ഇതില്‍ ആരാ എന്റെ കിച്ചുവേട്ടന്‍?

കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് കണ്ണൂര്‍ ജില്ലയിലുണ്ടായ സംഭവം. നാട്ടിന്‍പുറത്തെ ബസ് സ്റ്റോപ്പില്‍ ഒരു പെണ്‍കുട്ടി കുറേ നേരമായി ഒറ്റയ്ക്കിരിക്കുന്നു. അന്തി മയങ്ങിത്തുടങ്ങിയിട്ടും പെണ്‍കുട്ടി അവിടെ ഇരിപ്പു തുടര്‍ന്നപ്പോള്‍ പ്രായമായവര്‍ എന്താ ഒറ്റയ്ക്കിരിക്കുന്നത് എന്നു തിരക്കി.

ധ്യാനം കൂടാന്‍ വന്നതാ. വീട്ടില്‍ നിന്ന് ആളു വന്ന് കൂട്ടിക്കൊണ്ടു പോകുമെന്ന മറുപടി കേട്ടപ്പോള്‍ നാട്ടുകാര്‍ക്ക് സംശയമായി. കാരണം അപ്പോള്‍ അവിടെ ധ്യാനം നടക്കുന്നില്ല.

കുറച്ചു കഴിഞ്ഞ് ജീപ്പില്‍ ഒരു കൂട്ടം ചെറുപ്പക്കാര്‍ ബസ് സ്റ്റോപ്പിനടുത്തെത്തി. പെണ്‍കുട്ടി ഉത്സാഹത്തോടെ ജീപ്പിനരികിലെത്തി ചോദിച്ചു ‘ഇതില്‍ ആരാ എന്റെ കിച്ചുവേട്ടന്‍?’ പെണ്‍കുട്ടി ചോദ്യം ആവര്‍ത്തിച്ചിട്ടും ജീപ്പിലുള്ളവര്‍ മറുപടി പറഞ്ഞില്ല.

രംഗം കണ്ടു നിന്ന നാട്ടുകാര്‍ ഇടപെട്ടു. ചെറുപ്പക്കാരെ ചോദ്യം ചെയ്തു. ഒരു മിസ്ഡ് കോള്‍ പ്രണയത്തിന്റെ ക്ലൈമാക്‌സാണിതെന്ന് അപ്പോഴാണ് നാട്ടുകാര്‍ക്ക് മനസിലായത്.

പെണ്‍കുട്ടി മിസ്ഡ് കോളിലൂടെ പ്രണയിച്ച ചെറുപ്പക്കാരന്‍ ജീപ്പിലുണ്ട്. പക്ഷേ പെണ്‍കുട്ടിയെ കണ്ടപ്പോള്‍ അയാളുടെ ആവേശം തണുത്തു. കാരണം ശബ്ദം കേട്ടപ്പോള്‍ മനസില്‍ തോന്നിയ രൂപമോ ഭംഗിയോ പെണ്‍കുട്ടിക്കില്ല.

കോഴിക്കോട് ജില്ലയിലെ മലയോര ഗ്രാമക്കാരനായ അയാള്‍ അവളെ കൂട്ടാന്‍ കൂട്ടുകാരുമായി ജീപ്പില്‍ എത്തിയതാണ്. പെണ്‍കുട്ടിയെ കണ്ടപ്പോള്‍ അയാള്‍ക്ക് ഇതില്‍ നിന്നു രക്ഷപ്പെട്ടാല്‍ മതിയെന്നായി.

കിച്ചുവേട്ടനെ തിരിച്ചറിയാനാവാതെ പെണ്‍കുട്ടി ബഹളം തുടര്‍ന്നപ്പോള്‍ നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിച്ചു. പൊലീസ് എല്ലാവരേയും സ്റ്റേഷനിലെത്തിച്ചു.

മാതാപിതാക്കളെ വിളിച്ചു വരുത്തി പെണ്‍കുട്ടിയെ പറഞ്ഞയച്ചു. അങ്ങനെ അവള്‍ രക്ഷപ്പെട്ടു.

മിസ്ഡ് കോള്‍-ഫെയ്‌സ് ബുക്ക്-വാട്‌സാപ്പ് പ്രണയങ്ങളും അനാശാസ്യ ബന്ധങ്ങളും ദുരന്തങ്ങളും സാധാരണ സംഭവങ്ങളായി മാറിയിരിക്കുന്നു.

നഴ്‌സറിക്കുട്ടികള്‍ വരെ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നു. കുട്ടികള്‍ പഠിക്കുന്നത് കമ്പ്യൂട്ടര്‍ ഉപയോഗിച്ചാണ്. ഈ സാഹചര്യത്തില്‍ മാതാപിതാക്കള്‍ ഇന്റര്‍നെറ്റും കമ്പ്യൂട്ടറും ഉപയോഗിക്കാന്‍ പരിജ്ഞാനം നേടേണ്ടിയിരിക്കുന്നു. എങ്കില്‍ മാത്രമേ കുട്ടികള്‍ എന്താണു ചെയ്യുന്നതെന്ന് മനസിലാവുകയുള്ളു.

അക്ഷരം പഠിക്കാത്തവനെ നിരക്ഷരന്‍ എന്നു വിളിച്ചിരുന്നതു പോലെ ഇന്നത്തെ കാലത്ത് കമ്പ്യൂട്ടറും ഇന്റര്‍നെറ്റും ഉപയോഗിക്കാന്‍ കഴിയാത്തവനാണ് നിരക്ഷരന്‍. ജീവിത വ്യാപാരങ്ങളെല്ലാം അത്രമാത്രം ഇന്റര്‍നെറ്റ് നിയന്ത്രിതമായിക്കഴിഞ്ഞു.

ട്രെയിനിലായാലും ബസിലായാലും ആളുകള്‍ തമ്മില്‍ സംസാരിക്കുന്നത് വളരെ കുറഞ്ഞു. എല്ലാവരും സ്മാര്‍ട്ട് ഫോണില്‍ തോണ്ടിക്കൊണ്ടിരിക്കുന്നു. അവരവരുടെ സ്വകാര്യ ലോകത്തേക്ക് ഒതുങ്ങി ചിത്രങ്ങള്‍ കണ്ടും ഷെയര്‍ ചെയ്തും ലൈക്ക് അടിച്ചും അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്തും സമയം തീര്‍ക്കുന്നു.

സമൂഹ ജീവിയായ മനുഷ്യന്‍ മറ്റുള്ളവരുടെ കാര്യങ്ങളില്‍ ഇടപെട്ടും സഹായിച്ചും പ്രശ്‌നങ്ങളോടു പ്രതികരിച്ചുമാണു കഴിയേണ്ടത്. ഡിജിറ്റല്‍ കാലത്ത് ഇടപെടലുകളെല്ലാം പ്രതിബിംബങ്ങളോടായി. യഥാര്‍ത്ഥ മനുഷ്യനു പകരം മനുഷ്യരുടെ ചിത്രങ്ങള്‍ വരുന്നു. ഇവയോടു മാത്രം പ്രതികരിച്ചു കൊണ്ടിരുന്നാല്‍ വസ്തുതകളുടെ ആഴം മനസിലാകാതെ പോകാം.

കുട്ടികളെ യഥാര്‍ത്ഥ മനുഷ്യ ബന്ധങ്ങള്‍ പരിചയപ്പെടുത്തണം. സമപ്രായക്കാരായ ബന്ധുക്കളും മുതിര്‍ന്ന അംഗങ്ങളും കൂടിച്ചേരുന്ന അവസരങ്ങളില്‍ കുടുംബത്തില്‍ നിന്നു ലഭിക്കുന്ന ഊര്‍ജവും ഊഷ്മളതയും അവരെ ബോധ്യപ്പെടുത്തണം. രോഗികളും അവശരുമായ വല്യപ്പനെയും വല്യമ്മയെയും കാണാന്‍ അവര്‍ക്ക് ഇടയ്ക്കിടെ അവസരം ഒരുക്കണം.

കല്യാണ വീട്ടിലെ സന്തോഷത്തിലേക്കു മാത്രമല്ല, മനുഷ്യ ജീവിതം ഇത്രയേയുള്ളു എന്നു ബോധ്യപ്പെടുത്താന്‍ ആശുപത്രികളിലേക്കും ശവസംസ്‌കാര ശുശ്രൂഷകളിലേക്കും കുട്ടികളെ കൂട്ടിക്കൊണ്ടു പോകണം.

സ്‌കൂള്‍ സമയം കഴിഞ്ഞാല്‍ എപ്പോഴും ഫോണിലും കമ്പ്യൂട്ടറിലും നോക്കി ഇരിക്കാന്‍ അനുവദിക്കാതെ കളികളിലും അവര്‍ക്കു പറ്റിയ സംഘടനകളിലും ഇടപെടാന്‍ കുട്ടികള്‍ക്ക് അവസരം ഒരുക്കണം.

കുട്ടികള്‍ എന്താണു ചെയ്യുന്നതെന്ന് മാതാപിതാക്കള്‍ ശ്രദ്ധിച്ചു കൊണ്ടിരിക്കണം. എപ്പോഴും ഉള്‍വലിയുന്ന സ്വഭാവവും അമിത കോപവും അലസതയുമെല്ലാം ഇന്റര്‍നെറ്റ് അടിമത്തത്തിന്റെ തുടക്കമാകാം. ഇതിനു ചികിത്സ വേണ്ടി വരും.

പഠിക്കാനുള്ള വിഷയം തിരയുമ്പോഴാകും അശ്ലീല സൈറ്റുകളിലേക്കുള്ള ലിങ്കുകള്‍ ചാടി വരുന്നത്. ഈ സൈറ്റുകളിലെല്ലാം അലഞ്ഞ് സ്വഭാവ വൈകൃതങ്ങളിലെത്താനും സാധ്യതയുണ്ട്.

