വിവാഹം വിളിച്ചുചൊല്ലുന്നത് എന്തിന്?

ചോദ്യം: വിവാഹം വിളിച്ചുചൊല്ലുന്നതിനെക്കുറിച്ചുള്ള നിയമം വിശദീകരിക്കാമോ? ഒത്തുകല്ല്യാണത്തിന് മുമ്പ് വിളിച്ചുചൊല്ലല്‍ ആരംഭിക്കുന്നത് ഏത് സാഹചര്യത്തിലാണ്? മനസമ്മതത്തിനും വിവാഹത്തിനുമിടയില്‍ എത്രദിവസം ഉണ്ടായിരിക്കണം?

വിവാഹം വിളിച്ചു ചൊല്ലുന്നത് നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള വിവാഹം ഇടവക സമൂഹത്തിന്റെ പൊതുശ്രദ്ധയില്‍പെടുത്തുന്നതിനും, വിവാഹിതരാകുന്ന വ്യക്തികളെക്കുറിച്ച് ഇടവക സമൂഹത്തിന് ധാരണയുണ്ടായിരിക്കുന്നതിനും, വിവാഹത്തിന് തടസമായ സാഹചര്യങ്ങള്‍ ഉണ്ടെങ്കില്‍ അത് വികാരിയച്ചനെ അറിയിക്കുന്നതിനും വേണ്ടിയാണ്. പരമ്പരാഗതമായി വിവാഹ വാഗ്ദാനത്തിനുശേഷമാണ് വിവാഹം വിളിച്ചുചൊല്ലുന്നത്. എന്നാല്‍ മനസമ്മതത്തിന് മുമ്പുതന്നെ വിളിച്ചുചൊല്ലുവാനുള്ള അവസരം ഇപ്പോള്‍ ഉണ്ട്.

വിവാഹവാഗ്ദാനത്തിനുശേഷം മൂന്ന് കടമുള്ള ദിവസങ്ങളില്‍ വിശുദ്ധ കുര്‍ബാനയുടെ സമയത്ത് ഇടവകപള്ളിയില്‍ വിവാഹം വിളിച്ചുചൊല്ലണം. ഒരിക്കല്‍ വിൡച്ചുചൊല്ലുകയും അതിനുശേഷം രണ്ട് ആഴ്ചയുടെ സമയം വിവാഹപരസ്യം ഇടവകയുടെ നോട്ടീസ് ബോര്‍ഡില്‍ പ്രസിദ്ധീകരിക്കുകയും ചെയ്യാവുന്നതുമാണ്. (സീറോ മലബാര്‍ സഭയുടെ പ്രത്യേക നിയമം, 164). ന്യായമായ കാരണങ്ങളുള്ളപ്പോള്‍ ഈ നിയമത്തില്‍ നിന്ന് ഒഴിവ് (dispensation) ലഭിക്കുന്നതാണ്. സഭയുടെ പ്രത്യേക നിയമമനുസരിച്ച് വിവാഹിതരാകുന്നവരുടെ രേഖാമൂലമുള്ള അപേക്ഷപ്രകാരം, ഇടവകവികാരിക്ക് ഒരു വിളിച്ചുചൊല്ലലും, ഫൊറോന വികാരിക്ക് രണ്ട് വിളിച്ചുചൊല്ലലും ഒഴിവാക്കാവുന്നതാണ്. തക്കതായ കാരണങ്ങള്‍ ഉള്ളപ്പോള്‍ മാത്രം മൂന്നു വിളിച്ചുചൊല്ലലും ഒഴിവാക്കി വിവാഹം നടത്താനുള്ള അനുവാദം നല്‍കുന്നത് രൂപതാദ്ധ്യക്ഷനാണ്.

വിവാഹവാഗ്ദാനത്തിനുമുമ്പ് വിളിച്ചുചൊല്ലല്‍ ആരംഭിക്കുന്നതിനുള്ള അവസരം ഇപ്പോള്‍ നിലവിലുണ്ട്. കല്ല്യാണം വളരെ വേഗത്തില്‍ നടത്തി വിദേശത്തും സ്വദേശത്തുമുള്ള ജോലി സ്ഥലങ്ങളിലേയ്ക്ക് തിരികെ പോകേണ്ട അവസരങ്ങളിലും സമാനമായ മറ്റ് സാഹചര്യങ്ങളിലും ഒത്തുകല്ല്യാണത്തിനുശേഷം മൂന്ന് ആഴ്ചകള്‍ കണ്ടെത്തുകയെന്നത് ബുദ്ധിമുട്ടായിത്തീര്‍ന്ന സാഹചര്യത്തിലാണ്. വിളിച്ചുചൊല്ലല്‍ എന്ന സംവിധാനത്തെ എളുപ്പത്തില്‍ ഒഴിവാക്കുന്ന പ്രവണത ഒഴിവാക്കുന്നതിനുവേണ്ടി, തക്കതായ കാരണം നിലനില്‍ക്കുമ്പോള്‍, വിവാഹവാഗ്ദാനത്തിനു മുമ്പുതന്നെ വിവാഹപരസ്യം നടത്തുവാന്‍ നിയമം അനുവദിക്കുന്നത്.

ഈ അനുവാദത്തിനായി അപേക്ഷിക്കേണ്ടത് രൂപതയില്‍ ഇപ്പോള്‍ നിലവിലുള്ള അപേക്ഷാഫോറത്തിലാണ്. വിവാഹിതരാകുന്ന യുവാവും യുവതിയും ഒപ്പിട്ട് ഇടവക വികാരിയുടെ ശുപാര്‍ശയോടെ നല്‍കുന്ന അപേക്ഷ പരിഗണിക്കുന്നത് ഫൊറോന വികാരിയാണ്. നിയുക്ത വരന്റെയോ വധുവിന്റെയോ ഫൊറോന വികാരിക്ക് ഒത്തുകല്ല്യാണത്തിനു മുമ്പ് വിളിച്ചുചൊല്ലാന്‍ അനുവാദം കൊടുക്കാനുള്ള അധികാരം ഉണ്ട്. രണ്ടു ഫൊറോന വികാരിമാരുടെയും അനുവാദം തേടേണ്ടതില്ല. വിവാഹവാഗ്ദാനത്തിനു മുമ്പ് വിളിച്ചുചൊല്ലുമ്പോള്‍ നിര്‍ബന്ധമായും മൂന്ന് തവണ വിളിച്ചുചൊല്ലാനുള്ള സമയം മുന്‍കൂട്ടി കാണേണ്ടതാണ്. ഇതില്‍ ഒഴിവ് ലഭിക്കുന്നതല്ല.

വളരെ പ്രത്യേകമായി ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം, വിവാഹവാഗ്ദാനത്തിനുമുമ്പ് മൂന്ന് പ്രാവശ്യം വിളിച്ചുചൊല്ലിയാലും ഒത്തുകല്ല്യാണത്തിനുശേഷം കുറഞ്ഞത് അഞ്ച് ദിവസം കഴിഞ്ഞു മാത്രമേ വിവാഹം നടത്താന്‍ സാധിക്കുകയുള്ളൂ എന്നതാണ്. ഒത്തുകല്ല്യാണത്തിനും കല്ല്യാണത്തിനുമിടയില്‍ ഒരു ഞായറാഴ്ച ഉണ്ടായിരിക്കണമെന്ന് നിര്‍ബന്ധമില്ല. എന്നാല്‍ അഞ്ച് ദിവസമെന്നത് താമരശേരി രൂപതയില്‍ നടപ്പിലാക്കിയിരിക്കുന്ന നിയമമാണ്. ഉദാഹരണത്തിന് തിങ്കളാഴ്ച മനസമ്മതം നടത്തിയാല്‍ അടുത്തുവരുന്ന ശനിയാഴ്ചക്കുശേഷമേ വിവാഹം നടത്താവൂ. ശനിയാഴ്ച ഒത്തുകല്ല്യാണം നടത്തി ഞായര്‍ കഴിഞ്ഞ് തിങ്കളാഴ്ച കല്ല്യാണം നടത്താന്‍ സാധിക്കില്ല എന്നര്‍ത്ഥം.

