സംസ്ഥാനത്ത് മലപ്പുറം സ്വദേശിക്ക് എംപോക്‌സ് സ്ഥിതികരിച്ചതോടെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പു നല്‍കി. എംപോക്‌സ് എന്താണെന്നും എങ്ങനെ പ്രതിരോധിക്കാമെന്നും അറിയാന്‍ തുടര്‍ന്നു വായിക്കൂ:
എന്താണ് എംപോക്‌സ്
ആഫ്രിക്കന്‍ വന്‍കരയുടെ ചില ഭാഗങ്ങളില്‍ സാധാരണയായി കണ്ടുവരുന്ന ഒരു അപൂര്‍വ അണുബാധയാണിത്. വസൂരിക്ക് സമാനമായ വൈറസാണ് എംപോക്‌സിനു കാരണം.
രോഗപകര്‍ച്ച
മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പകരുന്ന രോഗമാണിത്. കോവിഡോ എച്ച്1 എന്‍1 ഇന്‍ഫ്ളുവന്‍സയോ പോലെ വായുവിലൂടെ പകരുന്ന ഒരു രോഗമല്ല എം പോക്സ്. രോഗിയുമായുള്ള അടുത്ത സമ്പര്‍ക്കത്തിലൂടെയാണ് രോഗപകര്‍ച്ച. രോഗിയുടെ ശരീരത്തിലെ എംപോക്‌സ് കുമിളകളുമായോ ശരീര ശ്രവങ്ങളുമായോ ഉള്ള സമ്പര്‍ക്കത്തിലൂടെ എംപോക്‌സ് പിടിപെടാം.
രോഗി ഉപയോഗിക്കുന്ന വസ്ത്രങ്ങള്‍, കിടക്കകള്‍, തൂവാലകള്‍ തുടങ്ങിയവ സ്പര്‍ശിക്കുന്നതിലൂടെയും രോഗ ബാധിതനായ വ്യക്തി ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൊട്ടടുത്തുള്ള വ്യക്തിയിലേക്ക് രോഗം പകരും.
രോഗ ബാധിതരായ എലികള്‍, അണ്ണാന്‍ തുടങ്ങിയവയും എംപോക്‌സ് പരത്തും.
ലക്ഷണങ്ങള്‍
വൈറസ് ശരീരത്തില്‍ പ്രവേശിച്ചാല്‍ ആദ്യ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ അഞ്ചു മുതല്‍ 21 ദിവസം വരെ എടുക്കാറുണ്ട്. പനി, തലവേദന, പേശി വേദന, നടുവേദന, വിറയല്‍, ക്ഷീണം, സന്ധിവേദന, ശരീരത്തില്‍ ഉണ്ടാകുന്ന കുമിളകള്‍ എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.
പ്രതിരോധം
സോപ്പും വെള്ളവും ഉപയോഗിച്ച് നിങ്ങളുടെ കൈകള്‍ പതിവായി കഴുകുക അല്ലെങ്കില്‍ ആല്‍ക്കഹോള്‍ അടിസ്ഥാനമാക്കിയുള്ള ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിക്കുക.
വൈറസ് ബാധയുണ്ടെന്ന് സംശയിക്കുന്നതോ സ്ഥിരീകരിച്ചതോ ആയ രോഗികളെ പരിചരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരും രോഗബാധിതരുടെ സ്രവങ്ങള്‍ കൈകാര്യം ചെയ്യുന്നവരും രോഗപ്പകര്‍ച്ച ഒഴിവാക്കുന്നതിനായി നിര്‍ദേശിച്ചിട്ടുള്ള അണുബാധ നിയന്ത്രണ മുന്‍കരുതലുകള്‍ സ്വീകരിക്കുക.