ഡിസംബര്‍ 22: വിശുദ്ധ ഫ്രാന്‍സെസു സേവിയര്‍ കബ്രീനി

1850 ജൂലൈ 15ന് ദക്ഷിണ ഇറ്റലിയില്‍ സാന്ത് ആഞ്ചലോ എന്ന നഗരത്തില്‍ ഭക്തരായ മാതാപിതാക്കന്മാരില്‍ നിന്നും ഫ്രാന്‍സെസു സേവിയര്‍ കബ്രീനി ജനിച്ചു. വിശുദ്ധ കുര്‍ബാനയിലും കുടുംബപ്രാര്‍ത്ഥനയിലും കബ്രീനിയുടെ കുടുംബം മുടക്കം വരുത്തിയിരുന്നില്ല. പഠനശേഷം അധ്യാപികയായ അവള്‍ മഠത്തില്‍ ചേരാന്‍ ആഗ്രഹിച്ചെങ്കിലും അനുവാദം ലഭിച്ചില്ല. ഗൊഡോഞ്ഞായിലെ ദൈവപരിപാലന അനാഥശാലയില്‍ അവള്‍ സേവനം ആരംഭിച്ചു. അനാഥശാല പ്രവര്‍ത്തനം നിര്‍ത്തിയപ്പോള്‍ തിരുഹൃദയത്തിന്റെ മിഷ്‌നറി സഹോദരിമാര്‍ എന്ന സഭ അവള്‍ ആരംഭിച്ചു.

”എന്നെ ശക്തിപ്പെടുത്തുന്നവനില്‍ എനിക്ക് എല്ലാം ചെയ്യാന്‍ കഴിയും” എന്നായിരുന്നു അവളുടെ മുദ്രാവാക്യം. ബാല്യം മുതല്‍ ഫ്രാന്‍സെസിന് ചൈനയിലേക്ക് മിഷ്‌നറിയായി പോകണമെന്നായിരുന്നു ആഗ്രഹം. പതിമൂന്നാം ലയോന്‍ പാപ്പാ അവളോട് അമേരിക്കയില്‍ പോയി ഇറ്റാലിയന്‍ കുടിയേറ്റക്കാരുടെ ഇടയില്‍ പ്രവര്‍ത്തിക്കുവാന്‍ ആവശ്യപ്പെട്ടു.

35 വര്‍ഷത്തെ നീണ്ട പ്രവര്‍ത്തനങ്ങള്‍ക്കിടെ ദരിദ്രര്‍ക്കും, പരിത്യക്തര്‍ക്കും, രോഗികള്‍ക്കും, നിരക്ഷരര്‍ക്കുമായി 67 സ്ഥാപനങ്ങള്‍ തുടങ്ങി. മലമ്പനി പിടിപ്പെട്ട് സിസ്റ്റര്‍ കബ്രീനി മരണമടഞ്ഞു. മറ്റുള്ളവരുടെ ദൃഷ്ടിയില്‍പ്പെടാതെ മുള്ളുകളില്‍ കൂടി നടക്കുക. എളിമപ്പെടുത്താന്‍ അഭിലഷിക്കുക, എന്ന് പറയുകയും അത് സ്വന്തം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുകയും ചെയ്തു വിശുദ്ധ കബ്രീനി.

ഡിസംബര്‍ 21: വിശുദ്ധ പീറ്റര്‍ കനീഷ്യസ് (വേദപാരംഗതന്‍)