കുടുംബ ജീവിതത്തിലേയ്ക്ക് പ്രവേശിക്കുന്നവര്‍ തക്കതായ ഒരുക്കത്തോടെയും ശ്രദ്ധാപൂര്‍വമായ ആലോചനയോടെയുമായിരിക്കണം തീരുമാനമെടുക്കേണ്ടത്. തിടുക്കത്തിലുളള വിവാഹ തീരുമാനങ്ങളില്‍ വധുവരന്മാര്‍ക്ക് പരസ്പരം നേരിട്ടു കാണുന്നതിനും സംസാരിക്കുന്നതിനും സമയം ലഭിക്കാതെ വരുന്നു. പലപ്പോഴും വിവാഹം നടത്തുന്നതിന്റെ സമയവും താളവും നിശ്ചയിക്കുന്നത് വധുവരന്മാരുടെ സമയമനുസരിച്ചല്ല, മറിച്ച് ബന്ധുമിത്രാദികളുടെ സൗകര്യമനുസരിച്ചാണ്. വിളിച്ചുചൊല്ലുന്ന മൂന്ന് ആഴ്ചയും, വിവാഹത്തിനും ഒത്തുകല്ല്യാണത്തിനുമിടയില്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്ന ദിവസങ്ങളും പക്വതയോടെയും, സ്വതന്ത്ര്യത്തോടെയും സ്വന്തം ജീവിതത്തെപ്പറ്റി ചിന്തിക്കാനുള്ള സാവകാശം വധൂവരന്മാര്‍ക്ക് നല്‍കുന്നു. അത് അവരുടെ അവകാശമാണ്.

ഒത്തുകല്യാണം പള്ളിയില്‍ കെട്ടുകല്യാണം അമ്പലത്തില്‍?

ചോദ്യം: ഒരു കത്തോലിക്കനും ഒരു ഹിന്ദു മതവിശ്വാസിയും ഹൈന്ദവാചാരപ്രകാരം വിവാഹം നടത്തുമ്പോള്‍ മനഃസമ്മതം കത്തോലിക്കാ പള്ളിയില്‍ വച്ച് നടത്തുന്നത് നിയമാനുസൃതമാണോ?

ഈ ചോദ്യത്തിന്റെ ഉത്തരം, നിയമാനുസൃതമല്ല എന്നതാണ്. എന്നാല്‍ ഈ സാഹചര്യത്തെ പൂര്‍ണ്ണമായി മനസ്സിലാക്കണമെങ്കില്‍ ഒരു കത്തോലിക്കാ വിശ്വാസിയും മാമ്മോദീസ സ്വീകരിക്കാത്ത ഒരു വ്യക്തിയും തമ്മിലുള്ള വിവാഹത്തെക്കുറിച്ചുള്ള സഭാ നിയമം അറിഞ്ഞിരിക്കണം. സഭയുടെ നിയമപ്രകാരം മാമ്മോദീസ സ്വീകരിക്കാത്ത വ്യക്തിയുമായി കത്തോലിക്കാ വിശ്വാസി വിവാഹ ബന്ധത്തിലേര്‍പ്പെടുവാന്‍ പാടില്ല. (CCEO പ്രൗരസ്ത്യ കാനന്‍ നിയമം-} c.803 §1, CIC {ലത്തീന്‍ കാനന്‍ നിയമം) c.1086}. പൗരസ്ത്യ പാശ്ചാത്യ സഭകളിലും വധുവരന്മാരുടെ മതവ്യത്യാസം (disparity of cult) വിവാഹത്തെ അസാധുവാക്കുന്ന ഒരു തടസ്സമായിട്ടാണ് (impediment) കണക്കാക്കുന്നത്. സത്യവിശ്വാസം നഷ്ടപ്പെടുത്താതിരിക്കാനും സന്താനങ്ങളെ സത്യവിശ്വാസത്തില്‍ വളര്‍ത്തിയെടുക്കുന്നതിന് തടസ്സമായേക്കാവുന്നതുമായ സാഹചര്യങ്ങള്‍ ഒഴിവാക്കുന്നതിനുമാണ് ഈ നിയമം നിലകൊള്ളുന്നത്. എന്നാല്‍ തക്ക സഭാധികാരികള്‍ക്ക് മതവ്യത്യാസം എന്ന വിവാഹ തടസ്സത്തില്‍ നിന്ന് ഒഴിവ് (dispensation) നല്‍കാന്‍ നിയമം അനുവദിക്കുന്നുണ്ട്. ഈ ഒഴിവ് സഭാധികാരികളില്‍ നിന്ന് (ഉദാ. രൂപതാദ്ധ്യക്ഷന്‍) ലഭിച്ചാല്‍, ഇത്തരം വിവാഹം പള്ളിയില്‍ വച്ച് നടത്താവുന്നതാണ്.

ഒഴിവ് ലഭിക്കണമെങ്കില്‍ ഇനിപ്പറയുന്ന കാര്യങ്ങള്‍ പാലിച്ചിരിക്കണം. കത്തോലിക്കാ കക്ഷി തന്റെ വിശ്വാസത്തെ സംരക്ഷിച്ച് ജീവിക്കുമെന്ന് ഉറപ്പു നല്‍കുകയും, വിവാഹത്തില്‍ നിന്ന് ഉണ്ടാകുന്ന മക്കളെ കത്തോലിക്കാ സഭയില്‍ മാമ്മോദീസയും ശിക്ഷണവും നല്‍കി വളര്‍ത്തുന്നതിന് തന്റെ കഴിവിനനുസരിച്ച് പരിശ്രമിക്കുമെന്ന് ആത്മാര്‍ത്ഥമായി രൂപതാദ്ധ്യക്ഷനു മുമ്പില്‍ വാഗ്ദാനം ചെയ്യുകയും ചെയ്യണം. കത്തോലിക്കാ കക്ഷി ചെയ്യുന്ന ഈ വാഗ്ദാനങ്ങളെക്കുറിച്ച് അക്രൈസ്തവ കക്ഷി യഥാസമയം അറിയുകയും അതിനെക്കുറിച്ച് വ്യക്തമായ ധാരണയുെണ്ടന്ന് ഉറപ്പുവരുത്തുകയും ചെയ്യണം. വിവാഹത്തിന്റെ അടിസ്ഥാനപരമായ ഉദ്ദേശ്യങ്ങളെയും ഗുണങ്ങളെയും കുറിച്ച് രണ്ട് കക്ഷികളും അറിയുകയും അതിനനുസരിച്ച് വിവാഹബന്ധത്തിലേര്‍പ്പെടാന്‍ സമ്മതം അറിയിക്കുകയും വേണം. ഇപ്രകാരമുള്ള ഉറപ്പിന്മേലാണ് വിവാഹം പള്ളിയില്‍ വച്ച് നടത്തുന്നത്. ഇങ്ങനെ നടത്തുന്ന വിവാഹം ഒരു കൂദാശയല്ല. മാമ്മോദീസ സ്വീകരിക്കാത്ത കക്ഷി മാമ്മോദീസ പിന്നീട് സ്വീകരിച്ചാല്‍ ആ നിമിഷത്തില്‍ ഈ വിവാഹത്തിന് കൗദാശിക സ്വഭാവം കൈവരുന്നതാണ്. ഇപ്രകാരം അനുവാദത്തോടെ വിവാഹം നടത്തുമ്പോള്‍ കത്തോലിക്കാ കക്ഷിക്കു തുടര്‍ന്നും കൂദാശകള്‍ സ്വീകരിച്ച് സഭാ ജീവിതം പൂര്‍ണ്ണമായി തുടരാവുന്നതാണ്.

