2025ലും 2027-ലും നടക്കുന്ന യുവജന ദിനങ്ങളുടെ ആദര്‍ശ പ്രമേയങ്ങള്‍ ഫ്രാന്‍സീസ് പാപ്പാ തിരഞ്ഞെടുത്തു. 2025-ല്‍ രൂപതാതലത്തില്‍ ആചരിക്കപ്പെടുന്ന യുവജനദിനത്തിനായി ഫ്രാന്‍സീസ് പാപ്പാ തിരഞ്ഞെടുത്തിരിക്കുന്ന വിചിന്തന പ്രമേയം ‘നിങ്ങള്‍ എന്നോടുകൂടെയാകയാല്‍ നിങ്ങളും സാക്ഷ്യം നല്കുവിന്‍’ എന്നതാണ്. യോഹന്നാന്റെ സുവിശേഷം പതിനഞ്ചാം അദ്ധ്യായം ഇരുപത്തിയേഴാം വാക്യമാണ് ഈ പ്രമേയത്തിന് അടിസ്ഥാനം.
2027-ല്‍ ദക്ഷിണ കൊറിയയിലെ സോളില്‍ ആഗോളസഭാതലത്തില്‍ ആചരിക്കപ്പെടുന്ന ലോക യുവജനദിനത്തിനുള്ള പ്രമേയം ‘ധൈര്യമായിരിക്കുവിന്‍, ഞാന്‍ ലോകത്തെ കീഴടക്കിയിരിക്കുന്നു’ എന്നതാണ്. യോഹന്നാന്റെ സുവിശേഷം പതിനാറാം അദ്ധ്യായത്തിലെ മുപ്പത്തിമൂന്നാമത്തെ വാക്യത്തില്‍ നിന്നുമാണ് പ്രമേയം തയ്യാറാക്കിയത്.
1984, ഏപ്രില്‍ 14, 15 തീയതികളില്‍ വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തില്‍, അന്നത്തെ പാപ്പ ജോണ്‍ പോള്‍ രണ്ടാമന്റെ നേതൃത്വത്തിലാണ് ആദ്യ ആഗോള യുവജന സംഗമം നടന്നത്. സംഗമത്തില്‍ മൂന്നുലക്ഷത്തിലധികം അംഗങ്ങളാണ് പങ്കെടുത്തത്. ആറായിരത്തോളം റോമന്‍ കുടുംബങ്ങള്‍ തങ്ങളുടെ വീടുകളിലാണ് ഇവര്‍ക്കെല്ലാം ആതിഥേയത്വം ഒരുക്കിയത്. ഓരോ തവണയും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ലക്ഷകണക്കിന് യുവജനങ്ങളാണ് യുവജന സംഗമത്തില്‍ പങ്കെടുക്കാന്‍ എത്താറുള്ളത്.