16-ാം ശതാബ്ദത്തിലെ മതപരിവര്‍ത്തനത്തെ ധീരമായി അഭിമുഖീകരിച്ച പീറ്റര്‍ കനീഷ്യസ് ഹോളണ്ടില്‍ ജനിച്ചു. എന്നാല്‍ ജര്‍മ്മനിയുടെ രണ്ടാമ്മത്തെ അപ്പസ്‌തോലനായിട്ടാണ് അദ്ദേഹം അറിയപ്പെടുന്നത്. 19-ാമത്തെ വയസില്‍ അദ്ദേഹം എംഎ ബിരുദം നേടി. ഉടനെ ബ്രഹ്മചര്യം നേര്‍ന്നു. മൂന്നുകൊല്ലത്തിനുശേഷം 1543-ല്‍ അദ്ദേഹം ഈശോസഭയില്‍ ചേര്‍ന്നു. ജോലിത്തിരക്കിനിടയിലും അദ്ദേഹം കാരാഗ്രഹവാസികളെയും രോഗികളെയും സന്ദര്‍ശിച്ചിരുന്നു. ഒരു നയതന്ത്രവിദഗ്ധനായിരുന്നു ഫാ. പീറ്റര്‍. പല തര്‍ക്കങ്ങളും അദ്ദേഹം വിജയപൂര്‍വ്വം പരിഹരിച്ചു. സത്യത്തിനുവേണ്ടി പടവെട്ടുമ്പോള്‍ പരിഹാസമോ, നിന്ദയോ, പുച്ഛമോ കൂടാതെ ആദരപൂര്‍വ്വം എതിരാളിയോടു വ്യാപരിക്കണമെന്ന് അദേഹം വ്യക്തമാക്കിയിരുന്നു. ജോലി അധികമുണ്ടോ എന്ന് അദേഹത്തോട് ആരെങ്കിലും ചോദിച്ചാല്‍ ”നിനക്ക് വളരെയേറെ ചെയ്യാനുണ്ടായിരുന്നാലും ദൈവസഹായത്തോടെ എല്ലാം ചെയ്യാന്‍ കഴിയും” എന്ന് അദ്ദേഹം മറുപടി പറയും. ഒരു വേദോപദേശം എഴുതി 12 ഭാഷകളിലായി അതിന്റെ 200 പതിപ്പുകള്‍ പ്രസിദ്ധീകൃതമായി. 1597 ഡിസംബര്‍ 21 ന് 76 -ാമത്തെ അദ്ദേഹം വയസില്‍ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു.

ഡിസംബര്‍ 20: വിശുദ്ധ ഫിലെഗോണിയൂസ്

318-ല്‍ അന്തിയോക്യായിലെ മെത്രാനായി നിയമിക്കപ്പെട്ട ഫിലൊഗോണിയൂസ് അഭിഭാഷകനാകാനാണ് പഠിച്ചത്. തികഞ്ഞവാഗ്മിയായിരുന്നതുകൊണ്ട് അഭിഭാഷക ജോലിയില്‍ അദേഹം പ്രശോഭിച്ചു. പെരുമാറ്റ ശൈലിയും ജീവിത വിശുദ്ധിയും അദേഹത്തിന് കൂടുതല്‍ പ്രശസ്തി നേടിക്കൊടുത്തു. തന്നിമിത്തം അന്ത്യോക്യായിലെ വിത്താലീസ് മെത്രാന്‍ അന്തിരച്ചപ്പോള്‍ ഫിലെഗോണിയൂസിനെ മെത്രാനായി വാഴിച്ചു.

വിശുദ്ധ ഫിലൊഗോണിയൂസ് ലൗകികാര്‍ഭാടങ്ങള്‍ ഉപേക്ഷിച്ചു ഹൃദയത്തിന്റെ ദുരാശകളെ ക്രൂശിച്ചു ക്രിസ്തുനാഥനെ അനുകരിക്കാന്‍ ഉത്സാഹിച്ചുകൊണ്ടിരുന്നതിനാല്‍ വിശുദ്ധിയില്‍ മുന്നേറി. മാക്‌സിമിയന്‍ ദ്വിതീയനും ലിസിനിയൂസും തിരുസഭയ്‌ക്കെതിരായി നടത്തിയ പ്രവര്‍ത്തനങ്ങളെ ഫിലോഗോണിയൂസ് ചെറുത്തുനിന്ന് തന്റെ വിശ്വാസദാര്‍ഢ്യം വ്യക്തമാക്കി. ”വിവേകപൂര്‍വ്വമായ മൗനം സ്‌നേഹരഹിതമായ സത്യഭാഷണത്തേക്കാള്‍ മെച്ചമാണ്” എന്ന് വിശുദ്ധ ഫ്രാന്‍സിസിന്റെ വാക്കുകള്‍ ഫിലോഗോണിയൂസിന്റെ ജീവിതത്തില്‍ തികച്ചും അനുയോജ്യമാണ്.