കുടുംബ പ്രാര്‍ത്ഥനയും ആത്മീയ അനുഷ്ഠാനങ്ങളും കുട്ടികള്‍ക്ക് ബലവത്തും സജീവവുമായ ജീവിത ദര്‍ശനം നല്‍കും.

കുട്ടികളെ ആര്‍ക്കും അടച്ചു പൂട്ടി വളര്‍ത്താനാവില്ല. ലോകത്തിലെ നന്മയും തിന്മയും കണ്ടും അറിഞ്ഞും നല്ലത് തെരഞ്ഞെടുക്കാന്‍ അവരെ പ്രാപ്തരാക്കുകയാണ് വേണ്ടത്. പ്രാവുകളുടെ നിഷ്‌കളങ്കതയും സര്‍പ്പത്തിന്റെ വിവേകവും കൈവരിക്കാന്‍ കഴിയുന്ന കുട്ടികള്‍ക്കാണ് മനുഷ്യരുടെയും ദൈവത്തിന്റെയും പ്രീതിയില്‍ വളരാന്‍ കഴിയുക.

ഉപ്പിന്റെ ഉറ കെട്ടുപോകുമ്പോള്‍

പാചകക്കുറിപ്പുകളില്‍ പാചകത്തിന് ആവശ്യമുള്ള സാധനങ്ങളുടെ അളവ് കൃത്യമായി പറയും. കറിയില്‍ ഇടേണ്ട കടുകിന്റെയും കറിവേപ്പിലയുടെയും വരെ തൂക്കവും അളവും ഇത്രയെന്ന് സൂചിപ്പിക്കുമെങ്കിലും ഉപ്പിന്റെ കാര്യമെത്തുമ്പോള്‍ ‘ഉപ്പ് പാകത്തിന്’ എന്ന് പറഞ്ഞ് പാചക വിദഗ്ധന്‍ ഒഴിഞ്ഞുമാറും. കാരണം കറിക്ക് ഉപ്പു വേണ്ടത് ഓരോരുത്തര്‍ക്കും ഓരോ അളവിലാണ്. ഉപ്പ് കൂടി, അല്ലെങ്കില്‍ കുറഞ്ഞു എന്ന പരാതി വീടുകളില്‍ പലപ്പോഴും ഉയര്‍ന്നു വരും. ഈ പ്രശ്‌നമുള്ളതുകൊണ്ടാകാം ഉപ്പ് പ്രത്യേക പാത്രത്തില്‍ തീന്‍മേശയില്‍ വയ്ക്കുന്ന പതിവ് പലനാടുകളിലും തുടങ്ങിയത്.

മറ്റു പല ഭക്ഷണ സാധനങ്ങളെയും വച്ചു നോക്കിയാല്‍ വില കുറഞ്ഞ വസ്തുവാണ് ഉപ്പ്. പക്ഷേ, ഉപ്പിടാത്ത കഞ്ഞിയെക്കുറിച്ചോ കറിയെക്കുറിച്ചോ ചിന്തിക്കാനാവില്ല. ഈ പശ്ചാത്തലത്തിലാണ് ‘നിങ്ങള്‍ ഭൂമിയുടെ ഉപ്പാണ്. ഉറകെട്ടു പോയാല്‍ ഉപ്പിന് എങ്ങനെ വീണ്ടും ഉറകൂട്ടും?’ എന്ന യേശു വചനം ധ്യാനിക്കേണ്ടത്.

സമൂഹത്തില്‍ ജീവിക്കുമ്പോള്‍ സ്വന്തം ജീവിതത്തിനും മറ്റുള്ളവരുടെ ജീവിതത്തിനും രുചി കൂട്ടുന്ന എന്തു പ്രവൃത്തിയാണ് ചെയ്യാന്‍ കഴിയുക എന്നു മനസിലാക്കണം. ഓരോരുത്തര്‍ക്കും സമൂഹത്തില്‍ ഉപ്പായി പ്രവര്‍ത്തിക്കാനുള്ള ശേഷി വ്യത്യസ്തമായിരിക്കും. ‘ഉപ്പ് പാകത്തിന്’ എന്ന് പാചക വിദഗ്ധന്‍ പറയുന്നത് ഇവിടെയും പ്രസക്തം.

ഉപ്പ് ഭക്ഷണ സാധനങ്ങളുടെ ആയുസ് കൂട്ടുന്നു. കേടുകൂടാതെ അച്ചാറിനെ മാസങ്ങളോളം സൂക്ഷിക്കാന്‍ സഹായിക്കുന്നത് ഉപ്പിന്റെ സാന്നിധ്യമാണ്. മത്സ്യവും മാംസവും ഉപ്പിലിട്ട് സൂക്ഷിക്കാം. ഇതുപോലെ ഉപ്പായി പ്രവര്‍ത്തിക്കുന്നവര്‍ സമൂഹത്തിന്റെ സംരക്ഷകരാകും. പ്രളയകാലത്ത് പാവപ്പെട്ട മത്സ്യതൊഴിലാളികളടക്കം അനേകം പേര്‍ ഭൂമിയുടെ ഉപ്പായി മാറി വെള്ളത്തിലകപ്പെട്ടവരെ രക്ഷിക്കാന്‍ മുന്നിട്ടിറങ്ങി.

ഉപ്പ് ശക്തമായ അണുനാശിനിയാണ്. അത് മരുന്നില്‍ ഉപയോഗിക്കുന്നു. ഉപ്പാകുന്നവര്‍ മുറിവേറ്റ മനസുകളില്‍ ഔഷധമായി, സാന്ത്വനമായി പെയ്തിറങ്ങുന്നു. അവര്‍ സംഘര്‍ഷ മേഖലകളില്‍ ശാന്തിയുടെ പതാക വാഹകരാകുന്നു.

ഭൂമിയില്‍ പെയ്യുന്ന മഴയില്‍ നിന്നാണ് പാറയിലെയും മണ്ണിലെയും ഘടകങ്ങള്‍ ഒഴുകി കടലിലെത്തി ഉപ്പാകുന്നത്. കടലിലെ ഉപ്പ് ഭൂമിയില്‍ മൊത്തം വിതറിയാല്‍ 40 നില കെട്ടിടത്തിന്റെ ഉയരത്തില്‍കൂട്ടിവയ്ക്കാന്‍ ഉണ്ടാകുമെന്നാണ് ശാസ്ത്രജ്ഞരുടെ കണക്കുകൂട്ടല്‍. അത്രയും ലവണ സാന്ദ്രമാണ് കടല്‍ വെള്ളം.

സോഡിയം ക്ലോറൈഡ് എന്നാണ് ഉപ്പിന്റെ രാസനാമം. രക്തത്തില്‍ സോഡിയം കുറയുന്നത് പ്രായമായവര്‍ക്ക് ഉണ്ടാകുന്ന അസുഖമാണ്. സോഡിയം കുറഞ്ഞാല്‍ തലയ്ക്ക് വെളിവു നഷ്ടപ്പെട്ടതുപോലെ സംസാരിക്കും. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചാല്‍ മാത്രമേ രക്ഷിക്കാനാവൂ.

രക്തസമ്മര്‍ദ്ദം കുറഞ്ഞു പോകുന്നവരോട് പ്രതിവിധിയായി ഉപ്പിട്ട കഞ്ഞിവെള്ളം കുടിക്കാന്‍ ഡോക്ടര്‍ പറയും. ഉപ്പാണ് ഇവിടെയും രക്ഷകനാകുന്നത്.

പുരാതന കാലം മുതല്‍ മനുഷ്യന്‍ ഉപ്പിന് വലിയ പ്രാധാന്യം നല്‍കിയിരുന്നു. പടിഞ്ഞാറന്‍ നാടുകളില്‍ ഉപ്പു വിതറിയാണ് നിരത്തുകളില്‍ വീണുകിടന്നിരുന്ന മഞ്ഞ് ഉരുക്കിയിരുന്നത്.

ഉപ്പിനെ ബന്ധപ്പെടുത്തി ഏറെ അന്ധവിശ്വാസങ്ങളും നിലനിന്നിരുന്നു. ഉപ്പ് തൂകിപ്പോകുന്നത് ദൗര്‍ഭാഗ്യമായി കരുതി. ഇടതു തോളിനു മുകളിലൂടെ ഒരു നുള്ള് ഉപ്പെറിഞ്ഞ് ഭാഗ്യം കൈവരുത്തുന്ന പതിവുമുണ്ടായിരുന്നു. അങ്ങനെ ഉപ്പെറിയുമ്പോള്‍ അവിടെ ഒളിച്ചിരിക്കുന്ന പിശാചിന്റെ മുഖത്താണത്രേ കൊള്ളുക. അതോടെ പിശാച് ഓടിപ്പോകുകയും ഭാഗ്യം വരുകയും ചെയ്യുമെന്ന് വിശ്വസിച്ചിരുന്നു.

ഉപ്പ് ദൈവത്തിനുള്ള സമര്‍പ്പണ വസ്തുവായിരുന്നു. അത് ദൈവവുമായുള്ള ഉടമ്പടിയുടെ മുദ്രയായും കരുതി. ‘ധാന്യബലിയില്‍ നിന്ന് നിന്റെ ദൈവത്തിന്റെ ഉടമ്പടിയുടെ ഉപ്പ് നീക്കിക്കളയരുത്. എല്ലാ ധാന്യബലിയോടും കൂടി ഉപ്പ് സമര്‍പ്പിക്കണം’ എന്ന് ലേവ്യരുടെ പുസ്തകത്തില്‍ വായിക്കുന്നു.