ഒരു കത്തോലിക്കാ വിശ്വാസിക്ക് യാതൊരു കാരണവശാലും മാമ്മോദീസ സ്വീകരിക്കാത്ത ഒരു വ്യക്തിയെ ആ മതത്തിന്റെ വിവാഹ കര്‍മ്മം ഉപയോഗിച്ച് വിവാഹം കഴിക്കാന്‍ സഭാനിയമം അനുവദിക്കുന്നില്ല. അതിന് ഒഴിവു ലഭിക്കുന്നതുമല്ല. അതിനാല്‍, ഒരു കത്തോലിക്കാ വിശ്വാസി ഹൈന്ദവാചാര പ്രകാരം നടത്തുന്ന വിവാഹവുമായി സഭയ്ക്ക് യാതൊരു ബന്ധവുമില്ല. അതുകൊണ്ട് ഒത്തുകല്യാണം പള്ളിയില്‍ വച്ച് നടത്തുന്നത് അനുവദനീയമല്ല. സഭാനിയമം അനുശാസിക്കുന്നതിനെതിരായി വിവാഹം കഴിക്കുന്ന കത്തോലിക്കാ കക്ഷിക്ക് കത്തോലിക്കാസഭയില്‍ കൂദാശകള്‍ സ്വീകരിക്കുന്നതിന് ഈ വിവാഹത്തോടെ വിലക്ക് നിലവില്‍ വരുന്നതുമാണ്.

അവിശ്വാസിയും രോഗീലേപനവും

ചോദ്യം: അവിശ്വാസിയായി ജീവിച്ച ഒരു കത്തോലിക്കന് രോഗീലേപനം സ്വീകരിക്കാന്‍ അര്‍ഹതയുണ്ടോ? ഉണ്ടെങ്കില്‍ അതിന്റെ ഫലം ലഭിക്കുമോ?

ചോദ്യത്തിന് നേരിട്ട് ഉത്തരം പറയുന്നതിനുമുമ്പ് രോഗീലേപനമെന്ന കൂദാശയെക്കുറിച്ചുള്ള പൊതുവായ കാര്യങ്ങള്‍ വളരെ ചുരുക്കി പ്രതിപാദിക്കുന്നത് ഉചിതമെന്നു കരുതുന്നു.
അപ്രിയ യാഥാര്‍ത്ഥ്യമായ മരണത്തോട് അടുക്കുമ്പോള്‍ പരികര്‍മ്മം ചെയ്യേണ്ട കൂദാശയാണ് രോഗീലേപനം എന്ന പരമ്പരാഗത കാഴ്ചപ്പാട് ഈ കൂദാശയുടെ ജനകീയത വളരെയധികം നഷ്ടപ്പെടുത്തിയിട്ടുണ്ട്. രോഗീലേപനം എന്നത് സൗഖ്യദായകമായ ഒരു കൂദാശയാണെന്നും മറ്റേതു കൂദാശയെയുംപോലെ ജീവിച്ചിരിക്കുന്നവരുടെ ആത്മീയ സുസ്ഥിതിക്കുവേണ്ടി പരികര്‍മ്മം ചെയ്യപ്പെടുന്ന കൂദാശയാണെന്നും ഇന്ന് കൂടുതല്‍ ബോധ്യമായിക്കൊണ്ടിരിക്കുന്നു. രോഗാവസ്ഥയിലുള്ളവര്‍ ഈ കൂദാശ സ്വീകരിക്കുമ്പോള്‍ രോഗത്തെ ശാന്തമായി സ്വീകരിക്കുന്നതിനുള്ള കൃപ ലഭിക്കുന്നു. മരണാസന്നര്‍ ഈ കൂദാശ സ്വീകരിക്കുമ്പോള്‍ പാപങ്ങള്‍ ക്ഷമിക്കപ്പെട്ട് നിത്യയാത്രയ്ക്കുള്ള ഒരുക്കമായി അത് മാറുന്നു.

രോഗീലേപനത്തിനുള്ള അര്‍ഹത

ആര്‍ക്കാണ് രോഗീലേപനം സ്വീകരിക്കാന്‍ അര്‍ഹതയുള്ളത് എന്നതാണ് ചോദ്യത്തിന്റെ ഒരു ഭാഗം. മാമ്മോദീസയിലുടെ തിരുസ്സഭയില്‍ അംഗമായിത്തീര്‍ന്ന് വിശ്വാസജീവിതം നയിക്കുന്ന ഏതൊരു വ്യക്തിക്കും ഈ കൂദാശ സ്വീകരിക്കാനുള്ള അര്‍ഹതയുണ്ട്. വിശ്വാസികള്‍ക്കാണ് ഈ കൂദാശ സ്വീകരിക്കാന്‍ അര്‍ഹതയുള്ളതെന്ന് സഭാനിയമം വ്യക്തമാക്കുന്നുണ്ട് (cf. CCEO cc. 737, 738, 740; CIC cc. 998, 1003, 1004). ലത്തീന്‍ സഭയുടെ കാനന്‍നിയമം ഇക്കാര്യം അല്‍പംകൂടി വ്യക്തമാക്കുന്നുണ്ട്. അജപാലനദൗത്യം ഏല്‍പ്പിക്കപ്പെട്ടിരിക്കുന്ന വൈദികര്‍ തങ്ങളുടെ വിശ്വാസികള്‍ക്ക് ഈ കൂദാശ പരികര്‍മ്മം ചെയ്യാന്‍ കടമയും ഉത്തരവാദിത്വവുമുള്ളവരാണ് എന്ന് നിയമം വ്യക്തമാക്കുന്നു (CIC c. 1003 § 2). തങ്ങള്‍ക്ക് അര്‍ഹതപ്പെട്ട ഈ കൂദാശ വിശ്വാസികള്‍ സ്വയം ചോദിച്ചുവാങ്ങേണ്ടതാണ് എന്നും നിയമം പറയുന്നു (CCEO c. 738).
ഈ കൂദാശ സ്വമനസാ ആവശ്യപ്പെടാന്‍ കഴിയാത്ത സാഹചര്യത്തിലും ഒരു വ്യക്തിക്ക് ഈ കൂദാശ നല്കുന്നതിനെപ്പറ്റി സഭാനിയമം ഇപ്രകാരമാണ് പറയുന്നത്: ”ഗുരുതരമായ അസുഖമുള്ളവരും അബോധാവസ്ഥയിലോ ബുദ്ധിശക്തി നഷ്ടപ്പെട്ട അവസ്ഥയിലോ ഉള്ളവരുമായ ക്രൈസ്തവവിശ്വാസികള്‍ മരണാവസ്ഥയിലോ, വൈദികന്റെ തീരുമാനപ്രകാരം മറ്റൊരു സമയത്തുപോലുമോ തങ്ങള്‍ക്കുവേണ്ടി ഈ കൂദാശ പരികര്‍മ്മം ചെയ്യപ്പെടണമെന്ന് ആഗ്രഹിക്കുന്നതായി കരുതപ്പെടുന്നു.” (CCEO c. 740; CIC cc. 1005, 1006). കൗദാശിക ജീവിതത്തിലൂടെ സഭയോടും സമൂഹത്തോടും ചേര്‍ന്നുജീവിച്ച ഒരു വ്യക്തിക്ക് സ്വയം ആവശ്യപ്പെടാന്‍ സാധിക്കാത്ത സാഹചര്യത്തിലും ഈ കൂദാശ പരികര്‍മ്മം ചെയ്യണം എന്ന് സഭാനിയമം വ്യക്തമാക്കുന്നു.

