ജനുവരി 13: വിശുദ്ധ ഹിലരി (മെത്രാന്‍, വേദപാരംഗതന്‍)

അക്വിറ്റെയിനില്‍ പോയിറ്റിയേഴ്സ് എന്ന സ്ഥലത്ത് വിജാതീയരില്‍ നിന്ന് ജനിച്ച ഹിലരി വിശുദ്ധ ഗ്രന്ഥ പാരായണത്തിലൂടെയാണ് മാനസാന്തരപ്പെട്ട് ക്രിസ്തുമതം സ്വീകരിച്ചത്. താമസിയാതെ ഭാര്യയെയും മകളെയും കൂടി മാനസാന്തരപ്പെടുത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു. അധികം വൈകാതെ പൗരോഹിത്യം സ്വീകരിക്കുകയും 353-ല്‍ സ്വദേശത്തെ മെത്രാനായി അഭിഷേകം ചെയ്യപ്പെടുകയുമുണ്ടായി.

എല്ലാ പ്രവൃത്തികളും പ്രഭാഷണങ്ങളും ഏതെങ്കിലും ദൈവസ്തുതി ചെല്ലിക്കൊണ്ട് മാത്രമെ ആരംഭിക്കാവൂ എന്ന നിഷ്ഠയുണ്ടായിരുന്നു. ദൈവനിയമങ്ങളെപ്പറ്റി രാപകല്‍ ധ്യാനിച്ചും പ്രാര്‍ത്ഥിച്ചുമാണ് അദ്ദേഹം ജീവിച്ചിരുന്നത്. സര്‍വ്വ പ്രവൃത്തികളും ദൈവസ്തുതിയെ ലക്ഷ്യമാക്കി ചെയ്തുകൊണ്ടിരുന്നു. മര്‍ദ്ദനങ്ങളെയും രക്തസാക്ഷിത്വത്തെയും സദാ സ്വാഗതം ചെയ്തുകൊണ്ടിരുന്ന ഹിലരി നിര്‍ഭയനായി സത്യത്തെ അനുധാവനം ചെയ്തു. തിരുസഭയുടെ മഹാ വേദപാരംഗതന്‍ എന്നാണ് വിശുദ്ധ അഗസ്റ്റിന്‍ അദ്ദേഹത്തെ വിളിച്ചിരുന്നത്.

ഹിലരി എന്ന പദത്തിന് സന്തുഷ്ടന്‍ എന്നാണര്‍ത്ഥം. സന്തോഷത്തോടെ നിര്‍ഭയം തിരുസഭയെ സേവിച്ച ഹിലരി 53-ാമത്തെ വയസില്‍ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു.

ജനുവരി 12: വിശുദ്ധ എല്‍റെഡ്

കുലീന കുടുംബജാതനായ എല്‍റെഡ് ജീവിതമാരംഭിച്ചത് സ്‌കോട്ട്‌ലന്റിലെ ഭക്തനായ ഡേവിഡ് രാജാവിന്റെ ഒരു സേവകനായാണ്. കൊട്ടാരത്തില്‍ അദ്ദേഹം എല്ലാവരുടെയും കണ്ണിലുണ്ണിയായിരുന്നു. ഹൃദയശാന്തതയായിരുന്നു ഇതിന് നിദാനം. ഒരിക്കല്‍ രാജാവിന്റെ മുമ്പില്‍ വച്ച് ഒരാള്‍ അദ്ദേഹത്തിന്റെ കുറ്റം വെളിപ്പെടുത്തിക്കൊടുത്തതിന് അദ്ദേഹം അയാള്‍ക്ക് നന്ദി പറയുകയാണ് ചെയ്തത്.