കേരളത്തിനു പുറത്ത് പാവപ്പെട്ടവര്‍ക്ക് അടുപ്പു കത്തിക്കാനുള്ള ഇന്ധനമാണ് ചാണകം. ചാണകം വലിയ പപ്പട വലുപ്പത്തില്‍ പരത്തി വീടിന്റെ മുകളില്‍ ഉണക്കാനിട്ടിരിക്കുന്നത് കര്‍ണാടക, തമിഴ്‌നാട് ഗ്രാമങ്ങളിലെ സാധാരണ കാഴ്ചയാണ്. ഈ ചാണകവരളി കത്തിക്കാന്‍ ഉപയോഗിക്കും.

ഒട്ടകച്ചാണകവും കഴുതച്ചാണകവും ഇതുപോലെ ഉണക്കി പലസ്തീന നാട്ടിലും അടുപ്പു പുകയ്ക്കാന്‍ ഉപയോഗിച്ചിരുന്നു. ഇന്നും പാലസ്തീനിലെ പാവപ്പെട്ടവര്‍ കളിമണ്‍ അടുപ്പുകളില്‍ ചാണകം ഉണക്കി ഇന്ധനമാക്കുന്നു. പെട്ടെന്ന് തീ പിടിക്കാന്‍ ചാണകത്തില്‍ കുറച്ച് ഉപ്പു കൂടി ചേര്‍ക്കും.

കൂടുതല്‍ നേരം ചൂടു നില്‍ക്കാന്‍ അടുപ്പിന്റെ അടിയില്‍ കനത്തില്‍ ഉപ്പു വിതറും കുറേക്കാലം കഴിയുമ്പോള്‍ ചൂടുപിടിച്ചു നിര്‍ത്താനുള്ള ഉപ്പിന്റെ കഴിവു നഷ്ടപ്പെടും. അപ്പോള്‍ ഉപ്പുവാരി പുറത്ത് വഴിയിലേക്കെറിയും. പിന്നീട് ആളുകളുടെ ചവിട്ടുകൊള്ളാനാണ് ആ ഉപ്പിന്റെ വിധി.

ഒറ്റ ദിവസം കൊണ്ടല്ല മനുഷ്യനിലെ ഉപ്പിന്റെ ഉറ ഇല്ലാതാകുന്നത്. തെറ്റായ പ്രവൃത്തികളിലൂടെ വര്‍ഷങ്ങള്‍കൊണ്ട് അയാള്‍ ഉറ നശിപ്പിക്കുന്നു. ഉപ്പു കലക്കുമ്പോള്‍ ആവശ്യത്തിലേറെ വെള്ളം ചേര്‍ത്താല്‍ ഉപ്പിന്റെ ഉറ നഷ്ടപ്പെടുമെന്നാണ് വീട്ടമ്മമാര്‍ പറയുക. തിന്മകള്‍ ചെയ്തുകൂട്ടി മനുഷ്യനും അവന്റെ ഉപ്പിന്റെ ഉറ കളയുന്നു. ഉന്നത സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ സ്വന്തം ഉപ്പു മറന്ന് പ്രവര്‍ത്തിച്ച് തെരുവിലേക്ക് എറിയപ്പെട്ട് അവഹേളിതരാകുന്നത് നമ്മള്‍ നിരന്തരം കാണുന്നു. ദൈവം നല്‍കുന്ന ദാനമാണ് കഴിവും കര്‍മ്മശേഷിയുമാകുന്ന ഉപ്പ്. അതിന്റെ ഉറ നശിപ്പിച്ചാല്‍ ഉറകൂട്ടാനാവില്ലെന്ന് യേശു ഓര്‍മിപ്പിക്കുന്നു. പിന്നെ മനുഷ്യരാല്‍ ചവിട്ടപ്പെടാനല്ലാതെ മറ്റൊന്നിനും കൊള്ളുകയില്ലെന്ന വചനം ഭയഭക്തിയോടെ മനസില്‍ സൂക്ഷിച്ചു പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു.

നഴ്‌സറിയില്‍ നിന്ന് പകല്‍ വീട്ടിലേക്ക്‌

പ്രശസ്തമായ ഒരു സ്വര്‍ണശാല അയല്‍ നഗരങ്ങളില്‍ ശാഖകള്‍ തുറക്കുന്ന കാലമായിരുന്നത്. എതിരാളി സ്ഥാപനം തുടങ്ങുന്നതിനു മുമ്പ് അവിടെ ശാഖ തുറക്കാനുള്ള കടുത്ത മത്സരം.

പത്രങ്ങളില്‍ പരസ്യവും നടിമാരെക്കൊണ്ടുള്ള ഉദ്ഘാടന ചിത്രങ്ങളുമെല്ലാമായി നിറഞ്ഞു നില്‍ക്കുന്ന അവസരത്തില്‍ സ്ഥാപകനായ കാരണവര്‍ ഇപ്പോള്‍ സ്ഥാപനത്തിന്റെ ശാഖകള്‍ നടത്തുന്ന മക്കള്‍ക്ക് ഒരു കുറിപ്പ് കൊടുത്തയച്ചു.

‘ഇത്ര സ്പീഡ് വേണ്ട’

മത്സരത്തിന്റെ ലഹരി കയറി മക്കള്‍ എതിരാളിയെ പിന്നിലാക്കാനുള്ള ശ്രമത്തില്‍ സ്വന്തം ശക്തി ദൗര്‍ബല്യങ്ങള്‍ മറന്ന് കാലിടറി വീഴരുതെന്നുള്ള ഓര്‍മ്മപ്പെടുത്തലായിരുന്നു ആ കുറിപ്പ്.

പ്രായത്തിന്റെ വിവേകമുള്ള ശബ്ദം മനസിലാക്കി മക്കള്‍ വേഗതയ്ക്കു നിയന്ത്രണം വച്ചപ്പോള്‍ സ്ഥാപനം സുസ്ഥിര വളര്‍ച്ചാ പാതയിലായി.

പാറപ്പുറത്തിന്റെ പ്രശസ്തമായ നോവല്‍ ‘അരനാഴിക നേര’ത്തിലെ കുഞ്ഞോനാച്ചന്‍ മക്കളും പേരക്കിടാങ്ങളും അവരുടെ മക്കളുമടങ്ങിയ വലിയ ക്രൈസ്തവ കുടുംബത്തിന്റെ കാരണവരാണ്. ദുരഭിമാനം കൊണ്ടും അഹങ്കാരംകൊണ്ടും മക്കളുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ കുടുംബത്തെ ആടി ഉലയ്ക്കുമ്പോള്‍ കുഞ്ഞോനാച്ചന്റെ വിവേകമുള്ള തീരുമാനമാണ് പരിഹാരത്തിനു വഴി തെളിയ്ക്കുന്നത്.

പേരും പ്രശസ്തിയുമുള്ള സ്ഥാപനങ്ങളില്‍ യുവാക്കള്‍ക്കൊപ്പം മുതിര്‍ന്ന ജീവനക്കാരുമുണ്ടാകും. വളര്‍ച്ചയുടെ കുതിപ്പിനൊപ്പം പാരമ്പര്യത്തിന്റെ തിരിച്ചറിവും പാകതയും ചേര്‍ന്നാലേ അത് നിലനില്‍ക്കുന്ന പുരോഗതിയിലേക്ക് വഴി തെളിക്കൂ.
വീടുകളെ സംബന്ധിച്ചും ഈ ചേരുവ പ്രസക്തമാണ്. മുതിര്‍ന്ന മക്കളും കൊച്ചുമക്കളും വല്യപ്പനും വല്യമ്മയുമെല്ലാം ചേരുമ്പോള്‍ അത് വൃദ്ധിക്ഷയങ്ങളെല്ലാമുള്ള മനുഷ്യ ജീവിതത്തിന്റെ കൊച്ചുപതിപ്പാകുന്നു.

‘യുവാക്കളുടെ മഹത്വം അവരുടെ കരുത്താണ്. നരച്ച മുടി വൃദ്ധരുടെ അലങ്കാരവും’ എന്ന് സുഭാഷിതങ്ങളില്‍ (20: 29) പറയുന്നു. കരുത്തിനൊപ്പം വിവേകം ചേരുമ്പോഴാണ് ജീവിതം കടിഞ്ഞാണ്‍ കെട്ടിയ കുതിരയാവുക.

ചെയ്യാന്‍ കഴിയുന്ന കൊച്ചുജോലികള്‍ വീട്ടിലെ മുതിര്‍ന്ന അംഗങ്ങള്‍ക്കും നല്‍കണം. പണ്ട് ഓടിച്ചാടി നടന്ന സ്ഥലങ്ങള്‍ കാണാന്‍ അവര്‍ക്ക് കൊതിയുണ്ടാകും. അതിനാല്‍ ഇടയ്ക്കു പുറത്തുകൊണ്ടുപോകുക.

അണുകുടുംബങ്ങളുടെ കാലത്ത് പ്രായമായവരുടെ ജീവിതം പഴയതുപോലെ സുഖകരമല്ല.

സ്വാതന്ത്ര്യം കിട്ടുമ്പോള്‍ കേരളത്തിലെ ശരാശരി ആയുര്‍ദൈര്‍ഘ്യം 36 വയസായിരുന്നു. നല്ല ഭക്ഷണവും മരുന്നും ചികിത്സയും കിട്ടുന്നതിനാല്‍ ഇപ്പോള്‍ അത് 74 വയസായി ഉയര്‍ന്നു. കഴിഞ്ഞ സെന്‍സസ് പ്രകാരം 60 വയസിനു മുകളിലുള്ളവര്‍ ജനസംഖ്യയുടെ 11.8 ശതമാനമാണ്. മുതിര്‍ന്ന പൗരന്മാരുടെ പ്രശ്‌നങ്ങളും അതുണ്ടാക്കുന്ന സങ്കീര്‍ണതകളും കൂടിക്കൊണ്ടിരിക്കുന്നു.

