താമരശ്ശേരി രൂപതയുടെ ആത്മീയ നവീകരണ കേന്ദ്രമായ പുല്ലൂരാംപാറ ബഥാനിയായില്‍ നടക്കുന്ന അഖണ്ഡ ജപമാല സമര്‍പ്പണം ഒക്ടോബര്‍ 26-ന് സമാപിക്കും. ജപമാല മന്ത്രങ്ങളാല്‍ മുഖരിതമായ ബഥാനിയായില്‍ നിരവധി വിശ്വാസികളാണ് അഖണ്ഡ ജപമാല സമര്‍പ്പണത്തില്‍ പങ്കാളികളാകാന്‍ എത്തുന്നത്. കുടുംബങ്ങളുടെ വിശുദ്ധീകരണവും ലോകസമാധാനവുമാണ് ഇത്തവണത്തെ പ്രത്യേക നിയോഗം.
അഖണ്ഡ ജപമാല സമര്‍പ്പണത്തിന്റെ നൂറാം ദിനമായ ഒക്ടോബര്‍ 25-ന് പതിവ് ശുശ്രൂഷകള്‍ക്കു പുറമെ പ്രത്യേക ശുശ്രൂഷകളും ക്രമീകരിച്ചിട്ടുണ്ട്. 25-ന് വൈകുന്നേരം 06.30-ന് കത്തിച്ച മെഴുകുതിരികളുമായി ആയിരങ്ങള്‍ അണിനിരക്കുന്ന ജപമാല റാലിക്ക് ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ നേതൃത്വം നല്‍കും. തുടര്‍ന്നുള്ള വിശുദ്ധ കുര്‍ബാനയില്‍ പുല്ലൂരാംപാറ വികാരി ഫാ. സെബാസ്റ്റ്യന്‍ പുരയിടത്തില്‍ മുഖ്യകാര്‍മികത്വം വഹിക്കും.
26-ന് രാവിലെ 10.30-ന് സമാപന ജപമാല ആരംഭിക്കും. തുടര്‍ന്ന് ആഘോഷമായ ദിവ്യബലിയില്‍ ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ മുഖ്യകാര്‍മികത്വം വഹിക്കും. ദിവ്യകാരുണ്യ ആരാധനയും ദിവ്യകാരുണ്യ പ്രദക്ഷിണവും നടക്കും. 01.30-ന് നേര്‍ച്ച ഭക്ഷണത്തോടെ അഖണ്ഡ ജപമാല സമര്‍പ്പണം സമാപിക്കും.
എല്ലാ ദിവസവും രാവിലെ ഏഴു മുതല്‍ രാത്രി എട്ടു വരെ കുമ്പസാരത്തിനുള്ള സൗകര്യം ക്രമീകരിച്ചിട്ടുണ്ട്. ഞായറൊഴികെ എല്ലാ ദിവസവും രാവിലെ ആറിനും ഉച്ചയ്ക്ക് 12-നും വൈകിട്ട് ഏഴിനും ദിവ്യബലിയുണ്ട്. എല്ലാ ദിവസവും സ്പിരിച്ച്വല്‍ ഷെയറിങ് ക്രമീകരിച്ചിട്ടുണ്ട്. പുലര്‍ച്ചെ മൂന്നിനും വൈകിട്ട് മൂന്നിനും കരുണക്കൊന്തയും കുരിശിന്റെ വഴി പ്രാര്‍ത്ഥനയുമുണ്ട്.
ബഥാനിയായില്‍ ഒക്ടോബറിലെ ശുശ്രൂഷകള്‍
എല്ലാ വെള്ളിയാഴ്ചകളിലും ഏകദിന കണ്‍വെന്‍ഷന്‍. ഒക്ടോബര്‍ 11 മുതല്‍ 14 വരെ ജീവിത വിശുദ്ധീകരണ ധ്യാനം.