386 ഡിസംബര്‍ 20-ാം തിയതി അദേഹത്തിന്റെ തിരുന്നാള്‍ അന്ത്യോക്യായില്‍ അഘോഷിച്ചപ്പോള്‍ വിശുദ്ധ ക്രിസോസ്‌റ്റോമാണ് അദേഹത്തിന്റെ സുകൃത ജീവിതത്തെ കുറിച്ച് പ്രസംഗിച്ചത്.

ഡിസംബര്‍ 19: വിശുദ്ധ നെമെസിയോണ്‍

ഡേസിയൂസ് ചക്രവര്‍ത്തിയുടെ മതപീഡനകാലത്ത് ഈജിപ്തുക്കാരനായ നെമെസിയോണ്‍ ഒരു മോഷണകുറ്റത്തിന്റെ പേരില്‍ അറസ്റ്റു ചെയ്യപ്പെട്ടു. പ്രസ്തുത ആരോപണം തെറ്റാണെന്ന് അദേഹം തെളിയിച്ചപ്പോള്‍ ക്രിസ്ത്യാനിയാണെന്ന ആരോപണം ഉന്നയിക്കുകയും ഈജിപ്തിലെ പ്രീഫെക്ടിന്റെ അടുക്കലേക്ക് ആനയിക്കപ്പെടുകയും ചെയ്തു. ക്രിസ്ത്യാനിയാണെന്ന കാര്യം അദേഹം ഏറ്റുപറഞ്ഞു. തല്‍ക്ഷണം ചമ്മട്ടിക്കൊണ്ട് അടിക്കാനും മര്‍ദ്ദിക്കാനും കല്‍പനയുണ്ടായി. കൊള്ളക്കാരുടെയും കവര്‍ച്ചക്കാരുടെയുമൊപ്പം അദ്ദേഹത്തെ തീയില്‍ ദഹിപ്പിക്കാന്‍ പ്രീഫെക്ട് ഉത്തരവിട്ടു. അന്ന് പ്രീഫെക്ടിന്റെ ന്യായാസനത്തില്‍ അമ്മോണ്‍, സെനോ, ടോളെമി, ഇഞ്ചെനെവൂസ് എന്നീ നാലു പടയാളികളും മറ്റൊരാളും നില്‍ക്കുന്നുണ്ടായിരുന്നു. ഇവര്‍ അഞ്ചുപേരും ക്രിസത്യാനികളായിരുന്നു. മര്‍ദ്ദനയന്ത്രത്തില്‍ കിടന്നു പിടഞ്ഞിരുന്ന ഒരു ക്രിസ്ത്യാനിയെ സഹായിക്കാന്‍ അവര്‍ ശ്രമിച്ചു എന്ന കുറ്റത്തിന് അവരുടെ ശിരസ്സ് ഛേദിക്കാന്‍ പ്രീഫെക്ട് ആജ്ഞാപിക്കുകയും ആജ്ഞ ഉടനടി നടപ്പിലാക്കുകയും ചെയ്തു. ഒരു ക്രിസ്ത്യാനി എന്ന നിലയ്ക്ക് ക്രിസ്തുവിനെപ്രതി സഹിക്കാന്‍ നാം എത്രമാത്രം സന്നദ്ധരാണെന്ന് നമുക്കൊന്ന് വിചിന്തനം ചെയ്യാം.

ഡിസംബര്‍ 18: വിശുദ്ധ റൂഫസ്സും സോസിമൂസ്സും (രക്തസാക്ഷികള്‍)