മക്കള്‍ ജോലിക്കായി അന്യനാടുകളിലേക്കു പോകേണ്ടിവരുന്നതിനാല്‍ പല വീടുകളിലും വൃദ്ധര്‍ മാത്രമേയുള്ളു. പത്തനംതിട്ട ജില്ലയിലൂടെ യാത്ര ചെയ്യുമ്പോള്‍ വൃദ്ധര്‍ക്കുള്ള വസ്ത്രങ്ങളും ഉപകരണങ്ങളും വില്‍ക്കുന്ന കടകളുടെ ഏറെ പരസ്യങ്ങള്‍ കാണാം. സിനിമാ നടിമാര്‍ക്കു പകരം അപ്പച്ചന്മാരും അമ്മച്ചിമാരുമാണ് അവിടെ പരസ്യങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നത്.

വിദേശത്തുള്ള മക്കള്‍ മാതാപിതാക്കളെ വൃദ്ധസദനത്തിലാക്കുന്നു. അല്ലെങ്കില്‍ പരിചരണത്തിന് ഹോം നഴ്‌സിനെ വയ്ക്കുന്നു. മലബാറിലെ കുടിയേറ്റ പ്രദേശങ്ങളും ഈ രീതിയിലേക്കാണ് നീങ്ങുന്നത്.

വാര്‍ദ്ധക്യം സുനിശ്ചിതമായതിനാല്‍ യൗവനകാലത്തു തന്നെ അതിനായി ആസൂത്രണം ചെയ്യണം. സാമ്പത്തികത്തില്‍ മാത്രമല്ല മക്കളുടെ കാര്യത്തിലും നീതിപൂര്‍ണമായ തീരുമാനങ്ങളും അതനുസരിച്ചുള്ള നടപടികളും എടുക്കണം. വിവേകപൂര്‍വം ജീവിച്ചവരെക്കുറിച്ചാണ് സങ്കീര്‍ത്തനങ്ങളില്‍ (92: 12,14) പറയുന്നത്- ‘നീതിമാന്മാര്‍ പനപോലെ തഴയ്ക്കും. ലബനോനിലെ ദേവതാരുപോലെ വളരും. വാര്‍ദ്ധക്യത്തിലും അവര്‍ ഫലം പുറപ്പെടുവിക്കും. അവര്‍ എന്നും ഇല ചൂടി പുഷ്ടിയോടെ നില്‍ക്കും.’

മക്കള്‍ക്കു ഭാരമാകാതെ ജീവിക്കാന്‍ പ്രായമായ ദമ്പതികള്‍ അടുത്തടുത്തു കഴിയുന്ന ഹൗസിങ് കോളനികള്‍ കേരളത്തിലും ഉയര്‍ന്നു വരുന്നു. പൊതുഅടുക്കളയും ചികിത്സാസൗകര്യങ്ങളും അവിടെയുണ്ടാകും. കണ്ണൂര്‍ പരിയാരത്ത് മുന്‍ ഡിജിപി കെ.ജെ.ജോസഫ് നടത്തുന്ന ‘വിശ്രാന്തി’ പ്രായമായ ദമ്പതികളുടെ പാര്‍പ്പിട സമുച്ചയമാണ്.

കോഴിക്കോട് എരഞ്ഞിപ്പാലത്ത് മലബാര്‍ ഹോസ്പിറ്റലിന്റെ നേതൃത്വത്തില്‍ വൃദ്ധര്‍ക്കുള്ള ‘പകല്‍ വീട്’ ആരംഭിച്ചു കഴിഞ്ഞു. പകല്‍ സമയത്ത് പ്രായമായവരെ അവിടെ എത്തിക്കുന്നു. വായിക്കാനും കളിക്കാനും മാനസികോല്ലാസത്തിനുമുള്ള അവസരങ്ങള്‍ അവിടെയുണ്ട്. വൈകിട്ട് അവരെ തിരിച്ച് വീട്ടിലെത്തിക്കും.

കുട്ടിക്കാലത്ത് നഴ്‌സറി, വയസുകാലത്ത് പകല്‍ വീട്.
ആറും അറുപതും ഒരുപോലെ എന്ന പഴമൊഴി ഇവിടെയും ചേരുമെന്നുതോന്നുന്നു.

