അര്‍ത്ഥമില്ലാത്ത യുദ്ധങ്ങളുടെ ഇരകളായി മാറേണ്ടിവരുന്ന ജനങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ അഭ്യര്‍ത്ഥിച്ച്, ‘വിശുദ്ധനാടുകളുടെ കാവല്‍ക്കാരന്‍’ എന്ന പേരില്‍ അറിയപ്പെടുന്ന സഭാപ്രസ്ഥാനത്തിന്റെ വികാരി ഫാ. ഇബ്രാഹിം ഫാല്‍ത്താസ്. ഇറാന്‍ കഴിഞ്ഞ ദിവസം ഇസ്രയേലിനുനേരെ നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ അഭ്യര്‍ത്ഥന.
ഇറാന്റെ ആക്രമണത്തിനെതിരെ ഇസ്രയേലിന്റെ പ്രത്യാക്രമണമുണ്ടായാല്‍ ഇനിയും ഇത്തരം ഭീകരസംഭവങ്ങള്‍ ആവര്‍ത്തിച്ചേക്കുമെന്ന് തങ്ങള്‍ ഭയപ്പെടുന്നതായി അദ്ദേഹം പറഞ്ഞു.
ഒക്ടോബര്‍ ഒന്നാം തീയതി വൈകുന്നേരം നടന്ന അക്രമണങ്ങളെക്കുറിച്ച് പ്രതിപാദിച്ച ഫാ. ഫാല്‍ത്താസ്, അന്നേദിവസം വൈകുന്നേരം അഞ്ചിനുതന്നെ, അടുത്തദിവസം സ്‌കൂളുകള്‍ തുറക്കരുതെന്ന് തങ്ങള്‍ക്ക് മുന്നറിയിപ്പ് ലഭിച്ചിരുന്നുവെന്ന് വ്യക്തമാക്കി. വിശുദ്ധ ഫ്രാന്‍സിസിന്റെ തിരുനാളിനുള്ള ഒരുക്കത്തിന്റെ ഭാഗമായി, വൈകുന്നേരം ഏഴിന് ‘ദിവ്യ രക്ഷകന്റെ’ നാമധേയത്തിലുള്ള ദേവാലയത്തിലായിരിക്കുമ്പോഴാണ് ശക്തമായ അക്രമണത്തിന്റെയും സ്ഫോടനങ്ങളുടെയും ശബ്ദം തങ്ങള്‍ കേള്‍ക്കുന്നതെന്ന് അദ്ദേഹം അനുസ്മരിച്ചു.
ഇറാന്‍ കഴിഞ്ഞ ദിവസം ഇസ്രയേലിനുനേരെ നടത്തിയ ആക്രമണത്തെക്കുറിച്ച് വത്തിക്കാന്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രസ്താവനയിലാണ്, സംഭവത്തിന്റെ ഭീകരതയെക്കുറിച്ചും, അതുളവാക്കുന്ന പരിഭ്രാന്തിയെക്കുറിച്ചും അദ്ദേഹം വ്യക്തമാക്കിയത്.
ദേവാലയത്തില്‍നിന്ന് പുറത്തിറങ്ങിയ തങ്ങള്‍, ജെറുസലേമിന് തെക്കുള്ള ഇസ്രായേല്‍ മിലിട്ടറി ബേസ്‌മെന്റ് ലക്ഷ്യമാക്കി പറക്കുന്ന മിസൈലുകള്‍ കണ്ടുവെന്നും, ഇസ്രയേലിന്റെ അയണ്‍ ഡോം എന്ന മിസൈല്‍ പ്രതിരോധസംവിധാനം അവയില്‍ പലതിനെയും തകര്‍ത്തുവെന്നും ഫാ. ഫാല്‍ത്താസ് അറിയിച്ചു.