കൊട്ടാരവാസികളോടുള്ള സ്‌നേഹം കുറെനാള്‍ ലൗകിക സന്തോഷങ്ങളില്‍ അദ്ദേഹത്തെ ബന്ധിച്ചിട്ടെങ്കിലും മരണത്തെപ്പറ്റിയുള്ള ചിന്ത ആ ബന്ധത്തെ വിഛേദിച്ചു യോര്‍ക്കുഷയറിലെ സിസ്‌റ്റേഴ്‌സ്യന്‍ ആശ്രമത്തിലേക്ക് അദ്ദേഹത്തെ ആനയിച്ചു. ദൈവസ്‌നേഹത്തിന്റെ തീഷ്ണതയില്‍ ആശാനിഗ്രഹം അദ്ദേഹത്തിനു മധുരമായിരുന്നു.

‘എന്റെ നല്ല ഈശോ, അങ്ങയുടെ സ്വരം എന്റെ ചെവിയില്‍ പതിയട്ടെ. അങ്ങയെ എങ്ങനെ സ്‌നേഹിക്കാമെന്ന് എന്റെ ഹൃദയം പഠിക്കട്ടെ. അങ്ങയെ സ്‌നേഹിക്കുന്നവര്‍ അങ്ങേ ഹൃദയം സ്വായത്തമാക്കുന്നു.’ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ചിന്ത. തുഛമായ ഭക്ഷണവും കഠിനമായ അധ്വാനവും മൗനവുമായിരുന്നു ദിനചര്യ. കടുത്ത പലകയായിരുന്നു ശയ്യ. ‘എല്ലാറ്റിലും ക്രിസ്തുവിന്റെ പീഡാനുഭവത്തോട് നാം യോജിച്ചിരുന്നലേ യഥാര്‍ത്ഥ ദൈവസ്‌നേഹം ലഭിക്കുകയുള്ളു.’ എന്നു പറഞ്ഞ എല്‍റെഡ് 58-ാമത്തെ വയസില്‍ നിത്യസമ്മാനത്തിനായി യാത്രയായി.

ജനുവരി 11: വിശുദ്ധ തെയോഡോഷ്യസ്

106-ാമത്തെ വയസില്‍ നിര്യാതനായ തെയോഡോഷ്യസ് കപ്പദോച്യായില്‍ ജനിച്ചു. കലാഞ്ചിനൂസ് എന്ന ഗുരുവിന്റെ കീഴില്‍ ഏതാനും കാലം സന്യാസ ജീവിതം നയിച്ചു. പിന്നീട് ഒരു മലയില്‍ കയറി ഒരു ഗുഹയില്‍ പ്രാര്‍ത്ഥനയും ഉപവാസവുമായി കഴിഞ്ഞു. വനസസ്യങ്ങളും പയറും ഭക്ഷിച്ച് 30 വര്‍ഷം അദ്ദേഹം ജീവിച്ചു. ക്രമേണ ശിഷ്യന്മാര്‍ വന്നുകൂടി.

ഒരു ഉയിര്‍പ്പു തിരുനാള്‍ ദിവസം 12 അംഗങ്ങളുണ്ടായിരുന്ന ആ ആശ്രമത്തില്‍ ഭക്ഷിക്കാനൊന്നിമില്ലായിരുന്നു. ചിലര്‍ പിറുപിറുത്തപ്പോള്‍ തെയോഡോഷ്യസ് പറഞ്ഞു: ‘ദൈവത്തില്‍ ശരണം വയ്ക്കൂ. അവിടുന്ന് തരും.’ താമസിയാതെ ഭക്ഷണമെത്തി. തെയോഡോ്യസിന്റെ ആശ്രമം ബേസ്‌ളഹത്തിന് സമീപമായിരുന്നു. അവിടെ അദ്ദേഹം വൃദ്ധര്‍ക്കും വികലാംഗര്‍ക്കും സന്യാസത്യാഗികള്‍ക്കും വെവ്വേറെ ശുശ്രൂഷാ കേന്ദ്രം സ്ഥാപിച്ചു. നാലു പള്ളികളും പണിതു. രോഗികളുടെ ശുശ്രൂഷയും അപരിചിതരുടെ സംസ്‌ക്കാരവും ക്രമമായി നടന്നു.