ഇവരില്‍നിന്നു കൂടി പഠിക്കാം

മൃഗങ്ങളെക്കൊണ്ടുള്ള ഏറെ വിശേഷണ പദങ്ങള്‍ ഭാഷയിലുണ്ട്. മൃഗീയ കൊലപാതകം, മൃഗീയ വാസന, മൃഗീയ മര്‍ദ്ദനം… അങ്ങനെ പലതും തരംപോലെ പ്രയോഗിക്കുന്നു.
എന്നാല്‍ മനുഷ്യന്റെ ചെയ്തികള്‍ വച്ചു നോക്കിയാല്‍ മൃഗങ്ങള്‍ ഈ വിശേഷണങ്ങള്‍ക്ക് പലപ്പോഴും ഒട്ടും ഇണങ്ങുന്നില്ലെന്നു മനസിലാകും.
സ്വന്തം വിശ്വാസത്തില്‍ പെടുന്നവരല്ലെന്ന ഏക കാരണത്താല്‍ സിറിയയിലും ലിബിയയിലും ഇറാക്കിലുമെല്ലാം മനുഷ്യരെ കഴുത്തറുത്തും വെടിവച്ചും കൊല്ലുന്നു. മാരക ബോംബുകള്‍ വര്‍ഷിച്ച് കൂട്ടക്കുരുതി നടത്തുന്നു. മനുഷ്യ വര്‍ഗമുണ്ടായ കാലം മുതല്‍ ഇത്തരം കുരുതികള്‍ നടക്കുന്നതായി എല്ലാ മതങ്ങളുടെയും വിശുദ്ധ ഗ്രന്ഥങ്ങള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു.
ഭക്ഷണത്തിനു വേണ്ടി മാത്രമാണ് മാംസഭുക്കുകളായ മൃഗങ്ങള്‍ മറ്റൊരു മൃഗത്തെ കൊല്ലുന്നത്. അതിനായി കൂര്‍ത്ത പല്ലുകളും നഖങ്ങളുമെല്ലാം സ്രഷ്ടാവ് നല്‍കിയിരിക്കുന്നു. വിശപ്പടങ്ങിക്കഴിഞ്ഞാല്‍ അവ ശാന്തമായി കിടക്കും. മാനുകള്‍ അടുത്തു കൂടി പോയാല്‍ പോലും പിന്നീട് കടുവ അനങ്ങില്ല. മനുഷ്യനെപ്പോലെ നാളത്തേക്കുള്ള ഭക്ഷണമിരിക്കട്ടെ എന്നു കരുതി ഒരു മാനിനെക്കൂടി കൊന്നിടില്ല.
മനുഷ്യന്‍ വര്‍ഷങ്ങളിലേക്കും പല തലമുറകള്‍ക്കു വേണ്ടിയും ഭക്ഷണ സാധനങ്ങളും ധനവും കുന്നുകൂട്ടി വയ്ക്കും. വിശക്കുന്നവന്റെ അല്‍പ്പാഹാരം കൂടി സമ്പന്നരും സമ്പന്ന രാഷ്ട്രങ്ങളും കൂടി തട്ടിപ്പറിക്കും. അതിനായി ദരിദ്ര രാജ്യത്തെ കരാറുകളില്‍ കുടുക്കിയിടും.
തേനീച്ചകളും ഉറുമ്പുകളും ക്ഷാമ കാലത്തേക്ക് ഭക്ഷണം കരുതി വയ്ക്കും. എന്നാല്‍ അത് ഒരു സീസണിലേക്ക് മാത്രം.
ഇറച്ചിക്കടകളോ, സൂപ്പര്‍ മാര്‍ക്കറ്റുകളോ ഇല്ലാത്തതിനാല്‍ മൃഗങ്ങള്‍ക്കും പറവകള്‍ക്കും എന്നും അന്നം തേടിയേ പറ്റൂ.
ഒരു ദിവസം ഭക്ഷണം കിട്ടിയില്ലെങ്കിലും ഈ മിണ്ടാപ്രാണികള്‍ ശാന്തരായി കിടക്കും. എന്നാല്‍ വയര്‍ നിറഞ്ഞിരിക്കുമ്പോഴും ഒരു നേരം ചായ മുടങ്ങിയാല്‍ മനുഷ്യന് വെപ്രാളമാണ്.
രോഗാവസ്ഥയില്‍ മൃഗം ഭക്ഷണം വെടിയും. അത് രോഗശമനത്തിനു സഹായകമാണ്. രോഗത്തെ ശാന്തമായി അവ സ്വീകരിക്കുന്നതു കാണാം.
എന്നാല്‍ വിശേഷ ബുദ്ധിയുണ്ടെന്ന് അഭിമാനിക്കുന്ന മനുഷ്യന് പ്രപഞ്ച സത്യങ്ങളെ ഉള്‍ക്കൊള്ളാന്‍ മടിയാണ്. മരണവും രോഗവും തങ്ങളുടെ വരുതിയിലല്ലെന്ന് അറിയാം. എങ്കിലും ആവശ്യത്തിലേറെ ഉല്‍ക്കണ്ഠപ്പെടും.
കഷ്ടപ്പാടുകളും വേദനകളും മനുഷ്യനെ പക്വതപ്പെടുത്തും, ശരിയായ വളര്‍ച്ചയിലേക്കു നയിക്കും. ‘ഞാന്‍ നിന്നെ ശുദ്ധീകരിച്ചു, എന്നാല്‍, വെള്ളി പോലെയല്ല. കഷ്ടതയുടെ ചൂളയില്‍ നിന്നെ ഞാന്‍ ശോധന ചെയ്തു’ (ഏശയ്യ 48:10)
വേദനയ്ക്ക് രണ്ടു തലമുണ്ട്. ഒന്ന് ശാരീരികം. അത് കേന്ദ്ര നാഡീ വ്യവസ്ഥ വഴി ശരീരമൊട്ടാകെ പരക്കും. മുറിവുകളും അസുഖങ്ങളും നല്‍കുന്ന ശാരീരിക അസ്വസ്ഥതകളാണിത്.
രണ്ട് മാനസികം. ഓരോ വ്യക്തിയും വേദനയ്ക്കു കൊടുക്കുന്ന അര്‍ത്ഥതലമാണിത്. ഇത് ഓരോരുത്തരിലും വ്യത്യസ്ഥമായിരിക്കും.
വേദനയില്‍ നിന്ന് ഒളിച്ചോടാനാവില്ല. അതിനെ അതായിത്തന്നെ സ്വീകരിക്കുക. ഇവിടെയാണ് വിശ്വാസവും പ്രാര്‍ത്ഥനയും താങ്ങായി എത്തുന്നത്. ചോര വിയര്‍ക്കുന്ന ഗദ്‌സമന്‍ അനുഭവത്തിനു ശേഷം ‘അവിടുത്തെ ഹിതം പോലെയാവട്ടെ’ എന്ന് പറയാന്‍ കഴിയുന്നവന് പിന്നീടുള്ള കുരിശാരോഹണത്തില്‍ ദൈവകരം കൂടെയുണ്ടാകും. ഞാന്‍ നല്ല ജീവിതം നയിച്ചതല്ലേ? എന്തുകൊണ്ട് എനിക്ക് ഈ അവസ്ഥ വന്നു? സഹിക്കുന്നവര്‍ ഈ ചോദ്യങ്ങളും ഉയര്‍ത്തും. സഹനങ്ങള്‍ പലപ്പോഴും തിന്മയെ നശിപ്പിക്കാനാണ്. കേടായ പല്ലു പറിക്കുന്ന ദന്ത ഡോക്ടറും ഹൃദയ വാല്‍വുകള്‍ ശരിയാക്കുന്ന ഡോക്ടറും താല്‍ക്കാലികമായി വേദന ഉണ്ടാക്കുന്നവരാണ്.
റോഡരികില്‍ കിടന്ന മാര്‍ബിള്‍ കട്ടയില്‍ നിന്ന് മൈക്കിള്‍ ആഞ്ചലോ ദാവീദിന്റെ മനോഹരമായ ശില്‍പ്പമുണ്ടാക്കി. ഇന്ത്യയില്‍ കലാകാരന്മാര്‍ കരിങ്കല്ലില്‍ നിന്ന് ദേവീദേവന്മാരുടെ രൂപങ്ങളുണ്ടാക്കി. ശില്‍പ്പമൊഴിച്ച് ബാക്കി അനാവശ്യമായ പാറക്കഷ്ണങ്ങള്‍ ഉളി കൊണ്ട് ചെത്തി ഒഴിവാക്കുന്നുവെന്നാണ് ശില്‍പ്പികള്‍ പറയുക. അങ്ങനെ പാഴായിക്കിടന്ന ഒരു ശില ദേവനായി മാറുന്നു. വേദനകളും തകര്‍ച്ചകളും ഇതുപോലെ അനാവശ്യമായ പലതും ചെത്തിമാറ്റാന്‍ ഉദ്ദേശിച്ചുള്ളതാണ്.
അത് ആരോഗ്യ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്ന് ഓര്‍മിപ്പിക്കാനാവാം. ദുര്‍വ്യയം ഒഴിവാക്കണമെന്ന് സൂചിപ്പിക്കാനാവാം. കുടുംബ ബന്ധങ്ങള്‍ കൂടുതല്‍ ദൃഢമാക്കണമെന്ന സത്യം മനസിലെത്തിക്കാനാവാം.
എന്നാല്‍ മനുഷ്യന് ദുഃഖത്തിന്റെ കാരണം മറ്റുള്ളവരില്‍ ആരോപിക്കാനാണ് താല്‍പര്യം. സമയദോഷം, കൂടോത്രം അങ്ങനെ പലതും കാരണങ്ങളാകും.
പിറവിക്കുരുടനെ കണ്ടപ്പോള്‍ ശിഷ്യന്മാര്‍ ഉന്നയിച്ച ചോദ്യത്തിലും ഈ സംശയമുണ്ട്. ‘ഇവന്‍ അന്ധനായി ജനിച്ചത് ആരുടെ പാപം നിമിത്തമാണ്. ഇവന്റെയോ ഇവന്റെ മാതാപിതാക്കളുടെയോ?’
അതിനുള്ള യേശുവിന്റെ മറുപടി: ‘ഇവന്റെയോ ഇവന്റെ മാതാപിതാക്കളുടെയോ പാപം നിമിത്തമല്ല, പ്രത്യുത ദൈവത്തിന്റെ പ്രവൃത്തികള്‍ ഇവനില്‍ പ്രകടമാകേണ്ടതിനാണ്’ (യോഹന്നാല്‍ 9:3)
ദൈവത്തിന്റെ പ്രവൃത്തികളില്‍ വിശ്വസിക്കുന്നവര്‍ക്ക് അനാവശ്യ ഉല്‍ക്കണ്ഠ എന്തിന്?

പുറത്തറിയുന്ന വീട്ടുകാര്യങ്ങള്‍

ബത്തേരിയില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള കെ.എസ്.ആര്‍.ടി.സി ലിമിറ്റഡ് സ്‌റ്റോപ്പ് ബസ്. സമയം ഉച്ചകഴിഞ്ഞ് 2.30. ഉഷ്ണത്തിന്റെ തീവ്രത കുറച്ചുകൊണ്ട് ബസിന്റെ വശങ്ങളിലൂടെ കാറ്റടിച്ചു കയറുന്നു. സീറ്റ് നിറഞ്ഞ ശേഷം കമ്പിയില്‍ പിടിച്ചും യാത്രക്കാരുണ്ട്. സീറ്റിലുള്ളവരില്‍ ഭൂരിഭാഗവും മയക്കത്തിലാണ്.

പെട്ടെന്ന് നില്‍ക്കുന്നവരില്‍ ഒരാളുടെ മൊബൈലില്‍ സംഗീതമുയര്‍ന്നു. ഫോണില്‍ക്കൂടി അയാള്‍ ഉച്ചത്തില്‍ പറഞ്ഞു തുടങ്ങി.

‘അയ്യോ ഇന്നു പറ്റില്ലല്ലോ… ഞാന്‍ ബസിലാ, കുന്നമംഗലം കഴിഞ്ഞല്ലോ.’

മയക്കത്തിലായിരുന്ന പലരും ഞെട്ടിയുണര്‍ന്നു. പുറത്തേക്ക് നോക്കി. താമരശ്ശേരി കഴിഞ്ഞ് വണ്ടി വാവാട് അങ്ങാടി അടുക്കുന്നതേയുള്ളു. കൊടുവള്ളിയിലും പടനിലത്തും കുന്നമംഗലത്തുമെല്ലാം ഇറങ്ങേണ്ടവരാണ് മൊബൈലുകാരന്റെ ഡയലോഗ് കേട്ട് ഇറങ്ങേണ്ട സ്ഥലം കഴിഞ്ഞല്ലോ എന്ന വേവലാതിയില്‍ ഞെട്ടിയത്.

ഈ നുണകാച്ചുന്നവന്‍ ആരെടാ എന്ന മട്ടില്‍ മൊബൈലുകാരനെ നോക്കിയെങ്കിലും അയാള്‍ അറിഞ്ഞമട്ടില്ല.

‘ഇന്നു കല്ലിറക്കാന്‍ പറ്റില്ല. ബസിപ്പോള്‍ കാരന്തൂര്‍ മര്‍ക്കസും കഴിഞ്ഞു.’ അയാള്‍ നുണക്കഥ കൊരുത്ത് ഡയലോഗ് തുടര്‍ന്നു.

കൊടുവള്ളിയില്‍ വീടുപണിക്ക് ചെങ്കല്ലിറക്കാന്‍ കരാറെടുത്ത ആളാണ് ഫോണില്‍കൂടി ആരെയോ പറഞ്ഞു പറ്റിക്കുന്നതെന്ന് തുടര്‍ സംഭാഷണത്തില്‍ നിന്നു മനസിലായി. അയാള്‍ കൊടുവള്ളിയിലെത്തിയില്ലെന്ന് മനസിലാക്കുവാന്‍ പോലീസുകാര്‍ ചെയ്യുന്നതുപോലെ ടവര്‍ ലൊക്കേഷന്‍ കണ്ടുപിടിക്കാന്‍ ആ പാവത്തിനാവില്ലല്ലോ.

ആരെയും പറ്റിക്കാന്‍ നല്ല ഒരു സംവിധാനമാണല്ലോ കൈവെള്ളയില്‍ ഒതുങ്ങുന്ന ഈ ഇത്തിരിക്കുഞ്ഞന്‍. പക്ഷെ, പാവങ്ങളെ മാത്രമേ കബളിപ്പിക്കാനാവൂ.