അവിശ്വാസിയുടെ അര്‍ഹത

‘അവിശ്വാസിയായി ജീവിച്ച’ എന്ന വിശേഷണം മനുഷ്യന്റെ കാഴ്ചപ്പാടാണ്. വിശ്വാസജീവിതത്തിന്റെ ബാഹ്യമാനദണ്ഡങ്ങള്‍ക്കപ്പുറം ഹൃദയം കാണുന്ന ദൈവത്തിന്റെ പ്രവര്‍ത്തനം കൂദാശയുടെ പരികര്‍മ്മത്തില്‍ സംഭവിക്കാനുള്ള സാധ്യത നിഷേധിക്കാന്‍ നമുക്ക് അവകാശമില്ല. ‘അവിശ്വാസി’ എന്ന് സമൂഹം വിശേഷിപ്പിക്കുന്ന വ്യക്തി രോഗീലേപനം എപ്പോഴെങ്കിലും ആവശ്യപ്പെട്ടാല്‍ ഒരു കാരണവശാലും അത് നിഷേധിക്കാന്‍ പാടില്ല. മാമ്മോദീസാ സ്വീകരിച്ച വ്യക്തിയാണെങ്കില്‍ ഈ കൂദാശ സ്വീകരിക്കാനുള്ള അര്‍ഹതയും അവകാശവും ആ വ്യക്തിക്കുണ്ട്. സുവിശേഷത്തിലെ നല്ല കള്ളന്റെ മാനസാന്തര അനുഭവത്തിന്റെ നേര്‍സാക്ഷി ഈശോ മാത്രമായിരുന്നു. നല്ല കള്ളനെപ്പോലെ മാനസാന്തരപ്പെടാനുള്ള അവസരവും അവകാശവും എല്ലാവര്‍ക്കുമുണ്ട്. അതിനാല്‍ ചോദിക്കുന്ന ആര്‍ക്കും രോഗീലേപനം നിഷേധിക്കാന്‍ പാടില്ല. മറിച്ച്, ഇങ്ങനെയൊരവസരത്തില്‍ ആ വ്യക്തിയെ മാനസാന്തരത്തിലേക്ക് നയിക്കാനുള്ള കരുണാര്‍ദ്രമായ സമീപനമാണ് വൈദികര്‍ സ്വീകരിക്കേണ്ടത്. കുരിശിലെ തന്റെ ജീവത്യാഗത്തിലൂടെ ഈശോ എല്ലാവര്‍ക്കുമായി നല്കിയ രക്ഷ ആര്‍ക്കും നിഷേധിക്കാനുള്ള അവകാശം വൈദികര്‍ക്കില്ല എന്നതും ഓര്‍മ്മിക്കേണ്ടതുണ്ട്.

ആര്‍ക്കു നിഷേധിക്കാം?

അതേസമയം, പരസ്യപാപത്തില്‍ നിര്‍ബന്ധബുദ്ധിയോടെ തുടരുന്ന ഒരു വ്യക്തിക്ക് രോഗീലേപനം നല്‍കരുത് എന്ന് ലത്തീന്‍ സഭാനിയമം കൂട്ടിച്ചേര്‍ക്കുന്നുണ്ട് (CIC c. 1007). ഇവിടെ രണ്ട് സാഹചര്യങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്: ഒന്ന്, സഭയെയും ദൈവത്തെയും തള്ളിപ്പറഞ്ഞ് പരസ്യപാപത്തില്‍ ജീവിക്കുന്ന വ്യക്തി സ്വന്തം തീരുമാനത്തില്‍ രോഗീലേപനം സ്വീകരിക്കുന്നതിന് ആഗ്രഹം പ്രകടിപ്പിച്ചാല്‍ അത് ആ വ്യക്തിയുടെ മാനസാന്തര നിമിഷമായി കണ്ട് രോഗീലേപനം നല്‍കണം എന്നതാണ് സഭാനിയമത്തിന്റെ അന്തഃസത്ത. കുമ്പസാരമെന്ന കൂദാശയിലൂടെ പാപമോചനം നല്കാന്‍ സാധ്യതയുണ്ടെങ്കില്‍ അതിനുശേഷമാണ് രോഗീലേപനം നല്‍കേണ്ടത്. രണ്ടാമത്തേത്, ഇപ്രകാരം പാപത്തില്‍ ജീവിക്കുന്ന വ്യക്തി സ്വന്തം തീരുമാനത്തില്‍ കൂദാശ ആവശ്യപ്പെടാത്ത സാഹചര്യമാണ്. കൂദാശ ആ വ്യക്തിക്കുവേണ്ടി ആവശ്യപ്പെടുന്നത് മറ്റുള്ളവരാണ്. രോഗബാധിതനായ വ്യക്തി സുബോധത്തോടെ കൂദാശയെ നിഷേധിക്കുകയും ചെയ്യുന്നു. ഇത്തരം സാഹചര്യത്തില്‍ നിര്‍ബന്ധമായി ആ വ്യക്തിക്ക് രോഗീലേപനം നല്‍കാന്‍ പാടില്ല. കാരണം, കൂദാശ സ്വീകരിക്കുന്നതിന് ആവശ്യമായ ആന്തരിക മനോഭാവം ഇല്ലായെന്നുമാത്രമല്ല, ദൈവനിഷേധം തുടരുകയും ചെയ്യുന്നു. ഇത്തരം സാഹചര്യങ്ങളില്‍ ‘ബലം പ്രയോഗിച്ചു’ നല്‍കുന്ന രോഗീലേപനത്തിന് കൗദാശികമായ യാതൊരു ഫലവും ആ വ്യക്തിക്കു ലഭിക്കുന്നില്ല എന്നതും വ്യക്തമാണ്.
ഇത്തരം സാഹചര്യത്തിന്റെ മറ്റൊരുവശം ചിന്തിക്കാം. മറ്റുള്ളവരുടെ മുമ്പില്‍ ദൈവനിഷേധിയും അവിശ്വാസിയുമായി അറിയപ്പെട്ടിരുന്ന ഒരു വ്യക്തി അബോധാവസ്ഥയില്‍ ആയിരിക്കുമ്പോള്‍ അദ്ദേഹവുമായി അടുത്തബന്ധമുള്ളവര്‍ മറ്റാര്‍ക്കും അറിയാത്ത ആ വ്യക്തിയുടെ വിശ്വാസജീവിതം വൈദികനുമുമ്പില്‍ സാക്ഷ്യപ്പെടുത്തുകയും രോഗീലേപനം നല്‍കുന്നതിന് ആവശ്യപ്പെടുകയും ചെയ്താല്‍ ആ വ്യക്തിക്ക് കൂദാശ പരികര്‍മ്മം ചെയ്യേണ്ടതാണ്. അതേപോലെ ദൈവനിഷേധിയും അവിശ്വാസിയും പരസ്യപാപിയുമായി ജീവിച്ചിരുന്ന വ്യക്തിയുടെ കാര്യത്തിലാണെങ്കിലും അടുത്ത ബന്ധുക്കളുടെ ആവശ്യം പരിഗണിച്ച് ആ വ്യക്തിക്ക് കൂദാശ പരികര്‍മ്മം ചെയ്യേണ്ടതാണ്.

