിയായെ സര്‍വ്വശക്തികളോടുംകൂടെ ആക്രമിച്ചു. യുദ്ധത്തിന്റെ തലേദിവസം സൈന്യത്തിന്റെ മുമ്പാകെ ഒരു മരക്കുരിശു നാട്ടിക്കൊണ്ട് ഓസ്വാള്‍ഡ് രാജാവ് വിളിച്ചു പറഞ്ഞു: ‘സര്‍വ്വശക്തനായ ഏകദൈവത്തിന്റെ മുമ്പില്‍ മുട്ടു മടക്കി അഹങ്കാരിയായ നമ്മുടെ ശത്രുവില്‍ നിന്ന് നമ്മളെ രക്ഷി ക്കണമേയെന്നു പ്രാര്‍ത്ഥിക്കാം. നാം നമ്മുടെ രാജ്യത്തിനും നമ്മുടെ ജീവനും വേണ്ടിയാണ് സമരം ചെയ്യുന്നതെന്ന് അവി ടുത്തേക്ക് അറിയാം”. കുരിശു നാട്ടിയ സ്ഥലത്തിന്റെ പേര് ഹെവന്‍ഫെത്ത് (സ്വര്‍ഗ്ഗവയല്‍) എന്നായിരുന്നു.

യുദ്ധത്തില്‍ കാഡ്‌വാല വധിക്കപ്പെടുകയും വാള്‍ഡ് പൂര്‍ണ്ണ വിജയം നേടുകയും ചെയ്തു. ഓസ് അനന്തരം സ്‌കോട്ട്‌ലന്റില്‍നിന്ന് ഏതാനും സന്യാസികളെ സുവിശേഷം പ്രസംഗിക്കാന്‍ വരുത്തുകയും രാജ്യമാസകലം ക്രിസ്തീയ ചൈതന്യം സംജാതമാക്കുകയും ചെയ്തു. അവരുടെ തലവനാണ് പിന്നീട് മെത്രാനായി അഭിഷിക്തനായ വിശുദ്ധ അയിഡാന്‍. പള്ളികളും ആശ്രമങ്ങളും അദ്ദേഹം ധാരാളം പണിതു.

ഓസ്വാള്‍ഡ് രാജാവിന്റെ എളിമയും പരസ്‌നേഹവും സര്‍വ്വത്ര പ്രകീര്‍ത്തിതമാണ്. ഒരു ഉയിര്‍പ്പു തിരുനാള്‍ ദിവസം ദരിദ്രര്‍ക്കു തയ്യാറാക്കിയ ഭക്ഷണം തികയുന്നില്ലെന്നു കേട്ടപ്പോള്‍ സ്വന്തം മേശയിലിരുന്ന മാംസം കഷണങ്ങളായി മുറിച്ച് അവര്‍ക്കു കൊടുത്തയച്ചു. ഇതു കണ്ടപ്പോള്‍ മേശക്കിരുന്നിരുന്ന വിശുദ്ധ അയിഡാന്‍ പറഞ്ഞു: ‘ഈ കരം ഒരിക്കലും അഴിയാതിരിക്കട്ടെ .’ തന്റെ കാലം വരെ ഈ കരം അഴിഞ്ഞിട്ടില്ലായിരുന്നു വെന്ന് വിശുദ്ധ ബീഡ് പ്രസ്താവിച്ചുകാണുന്നുണ്ട് .

വിശുദ്ധ ഓസ്വാള്‍ഡ് എട്ടുവര്‍ഷം ഐശ്വര്യപൂര്‍വ്വം രാജ്യം ഭരിച്ചു. അങ്ങനെയിരിക്കേ മേഴ്സിയായിലെ പെന്റാ എന്ന ദുഷ്ടരാജാവ് ഓസ്വാള്‍ഡിനെ ആക്രമിക്കുകയും 642 ആഗസ്റ്റ് 5-ാം തീയതി മേസര്‍ഫീല്‍ഡ് എന്ന സ്ഥലത്ത് യുദ്ധത്തിനി ടയ്ക്ക് മരിച്ചുവീഴുകയും ചെയ്തു. അദ്ദേഹത്തിന്റെ കൈകാലുകള്‍ ഛേദിച്ചു തൂണുകളിന്മേല്‍ നാട്ടുകയുണ്ടായി. അടുത്ത വര്‍ഷം രാജസോദരന്‍ ഈ പൂജ്യാവശിഷ്ടങ്ങള്‍ എടുത്ത് യഥാവിധം സംരക്ഷിച്ചു.


Leave a Reply

Your email address will not be published. Required fields are marked *

Exit mobile version