ആസൂത്രിത കൊലപാതകങ്ങളും വന്‍തട്ടിപ്പുകളും മൊബൈല്‍ ഫോണ്‍ വിളി പിന്തുടര്‍ന്നാണ് ഇപ്പോള്‍ പോലീസ് പിടികൂടുന്നത്.

ഇംഗ്ലീഷ് ഗദ്യസാഹിത്യകാരനായ വില്യം പ്ലോമര്‍ ടെലഫോണ്‍ കൊണ്ടുള്ള അസൗകര്യങ്ങളെക്കുറിച്ച് എഴുതിയ നര്‍മലേഖനം പ്രശസ്തമാണ്. ടെലഫോണ്‍ ഡയറക്ടറിയില്‍ മേല്‍വിലാസം വരുന്നതിനാല്‍ കള്ളന്മാര്‍ക്ക് നമ്മുടെ വീടു കണ്ടു പിടിക്കാം. കുളിക്കുമ്പോള്‍ നനഞ്ഞപടി ഓടിവന്ന് ഫോണ്‍ എടുക്കുമ്പോഴാണ് റോങ് നമ്പറെന്നു മനസിലാക്കുക… തുടങ്ങിയ കാര്യങ്ങളാണ് വില്യം പ്ലോമര്‍ ഫോണിനെതിരെ കുറിച്ച ചില മാരക കുറ്റങ്ങള്‍. അദ്ദേഹം ഈ ലേഖനം എഴുതിയത് കഴിഞ്ഞ നൂറ്റാണ്ടിന്റെ പകുതിയില്‍ ദൂരവിൡക്ക് ട്രങ്ക് കോള്‍ ബുക്ക് ചെയ്തു കാത്തിരുന്ന കാലത്താണ്.

ഇന്ന് മൊബൈലിനെ മനുഷ്യന്റെ പിന്നീട് കൂട്ടിച്ചേര്‍ത്ത ഒരു അവയവമെന്ന് വിളിക്കുന്നതാണ് കൂടുതല്‍ ഭംഗി. സംസാരം മാത്രമല്ലല്ലോ എന്തെല്ലാം ആപ്ലിക്കേഷനുകള്‍! സന്ദേശങ്ങള്‍, പാട്ട്, കച്ചവടം, കണക്കുകൂട്ടല്‍, ഇന്റര്‍നെറ്റ്, സിനിമ, പത്രവായന… എല്ലാത്തിനും ഇവന്‍ മതി.

നാം ഒരു സപെയ്‌സിലാണ് (ഇടം) ജീവിക്കുന്നത്. ഓഫീസിലായാലും പുറത്തായാലും വാഹനത്തിലായാലും ചുറ്റുമുള്ള നിശ്ചിത സ്‌പെയ്‌സിലാണ് നമ്മുടെ ജീവിത വ്യാപാരങ്ങള്‍. ഈ സ്‌പെയ്‌സിലേക്ക് കടന്നു കയറി മൊബൈല്‍ നമ്മുടെ സ്വാസ്ഥ്യം കെടുത്തുന്നു.

ബസിലായാലും ട്രെയിനിലായാലും ചന്തയിലായാലും പരസ്യമായി പറയാന്‍ മടിക്കുന്ന വീട്ടുകാര്യങ്ങളാണ് പലരും മൊബൈലില്‍ ഉറക്കെ വിളിച്ചു പറയുക. റോഡില്‍ കൂടി ചിലര്‍ ചിരിച്ചും ആംഗ്യം കാട്ടിയും നടക്കുമ്പോള്‍ എന്തോ തകരാറുണ്ടെന്നു കരുതേണ്ട. ചെവിയോടു ചേര്‍ത്ത് ഈ വിദ്വാനുണ്ടാകും. ഇങ്ങനെ പോയാണ് ചിലര്‍ ട്രെയിനിടിച്ചും ടെറസില്‍ നിന്നു വീണും സിദ്ധി കൂടിയത്.

വ്യാജ സൗഹൃദങ്ങളും മൊബൈല്‍ പ്രണയങ്ങളും വന്‍ ദുരന്തത്തില്‍ കലാശിക്കുന്നത് വാര്‍ത്തകളേ അല്ലാതായി.

മണിക്കൂറുകള്‍ നീളുന്ന സംസാരം മദ്യാസക്തിപോലെ, ലഹരിയായി ഒഴിവാക്കാനാവാതെ വരുമ്പോള്‍ ‘മൊബൈല്‍ അഡിക്ഷന്‍’ എന്ന അവസ്ഥയിലെത്തും. ഇതിന് ചികിത്സ വേണ്ടിവരും.

മക്കള്‍ പുറത്തു പോയാല്‍ എപ്പോഴും അവരെ വിളിച്ചു കൊണ്ടിരിക്കുന്നത് വാത്സല്യവും കരുതലുമാണെന്നു വിചാരിക്കുന്ന രക്ഷിതാക്കളുണ്ട്. അത്യാവശ്യം കാര്യങ്ങള്‍ അറിയാനും പറയാനും വിളിക്കാം. പക്ഷെ നിരന്തരം മക്കളെ നിയന്ത്രിക്കുന്ന ‘റിമോട്ട്’ ആയാല്‍ സ്വന്തം തീരുമാനമെടുക്കാനും പ്രശ്‌നങ്ങള്‍ മറികടക്കാനുമുള്ള അവരുടെ കഴിവുകളെ തളര്‍ത്തുകയേയുള്ളു.

ഓഫിസില്‍ അടുത്തിരിക്കുന്ന ആളെ ശ്രദ്ധിക്കാതെ ദീര്‍ഘനേരം മൊബൈലില്‍ സംസാരിക്കുന്നതും മരണ വീടും ആരാധനാ കേന്ദ്രവും പോലെയുള്ള സ്ഥലങ്ങളില്‍ ഔചിത്യമില്ലാതെ മൊബൈല്‍ ഉപയോഗിക്കുന്നതും എന്തൊരു മര്യാദ കേടാണ്! പാത്രം ഉടയുന്നതും കുഞ്ഞുകരയുന്നതും അതിദ്രുത താളങ്ങളും ഉച്ചത്തില്‍ റിങ് ടോണാക്കി ചുറ്റുമുള്ളവരുടെ ശ്രദ്ധ ആകര്‍ഷിക്കുന്നത് ഒരിക്കലും മിടുക്കല്ല.

ചിലര്‍, പ്രത്യേകിച്ച് യുവജനങ്ങള്‍, സംസാരിക്കുന്നതിനിടയില്‍ മൊബൈലില്‍ വിരല്‍ കൊണ്ടു പരതി അങ്ങോട്ട് ഏറുകണ്ണിട്ടു കൊണ്ടിരിക്കും. നിങ്ങളെ ഒഴിവാക്കാനുള്ള സിഗ്നലാണ് ഇതെന്നു മനസിലാക്കുക.

വിളിക്കുമ്പോള്‍ സുഹൃത്തിന്റെ ജോലി സാഹചര്യങ്ങളും തിരക്കും സമയവും കണക്കിലെടുക്കുക. പറയേണ്ട പ്രധാന കാര്യം ആദ്യം പറഞ്ഞ ശേഷം കുശലാന്വേഷണത്തിലേക്ക് കടന്നാല്‍ തിരക്കാണെങ്കില്‍ സംഭാഷണം ചുരുക്കാമല്ലോ.

മൊബൈലിനേക്കുറിച്ച് പ്രചാരത്തിലുള്ള ഒരു തമാശയുണ്ട്. നിങ്ങളുടെ കയ്യിലുള്ള ഫോണ്‍ മറ്റുള്ളവരുടെ ആവശ്യത്തിനാണ്. നിങ്ങള്‍ സ്വന്തം ആവശ്യത്തിനു വിളിച്ച കോളുകളേക്കാള്‍ വളരെ കൂടുതലായിരിക്കും നിങ്ങളെക്കൊണ്ടുള്ള ആവശ്യത്തിനു മറ്റുള്ളവര്‍ വിളിച്ചത്. ഇതു ശരിയാണോയെന്ന് സ്വയം പരിശോധിച്ചു നോക്കുക.

ലണ്ടനിലെ ഭൂഗര്‍ഭ ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ അടുത്തു നിന്ന യാത്രക്കാരിയുടെ ബാഗിലെ മൊബൈല്‍ റിങ് ചെയ്യുന്നത് കേട്ടു. ടിംഗ്, ടിംഗ്. രണ്ടു ശബ്ദം മാത്രം. ബാഗില്‍ നിന്നു ഫോണെടുത്ത് ഒതുക്കത്തില്‍ എന്തോ പറഞ്ഞ് ഫോണ്‍ ഡിസ്‌കണക്ട് ചെയ്തു. അവിടെ ആരും മൊബൈലില്‍ പറയുന്നത് മറ്റൊരാള്‍ കേള്‍ക്കില്ല. മാത്രമല്ല, ദീര്‍ഘ സംഭാഷണവുമില്ല. ഇതേക്കുറിച്ച് എന്റെ ആതിഥേയനായിരുന്ന സസക്‌സ് യൂണിവേഴ്‌സിറ്റിയിലെ നരവംശ ശാസ്ത്ര പ്രഫസര്‍ ഡോ. ഫിലിപ്പോ ഒസല്ലോയോടു ചോദിച്ചു. ‘ഞങ്ങള്‍ മൊബൈലില്‍ അത്യാവശ്യകാര്യങ്ങള്‍ പറയുകയേയുള്ളു. വിശദമായി വീട്ടില്‍ വന്ന് ലാന്‍ഡ് ഫോണില്‍ സംസാരിക്കും.’