സന്യാസ പരിപൂര്‍ണ്ണതയുടെ അടിസ്ഥാനം മരണസ്മരണയാണെന്ന് ശിഷ്യരെ പഠിപ്പിക്കാന്‍ ഒരു ശവക്കുഴി അദ്ദേഹമുണ്ടാക്കി. ഒരു ദിവസം തെയോഡോഷ്യസ് ശിഷ്യരോടു ചോദിച്ചു, ‘ശവകുടീരം തയാറാക്കിയിരിക്കുകയാണല്ലോ. ആര് സമര്‍പ്പണം നടത്തും?’ ബാസില്‍ എന്ന പുരോഹിതന്‍ പറഞ്ഞു, ‘ഞാന്‍ തയ്യാര്‍.’ അവര്‍ മരിച്ചവര്‍ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥനകള്‍ ചൊല്ലി. രണ്ടു മൂന്നു ദിവസം കഴിഞ്ഞപ്പോള്‍ ആരോഗ്യവാനായിരുന്ന ബാസില്‍ മരിച്ചു. ലോകത്തിലെ നിരവധി ആര്‍ഭാടങ്ങളുടെയും പ്രലോഭനങ്ങളുടെയും മധ്യേ സന്യാസജീവിതം വിശുദ്ധിക്ക് എത്രയും സഹായകരമാണെന്ന് തെയോഡോഷ്യസിന്റെ ജീവിതം സാക്ഷ്യപ്പെടുത്തുന്നു.

ജനുവരി 10: വിശുദ്ധ വില്യം ബെറൂയര്‍

ബല്‍ജിയത്തില്‍ റനവേഴ്സില്‍ ഒരു കുലീന കുടുംബത്തിലാണ് വില്യം ബറൂയര്‍ ജനിച്ചത്. ബാല്യം മുതല്‍ക്കുതന്നെ സമ്പത്തിനോടും ലൗകിക ആര്‍ഭാടങ്ങളോടും അവജ്ഞ പ്രദര്‍ശിപ്പിച്ചു പോന്നു. അവയുടെ വിപത്തുക്കളെപ്പറ്റി ബോധവാനയിരുന്ന ബാലന്‍ പഠനത്തിലും ഭക്താഭ്യാസങ്ങളിലും നിമഗ്‌നനായി പൗരോഹിത്യത്തിലേക്ക് ദൃഷ്ടി തിരിച്ചു. പുരോഹിതനായ ശേഷം തപോജീവിതം ലക്ഷ്യമാക്കി ഗ്രാന്റ് മോന്തിലെ ഏകാന്തത്തിലേക്ക് അദേഹം നീങ്ങി. പിന്നീട് സിസ്റ്റേഴ്സ്യന്‍ സന്യാസ സഭയില്‍ചേര്‍ന്ന് സഭാവസ്ത്രം സ്വീകരിച്ചു. എളിമയും ഇന്ദ്രിയ നിഗ്രഹവും അദേഹത്തിന്റെ ഹൃദയത്തെ നിര്‍മ്മലമാക്കി. ഉയര്‍ന്ന പ്രാര്‍ത്ഥനയുടെ മാധുര്യവും ദൈവം അദേഹത്തിനു നല്‍കി.

മുഖത്തിന്റെ പ്രസന്നത ആത്മീയ സമാധാനത്തിന് സാക്ഷ്യം വഹിച്ചു. 1200-ല്‍ ബൂര്‍ഷിലെ ആര്‍ച്ചുബിഷപ്പായി തിരഞ്ഞെടുക്കപ്പെട്ടെങ്കിലും താപശ്ചര്യ അദേഹം വര്‍ദ്ധിപ്പിച്ചതേയുള്ളൂ. ഉടുപ്പിന്റെ കീഴില്‍ രോമച്ചട്ട ധരിച്ചു; മാംസം ഭക്ഷിച്ചിരുന്നില്ല. ദരിദ്രരെ സഹായിക്കാനാണ് ദൈവം തന്നെ നിയോഗിച്ചിരിക്കുന്നതെന്നാണ് അദേഹം സദാ പറഞ്ഞിരുന്നത്. മരണ സമയത്ത് രോമച്ചട്ടയോടുകൂടി ചാരത്തില്‍ കിടന്നാണ് അദ്ദേഹം മരിച്ചത്. പ്രാര്‍ത്ഥനയാണ് ആ വിശുദ്ധ ജീവിതത്തെ സുകൃത സമ്പന്നമാക്കിയത്. നമുക്കും പ്രാര്‍ത്ഥനയുടെ മനുഷ്യരാകാം.