ഹൃദയം കാണുന്ന ദൈവം

ചുരുക്കത്തില്‍, ഹൃദയം കാണുന്ന ദൈവത്തിന്റെ കരുണാര്‍ദ്രമായ സമീപനമായിരിക്കണം രോഗീലേപനമെന്ന കൂദാശ പരികര്‍മ്മം ചെയ്യുന്ന വൈദികന് ഇത്തരം സാഹചര്യങ്ങളില്‍ ഉണ്ടാകേണ്ടത്. നല്ല കള്ളനെ പറുദീസായില്‍ സ്വീകരിച്ച ഈശോയുടെ മനോഭാവവും (ലൂക്കാ 23:43) തളര്‍വാത രോഗിയെ വീടിന്റെ മേല്‍ക്കൂരപൊളിച്ച് തന്റെ മുന്നിലെത്തിച്ചവരുടെ വിശ്വാസം കണ്ട് തളര്‍വാതരോഗിയുടെ പാപങ്ങള്‍ ക്ഷമിച്ച് അവനെ സുഖപ്പെടുത്തിയ ഈശോയുടെ മനോഭാവവുമാണ് (മര്‍ക്കോ 2:4-6) ഇത്തരം സാഹചര്യങ്ങളില്‍ അവസാന നിയമമായി സ്വീകരിക്കേണ്ടത്.

ലിവിങ് ടുഗെതര്‍ അനുവദനീയമോ?

ചോദ്യം: മിന്റു സഭാനിയമമനുസരിച്ച് ദേവാലയത്തില്‍വച്ച് വിവാഹിതനായ വ്യക്തിയാണ്. പ്രത്യേക കാരണങ്ങളാല്‍ സഭാകോടതിയില്‍ നിന്ന് മിന്റുവിന്റെ വിവാഹം അസാധുവെന്ന് പ്രഖ്യാപിച്ചുകൊണ്ടുള്ള ഡിക്രിയും, സിവില്‍ കോടതിയില്‍ നിന്ന് വിവാഹമോചനവും ലഭിച്ചു. ഇപ്പോള്‍ മിന്റു ഇതിനിടയില്‍ പരിചയപ്പെട്ട മിനിയുമായി വിവാഹം കഴിക്കാതെ ഒരുമിച്ചു താമസിക്കുന്നു. ഇവര്‍ക്കു കൂദാശകള്‍ സ്വീകരിക്കാമോ?

ചോദ്യത്തിന്റെ ആദ്യഭാഗത്ത് പറയുന്ന കാര്യങ്ങള്‍ നമുക്ക് പരിചയമുള്ളവയാണ്. എന്നാല്‍ അവസാനഭാഗത്തു പ്രതിപാദിക്കുന്ന ലിവിങ് ടുഗെതര്‍ (ഒരുമിച്ച് താമസിക്കുന്നത്) എന്ന പുതിയ ജീവിതസംസ്‌കാരം നമ്മുടെ നാട്ടില്‍ ആരംഭിക്കുന്നതേയുള്ളൂ. ചോദ്യത്തില്‍ പറഞ്ഞിരിക്കുന്ന സാഹചര്യങ്ങള്‍ വിശകലനം ചെയ്യുന്നതിലൂടെ ഇത്തരക്കാരുടെ കൂദാശസ്വീകരണത്തെക്കുറിച്ചുള്ള സഭയുടെ നിലപാട് വ്യക്തമാക്കാം.

മിന്റുവിന്റെ വിവാഹം പ്രത്യേക കാരണങ്ങളാല്‍ മുന്നോട്ടുപോയില്ല എന്നുവേണം മനസിലാക്കാന്‍. വിവാഹജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഉയര്‍ന്നപ്പോള്‍ മിന്റു നിയമമനുസരിച്ചുള്ള പരിഹാരമാര്‍ഗങ്ങള്‍ തേടി എന്നതു വ്യക്തമാണ്. അതിനാല്‍, തന്റെ വിവാഹത്തക്കുറിച്ചുള്ള പരാതി സഭാകോടതിയില്‍ നല്‍കുകയും, വിവാഹം അസാധുവായിരുന്നു എന്ന് പ്രഖ്യാപിക്കുന്ന ഡിക്രി ലഭിക്കുകയും ചെയ്തു. നാടിന്റെ നിയമമനുസരിച്ച് സിവില്‍ കോടതിയില്‍നിന്ന് വിവാഹമോചനവും നേടി.

ഇതുവരെ മിന്റുവിന്റെ നടപടി നിയമാനുസൃതമാണ്. തന്റെ ഭാര്യയുമായുള്ള വിവാഹം സഭാകോടതിയില്‍നിന്നും സിവില്‍ കോടതിയില്‍നിന്നും വേര്‍പെടുത്തിയ മിന്റുവിന് കൂദാശകള്‍ സ്വീകരിക്കുകയും പൂര്‍ണ്ണമായ സഭാത്മക ജീവിതം നയിക്കുകയും ചെയ്യാനുള്ള അവകാശം ഉണ്ടായിരുന്നു. മിന്റു ചെയ്യേണ്ടിയിരുന്നത്, സഭാനിയമമനുസരിച്ചുതന്നെ രണ്ടാമതൊരു വിവാഹത്തിന് തയ്യാറെടുക്കുക എന്നതായിരുന്നു. എന്നാല്‍ മിന്റു ആധുനിക സംസ്‌കാരത്തിന്റെ പുതിയ പരീക്ഷണങ്ങളിലേക്ക് ആകര്‍ഷിക്കപ്പെട്ടു എന്നതാണ് പിന്നീട് കാണുന്നത്.

മിന്റുവിന്റെ ചരിത്രം നമുക്ക് ഇങ്ങനെ മനസിലാക്കാം. മിന്റു മിനിയെ പരിചയപ്പെടുന്നു. മിനി വിവാഹം കഴിച്ചിട്ടില്ലാത്ത വ്യക്തിയാണ്. മിന്റുവിന് ആദ്യവിവാഹത്തില്‍നിന്നുണ്ടായ അനുഭവം മറ്റൊരു വിവാഹത്തില്‍ ഏര്‍പ്പെടാന്‍ ആത്മധൈര്യം നല്‍കുന്നില്ല. തന്നെയുമല്ല, സഭാകോടതിയിലെയും സിവില്‍കോടതിയിലെയും നടപടിക്രമങ്ങളിലൂടെ കടന്നുപോയതുവഴി ഒത്തിരിയേറെ മാനസികപ്രയാസം മിന്റു അനുഭവിക്കുകയും ചെയ്തു. അങ്ങനെയിരിക്കുമ്പോഴാണ് മിനിയുടെ സുഹൃത്തുക്കളില്‍ ചിലര്‍ ‘ലിവിങ് ടുഗെതര്‍’ എന്ന പുതിയ പരീക്ഷണം നടത്തുന്ന വിവരം മിനി മിന്റുവിനോട് പറയുന്നത്. സ്വാഭാവികമായും മിന്റു ഈ പരീക്ഷണം നടത്താന്‍ തീരുമാനിച്ചു. അപ്രകാരം അവര്‍ ഒരുമിച്ചുള്ള ജീവിതം ആരംഭിച്ചു. ഇതാണ് മിന്റുവിന്റെ ഇപ്പോഴത്തെ അവസ്ഥ.

എന്താണ് ‘ലിവിങ് ടുഗെതര്‍’ എന്നത് മനസിലാക്കേണ്ടത് ആവശ്യമാണ്. പാശ്ചാത്യരാജ്യങ്ങളില്‍ വേരുപിടിച്ചതും ഇപ്പോള്‍ നമ്മുടെ നാട്ടില്‍ ആരംഭിച്ചിരിക്കുന്നതുമായ ഒരു പ്രതിഭാസമാണിത്. പ്രായപൂര്‍ത്തിയായ ഒരു യുവാവും യുവതിയും മതപരമായതോ സിവില്‍നിയമമനുസരിച്ചുള്ളതോ ആയ വിവാഹത്തില്‍ ഏര്‍പ്പെടാതെ ഒരു കുടുംബംപോലെ ഒരുമിച്ച് താമസിക്കുന്ന സാഹചര്യമാണിത്.