ശരിയാണ്. വൈകുന്നേരം ഏഴുമണിയോടെ അത്താഴം കഴിഞ്ഞ് പ്രഫസര്‍ 10 മണി വരെ ലാന്‍ഡ് ഫോണില്‍ സംസാരവും കംപ്യൂട്ടറില്‍ പത്രവായനയും എഴുത്തുമെല്ലാമായി കഴിയുന്നതു പതിവാണ്.

വാഹനം ഓടിക്കുമ്പോള്‍ മറ്റുള്ളവരെ ഗൗനിക്കാതെ റോഡ് മുഴുവന്‍ സ്വന്തമെന്നു കരുതി ഡ്രൈവു ചെയ്യുന്ന മലയാളി മൊബൈല്‍ ഉപയോഗത്തിലും ആ മര്യാദകേട് ആവര്‍ത്തിക്കുന്നു. ഇതുമൂലം സമയ നഷ്ടവും പണനഷ്ടവും മാത്രമല്ല, റേഡിയേഷന്‍ മൂലമുണ്ടാകാവുന്ന ആരോഗ്യ പ്രശ്‌നങ്ങളും കണക്കിലെടുക്കുന്നില്ല.

മേമ്പൊടി:
ഒരു കല്യാണ സംഘത്തിനൊപ്പം വാഹനത്തില്‍ യാത്ര ചെയ്യുമ്പോള്‍ പ്രായമായ ഒരു അമ്മച്ചി പറഞ്ഞു: ‘മോനെ വണ്ടിയേല്‍ വിളിക്കുന്ന ആ ഫോണില്ലേ, അതെടുത്ത് നാന്‍സി മോളെ വിളിക്ക്. അവള്‍ക്ക് വരാന്‍ പറ്റാത്ത തിരക്കെന്താണെന്ന് അറിയാല്ലോ.’ യാത്ര ചെയ്യുമ്പോഴാണ് അമ്മച്ചി മൊബൈലിന്റെ കാര്യമായ ഉപയോഗം കാണുന്നത്. മൊബൈലിന് എത്ര ലളിതമായ ഒരു നാടന്‍ നിര്‍വചനം!

ഹിംസ നാട്ടുനടപ്പാകുമ്പോള്‍

ഹിംസ അരങ്ങുവാഴുന്ന കാലം. വാക്കിലും പ്രവൃത്തിയിലും അധികാര കേന്ദ്രങ്ങളിലും നിറഞ്ഞു കവിയുന്ന ഹിംസ ജീവിതത്തിന്റെ സ്വാസ്ഥ്യം കെടുത്തുന്നു. രാവിലെ കൈയ്യിലെത്തുന്ന പത്രം വിവിധതരം ഹിംസകളുടെ മസാലവിഭവങ്ങള്‍ കൊണ്ടു നിറഞ്ഞത്. പ്രത്യാശ പകരുന്ന കരുണയുടെ, കരുതലിന്റെ വിശേഷങ്ങള്‍ വിരളം. ഉള്ളു തണുപ്പിക്കുന്ന ഇത്തരം സംഭവങ്ങള്‍ ഇടയ്ക്കിടെ നാട്ടില്‍ ഉണ്ടാകുന്നുണ്ടെങ്കിലും അതിനുള്ള ഇടം പത്രത്താളുകളില്‍ ശോഷിച്ചു പോയി.

വായനയ്ക്കപ്പുറം ഹിംസയുടെ ദൃശ്യമാനം കൂടി വിളമ്പുകയാണ് ടിവി ചാനലുകള്‍ നിലപാടുകള്‍ വിശദീകരിക്കേണ്ട സംവാദത്തിന്റെ ചര്‍ച്ചാ ഇടങ്ങള്‍ സംയമനമില്ലാത്ത, പരസ്പര അധിക്ഷേപത്താല്‍ മലീമസമാകുന്നു. സൈബറിടത്തിലെ അടിച്ചിരുത്തലുകള്‍ ഗുരുതരമായ ജനാധിപത്യ ശോഷണത്തിനു കാരണമാകുന്നു. ഡിജിറ്റല്‍ സ്‌പേസിലെ ആള്‍ക്കൂട്ടാക്രമണം പ്രത്യക്ഷമായ ഹിംസയുടെ മറ്റൊരു വകഭേദം തന്നെ.

നേര്‍ക്കുനേര്‍ പോര്‍വിളിച്ച്, അങ്കം വെട്ടിയവരെയാണ് വടക്കന്‍ പാട്ടുകള്‍ വീരന്മാരായി വാഴ്ത്തുന്നത്. എന്നാല്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങള്‍ ആര്‍ക്കുനേരെയും അധിക്ഷേപങ്ങള്‍ ചൊരിയാനുള്ള ഒളിയിടങ്ങള്‍ ഒരുക്കുകയാണ്. ഇവിടെ പതുങ്ങിയിരുന്ന് ഉത്തരവാദിത്വ ബോധമില്ലാതെ അസഭ്യവര്‍ഷം നടത്താം. കള്ളങ്ങള്‍ നിരത്തി ആരുടെയും യശസ് കളങ്കപ്പെടുത്താം. പഴയകാലത്തെ ഭീരുക്കളുടെ രീതിയാണിത്. പക്ഷേ ഇക്കാലത്ത് ഇവര്‍ക്കാണ് വീരപരിവേഷം.

സംഘബലത്തിന്റെയും രാഷ്ട്രീയബലത്തിന്റെയും മറവില്‍ സ്വന്തം നിലപാട് മറ്റൊരു വ്യക്തിയിലോ സമൂഹത്തിലോ അടിച്ചേല്‍പ്പിക്കുന്നതും ക്രൂരമായ ഹിംസ തന്നെ. ഇതിന് പലപ്പോഴും ഭരണകൂടവും പൊലീസുമെല്ലാം കുടപിടിക്കുകയും ചെയ്യുന്നു. ഇരകള്‍ കൂടുതലും ദരിദ്രരും സ്ത്രീകളും കുട്ടികളുമായിരിക്കും.

അക്രമം കൂടുതല്‍ അക്രമത്തിനു പ്രേരിപ്പിക്കും. അതിക്രമ സംഭവങ്ങള്‍ നിരന്തരം കാണുകയും ഇതു മാത്രം വായനയ്ക്ക്മുന്നിലെത്തുകയും ചെയ്യുമ്പോള്‍ ഇതെല്ലാം സാധാരണ കാര്യമായി മനസില്‍ പതിയാം. അതുകൊണ്ടാവാം നമ്മുടെ ചുറ്റുവട്ടത്തിലും അതിക്രമങ്ങള്‍ പെരുകുന്നത്.

അടുത്തയിടെ കോഴിക്കോട് നഗരത്തില്‍ ഒരു വനിതാ ഡോക്ടറെ കാര്‍ തടഞ്ഞ് ബൈക്കുകാരന്‍ മുഖത്തിടിച്ചു പരിക്കേല്‍പ്പിച്ചു. ഡോക്ടറുടെ ഡ്രൈവിങ് ശരിയല്ലെന്നാണ് ആക്രമണത്തിന് കാരണമായി പ്രതി പറഞ്ഞത്. ട്രാഫിക്ക് നിയമം ലംഘിച്ച് പായുന്ന ബൈക്കുകാര്‍ സൈഡ് കൊടുത്തില്ലെന്ന് പറഞ്ഞ് കാര്‍ ഓടിക്കുന്ന വരെ ചീത്ത പറയുന്നു.

കൂടുന്ന ഗാര്‍ഹിക പീഡനങ്ങളും ആത്മഹത്യകളും കുടുംബങ്ങളിലെ ഹിംസാന്തരീക്ഷത്തിന്റെ വെളിപ്പെടുത്തലുകളാണ്. സൃഷ്ടിക്കൊപ്പം സംഹാരവുമുള്ളതിനാല്‍ മനുഷ്യന്റെ ജനിതകത്തില്‍ ഹിംസയും ഉള്‍ച്ചേര്‍ന്നിട്ടുണ്ടെന്നു കാണാം. അയ്യായിരം വര്‍ഷം മുമ്പ് ജീവിച്ചിരുന്ന ഒരു മനുഷ്യന്റെ മമ്മിരൂപത്തിലായ ശരീരം ആല്‍പ്‌സ് പര്‍വതത്തില്‍ 1991 ല്‍ കണ്ടെത്തിയിരുന്നു. ‘ഓറ്റ്‌സീ ‘ എന്നു ശാസ്ത്രലോകം വിളിച്ച ആ പൂര്‍വികന്റെ വലത്തെ ചുമലില്‍ ഒരമ്പിന്റെ അഗ്രവും ശരീരത്തില്‍ മുറിവുകളും ഉണ്ടായിരുന്നു. മറ്റു രണ്ടു മനുഷ്യരുടെരക്താവശിഷ്ടവും ആ ശരീരത്തില്‍ കാണപ്പെട്ടു. വെങ്കലയുഗത്തില്‍ ആ മനുഷ്യനെ രണ്ടോ അതില്‍ കൂടുതലോ ആളുകള്‍ ചേര്‍ന്ന് കൊലപ്പെടുത്തിയതാണെന്ന് ഇതില്‍ നിന്ന് വെളിപ്പെടുന്നു.

