ആഗസ്‌ററ് 15: കന്യകാമറിയത്തിന്റെ സ്വര്‍ഗ്ഗാരോപണ തിരുനാള്‍


1950 നവമ്പര്‍ 1- ന് പന്ത്രണ്ടാം പീയൂസ് മാര്‍പ്പാപ്പാ മൂനിഫിച്ചെന്തീസ്സീമൂസ് ദേവൂസ് എന്ന തിരുവെഴുത്തുവഴി ഇങ്ങനെ അധ്യവസാനം ചെയ്തു:’ കന്യകാമറിയത്തിനു പ്രത്യേക വരങ്ങള്‍ നല്കി അനുഗ്രഹിച്ച സര്‍വ്വശക്തനായ ദൈവത്തിന്റെ സ്തുതിക്കും മരണത്തിന്റെയും പാപത്തിന്റെയും ജേതാവും നിത്യരാജാവുമായ അങ്ങേ പുത്രന്റെ ബഹുമാനത്തിനും മഹത്വമേറിയ അവിടുത്തെ അമ്മയുടെ മഹത്വത്തിനും അഖിലസഭയുടെ ആനന്ദത്തിനും സന്തോഷത്തിനുമായി നമ്മുടെ കര്‍ത്താവീശോമിശിഹായുടേയും ഭാഗ്യപ്പെട്ട ശ്ലീഹന്മാരായ പത്രോസിന്റെയും പൗലോസിന്റെയും നമ്മുടേയും അധികാരത്തോടെ നാം പ്രസ്താവിക്കുകയും പ്രഖ്യാപിക്കുകയും ചെയ്യുന്നു എപ്പോഴും കന്യകയും അമലോത്ഭവയുമായ ദൈവമാതാവു ഭൗതിക ജീവിതാനന്തരം ശരീരത്തിന്റെയും ആത്മാവിന്റെയും മഹത്വത്തിലേക്ക് എടുക്കപ്പെട്ടുവെന്നത് ആവിഷ്‌കൃതമായ ഒരു സത്യമാകുന്നുവെന്ന്.”
ഈ നിര്‍വ്വചനത്തില്‍ മറിയം മരിച്ചുവെന്നു പറയുന്നില്ല. എന്നാല്‍ സാധാരണയായി കരുതുന്നതു വിശുദ്ധ ജോണ്‍ ഡമസീന്‍ സാക്ഷ്യപ്പെടുത്തിയിട്ടുള്ളതുപോലെ മറിയം സമാധാനത്തില്‍ മരിച്ചുവെന്നും മൂന്നാം ദിവസം ശരീരവും ആത്മാവും സ്വര്‍ഗ്ഗത്തിലേക്ക് എടുക്കപ്പെട്ടുവെന്നും, മരണസമയത്തു തോമാശ്ലീഹാ ഒഴികെയുള്ള എല്ലാ അപ്പസ്‌തോലന്മാരും ദൈവമാതാവിന്റെ മുറിയിലുണ്ടായിരുന്നുവെന്നും തോമാശ്ലീഹാ എത്തിയശേഷം കുഴിമാടം തെരക്കിയപ്പോള്‍ അത് ഒഴിഞ്ഞു കിടന്നിരുന്നുവെന്നും പറയപ്പെടുന്നു. പൗരസ്ത്യ സഭയിലും പാശ്ചാത്യസഭയിലും അഞ്ചാം ശതാബ്ദമോ ആറാം ശതാബ്ദമോ മുതല്‍ സ്വര്‍ഗ്ഗാരോപണത്തിരുനാള്‍ ആഘോഷമായി കൊണ്ടാടിയിരുന്നു. 13-ാം ശതാബ്ദത്തില്‍ ജപമാല ചൊല്ലിത്തുടങ്ങിയപ്പോള്‍ ദൈവമാതാവിന്റെ സ്വര്‍ഗ്ഗാരോപണത്തെപ്പറ്റിയും ധ്യാനിച്ചു തുടങ്ങി . 451-ല്‍ കല്‍ക്കദോനിയാ സൂനഹദോസില്‍ ജെറൂസലേമിലെ വിശുദ്ധ ജൂവെനല്‍ സ്വര്‍ഗ്ഗാരോപണത്തെപ്പറ്റി പ്രതിപാദിക്കുകയുണ്ടായി. പല രാജ്യങ്ങളിലും പണ്ടുമുതല്‍ക്കുതന്നെ ഈ തിരുനാള്‍ കടമുള്ള ദിവസമായിരുന്നു. ഇന്ത്യന്‍ സ്വാതന്ത്യദിനവും സ്വര്‍ഗ്ഗാരോപണത്തിരുനാളും യോജിച്ചുവന്നതുകൊണ്ട് ഈ തിരുനാള്‍ ആഘോഷിക്കാനും ഭാരതമാതാവിനുവേണ്ടി മാതാവിനോടു പ്രാര്‍ത്ഥിക്കാനും സൗകര്യം സിദ്ധിച്ചിരിക്കുന്നു.


Leave a Reply

Your email address will not be published. Required fields are marked *

Exit mobile version