ചങ്ങനാശ്ശേരി അതിരൂപതാംഗമായ മോണ്‍സിഞ്ഞോര്‍ ജോര്‍ജ് കൂവക്കാടിനെ ഫ്രാന്‍സിസ് പാപ്പ കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തി. ഒക്ടോബര്‍ ആറിന് മധ്യാഹ്ന പ്രാര്‍ത്ഥനയ്ക്കു ശേഷമാണ് ഫ്രാന്‍സിസ് പാപ്പ ആഗോള കത്തോലിക്ക സഭയിലേക്ക് പുതിയതായി 21 കര്‍ദ്ദിനാളുമാരെ കൂടി പ്രഖ്യാപിച്ചത്. ഡിസംബര്‍ എട്ടിനാണ് സ്ഥാനാരോഹണ ചടങ്ങുകള്‍.
ഇറാന്‍, ഇന്തോനേഷ്യ, ജപ്പാന്‍, ഫിപ്പീന്‍സ് തുടങ്ങി വിവിധ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുമുള്ള വൈദികരും പുതിയ കര്‍ദ്ദിനാള്‍ പട്ടികയിലുണ്ട്.
കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കും കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലീമിസിനും പുറമേയാണ് മറ്റൊരു മലയാളിയെത്തേടി കത്തോലിക്ക സഭയുടെ ഉന്നത പദവിയെത്തുന്നത്. ഒരേ സമയം സീറോ മലബാര്‍ സഭയില്‍ നിന്ന് രണ്ടു പേര്‍ കര്‍ദ്ദിനാള്‍ സംഘത്തിലുണ്ടാകുകയെന്നത് കത്തോലിക്കാ സഭയുടെ ചരിത്രത്തില്‍ തന്നെ ആദ്യമാണ്.
2021 മുതല്‍ ഫ്രാന്‍സിസ് പാപ്പയുടെ വിദേശ അപ്പസ്‌തോലിക യാത്രകളുടെ മുഖ്യസംഘാടകനാണ് മോണ്‍. കൂവക്കാട്. വത്തിക്കാനിലെ നയതന്ത്രവിഭാഗത്തില്‍ അദ്ദേഹം വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചു വരികയാണ്.
1973 ആഗസ്റ്റ് പതിനൊന്നാം തീയതി, ചങ്ങനാശേരി അതിരൂപതയിലെ ചെത്തിപ്പുഴ ഇടവകയിലാണ് മോണ്‍. ജോര്‍ജ് ജനിച്ചത്. 2004-ല്‍ പൗരോഹിത്യം സ്വീകരിച്ചു. തുടര്‍ന്ന് ഉന്നത വിദ്യാഭ്യാസത്തിനു ശേഷം, പരിശുദ്ധ സിംഹാസനത്തിന്റെ നയതന്ത്ര സേവനത്തില്‍ പ്രവേശിച്ചു. അള്‍ജീരിയ, കൊറിയ, ഇറാന്‍, കോസ്റ്റാറിക്ക എന്നിവിടങ്ങളിലെ വത്തിക്കാന്‍ പ്രതിനിധികേന്ദ്രങ്ങളില്‍ വിവിധ തസ്തികകളില്‍ സേവനം ചെയ്തു.
നിയുക്ത കര്‍ദ്ദിനാളിന്റെ അമ്മയുമായി ഫ്രാന്‍സിസ് മാര്‍പാപ്പ വീഡിയോ കോളില്‍ സംസാരിക്കുന്ന ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. മോണ്‍സിഞ്ഞോര്‍ ജോര്‍ജ് കൂവക്കാട്ടിന്റെ മാതൃകപരമായ സേവനങ്ങള്‍ സഭയ്ക്ക് എന്നും തുണയാണെന്നായിരുന്നു മാര്‍പാപ്പ പറഞ്ഞത്.
സീറോ മലബാര്‍ സഭയുടെ ഒരു പുത്രന്‍ കൂടി കത്തോലിക്കാസഭയില്‍ കര്‍ദ്ദിനാളുമാരുടെ ഗണത്തിലേക്കുയര്‍ത്തപ്പെടുന്നതു സഭയ്ക്കു മുഴുവന്‍ അഭിമാനവും സന്തോഷവുമെന്നു മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ പറഞ്ഞു. കര്‍ദ്ദിനാളെന്ന നിലയിലുള്ള എല്ലാ ശുശ്രൂഷകളും ദൈവാനുഗ്രഹനിറവുള്ളതാകട്ടെ മേജര്‍ ആര്‍ച്ച് ബിഷപ് ആശംസിച്ചു.