വൈവിധ്യപൂര്‍ണവും അസാധാരണവുമായ കഴിവുകള്‍ക്കൊപ്പം ഇവയെ എല്ലാം തളര്‍ത്താനും സംഹരിക്കാനുമുള്ള ഹിംസാത്മകത കൂടി മനുഷ്യനില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു. അതിനാല്‍ എവിടെയെങ്കിലും മനസു തണുപ്പിക്കുന്ന, പ്രത്യാശപരത്തുന്ന സംഭവങ്ങളുണ്ടാകുമ്പോള്‍ അതു കൂടി ശ്രദ്ധിക്കുവാന്‍ കുഞ്ഞുങ്ങളെയും യുവാക്കളെയും പഠിപ്പിക്കേണ്ടിയിരിക്കുന്നു. ഇക്കാലത്തെ സങ്കീര്‍ണമായ ജീവിത സാഹചര്യങ്ങള്‍ മനുഷ്യരെ അസ്വസ്ഥരും അതേത്തുടര്‍ന്ന് അക്രമാസക്തരുമാക്കുന്നു. കൊറോണ സ്ഥിതി വഷളാക്കി. ലോകാരോഗ്യ സംഘടനയുടെ പുതിയ റിപ്പോര്‍ട്ടില്‍ ലോകത്തില്‍ എട്ടില്‍ ഒരാള്‍ മാനസിക തകരാര്‍ ഉള്ളവരാണെന്നു ചൂണ്ടിക്കാണിച്ചിരിക്കുന്നു. അതിനാല്‍ രാജ്യങ്ങള്‍ മാനസികാരോഗ്യ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ തുക മാറ്റിവയ്ക്കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു.

ഹിംസാത്മകമായ മനസിന് സത്യം കണ്ടെത്താനുള്ള കഴിവും അതിനാല്‍ത്തന്നെ മറ്റുള്ളവരെ പരിഗണിക്കാനുള്ളശേഷിയും നഷ്ടപ്പെടും. വാളെടുക്കുന്നവന്‍ വാളാല്‍ നശിക്കുമെന്നത് ഹിംസയ്ക്കു പുറപ്പെടുന്നവനുള്ള താക്കീതാണ്. ഈ മുന്നറിയിപ്പ് അവഗണിച്ച് ജൈത്രയാത്രക്ക് പുറപ്പെട്ട്, തകര്‍ന്ന് ധൂളിയായി ചിതറിയവരുടെ കഥയാണ് ലോകചരിത്രത്തിന്റെ സിംഹഭാഗവും. വിതയ്ക്കുന്നതിന്റെ വിളവെടുപ്പില്‍ നിന്ന് ഇവിടെ ആര്‍ക്കും ഒഴിഞ്ഞുമാറാനാവില്ലല്ലോ!

അരാജകത്വത്തിന്റെ ഉന്മാദ വഴികള്‍

ഇന്നത്തെ മൊബൈലിന്റെ സ്ഥാനത്ത് പണ്ട് പുരുഷന്മാരുടെ കൈകളില്‍ സിഗരറ്റോ, ബീഡിയോ ആയിരുന്നു. ബ്ലാക്ക് ആന്റ് വൈറ്റ് സിനിമകളില്‍ കൈയ്യില്‍ എരിയുന്ന സിഗരറ്റോ, ബീഡിയോ ഇല്ലാതെ നായകനെ കാണുക വിരളം. വില്ലനാണെങ്കില്‍ പകരം പുകയുന്ന ചുരുട്ടോ, പൈപ്പോ ആയിരിക്കും.

പുകയ്ക്കാത്തവര്‍ നല്ല മുറുക്കുകാരായിരുന്നു. കാരണവന്മാരും കാര്‍ന്നോത്തിമാരും മുറുക്കില്‍ ഒപ്പത്തിനൊപ്പം നിന്നു. അതിന്റെ സാക്ഷ്യപത്രമാണ് വീടുകളില്‍ ഉണ്ടായിരുന്ന മുറുക്കാന്‍ ചെല്ലം.

അന്ന് സിഗരറ്റ് പുകച്ചുകൊണ്ട് ക്ലാസ് എടുക്കുന്ന കോളജ് അധ്യാപകരും ഉണ്ടായിരുന്നു. അതൊന്നും ദുര്‍മാതൃകയോ അച്ചടക്ക ലംഘനമോ ആയി കരുതാതിരുന്നത് ഇന്ന് ഓര്‍ക്കുമ്പോള്‍ അത്ഭുതകരമായി തോന്നുന്നു.

സ്‌പോഞ്ച് പോലുള്ള ശ്വാസകോശം പിഴിഞ്ഞ് സിഗരറ്റ് കറ ഗ്ലാസില്‍ ശേഖരിക്കുന്ന സിനിമാ തിയറ്ററിലെ പരസ്യവും പുകയില കൂട്ടി മുറുക്കി കവിളില്‍ കാന്‍സര്‍ പുണ്ണ് ബാധിച്ച ചിത്രവുമെല്ലാം പ്രചരിപ്പിച്ചപ്പോള്‍ പുകവലി കുറഞ്ഞു. പുരുഷ ലക്ഷണമായി കരുതിയിരുന്ന പുകവലി അതോടെ അവലക്ഷണമായി തരംതാണു.

ആരോഗ്യത്തിന് ഹാനികരമെന്ന് ലേബല്‍ ഒട്ടിച്ചു വരുന്ന മദ്യം സേവിക്കാന്‍ പശ്ചാത്തല സൗകര്യം ഒരുക്കണമെന്ന ബദ്ധപ്പാട് ഉണ്ടെങ്കില്‍ രാസലഹരി കൈകാര്യം ചെയ്യാന്‍ വളരെ എളുപ്പം. അതിനാല്‍ അവനാണിപ്പോള്‍ അരങ്ങ് തകര്‍ക്കുന്നത്.

അതിദ്രുതം പരിണാമങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങളും അരാജകത്വവും അക്രമവും വളര്‍ത്തുന്ന രാഷ്ട്രീയ അന്തരീക്ഷവുമാണ് കേരളത്തില്‍ മയക്കു മരുന്ന് അതിവേഗം പടരാന്‍ ഇടം നല്‍കുന്നത്. ലോകത്തില്‍ എവിടേയുമുള്ള ഉപഭോഗ വസ്തുക്കള്‍ക്കൊപ്പം മാരക ലഹരികളും എളുപ്പം ലഭിക്കുന്നു.

രാഷ്ട്രീയ അതിപ്രസരത്തിനൊപ്പം അഴിമതിയും പെരുകുന്നു. കാര്‍ഷിക – വ്യവസായ മേഖലകളിലെ തകര്‍ച്ചയും തൊഴിലില്ലായ്മയുമെല്ലാം ചേരുമ്പോള്‍ സമൂഹത്തിന്റെ ഗുണനിലവാരം തകരുന്നു. അക്രമങ്ങള്‍ നിത്യസംഭവങ്ങളാകുമ്പോള്‍ ജനങ്ങളുടെ ശുഭാപ്തി വിശ്വാസം കെട്ടുപോകുന്നു. ലഹരിയില്‍ വെളിവുകെടുമ്പോള്‍ കൊലപാതകങ്ങളും പെരുകും.

മനുഷ്യനെ സാമൂഹിക ജീവിയായി പരുവപ്പെടുത്തിയിരുന്ന കുടുംബക്കളരികളുടെ സ്ഥാനം ചുറ്റുപാടുകളും മറ്റു കൂട്ടായ്മകളും ഏറ്റെടുത്തു. ആര്‍ക്കും ആരെയും ശരിക്കും മനസിലാക്കാന്‍ സാധിക്കാത്ത ഈ അവസ്ഥയില്‍ ഓരോരുത്തരും ഒറ്റയ്ക്ക് എങ്ങനെയെക്കെയോ വളരുന്നു, തളരുന്നു, തകരുന്നു. ഈ ഒറ്റയാന്‍ പൊറുതികളില്‍ ഉന്മാദ വഴികളൊരുക്കി രാസലഹരികള്‍ കാത്തിരിക്കുന്നു.

ഉത്സവങ്ങളും പെരുന്നാളുകളും വിവാഹ വിരുന്നുകളും കൂട്ടായ്മയുടെ, സഹകരണത്തിന്റെ ഹര്‍ഷവേദികളായിരുന്നു. പോയ കാലത്തിന് തിരിച്ചു വരവില്ലല്ലോ. പക്ഷെ, ആ കാലത്തിന്റെ ചില ഗുണവശങ്ങള്‍ ശ്രമിച്ചാല്‍ കൈ എത്തിപ്പിടിക്കാവുന്നതേയുള്ളു.

ലോകത്ത് ഗുണമേന്മയുള്ള ജീവിതം പുലരുന്ന രാജ്യങ്ങളായി കണക്കാക്കുന്നത് ഫിന്‍ലന്‍ഡ്, ഡെന്മാര്‍ക്ക്, നോര്‍വേ തുടങ്ങിയ രാജ്യങ്ങളാണ്. അവിടെ പൗരന്മാര്‍ സന്തോഷവും സമാധാനവും അനുഭവിക്കുന്നു. അല്ലലില്ലാതെ സാമൂഹിക ജീവിതം ആസ്വദിക്കുന്നു. എറിത്രിയ, സോമാലിയ തുടങ്ങിയ ആഫ്രിക്കന്‍ രാജ്യങ്ങളാണ് മോശം നാടുകളായി ഗണിക്കപ്പെടുന്നത്. അമേരിക്ക ഗുണമേന്മയുടെ കാര്യത്തില്‍ താഴേക്കു പോയെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

സമ്പത്തും സൗകര്യവും കൂടിയതുകൊണ്ട് ആനന്ദം ഉണ്ടാകണമെന്നില്ല. സാമൂഹിക ജീവിയായ മനുഷ്യന്‍ സമൂഹ ജീവിതം തിരിച്ചു പിടിക്കുമ്പോള്‍ മാത്രമേ തളരുമ്പോള്‍ താങ്ങാന്‍ ആളുകള്‍ ഉണ്ടാവൂ.

Exit mobile version