ഒക്ടോബര്‍ 7 ഉപവാസ പ്രാര്‍ത്ഥന ദിനമായി ആചരിക്കുവാന്‍ ഫ്രാന്‍സിസ് പാപ്പയുടെ ആഹ്വാനം


ഇസ്രായേലും ഭീകര സംഘടനയായ ഹമാസും തമ്മിലുള്ള യുദ്ധം ആരംഭിച്ച് ഒരു വര്‍ഷം തികയുന്ന ഒക്ടോബര്‍ ഏഴിന് പ്രാര്‍ത്ഥനയുടെയും ഉപവാസത്തിന്റെയും ദിനമായി ആചരിക്കുവാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഹ്വാനം. വിശുദ്ധ നാട്ടിലെ യുദ്ധം അവസാനിപ്പിക്കുന്നതിനും പ്രദേശത്ത് സമാധാനം പുലരുന്നതിനുമായാണ് ഉപവാസ പ്രാര്‍ത്ഥനയ്ക്കു പാപ്പ ആഹ്വാനം ചെയ്തത്.

ഒക്ടോബര്‍ ഏഴിന്, ലോകസമാധാനത്തിനായി പ്രാര്‍ത്ഥനയുടെയും ഉപവാസത്തിന്റെയും ദിവസമായി ആചരിക്കാന്‍ ഞാന്‍ എല്ലവരോടും അഭ്യര്‍ത്ഥിക്കുന്നു. നമുക്ക് ഒരുമിച്ച് ചരിക്കാം. നമുക്ക് കര്‍ത്താവിനെ ശ്രവിക്കാം. ആത്മാവിനാല്‍ നയിക്കപ്പെടാന്‍ നമുക്ക് നമ്മെത്തന്നെ അനുവദിക്കാം. ഒക്ടോബര്‍ ആറിന്, സമാധാനത്തിനായി ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുവാന്‍ സാന്താ മരിയ റോമന്‍ ബസിലിക്കയിലേക്ക് പോകുമെന്നും പാപ്പ സൂചിപ്പിച്ചു.

ജെറുസലേമിലെ ലാറ്റിന്‍ പാത്രിയാര്‍ക്കീസ്, കര്‍ദ്ദിനാള്‍ പിയര്‍ബാറ്റിസ്റ്റ പിസബല്ല ഒക്ടോബര്‍ ഏഴിന് ജപമാല രാജ്ഞിയുടെ തിരുനാള്‍ ദിനത്തില്‍ പ്രാര്‍ത്ഥനയിലും ഉപവാസത്തിലും ചെലവിടുവാന്‍ വിശ്വാസികളോട് ആഹ്വാനം ചെയ്തു കത്ത് എഴുതിയിരിന്നു. 2023 ഒക്ടോബര്‍ 7-ന്, ഹമാസ് ഭീകരസംഘം ഇസ്രായേലിനെതിരെ അപ്രതീക്ഷിത ആക്രമണം നടത്തിയതോടെയാണ് ഇപ്പോഴത്തെ അക്രമ പരമ്പരകള്‍ക്ക് തുടക്കമായത്. ആയിരക്കണക്കിന് സാധാരണക്കാരാണ് കൊല്ലപ്പെടുകയും നിരവധി ബന്ദികള്‍ തടങ്കലിലാക്കപ്പെടുകയും ചെയ്തിരിന്നു.

കഴിഞ്ഞ രാത്രി ഇറാന്‍ ഇസ്രായേലിനെതിരെ മിസൈല്‍ ആക്രമണം നടത്തിയതോടെ വലിയ സംഘര്‍ഷ ഭീതിയിലാണ് വിശുദ്ധ നാട്. യുദ്ധത്തിന്റെ ആരംഭം മുതല്‍, ഫ്രാന്‍സിസ് മാര്‍പാപ്പ സമാധാനത്തിനായി അഭ്യര്‍ത്ഥിക്കുകയും സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇടപെടലുകള്‍ നടത്തുകയും ചെയ്തിരിന്നു.


Leave a Reply

Your email address will not be published. Required fields are marked *

Exit mobile version