ജനുവരി 9: സെബാസ്റ്റിലെ വിശുദ്ധ പീറ്റര്‍

വിശുദ്ധ ബാസില്‍ സീനിയറിന്റെയും വിശുദ്ധ എമീലിയായുടേയും മക്കളാണ് ബാസില്‍, നിസ്സായിലെ ഗ്രിഗറി, സെബാസ്റ്റിലെ പീറ്റര്‍, മക്രീന എന്നീ നാലു വിശുദ്ധര്‍. ബാസില്‍ സീനിയറിന്റെ പത്തു മക്കളില്‍ ഇളയവനാണ് പീറ്റര്‍. സഹോദരി മക്രീനാ ആണ് പീറ്ററിനെ വളര്‍ത്തിയെക്കൊണ്ടുവന്നതും ഭക്താഭ്യാസങ്ങള്‍ പഠപ്പിച്ചതും.

ലൗകിക വിജ്ഞാനം തേടണമെന്ന് അവനാഗ്രഹമുണ്ടായില്ല. പരിപൂര്‍ണ്ണമായ ദൈവ സ്‌നേഹം സമ്പാദിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ പഠിക്കുന്നതായിരുന്നു അവന്റെ അഭിനിവേശം. ബാസിലിന്റെ കീഴിലുണ്ടായിരുന്ന ആശ്രമത്തില്‍ ശ്രേഷ്ഠസ്ഥാനം നിര്‍വ്വഹിക്കവേ പോന്തൂസിലും കപ്പദോച്ചിയായിലും ഭയങ്കരമായ ഒരു ക്ഷാമം ഉണ്ടായി. ആശ്രമത്തിലും സ്വഭവനത്തിലുമുണ്ടായിരുന്ന സമസ്തവും വിറ്റ് അദ്ദേഹം ദരിദ്രര്‍ക്ക് കൊടുത്തു.

387-ല്‍ പീറ്റര്‍ മരിച്ചു. അതേ വര്‍ഷം തന്നെ അദ്ദേഹത്തെ ജനങ്ങള്‍ വണങ്ങാന്‍ തുടങ്ങി. അദ്ദേഹത്തിന്റെ സഹോദരന്‍ ഗ്രിഗറി നിസ്സാ പറയുന്നു: സഹോദരി മക്രീന പീറ്ററിനെ അഭ്യസിപ്പിച്ച എളിമയും വിശുദ്ധിയുമാണ് അദ്ദേഹത്തെ വിശുദ്ധ പദത്തില്‍ എത്തിച്ചത്. ക്രിസ്തു തന്നില്‍ ജീവിക്കുന്നതിന് പീറ്റര്‍ തനിക്കും ലോകത്തിനുമായി മരിച്ചു. നമുക്കും ലോകവസ്തുക്കളോടുള്ള അമിതമായ താല്‍പര്യം വര്‍ജിക്കാം.

ജനുവരി 8: വിശുദ്ധ ക്‌ളൗദിയൂസ് അപ്പൊളിനാരിസ്

ഫ്രീജിയായില്‍ ഹീറാപ്പോലീസിലെ മെത്രാനായിരുന്നു അപ്പോളിനാരിസ് ക്‌ളൗദിയൂസ്. സമകാലിക പാഷണ്ഡികളോട് അദ്ദേഹം വീറോടെ പോരാടി. പാഷണ്ഡികള്‍ക്കെതിരായി പല വിശിഷ്ട ഗ്രന്ഥങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്. ഏറ്റവും വിശിഷ്ടമായ അദ്ദേഹത്തിന്റെ ഗ്രന്ഥം മാര്‍ക്കൊസ് ഔറേലിയസ് ചക്രവര്‍ത്തിക്ക് അദ്ദേഹം സമര്‍പ്പിച്ച ക്രിസ്തുമതത്തിന് ഒരു ക്ഷമാര്‍പ്പണമെന്നതാണ്.