107-ാം ആണ്ടില്‍ ട്രാജന്‍ ചക്രവര്‍ത്തിയുടെ കീഴില്‍ രക്തസാക്ഷിത്വം വഹിച്ചവരാണ് റൂഫസ്സും സോസിമൂസും. വിശുദ്ധ പോളിക്കാര്‍പ്പ് അവരെപ്പറ്റിപറയുന്നു, ”അവര്‍ വൃഥാ അല്ല വിശ്വാസത്തോടും നീതിയോടും കൂടിയാണ് ഓടിയത്. കര്‍ത്താവില്‍ നിന്നും ലഭിക്കേണ്ട സമ്മാനം വാങ്ങാന്‍ അവര്‍ പോയി. അവിടുത്തോടുക്കൂടി അവര്‍ സഹിച്ചു. അവര്‍ ഈ ലോകത്തിന്റെ ആര്‍ഭാടങ്ങളെയല്ല, നമുക്കുവേണ്ടി മരിക്കുകയും ദൈവം ഉയര്‍പ്പിക്കുകയും ചെയ്തവനെയാണ് സ്‌നേഹിച്ചത്.”

ഫിലിപ്പിയാക്കാരായ ഈ രണ്ട് ക്തസാക്ഷികള്‍ അന്ത്യോക്യായിലെ ഇഗ്നേഷ്യസിന്റെ കൂടെ റോമായിലേക്ക് വരികയും ഇഗ്നേഷ്യസിനെ സിംഹത്തിന് ഇട്ടുകൊടുക്കുന്നതിന് രണ്ട് ദിവസം മുമ്പ് ഇവരെ വന്യമൃഗങ്ങള്‍ക്ക് എറിഞ്ഞുകൊടുക്കുകയുമാണ് ചെയ്തത്. ഫിലിപ്പിയാക്കാര്‍ക്കുള്ള എഴുത്തില്‍ പോളിക്കാര്‍പ്പ് ആ നാട്ടുകാരോടു ചോദിക്കുന്നു: ”ഇഗ്നേഷ്യസും സോസിമൂസും റൂഫസും ക്ഷമയോടെ സഹിച്ചു മരിച്ചത് നിങ്ങളുടെ കണ്ണുകള്‍ കൊണ്ട്തന്നെ നിങ്ങള്‍ കണ്ടിട്ടുള്ളതല്ലേ.” ക്രിസ്തുവിനെ പ്രതി സഹിക്കുവാന്‍ ക്ഷണിക്കപ്പെട്ടതുകൊണ്ട് റൂഫസ്സും സോസിമൂസും ആനന്ദം കൊണ്ടു.

ഡിസംബര്‍ 17: വിശുദ്ധ ഒളിമ്പിയാസ്

പൗരസ്ത്യ സഭയിലെ വിധവകളുടെ കീര്‍ത്തനമാണ് വിശുദ്ധ ഒളിമ്പിയാസ്. സമ്പത്തും കുലീനത്വവും ചേര്‍ന്ന ഒരു കുടുംബത്തില്‍ 368ല്‍ ജനിച്ചു. മാതാപിതാക്കളുടെ മരണശേഷം പിതൃസഹോദരന്റെ സംരക്ഷണത്തില്‍ അവള്‍ വളര്‍ന്നുവന്നു. ചെറുപ്പത്തില്‍ തന്നെ വിവാഹം കഴിച്ചുവെങ്കിലും ഇരുപതാം ദിവസം ഭര്‍ത്താവ് ഈ ലോകവാസം വെടിഞ്ഞു. പുനര്‍വിവാഹത്തിന് പലരും അവളെ പ്രേരിപ്പിച്ചു എങ്കിലും അവള്‍ സമ്മതിച്ചില്ല. പ്രാര്‍ത്ഥനയിലും പ്രായശ്ചിത്തത്തിലും അവള്‍ ദിവസങ്ങള്‍ കഴിച്ചുകൂട്ടി. മൃദുലമായ അവളുടെ ശരീരത്തെ ഉപവാസം കൊണ്ട് മര്‍ദ്ദിച്ചു. എളിമയും ശാന്തതയും വഴി അവള്‍ സ്വന്തം ഇഷ്ടത്തെ ക്രൂശിക്കുകയും ചെയ്തു. തന്റെ ഓഹരി തിരുസഭയ്ക്കും ദരിദ്രര്‍ക്കുമായി അവള്‍ ഭാഗിച്ചുകൊടുത്തു. വിശുദ്ധ ക്രിസോസ്റ്റമായിരുന്നു ഒളിമ്പിയാസിന്റെ ജ്ഞാനപിതാവ്. 404 ജൂണ്‍ 20ന് വിശുദ്ധന്‍ നാടുകടത്തപ്പെട്ടപ്പോള്‍ ഒളിമ്പിയാസിന് ഉപദേഷ്ടാവ് ഇല്ലാതായി. അതോടെ അവള്‍ക്ക് പീഢനങ്ങള്‍ വര്‍ദ്ധിച്ചു. അവളുടെ സ്വത്തുവകകള്‍ അന്യായമായി ലേലം വിളിച്ചുവിറ്റു. അവള്‍ സ്ഥാപിച്ച മഠത്തിലെ കന്യാസ്ത്രീകളെയും അവളെയും മഠത്തില്‍ നിന്നും ഇറക്കിവിട്ടു. ഈ കഷ്ടതകളെല്ലാം ആവലാതി കൂടാതെ സഹിച്ച് 420 ല്‍ 42-ാമത്തെ വയസില്‍ ഒളിമ്പിയാസ് നിര്യാതയായി.

