ജീവിതസങ്കടങ്ങളുടെ സമാപനം സ്വര്‍ഗ്ഗീയ മഹത്വത്തിലാണെന്നുള്ള തത്വം അപ്പസ്‌തോലന്മാരെ ബോദ്ധ്യപ്പെടുത്താന്‍ ക്രിസ്തുവിന്റെ ദൗര്‍ബല്യത്തിന്റെ നിദാനമായ തിരശ്ശീല സ്വല്പനേരത്തേക്കൊന്നു മാറ്റിവച്ചു. തന്റെ കുരിശുമരണത്തിന്റെ ഒരു വര്‍ഷം മുമ്പു ഗലീലിയില്‍ താബോര്‍ മലയില്‍ വച്ചാണ് ഇതു സംഭവിച്ചത്. ഈശോ പത്രോസിനേയും യാക്കോബിനേയും യോഹന്നാനേയും മാത്രം കൂട്ടിക്കൊണ്ട് ആ മലയിലേക്കു പോയി; അവരുടെ മുമ്പില്‍വച്ചു രൂപാന്തരപ്പെട്ടു.
അവിടുത്തെ മുഖം സൂര്യസമാനം ശോഭിച്ചു, അവിടുത്തെ വസ്ത്ര ങ്ങള്‍ മഞ്ഞുപോലെ വെണ്മ പൂണ്ടു. മൂശയും ഏലിയാസും അവിടുത്തോടു സംഭാഷിക്കുന്നതായി കണ്ടു. അപ്പോള്‍ പത്രോസു പറഞ്ഞു: ‘കര്‍ത്താവേ, നാം ഇവിടെ ഇരിക്കുന്നതു നന്ന് . അങ്ങേക്കിഷ്ടമെങ്കില്‍ ഞങ്ങള്‍ ഇവിടെ മൂന്നു കൂടാരം നിര്‍മ്മിക്കാം! ഒന്ന് അങ്ങേക്ക്, ഒന്നു മൂശയ്ക്ക്, ഒന്നു ഏലിയാസിന് – പത്രോസ് ഇതു പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ത്തന്നെ പ്രകാശമാനമായ ഒരു മേഘപടലം വന്ന് അവരെ മറച്ചുകളഞ്ഞു. ഉടനെ അവനെന്റെ പ്രിയപുത്രനാകുന്നു. അവനില്‍ ഞാന്‍ സംപ്രീതനായിരിക്കുന്നു. അവനെ ശ്രവിക്കുവിന്‍” എന്നൊരു സ്വരം മേഘത്തില്‍നിന്നു കേള്‍ക്കപ്പെട്ടു”(മത്താ 9: 1-5).
പ്രാചീന പിതാക്കന്മാരുടെ പ്രതിനിധിയായി മൂശയും പ്രവാചകന്മാരുടെ പ്രതിനിധിയായി ഏലിയാസും പ്രത്യക്ഷ പ്പെട്ടു. അവര്‍ കര്‍ത്താവിന്റെ കുരിശുമരണത്തെപ്പറ്റിയാണു സംസാരിച്ചിരുന്നതെന്നു പറയുന്നു. ഗാഗുല്‍ത്തായിലെ രൂപാന്തരം അവര്‍ അനുസ്മരിച്ചു.
ഈശോയുടെ മൂന്ന് അപ്പസ്‌തോലന്മാര്‍ക്ക് ഈ കാഴ്ച സ്വര്‍ഗ്ഗത്തിന്റെ രുചിയെന്താണെന്നു മനസ്സിലാക്കാനൊരവസരമായി. ഈശോയുടെ പരസ്യ ജീവിതത്തിലെ ഈ പ്രധാന അന്തിമസംഭവം തിരഞ്ഞെടുക്കപ്പെട്ട മൂന്ന് അപ്പസ്‌തോലന്മാരുടെ വിശ്വാസം ശക്തിപ്പെടുത്തുന്നതിനുപകരിച്ചു.
നാലാം ശതാബ്ദം മുതല്‍ ഈശോയുടെ മറുരൂപപ്പെരുന്നാള്‍ തിരുസ്സഭയില്‍ കൊണ്ടാടാന്‍ തുടങ്ങി. പൗരസ്ത്യസഭയില്‍ ഈ തിരുനാളിന് വളരെ പ്രാധാന്യമുണ്ടായിരുന്നു. ആര്‍മീനിയന്‍ സഭയില്‍ ഈ തിരുനാളിന് ഒരുക്കമായി ആറു ദിവസത്തെ ഉപവാസമനുഷ്ഠിച്ചിരുന്നു. തിരുനാള്‍ മൂന്നു ദിവസമായിട്ടാണ് ആഘോഷിച്ചിരുന്നത്. 1456-ല്‍ കലിക സ്‌ററസു തൃതീയന്‍ പാപ്പാ ഈ തിരുനാള്‍ സാര്‍വ്വത്രികമാക്കി.