ക്രിസ്ത്യാനികളുടെ പ്രാര്‍ത്ഥന വഴി ക്വാദികളുടമേല്‍ ചക്രവര്‍ത്തിക്കു ലഭിച്ച വിജയത്തിനു ശേഷമാണ് ഈ ഗ്രന്ഥം അദ്ദേഹം എഴുതിയത്. പ്രസ്തുത വിജയത്തില്‍ ക്രിസ്ത്യാനികളുടെ പ്രാര്‍ത്ഥനയ്ക്കുള്ള സ്ഥാനം അനുസ്മരിപ്പിച്ചുകൊണ്ട് മതപീഡനം നിര്‍ത്താന്‍ ചക്രവര്‍ത്തിയോട് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ക്രിസ്ത്യാനികളെ അവരുടെ മതവിശ്വാസത്തെപ്രതി കുറ്റപ്പെടുത്തുന്നവര്‍ക്ക് വധശിക്ഷ നല്‍കണമെന്ന് ചക്രവര്‍ത്തി വിളംബരം ചെയ്‌തെങ്കിലും മതപീഡനം പിന്‍വലിച്ചില്ല. ഒരിക്കല്‍ ഒരു നിയമമുണ്ടാക്കിയാല്‍ അത് പിന്‍വലിച്ചുകൂടാ എന്ന റോമന്‍ തത്വമനുസരിച്ചായിരുന്നു അത്. ക്രിസ്തീയ വിശ്വാസത്തെ സംരക്ഷിക്കാനും ക്രിസ്ത്യാനികളെ മരണവക്രത്തില്‍ നിന്ന് മോചിക്കാനും അപ്പൊളിനാരിസു ചെയ്ത പരിശ്രമം തിരുസഭയോടുള്ള നമ്മുടെ സ്‌നേഹം വര്‍ദ്ധിപ്പിക്കട്ടെ.

ജനുവരി 7: പെനിഫോര്‍ട്ടിലെ വിശുദ്ധ റെയ്മണ്ട്

സ്പാനിഷുകാരനാണ് വിശുദ്ധ റെയ്മണ്ട്. ഇരുപതാമത്തെ വയസില്‍ ബൊളോഞ്ഞോ സര്‍വകലാശാലയില്‍ നിന്നു ഡോക്ടറേറ്റു നേടിയ റെയ്മണ്ട് അവിടത്തന്നെ തത്വശാസ്ത്രം പഠിപ്പിച്ചു. 1222-ല്‍ അദ്ദേഹം ബാഴ്‌സലോണയിലേക്ക് തിരിച്ചു വന്നു. ഡൊമിനിക്കന്‍ സഭയില്‍ പ്രവേശിച്ചു. ആറു കൊല്ലം ബാഴ്‌സലോണയില്‍ പഠിപ്പിച്ച ശേഷം അദ്ദേഹം വീണ്ടെടുപ്പു മാതാവിന്റെ സന്യാസ സഭ സ്ഥാപിച്ച് അടിമകളുടെ മോചനത്തിനായി പ്രവര്‍ത്തിക്കുവാന്‍ തുടങ്ങി.