ഡിസംബര്‍ 16: വിശുദ്ധ അഡിലെയ്ഡ്

അപ്പര്‍ ബര്‍ഗന്റിയിലെ രാജാവായിരുന്ന റുഡോള്‍ഫ് ദ്വിതീയന്റെ മകളാണ് അഡിലെയ്ഡ്. ബാല്യത്തിലെ പറഞ്ഞുറപ്പിച്ച പ്രകാരം ഹ്യൂഗ് രാജാവിന്റെ മകന്‍ ലോത്തെയറുമായുള്ള വിവാഹം യഥാസമയം നടന്നു. എന്നാല്‍ അസൂയാലുവായ ബെറെങ്കാരീയൂസ് ലോത്തെയറിനു വിഷം കൊടുത്തു കൊന്നശേഷം അവളെ വിവാഹം കഴിക്കാന്‍ ഉദ്യമിച്ചു. അവള്‍ അതിന് സന്നദ്ധയാകാഞ്ഞതിനാല്‍ ബെറെങ്കാരിയൂസ് അവളെ ജയിലിലടച്ചു. പിന്നീട് ജര്‍മ്മന്‍ രാജാവ് ‘ഓട്ടോ’ അവളെ സ്വതന്ത്രയാക്കുകയും വിവാഹം കഴിക്കുകയും ചെയ്തു. അവള്‍ക്ക് അഞ്ച് കുട്ടികളുണ്ടായി. ഭര്‍ത്താവിന്റെ മരണശേഷം മകനും മരുമകളും ചേര്‍ന്ന് അഡിലെയ്ഡ് രാജ്ഞിയെ വീട്ടില്‍നിന്ന് പുറത്താക്കി. രാജ്ഞി മഠങ്ങളും ആശ്രമങ്ങളും സ്ഥാപിച്ച് ക്രിസ്തീയ ദൈവവിളിയെ പ്രോത്സാഹിപ്പിച്ചു. സ്ട്രീസുബര്‍ഗ് മഠത്തില്‍ വച്ച് അഡിലെയ്ഡ് രാജ്ഞി ഈ ലോകത്തോട് വിടപറഞ്ഞു.

