ഫിയെസ്റ്റ 2023: പാറോപ്പടി സെന്റ് ആന്റണീസ് വിജയികള്‍

താമരശ്ശേരി രൂപത കമ്മ്യൂണിക്കേഷന്‍ മീഡിയയും ചെറുപുഷ്പ മിഷന്‍ ലീഗും സംയുക്തമായി സംഘടിപ്പിച്ച ഫിയെസ്റ്റ 2023 കരോള്‍ ഗാനമത്സരത്തില്‍ പാറോപ്പടി സെന്റ് ആന്റണീസ് ടീം വിജയികളായി. മഞ്ഞക്കടവ് സെന്റ് മേരീസ് ടീം രണ്ടും അശോകപുരം ഇന്‍ഫെന്റ് ജീസസ് ടീം മൂന്നും സ്ഥാനങ്ങള്‍ നേടി. വിവിധ ഇടവകകളില്‍ നിന്നായി 12 ടീമുകളാണ് ഫിയെസ്റ്റ 2023-ല്‍ മാറ്റുരച്ചത്.

ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ മത്സരം ഉദ്ഘാടനം ചെയ്തു. കമ്മ്യൂണിക്കേഷന്‍ മീഡിയ ഡയറക്ടര്‍ ഫാ. സിബി കുഴിവേലില്‍, ചെറുപുഷ്പ മിഷന്‍ ലീഗ് ഡയറക്ടര്‍ ഫാ. ജോര്‍ജ് വെള്ളാരംകാലായില്‍, കമ്മ്യൂണിക്കേഷന്‍ മീഡിയ അസി. ഡയറക്ടര്‍ ഫാ. ജോബിന്‍ തെക്കേക്കരമറ്റം എന്നിവര്‍ പ്രസംഗിച്ചു.

വിജയികള്‍ക്ക് കുടുംബക്കൂട്ടായ്മ രൂപതാ ഡയറക്ടര്‍ ഫാ. ബിനു കുളത്തിങ്കല്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഒന്നാം സ്ഥാനക്കാര്‍ക്ക് 5001 രൂപയും, രണ്ടാം സ്ഥാനക്കാര്‍ക്ക് 3001 രൂപയും, മൂന്നാം സ്ഥാനക്കാര്‍ക്ക് 2001 രൂപയുമായിരുന്നു ക്യാഷ് അവാര്‍ഡ്.

ജില്‍സണ്‍ ജോസ്, രജിന്‍ ജോസ്, സിസ്റ്റര്‍ പ്രിന്‍സി സിഎംസി എന്നിവര്‍ നേതൃത്വം നല്‍കി.

മലബാര്‍ വിഷന്‍ ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ലോഞ്ച് ചെയ്തു

കോഴിക്കോട്: താമരശ്ശേരി രൂപതാ വാര്‍ത്തകളും വിശേഷങ്ങളും തല്‍സമയം ജനങ്ങളിലെത്തിക്കുന്നതിനായി കമ്മ്യൂണിക്കേഷന്‍ മീഡിയയുടെ നേതൃത്വത്തില്‍ ആരംഭിച്ച ‘മലബാര്‍ വിഷന്‍ ഓണ്‍ലൈന്‍’ ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ലോഞ്ച് ചെയ്തു. അസഭ്യമായ കാര്യങ്ങളെ സഭ്യമാക്കുന്ന പ്രവണത സമൂഹത്തില്‍ വര്‍ധിച്ചു വരികയാണെന്നും ഇത്തരം പ്രവണതകള്‍ പ്രതിരോധിക്കാന്‍ അപ്പപ്പോഴുള്ള ഇടപെടലുകള്‍ ആവശ്യമാണെന്നും ബിഷപ് പറഞ്ഞു. ”മികച്ച ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ നവമാധ്യങ്ങളെ ഉപയോഗപ്പെടുത്തണം. മലബാര്‍ വിഷന്‍ ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ഇത്തരത്തിലുള്ള ഒരു തുടക്കമാണ്. രൂപതാ മുഖപത്രമെന്ന നിലയില്‍ മലബാര്‍ വിഷന്‍ മികച്ച രീതിയില്‍ മുന്നേറുന്നതില്‍ സന്തോഷമുണ്ട്.” ബിഷപ് കൂട്ടിച്ചേര്‍ത്തു.

താമരശ്ശേരി രൂപത കമ്മ്യൂണിക്കേഷന്‍ മീഡിയാ ഡയറക്ടര്‍ ഫാ. സിബി കുഴിവേലില്‍, അസി. ഡയറക്ടര്‍ ഫാ. ജോബിന്‍ തെക്കേക്കരമറ്റത്തില്‍, എഡിറ്റോറിയല്‍ ബോര്‍ഡ് അംഗങ്ങളായ കെ. എഫ്. ജോര്‍ജ്, പ്രഫ. ചാര്‍ലി കട്ടക്കയം, ജോസ് കെ. വയലില്‍, ജില്‍സണ്‍ ജോസ്, രജിന്‍ ജോസ് എന്നിവര്‍ പ്രസംഗിച്ചു.

താമരശ്ശേരി രൂപതാ മുഖപത്രം മലബാര്‍ വിഷന്റെ പത്താം വര്‍ഷത്തിലാണ് ഓണ്‍ലൈന്‍ രംഗത്തേക്ക് ഇറങ്ങുന്നത്. രൂപതാ വാര്‍ത്തകള്‍ക്കു പുറമേ സഭാ വാര്‍ത്തകളും വത്തിക്കാന്‍ വിശേഷങ്ങളും പോര്‍ട്ടലില്‍ ലഭ്യമാക്കിയിട്ടുണ്ട്. കരിയര്‍ സംബന്ധമായ ലേഖനങ്ങളും വിശ്വാസപരവും സമൂഹിക പ്രാധാന്യമുള്ള വിഷയങ്ങളും പോര്‍ട്ടലില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. മലബാര്‍ വിഷന്‍ ഓണ്‍ലൈനിന്റെ അപ്ഡേറ്റുകള്‍ കൃത്യമായി ലഭിക്കാന്‍ ഓണ്‍ലൈന്‍ കമ്മ്യൂണിറ്റിയും ആരംഭിച്ചിട്ടുണ്ട്.

Exit mobile version