ആരഗണിലെ ജെയിംസ് രാജാവിനെ പാപ മാര്‍ഗ്ഗത്തില്‍ നിന്നു മനസ്സു തിരിച്ചു. അറുപതാമത്തെ വയസ്സില്‍ റെയ്മണ്ട് തരഗോണാ ആര്‍ച്ചു ബിഷപ്പായി നിയമിതനായി. ആ ബഹുമാനം ഇഷ്ടപ്പെടാതെ രണ്ടു കൊല്ലം കഴിഞ്ഞപ്പോള്‍ അദ്ദേഹം സ്ഥാനം ഒഴിഞ്ഞു. 63-ാമത്തെ വയസ്സില്‍ അദ്ദേഹം ഡൊമിനിക്കന്‍ സഭയുടെ മാസ്റ്റര്‍ ജനറലായി തെരഞ്ഞെടുക്കപ്പെട്ടു. കാല്‍നടയായി എല്ലാ ഡൊമിനിക്കന്‍ ഭവനങ്ങളും അദ്ദേഹം സന്ദര്‍ശിച്ചു. 65-ാമത്തെ വയസ്സില്‍ അദ്ദേഹം രാജിവച്ചു. സ്ഥാനമൊഴിഞ്ഞ ശേഷം സാരസന്മാരുടെ ഇടയില്‍ സുവിശേഷം പ്രസംഗം നടത്തി. 18 വര്‍ഷംകൊണ്ട് പതിനായിരം പേരെ അദ്ദേഹം ജ്ഞാനസ്‌നാനപ്പെടുത്തി. നൂറാമത്തെ വയസ്സില്‍ അദ്ദേഹം അന്തരിച്ചു.

ജനുവരി 6: എപ്പിഫനി (ദനഹ)

എപ്പിഫനി ഗ്രീക്കില്‍ നിന്ന് ഉത്ഭവിച്ച പദവും ദനഹ എന്നത് സുറിയാനിയുമാണ്. പ്രത്യക്ഷീകരണം അഥവാ ഉദയം എന്നാണ് ഈ വാക്കുകള്‍ക്ക് അര്‍ത്ഥം.

ക്രിസ്തുവിന്റെ ജനനം ആദ്യമായി വെളിപ്പെട്ടത് ദരിദ്രരായ ആട്ടിടയന്മാര്‍ക്കാണ്. രണ്ടാമതായി വെളിപ്പെടുത്തിയത് വിജാതീയ ശാസ്ത്രജ്ഞന്മാര്‍ക്കാണ്. ക്രിസ്തു യഹൂദന്മാര്‍ക്ക് മാത്രമായി ജനിച്ച രക്ഷകനല്ല അഖിലലോക ജനങ്ങള്‍ക്കും വേണ്ടി ജനിച്ചവനാണെന്ന് ഈ പ്രത്യക്ഷീകരണം വിശദമാക്കുന്നു.

ഈശോയുടെ ദൈവത്വത്തെ അംഗീകരിച്ച് അവിടുത്തെ സ്‌നേഹിക്കുവാനും ആരാധിക്കുവാനും രാജത്വത്തെ അംഗീകരിച്ച് അവിടുത്തെ കല്‍പനകള്‍ അനുസരിക്കുവാനും മനുഷ്യത്വത്തെ അംഗീകരിച്ച് അവിടുത്തോടു ചേര്‍ന്ന് സഹിക്കാനും ദനഹാ തിരുനാള്‍ നമ്മളെ ക്ഷണിക്കുന്നു.

ജനുവരി 5: വിശുദ്ധ ജോണ്‍ നോയിമന്‍

വടക്കേ അമേരിക്കയിലെ ആദ്യത്തെ വിശുദ്ധനാണ് 1977 ജൂണ്‍ 19ന് ആറാം പൗലോസ് മാര്‍പാപ്പ വിശുദ്ധനായി പ്രഖ്യാപിച്ച ജോണ്‍ നോയിമന്‍. അദ്ദേഹം ഒരു കമ്യൂണിസ്റ്റ് രാജ്യമായ സെക്കോസ്ഇവക്യോയില്‍ 1811-ല്‍ ഭക്തരായ മാതാപിതാക്കളില്‍ നിന്നു ജനിച്ചു. സ്വന്തം നാട്ടില്‍ വൈദിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അദ്ദേഹം ന്യൂയോര്‍ക്ക് മെത്രാപ്പോലിത്തയില്‍ നിന്ന് പുരോഹിതനായി അഭിഷേകം ചെയ്യപ്പെട്ടു. നയാഗ്രാ പ്രദേശങ്ങളില്‍ ഫാ. ജോണ്‍ ത്യാഗപൂര്‍വം സേവനം ചെയ്തു. കാല്‍നടയായി വളരെ ദൂരം യാത്ര ചെയ്ത് ആത്മീയ മക്കളെ സന്ദര്‍ശിച്ചിരുന്നു.