ഡിസംബര്‍ 15: വിശുദ്ധ മെസ്മിന്‍

‘അസാധാരണ പ്രവൃത്തികള്‍ വഴി ദൈവത്തെ സേവിക്കാന്‍ എല്ലാവരും ക്ഷണിക്കപ്പെട്ടിട്ടില്ല. സാധാരണ പ്രവൃത്തികള്‍ വഴി ദൈവത്തെ സേവിക്കാന്‍ എല്ലാവരും ക്ഷണിക്കപ്പെട്ടിരിക്കുന്നു. ഒന്നും ആഗ്രഹിക്കാതിരിക്കുക. ഒന്നും നിഷേധിക്കാതിരിക്കുക.’ ഇതായിരുന്നു വിശുദ്ധ മെസ്മിന്റെ ജീവിതം. ക്‌ളോവിസ് രാജാവ് ഓര്‍ലീന്‍സില്‍ സ്ഥാപിച്ച മിച്ചി ആശ്രമത്തിന്റെ പ്രഥമ ആബട്ടാണ് മെസ്മിന്‍ അഥവാ മാക്‌സിമിനൂസ്. വെര്‍ഡൂണ്‍ എന്ന സ്ഥലത്ത് ജനിച്ച അദേഹം പ്രാര്‍ത്ഥനയിലൂടെ ക്രിസ്തുവുമായി ഗാഢബന്ധം പുലര്‍ത്തിയിരുന്നു. ഓര്‍ലീന്‍സ് നഗരത്തില്‍ ഒരു വലിയ പഞ്ഞമുണ്ടായപ്പോള്‍ നഗരവാസികള്‍ക്കെല്ലാം ആശ്രമത്തില്‍നിന്ന് ആബട്ട് മെസ്മിന്‍ ഗോതമ്പ് കൊടുത്തുകൊണ്ടിരുന്നു. ഗോതമ്പ് എടുത്തുകൊടുക്കുന്നുണ്ടെങ്കിലും ശേഖരത്തിന്ന് കുറവ് സംഭവിച്ചിരുന്നില്ല. പത്ത് കൊല്ലത്തോളം ആബട്ട് ജോലി നോക്കി. 520 നവംബര്‍ 15-ാം തീയത് അദേഹം അന്തരിച്ചു.

ഡിസംബര്‍ 14: കുരിശിന്റെ വിശുദ്ധ യോഹന്നാന്‍ (വേദപാരംഗതന്‍)

ആവിലായ്ക്ക് സമീപം ഫോണ്ടിബേര്‍ എന്ന സ്ഥലത്ത് 1542ല്‍ ജോണ്‍ ജനിച്ചു. ഇപ്പെസ്സിലെ ഗൊണ്‍സാലെസ്സാണ് പിതാവ്. പിതാവിന്റെ മരണശേഷം നിരാംലംബയായ അമ്മയെ സഹായിക്കുവാന്‍ ജോണ്‍ ഒരാശുപത്രിയില്‍ രോഗികളെ ശുശ്രൂഷിക്കുന്ന ജോലി ചെയ്തു. 21-ാം വയസില്‍ ദൈവമാതാവിനോടുള്ള ഭക്തിയാല്‍ പ്രചോദിതനായി മെഡീനായിലെ കര്‍മ്മലീത്താ ആശ്രമത്തില്‍ ഒരത്മായ സഹോദരനായി ചേര്‍ന്നു. ഒരു സഹോദരനായി ജീവിക്കാന്‍ ആഗ്രഹിച്ചെങ്കിലും ജോണിന്റെ പഠന സാമര്‍ത്ഥ്യവും പുണ്യവും കണ്ട് 1567ല്‍ അദ്ദേഹത്തിന് തിരുപട്ടം നല്‍കി.

വലിയ ത്രേസ്യാ പുണ്യവതിയുടെ ആവശ്യപ്രകാരം കര്‍മ്മലീത്ത നിഷ്പാദുക സഭ നവീകരിക്കാന്‍ ശ്രമിച്ചെങ്കിലും മുതിര്‍ന്ന സന്യാസികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് അദ്ദേഹം ഒമ്പതു മാസം കാരാഗൃഹത്തില്‍ കിടക്കേണ്ടി വന്നു. റൊട്ടിയും ചാളയും വെള്ളവും മാത്രം ഭക്ഷിച്ചുള്ള ജയില്‍ വാസത്തില്‍ ദൈവവും താനും മാത്രമായി 270 ദിവസങ്ങള്‍ തള്ളിനീക്കി എന്ന് അദ്ദേഹം പറയുന്നു.