ലിവിങ് ടുഗെതറിനോട് നമ്മുടെ നാടിന്റെയും നിയമവ്യവസ്ഥയുടെയും സമീപനം എന്താണ്? ഇങ്ങനെ ഒരുമിച്ചു താമസിക്കുന്നവര്‍ സിവില്‍ നിയമമനുസരിച്ച് വിവാഹിതരാകാനുള്ള യോഗ്യത ഉള്ളവരായിരിക്കണമെന്ന് ഭാരതത്തിന്റെ പരമോന്നത നീതിപീഠം വ്യക്തമാക്കിയിട്ടുണ്ട് (10 SCC 469). അതേസമയം, യുവതീയുവാക്കള്‍ വിവാഹം കൂടാതെ ഒരുമിച്ച് താമസിക്കുന്നത് സാമൂഹ്യവ്യവസ്ഥിതിയില്‍ അധാര്‍മികമെന്നു വിലയിരുത്തപ്പെടാമെങ്കിലും അത് നിയമവിരുദ്ധമായ ഒരു യാഥാര്‍ത്ഥ്യമല്ലെന്നു സുപ്രീംകോടതി വിലയിരുത്തിയിട്ടുണ്ട് (5 SCC 600). എന്നാല്‍ ഇക്കാര്യത്തില്‍ മദ്രാസ് ഹൈക്കോടതിയുടെ വിധി ശ്രദ്ധേയമാണ്. നീണ്ടവര്‍ഷങ്ങള്‍ വിവാഹം കൂടാതെ ഒരുമിച്ചു താമസിച്ചതിനുശേഷം തന്നെ ഉപേക്ഷിച്ചു പോയ പുരുഷനില്‍ നിന്ന് ഭാര്യക്കടുത്ത അവകാശങ്ങള്‍ ലഭിക്കുന്നതിന്, സ്ത്രീ നല്‍കിയ പരാതി തള്ളിയ കോയമ്പത്തൂര്‍ കുടുംബകോടതിയുടെ തീരുമാനം അംഗീകരിച്ചുകൊണ്ടാണ് മദ്രാസ് ഹൈക്കോടതി ഇക്കാര്യത്തില്‍ നിരീക്ഷണം നടത്തിയത്. നിയമം അനുശാസിക്കുന്ന ഏതെങ്കിലും വിധത്തില്‍ നിയമാനുസൃതം വിവാഹിതരാകാത്തവര്‍ക്ക് ഭാര്യാഭര്‍ത്താക്കന്മാരുടെ അവകാശങ്ങള്‍ ഒരിക്കലും അവകാശപ്പെടാന്‍ സാധിക്കുകയില്ലെന്ന് കോടതി വ്യക്തമാക്കി. അതിനാല്‍, വിവാഹം കൂടാതെ ഒരുമിച്ചു താമസിക്കുന്നവര്‍ക്കു തുല്യമായ അവകാശങ്ങള്‍ അവകാശപ്പെടാനാവില്ല എന്നത് ഇതിനാല്‍ വ്യക്തമാണ്.

ലിവിങ് ടുഗെതര്‍ നടത്തുന്നവരോടുള്ള സഭയുടെ നിലപാട് എന്ത് എന്നത് ഇനി പരിശോധിക്കാം. സ്വാഭാവികമായും ഇത്തരം ബന്ധങ്ങളെ സഭ അംഗീകരിക്കുന്നില്ല. വിവാഹമൊഴികെ മറ്റേതുതരത്തിലുള്ള ബന്ധത്തെയും ക്രമരഹിതമായ ജീവിതശൈലിയായാണ് സഭ കാണുന്നത്. ലിവിങ് ടുഗെതര്‍ വിവാഹേതരബന്ധമായി കാണുന്നതിനാല്‍ കുമ്പസാരമെന്ന കൂദാശ യഥാവിധി സ്വീകരിക്കാന്‍ ഇവര്‍ക്കു സാധിക്കില്ല. അതിനാല്‍ തന്നെ വിശുദ്ധ കുര്‍ബാന സ്വീകരിക്കുവാനും കഴിയില്ല. രജിസ്റ്റര്‍ വിവാഹം മാത്രം നടത്തി, ദൈവാലയത്തില്‍വച്ച് വിവാഹം നടത്താതെ ജീവിക്കുന്നവരുടെ സാഹചര്യത്തിനു തുല്യമാണ് ഇവരുടേതും. എന്നാല്‍, രജിസ്റ്റര്‍ വിവാഹം കഴിച്ചു ജീവിക്കുന്നവരെക്കാള്‍ കൂടുതല്‍ ഉതപ്പ് (scandal) ലിവിങ് ടുഗെതര്‍ നടത്തുന്നവര്‍ പൊതുസമൂഹത്തിന് നല്‍കുന്നുണ്ട് എന്നതും യാഥാര്‍ത്ഥ്യമാണ്.

വിവാഹം കഴിക്കാതെ ഒരുമിച്ചു താമസിക്കുന്ന ഇത്തരം യുവതീയുവാക്കളെ അജപാലനപരമായ ശ്രദ്ധയോടെ സമീപിക്കുകയും വിവാഹജീവിതത്തിലേക്ക് പ്രവേശിക്കാന്‍ അവരെ പ്രചോദിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്. ലിവിങ് ടുഗെതറിലായിരിക്കുമ്പോള്‍ കൗദാശിക ജീവിതം സാധ്യമല്ലെന്നും അത് അവരുടെ തീരുമാനത്തിന്റെ മാത്രം ഫലമാണെന്നും അവരെ ബോധ്യപ്പെടുത്തുന്നത് അജപാലനത്തിന്റെ ഭാഗമാണ്. ദൈവം സ്ഥാപിച്ച വിവാഹമെന്ന കൂദാശ സ്വീകരിച്ചുകൊണ്ട് തങ്ങളുടെ ഉത്തരവാദിത്വങ്ങള്‍ സഭയോടു ചേര്‍ന്നു നിര്‍ബന്ധിക്കുവാന്‍ ഇത്തരം ജീവിതം നയിക്കുന്നവരെ ബോധ്യപ്പെടുത്തേണ്ടതും അജപാലനപരമായ കടമയാണ്. ഇങ്ങനെ ഒരുമിച്ചു താമസിക്കുന്നവര്‍ക്കു ബന്ധപ്പെട്ട രൂപതാധ്യക്ഷന്റെ മുന്‍പില്‍ ക്ഷമായാചനം നടത്തി അദ്ദേഹം നിശ്ചയിക്കുന്ന പരിഹാരം ചെയ്തു അദ്ദേഹത്തിന്റെ അനുവാദത്തോടെ ദൈവാലയത്തില്‍ വിവാഹിതരായി തങ്ങളുടെ ജീവിതം ക്രമപ്പെടുത്താവുന്നതാണ്.

മാനസികപ്രശ്‌നങ്ങള്‍ വിവാഹത്തെ അസാധുവാക്കുമോ?

ചോദ്യം: മാനസികപ്രശ്‌നങ്ങളുള്ള വ്യക്തികള്‍ ഏര്‍പ്പെടുന്ന വിവാഹം അസാധുവാണെന്നു കേട്ടിട്ടുണ്ട്. സഭാകോടതികളിലും ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യുന്നുണ്ടെന്ന് അറിയുന്നു. ഇതുമായി ബന്ധപ്പെട്ട സഭാനിയമം വിശദീകരിക്കാമോ? മാനസികപ്രശ്‌നങ്ങള്‍ വിവിധ ഗ്രേഡുകളില്‍ ഉണ്ടെന്നതും നിയമം കണക്കിലെടുക്കുന്നുണ്ടോ?