1852-ല്‍ അദ്ദേഹം മെത്രാനായി. തുടര്‍ന്ന് അദ്ദേഹം കത്തോലിക്കാ സ്‌കൂളുകളും വേദോപദേശ ക്ലാസുകളും ക്രമപ്പെടുത്തി. 40 മണി ആരാധന ആദ്യമായി അദ്ദേഹം അമേരിക്കയില്‍ ആരംഭിച്ചു. നാമകരണ പ്രഭാഷണത്തില്‍ മാര്‍പാപ്പ പറഞ്ഞു: ”രോഗികളോട് താല്‍പര്യവും ദരിദ്രരോട് തുണയും പാപികളോട് സ്‌നേഹവും അദ്ദേഹം പ്രകാശിപ്പിച്ചു വന്നു. ഇടവകകള്‍ വിശ്വാസത്തിന്റെയും സേവനത്തിന്റെയും സമൂഹങ്ങളാകാന്‍ അദ്ദേഹം സഹായിച്ചു.” 1860-ല്‍ ക്ലേശകരമായ ജോലികള്‍കൊണ്ട് ക്ഷീണിതനായ അദ്ദേഹം നിത്യവിശ്രമത്തിനായി കടന്നുപോയി.

ജനുവരി 4: വിശുദ്ധ എലിസബെത്ത് ആന്‍ സേറ്റണ്‍

”അനുദിന പ്രവൃത്തികളില്‍ എന്റെ പ്രഥമ ലക്ഷ്യം ദൈവേഷ്ടം നിര്‍വഹിക്കുകയാണ്; അവിടുന്ന് മനസ്സാകുന്നതുപോലെ നിര്‍വ്വഹിക്കുകയാണ് രണ്ടാമത്തെ ലക്ഷ്യം; അവിടുത്തെ തിരുമനസ്സായതുകൊണ്ട് നിര്‍വ്വഹിക്കുകയാണ് മൂന്നാമത്തെ ലക്ഷ്യം.” വാക്കിലും പ്രവൃത്തിയിലും ഇത് ജീവിച്ച വിശുദ്ധ എലിസബെത്ത് 1774 ഓഗസ്റ്റ് 28ന് ഒരു എപ്പിസ്‌കോപ്പലിയന്‍ കുടുംബത്തില്‍ ജനിച്ചു.

പ്രാര്‍ത്ഥനയുടെയും വിശുദ്ധ ഗ്രന്ഥത്തിന്റെയും ആത്മശോധനയുടെയും പ്രാധാന്യം നന്നായി ഗ്രഹിച്ച അവളെ, പിതാവ് ഡോക്ടര്‍ റീച്ചേര്‍ഡു ബെയിലി സേവനവും പരസ്‌നേഹവും പരിശീലിപ്പിച്ചു. അമ്മയുടെയും സഹോദരിയുടെയും മരണത്തോടെ എലിസബെത്ത് ലോകജീവിതത്തിന്റെ വ്യര്‍ത്ഥത മനസ്സിലാക്കി. പത്തൊമ്പതാമത്തെ വയസില്‍ വിവാഹിതയായ അവള്‍ക്ക് 30 വയസുള്ളപ്പോള്‍ ഭര്‍ത്താവ് മരിച്ചു. 1821 ജനുവരി നാലിന് എലിസബെത്ത് നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു.

എലിസബെത്ത് എഴുതിയ ആയിരത്തോളം കത്തുകള്‍ അവള്‍ സാധാരണ തലത്തു നിന്ന് വിശുദ്ധിയിലേക്കുയരുന്നതു വ്യക്തമാക്കുന്നു. ആറാം പൗലോസ് മാര്‍പാപ്പ അവളെ വിശുദ്ധയായി പ്രഖ്യാപിച്ചു.

Exit mobile version