ജയിലില്‍ നിന്ന് ആധ്യാത്മിക കീര്‍ത്തനവുമായി അദ്ദേഹം പുറത്തു വന്നു. അദ്ദേഹം പറഞ്ഞു, ‘സഹനങ്ങളോട് ഞാന്‍ സ്‌നേഹം പ്രകടിപ്പിക്കുന്നെങ്കില്‍ വിസ്മയിക്കേണ്ട. ടൊളെഡോ ജയിലിലായിരുന്നപ്പോള്‍ അവയുടെ മേന്മ എനിക്കു മനസിലായി. ഒരിക്കല്‍ അദ്ദേഹത്തിന്റെ സഹനങ്ങള്‍ക്ക് എന്ത് സമ്മാനം വേണമെന്ന് ഈശോ ചോദിച്ചപ്പോള്‍ അദ്ദേഹം പ്രതിവചിച്ചു: ‘സഹിക്കുകയും അങ്ങയെപ്രതി നിന്ദിക്കപ്പെടുകയുമല്ലാതെ വേറൊന്നും എനിക്കു വേണ്ട.’

അദ്ദേഹത്തിന്റെ കര്‍മ്മെല മലകയറ്റം, ആധ്യാത്മിക കീര്‍ത്തനം, ആത്മാവിന്റെ ഇരുണ്ട രാത്രി എന്നീ ഗ്രന്ഥങ്ങള്‍ ദൈവവും ആത്മാവും തമ്മിലുള്ള ഐക്യത്തെപ്പറ്റി പ്രതിപാദിക്കുന്നു.

ഡിസംബര്‍13: വിശുദ്ധ ലൂസി കന്യക (രക്തസാക്ഷി)

സിസിലിയിലെ പ്രധാന നഗരമായ സിറാക്കൂസില്‍ ഒരു കുലീന കുടുംബത്തില്‍ ലൂസി ജനിച്ചു. ശിശുവായിരിക്കുമ്പോള്‍ തന്നെ പിതാവ് മരിച്ചു. അമ്മയുടെ സംരക്ഷണത്തില്‍ വളര്‍ന്ന അവള്‍ ഈശോയെ മണവാളനായി സ്വീകരിക്കാന്‍ നിശ്ചയിച്ചു. എന്നാല്‍ അമ്മ മകളെ വിവാഹം കഴിപ്പിക്കണമെന്ന് ആഗ്രഹിച്ചു.

അങ്ങനെയിരിക്കെ അമ്മ രോഗബാധിതയായി. മകളുടെ നിര്‍ബന്ധം നിമിത്തം അഗത്താ പുണ്യവതിയുടെ ശവകുടീരത്തില്‍ പോയി പ്രാര്‍ത്ഥിക്കവെ ലൂസിക്കുണ്ടായ ദര്‍ശനത്തില്‍ അഗത്താ ലൂസിയോടു പറഞ്ഞു: ‘അമ്മയെ ദൈവം സുഖപ്പെടുത്തും. കറ്റാനിയായില്‍ എനിക്കുള്ളതുപോലെ ഒരു സ്ഥാനം സിറാക്കൂസില്‍ നിനക്കു ലഭിക്കും.’ ഈ സ്വപ്നം അവളുടെ ആഗ്രഹത്തെ ദൃഢമാക്കി.

വിവാഹത്തിനായി കരുതിയിരുന്ന ധനമെല്ലാം ദരിദ്രര്‍ക്കു നല്‍കുവാന്‍ ലൂസി ആവശ്യപ്പെട്ടു. സമസ്തവും വിറ്റ് അവള്‍ ദരിദ്രര്‍ക്ക് കൊടുത്തു. ലൂസിയുടെ കാമുകന്‍ ഈ പ്രവൃത്തി എതിര്‍ത്തെങ്കിലും ലൂസി പിന്‍മാറിയില്ല. ലൂസി ഒരു ക്രിസ്ത്യാനിയാണെന്ന് അയാള്‍ പ്രീഫെക്ട് പസക്കാസിയൂസിനെ അറിയിച്ചു. പസ്‌ക്കാസിയൂസ് പല ഭീഷണികള്‍ പ്രയോഗിച്ചു. എന്നാല്‍ ലൂസിയുടെ മനസു മാറ്റാന്‍ കഴിഞ്ഞില്ല. പലവിധ മര്‍ദ്ദനങ്ങള്‍ക്കൊടുവില്‍ ഒരു വാള്‍ അവളുടെ തൊണ്ടയില്‍ കുത്തിയിറക്കി അവളെ വധിച്ചു.

Exit mobile version