മാനസികപ്രശ്‌നങ്ങളുള്ള ഒരു വ്യക്തിക്കു വിവാഹമെന്ന കൂദാശ സ്വീകരിക്കാന്‍ എന്താണു തടസം എന്ന ചോദ്യത്തിന്റെ ഉത്തരം, എന്താണു വിവാഹം എന്നതും വിവാഹമെന്ന കൂദാശ അതു സ്വീകരിക്കുന്ന രണ്ടു വ്യക്തികളില്‍നിന്ന് എന്താണ് ആവശ്യപ്പെടുന്നത് എന്നതും വിശകലനം ചെയ്യുമ്പോഴാണ് ലഭിക്കുന്നത്. അതിനാല്‍ വിവാഹത്തെക്കുറിച്ചും വിവാഹത്തിലേര്‍പ്പെടുന്ന വ്യക്തികളുടെ ദൗത്യത്തെക്കുറിച്ചും നിയമം പറയുന്നത് എന്താണെന്ന് ആദ്യം പരിശോധിക്കാം.

പൗര്യസ്ത്യസഭാനിയമം വിവാഹത്തില്‍ നല്‍കുന്ന സമ്മതത്തെക്കുറിച്ചു പ്രതിപാദിക്കുന്ന ഭാഗത്ത് ഇപ്രകാരം പറയുന്നു: ”വിവാഹം നടത്തുവാന്‍ കഴിവില്ലാത്തവര്‍ താഴെപ്പറയുന്നവരാണ്. 1. വേണ്ടുവോളം ആലോചനാശേഷി ഇല്ലാത്തവര്‍. 2. പരസ്പരം കൊടുക്കുകയും സ്വീകരിക്കുകയും ചെയ്യേണ്ട വൈവാഹികജീവിതത്തിന്റെ അത്യന്താപേക്ഷിതമായ കടമകളെപ്പറ്റിയും അവകാശങ്ങളെപ്പറ്റിയുമുള്ള വിവേചനാശക്തിക്കു ഗുരുതരമായ തകരാറു പറ്റിയിട്ടുള്ളവര്‍. 3. മാനസികസ്വഭാവത്തിന്റെ കാരണങ്ങള്‍കൊണ്ടു വൈവാഹിക ജീവിതത്തിന്റെ അത്യന്താപേക്ഷിതമായ കടമകള്‍ ഏറ്റെടുക്കുവാന്‍ കഴിയാത്തവര്‍” (c.818). ലത്തീന്‍ സഭാനിയമത്തിലും ഇതേ കാര്യംതന്നെയാണു പറയുന്നത് (c.1095).

സഭാനിയമ വായനയില്‍നിന്നു രണ്ടു കാര്യങ്ങള്‍ വ്യക്തമാകുന്നു. ഒന്ന്, വേണ്ടുവോളം ആലോചനാശേഷിയില്ലാത്തവര്‍ക്കും വിവേചനാശക്തിക്കു ഗുരുതരമായ തകരാറു പറ്റിയിട്ടുള്ളവര്‍ക്കും വിവാഹജീവിതത്തിന്റെ കടമകളുടെ നിര്‍വ്വഹണം നടത്താന്‍ സാധിക്കാത്തരീതിയില്‍ മാനസികബുദ്ധിമുട്ടുള്ളവര്‍ക്കുമാണ് സഭാനിയമം വിവാഹം നിഷേധിക്കുന്നത്. രണ്ട്, വൈവാഹികജീവിതത്തിന്റെ അത്യന്താപേക്ഷിതമായ കടമകളുടെ നിര്‍വഹണം വിവാഹിതരാകുന്ന വ്യക്തികള്‍ ഏറ്റെടുക്കണം.

എന്താണു വിവാഹം എന്നതും വിവാഹത്തില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന വിവിധതലങ്ങള്‍ ഏതെന്നും സഭാനിയമം കൃത്യമായി നിര്‍വചിക്കുന്നുണ്ട്. 1. വിവാഹം സ്രഷ്ടാവു സ്ഥാപിച്ചതാണ്. 2. വിവാഹം ദൈവികനിയമങ്ങള്‍വഴി ക്രമപ്പെടുത്തിയിരിക്കുന്നതാണ്. 3. ഒരു ഉടമ്പടിയിലൂടെ ജീവിതകാലം മുഴുവന്‍ നിലനില്‍ക്കുന്ന ഒരു പങ്കാളിത്തമാണ് വിവാഹം. 4. ദമ്പതികളുടെ നന്മ ഉറപ്പുവരുത്തുന്നു. 5. വിവാഹത്തിലൂടെ കുഞ്ഞുങ്ങള്‍ക്കു ജന്മം നല്‍കണം. 6. കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസം ഏറ്റെടുക്കണം. 7. വിവാഹം ഒരു വ്യക്തിയുടെകൂടെ മാത്രമുള്ള ബന്ധമാണ്. 8. ജീവിതകാലം മുഴുവന്‍ നിലനില്‍ക്കേണ്ട ബന്ധമാണ് വിവാഹത്തിലൂടെ സ്ഥാപിക്കപ്പെടുന്നത് (CCEO c. 766, CIC c. 1055).

ഒരു വിവാഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകം എന്നു പറയുന്നത് വധൂവരന്മാര്‍ പരസ്പരം നല്‍കുന്ന സമ്മതമാണ്. വിവാഹസമ്മതത്തെക്കുറിച്ചും സഭാനിയമം കൃത്യമായ ധാരണ നല്‍കുന്നുണ്ട്. ഒരു സ്ത്രീയും പുരുഷനും പിന്‍വലിക്കാന്‍ പാടില്ലാത്തവിധം കൊടുക്കുകയും സ്വീകരിക്കുകയും ചെയ്യുന്ന ഇച്ഛയുടെ പ്രവൃത്തിയാണ് വിവാഹസമ്മതം. ദമ്പതികള്‍ പൂര്‍ണസ്വാതന്ത്ര്യത്തോടെയും സമ്മതത്തോടെയും നല്‍കേണ്ട ഈ സമ്മതം മൂന്നാമതൊരാള്‍ക്ക് (ഉദാ. മാതാപിതാക്കള്‍, സഹോദരങ്ങള്‍, സുഹൃത്തുക്കള്‍ തുടങ്ങിയവര്‍ക്ക്) വധൂവരന്മാര്‍ക്കുവേണ്ടി നല്‍ക്കാനാവില്ല (CCEO c. 817, CIC c. 1057).

ഇവിടെ പരിശോധിച്ച സഭാനിയമങ്ങളില്‍നിന്നു വ്യക്തമാകുന്ന കാര്യം വിവാഹമെന്ന കൂദാശയുടെ സ്വീകരണത്തിന് അതിലേര്‍പ്പെടുന്ന വ്യക്തികള്‍ ശാരീരികമായും മാനസികമായും ഒരുക്കമുള്ളവരും കഴിവുള്ളവരും ആഭിമുഖ്യമുള്ളവരുമായിരിക്കണം എന്നുള്ളതാണ്. വിവാഹത്തെ സൃഷ്ടിക്കുന്ന വിവാഹസമ്മതം വധൂവരന്മാര്‍ നല്‍കുകയും സ്വീകരിക്കുകയും ചെയ്യുമ്പോള്‍ വിവാഹത്തിലൂടെ ദൈവവും സഭയും ലക്ഷ്യമിടുന്ന കാര്യങ്ങള്‍ നിര്‍വഹിക്കാനുള്ള സന്നദ്ധതയുടെ ഏറ്റുപറച്ചില്‍കൂടിയാണു നടക്കുന്നത്. ആദ്യമേ സൂചിപ്പിച്ചതുപോലെ വേണ്ടത്ര ആലോചനാശേഷിയും വിവേചനാശക്തിയും വിവാഹം ഏല്‍പ്പിക്കുന്ന ദൗത്യനിര്‍വഹണത്തിനു ആവശ്യമായ മാനസികാരോഗ്യവും ഇതിനാവശ്യമാണ് എന്നര്‍ത്ഥം. ഏറ്റെടുക്കുന്ന ഉത്തരവാദിത്വങ്ങളുടെ അര്‍ത്ഥവും വ്യാപ്തിയും ഗൗരവവും മനസിലാക്കാന്‍ സാധിക്കാത്തവിധം മാനസികവൈകല്യമുള്ള ഒരു വ്യക്തിയെ വിവാഹത്തില്‍ ഏര്‍പ്പെടുന്നതില്‍നിന്നു സഭാനിയമങ്ങള്‍ വിലക്കുന്നുണ്ട്.

അടുത്ത ഒരു ചോദ്യം പ്രസക്തമാണ്. ആലോചനാശേഷിയും വിവേചനാശക്തിയും ദൗത്യനിര്‍വഹണത്തിനുള്ള മാനസികശേഷിയും വിവാഹത്തില്‍ ഏര്‍പ്പെടുന്ന എല്ലാവര്‍ക്കും അതിന്റെ പൂര്‍ണതയില്‍ ഉണ്ടോ? ഇല്ല എന്നുതന്നെയാണു ഉത്തരം. മേല്‍പ്പറഞ്ഞ ഗുണങ്ങളൊന്നും അതിന്റെ പൂര്‍ണതയില്‍ ആര്‍ക്കും അവകാശപ്പെടാനാവില്ല. അതുകൊണ്ടുതന്നെയാണു വിവാഹിതരാകുന്നവര്‍ക്ക് ‘ആവശ്യമായ’ ആലോചനാശേഷിയും വിവേചനാശക്തിയും കാര്യനിര്‍വഹണശേഷിയും ഉണ്ടായിരിക്കണമെന്നു സഭാനിയമം നിഷ്‌കര്‍ഷിക്കുന്നത്. എന്നുവച്ചാല്‍ വിവാഹബന്ധത്തിന്റെ സ്വഭാവം ആവശ്യപ്പെടുന്ന ഗൗരവബോധവും വിവാഹത്തിന്റെ ലക്ഷ്യങ്ങള്‍ നേടുന്നതിനുള്ള സാധാരണമായ പ്രാപ്തിയും ഉള്ളവര്‍ക്കു വിവാഹം കഴിക്കാം എന്നര്‍ത്ഥം. ചില വ്യക്തികള്‍ക്കു മേല്‍പ്പറഞ്ഞ കഴിവുകളുടെ ഗുരുതരമായ അഭാവത്തില്‍ ഒരുമിച്ചുള്ള ജീവിതം ആവശ്യപ്പെടുന്ന ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കുന്നതിനോ ദാമ്പത്യജിവിതത്തിന്റെ സ്വഭാവം മനസിലാക്കുന്നതിനോ ജീവിതപങ്കാളിയുടെയും മക്കളുടെയും നേര്‍ക്കുള്ള കടമകള്‍ നിറവേറ്റുന്നതിനോ സാധിക്കാതെവരുന്നു. ഇങ്ങനെയുള്ളവരെയാണു വിവാഹത്തില്‍നിന്നു സഭാനിയമം വിലക്കിയിരിക്കുന്നത്.

അടുത്ത പ്രധാനപ്പെട്ട ചോദ്യം ആരാണു ഒരു വ്യക്തിയുടെ മാനസികശേഷി നിര്‍ണയിക്കുന്നത് എന്നതാണ്. നമ്മുടെ സംസ്‌കാരത്തില്‍ മാനസിക ബുദ്ധിമുട്ടുകളും വൈകല്യങ്ങളും മൂടിവയ്ക്കുന്ന പ്രവണതയാണ് ഇപ്പോഴുമുള്ളത്. വിവാഹ ഒരുക്കത്തിന്റെ സമയത്തു ബഹു. വികാരിയച്ചന്മാര്‍ക്കു ഇതു വലിയ പ്രായോഗികപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന സാഹചര്യങ്ങള്‍ രൂപപ്പെടാറുണ്ട്. കടുത്ത മാനസിക വൈകല്യമുള്ളവരുടെപോലും മാതാപിതാക്കളോ കുടുംബാംഗങ്ങളോ അതു അംഗീകരിക്കാന്‍ പലപ്പോഴും തയ്യാറാവില്ല എന്നുമാത്രമല്ല വിവാഹത്തിലൂടെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടും എന്ന നിലപാട് സ്വീകരിക്കുകയും ചെയ്യാറുണ്ട്. ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ ആരോഗ്യമേഖലയിലെ വിദഗ്ധരുടെ സഹായം തേടുകമാത്രമാണ് പരിഹാരമാര്‍ഗം.

ഒരു വ്യക്തിയില്‍ കാണുന്ന മാനസികവൈകല്യങ്ങള്‍ വിവാഹത്തിന്റെ കടമകളും ഉത്തരവാദിത്വങ്ങളും ഏറ്റെടുക്കുന്നതില്‍നിന്നു ആ വ്യക്തിയെ എത്രമാത്രം തടസപ്പെടുത്തുന്നു എന്ന് നിശ്ചയിക്കേണ്ടത് മാനസികരോഗവിദഗ്ധരാണ്. സഭാകോടതികളില്‍ വിവാഹകേസ് ഫയല്‍ ചെയ്യപ്പെടുമ്പോഴും ഈ മേഖലയില്‍ വിദഗ്ധരുടെ അഭിപ്രായമാണ് കണക്കിലെടുക്കുന്നത്.

മേല്‍പ്പറഞ്ഞതില്‍നിന്നു ചോദ്യകര്‍ത്താവിന്റെ സംശയങ്ങള്‍ക്കുള്ള ഉത്തരമായി കഠിനമായ മാനസികരോഗമുള്ള ഒരു വ്യക്തി വിവാഹത്തില്‍ ഏര്‍പ്പെട്ടാല്‍ അതു അസാധുവായിരിക്കും. കാരണം, പൂര്‍ണമായ സ്വാതന്ത്ര്യവും തിരിച്ചറിവും കാര്യഗൗരവവും ഇല്ലാത്തയാള്‍ക്കു വിവാഹത്തിന്റെ സമ്മതം നല്‍കാനും സ്വീകരിക്കാനും കഴിയില്ല എന്നതുതന്നെ. വിവാഹത്തിന്റെ സമയത്തു സമ്മതം കൊടുക്കുമ്പോള്‍ ഒരു വ്യക്തി അനുഭവിക്കുന്ന കഠിനമായ മാനസികപ്രശ്‌നങ്ങളാണു വിവാഹത്തെ അസാധുവാക്കുന്നത്. എന്നാല്‍ സാധുവായ വിവാഹം നടത്തിയതിനുശേഷം ഭാര്യാഭര്‍ത്താക്കന്മാരില്‍ ഒരാള്‍ക്കു മാനസികരോഗം അതിന്റെ മൂര്‍ധന്യത്തില്‍ വന്നാലും ആ വിവാഹം അസാധുവായി കണക്കാക്കുന്നില്ല. കാരണം, വിവാഹത്തിനുള്ള സമ്മതം കൊടുത്തപ്പോള്‍ ആ വ്യക്തിക്കു അതിനുള്ള മാനസികമായ ശേഷിയും കഴിവും ഉണ്ടായിരുന്നു. സാധുവായ ഒരു വിവാഹത്തെ സംരക്ഷിക്കുന്നതിന് എല്ലാവര്‍ക്കും ബാധ്യതയുണ്ട് എന്നതാണു സഭാനിയമത്തിന്റെ ചൈതന്യം. അതിനായി ത്യാഗങ്ങള്‍ ഏറ്റെടുത്തും ഭാര്യാഭര്‍ത്താക്കന്മാര്‍ തങ്ങളുടെ വിവാഹജീവിതം മുന്നോട്ടുകൊണ്ടുപോകണമെന്നു നിയമം അനുശാസിക്കുന്നു.

Exit mobile version